psychiatrist Dr Neeju explains ADHD in children

കുട്ടികളിലെ ADHD: സാധാരണ കുസൃതിയും ലക്ഷണങ്ങളും തമ്മിലുള്ള വ്യത്യാസങ്ങൾ

കുട്ടികളിലെ അമിതമായ കുസൃതിയും ശ്രദ്ധക്കുറവും പലപ്പോഴും മാതാപിതാക്കൾ സാധാരണ സ്വഭാവമായി തള്ളിക്കളയാറുണ്ട്. എന്നാൽ പ്രായത്തിന് അനുയോജ്യമല്ലാത്ത രീതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാതെ വരികയും, അമിതമായ ഹൈപ്പർ ആക്ടിവിറ്റിയും ആലോചനയില്ലാത്ത പെരുമാറ്റങ്ങളും നിരന്തരം പ്രകടമാവുകയും ചെയ്യുന്നത് ADHD (Attention-Deficit/Hyperactivity Disorder) എന്ന അവസ്ഥയുടെ സൂചനയാകാം. പഠനത്തിലും ദൈനംദിന ജീവിതത്തിലും സാമൂഹിക ഇടപെടലുകളിലും ഇത്തരം ബുദ്ധിമുട്ടുകൾ തുടർച്ചയായി കാണുന്നുണ്ടെങ്കിൽ അതിനെ ഗൗരവത്തോടെ കാണേണ്ടതുണ്ട്.

കുട്ടിയുടെ തലച്ചോറിന്റെ വികാസവുമായി ബന്ധപ്പെട്ട ഒരു ന്യൂറോ ഡെവലപ്‌മെന്റൽ അവസ്ഥയാണ് ADHD. സാധാരണ കുസൃതിയും ADHD ലക്ഷണങ്ങളും തമ്മിൽ തിരിച്ചറിയുക, കൃത്യമായ ക്ലിനിക്കൽ പരിശോധനകളിലൂടെ രോഗനിർണ്ണയം നടത്തുക, ശരിയായ ബിഹേവിയറൽ തെറാപ്പിയും പാരന്റിംഗ് രീതികളും പിന്തുടരുക എന്നിവ കുട്ടിയുടെ ഭാവിയെ സുരക്ഷിതമാക്കാൻ സഹായിക്കും. കുട്ടികളിലെ ADHD-യെക്കുറിച്ചും അവ കൈകാര്യം ചെയ്യേണ്ട രീതികളെക്കുറിച്ചും വിശദമായി സംസാരിക്കുകയാണ് തൊടുപുഴ ബേബി മെമ്മോറിയൽ ആശുപത്രിയിലെ സൈക്യാട്രി സ്പെഷ്യലിസ്റ്റ് ഡോ. നീജു ജോജോ

കുട്ടികളിലെ ADHD എന്താണ്? സാധാരണ കുസൃതിയും ADHD-യും തമ്മിൽ എങ്ങനെ തിരിച്ചറിയാം?

കുട്ടിയുടെ ശ്രദ്ധ, ആക്ടിവിറ്റി ലെവൽ, ഇംപൾസ് കൺട്രോൾ എന്നിവയെ ബാധിക്കുന്ന ന്യൂറോ ഡെവലപ്‌മെന്റൽ ഡിസോർഡറാണ് ADHD അഥവാ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ.കുട്ടി കുസൃതി കാണിക്കുന്നത് കൊണ്ടുമാത്രം അതിനെ എ.ഡി.എച്ച്.ഡി എന്ന് വിളിക്കാനാകില്ല. കുട്ടിയുടെ പ്രായത്തിനോ വളർച്ചാഘട്ടത്തിനോ അനുയോജ്യമല്ലാത്ത ശ്രദ്ധക്കുറവ്, അമിതമായ ഹൈപ്പർ ആക്ടിവിറ്റി, ആലോചിക്കാതെ പ്രവർത്തിക്കുകയോ സ്വന്തം ഊഴം കാത്തിരിക്കാൻ സാധിക്കാതിരിക്കുകയോ ചെയ്യുന്ന പെരുമാറ്റങ്ങൾ എന്നിവ ഇതിൽ പ്രധാനമായി കാണപ്പെടുന്നു.

Read Also:  സ്ക്രീൻ ഉപയോഗം കണ്ണുകളെ തളർത്തുന്നുണ്ടോ? ഡിജിറ്റൽ ഐ സ്ട്രെയിൻ, അറിയേണ്ട കാര്യങ്ങൾ

ഈ സ്വഭാവ സവിശേഷതകൾ ചുരുങ്ങിയ കാലയളവിലേക്ക് മാത്രമല്ലാതെ സ്ഥിരമായി തുടരുകയും, വീട്, വിദ്യാലയം എന്നിങ്ങനെ ഒന്നിലധികം ചുറ്റുപാടുകളിൽ ഒരുപോലെ പ്രകടമാവുകയും വേണം. ഇത്തരം ലക്ഷണങ്ങൾ കുട്ടിയുടെ പഠനത്തെയും സാമൂഹിക ബന്ധങ്ങളെയും കുടുംബജീവിതത്തെയും പ്രതികൂലമായി ബാധിച്ച് ദൈനംദിന പ്രവർത്തനങ്ങളിൽ തടസ്സം സൃഷ്ടിക്കുമ്പോഴാണ് ഇത് എ.ഡി.എച്ച്.ഡി ആയി വിലയിരുത്തപ്പെടുന്നത്.

ADHD-യുടെ പ്രധാന ലക്ഷണങ്ങൾ ഏത് പ്രായത്തിലാണ് കാണുന്നത്? ആദ്യ സൂചനകൾ എന്തൊക്കെയാണ്?

എ.ഡി.എച്ച്.ഡിയുടെ ലക്ഷണങ്ങൾ സാധാരണയായി ബാല്യകാലത്തുതന്നെ പ്രകടമായിത്തുടങ്ങുന്നു. രോഗനിർണ്ണയ മാനദണ്ഡങ്ങൾ (DSM-5-TR) പ്രകാരം ഇതിന്റെ ചില ലക്ഷണങ്ങളെങ്കിലും കുട്ടിക്ക് 12 വയസ്സ് തികയുന്നതിന് മുൻപ് തന്നെ കണ്ടുതുടങ്ങേണ്ടതുണ്ട്. ഒരു കളിയിലോ ഏൽപ്പിച്ച കാര്യങ്ങളിലോ അധികനേരം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക, ഒരിടത്ത് അടങ്ങിയിരിക്കാൻ ബുദ്ധിമുട്ടി എപ്പോഴും ഓടിനടക്കുകയോ ഉയരങ്ങളിൽ കയറിക്കളിക്കുകയോ ചെയ്യുക എന്നിവ ഇതിന്റെ ആദ്യകാല സൂചനകളാണ്. ചോദിക്കുന്ന ചോദ്യം പൂർത്തിയാകുന്നതിന് മുൻപേ ചാടിക്കയറി ഉത്തരം പറയുക, സ്വന്തം ഊഴം വരുന്നതുവരെ കാത്തിരിക്കാൻ സാധിക്കാതിരിക്കുക, സാധനങ്ങൾ പതിവായി നഷ്ടപ്പെടുത്തുക എന്നിവയും കുട്ടികളിൽ കാണാം. കൂടാതെ, മുതിർന്നവർ നൽകുന്ന നിർദ്ദേശങ്ങൾ ശ്രദ്ധിച്ചു കേട്ടാലും അവ പൂർത്തിയാക്കാതിരിക്കുകയും ചുറ്റുമുള്ള ചെറിയ കാര്യങ്ങളിലേക്ക് പോലും വളരെ വേഗത്തിൽ ശ്രദ്ധ വ്യതിചലിക്കുകയും ചെയ്യുന്നത് ഇതിന്റെ ലക്ഷണങ്ങളാണ്. അതേസമയം, പ്രായത്തിനനുസരിച്ചുള്ള സ്വാഭാവിക പെരുമാറ്റവും എ.ഡി.എച്ച്.ഡിയുടെ ലക്ഷണങ്ങളും തമ്മിലുള്ള വ്യത്യാസം രക്ഷിതാക്കൾ കൃത്യമായി തിരിച്ചറിയേണ്ടതുണ്ട്.

 പ്രായത്തിനനുസരിച്ചുള്ള സാധാരണ പെരുമാറ്റവും ADHD-യും തമ്മിൽ വ്യത്യാസപ്പെടുത്തി വേണം മനസ്സിലാക്കാൻ എന്നത് രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യമാണ്. 

 ഹൈപ്പർആക്ടിവിറ്റി ഉള്ള കുട്ടികളുടെ പ്രത്യേകതകൾ എന്തൊക്കെയാണ്?

ഹൈപ്പർ ആക്ടിവിറ്റി എന്നാൽ കുട്ടി വെറുതെ ഊർജ്ജസ്വലനായി ഇരിക്കുന്ന അവസ്ഥയല്ല. ദീർഘനേരം അടങ്ങിയിരിക്കേണ്ട സാഹചര്യങ്ങളിൽ പോലും അടങ്ങിയിരിക്കാൻ കഴിയാതെ എഴുന്നേറ്റ് നടക്കുകയും, ഇരിക്കുമ്പോൾ തന്നെ കൈകാലുകൾ നിരന്തരം ചലിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നത് ഇതിന്റെ ഭാഗമാണ്. ശബ്ദമുണ്ടാക്കാതെ ശാന്തമായി കളിക്കാൻ ഇവർക്ക് ബുദ്ധിമുട്ടായിരിക്കും. നിരന്തരം സംസാരിച്ചുകൊണ്ടേയിരിക്കുക, ഒന്നിനുപുറകെ ഒന്നായി എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുക, ഒരു മോട്ടോർ ഘടിപ്പിച്ചതുപോലെ തുടർച്ചയായി ചലിക്കുക എന്നിവ ഇവരിൽ പ്രകടമാകും. മറ്റുള്ളവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഇടയിൽ കയറി സംസാരിക്കുന്നതും ഇവരുടെ പ്രത്യേകതയാണ്. ഇതോടൊപ്പം ആലോചനയില്ലാത്ത പെരുമാറ്റങ്ങളും (Impulsivity) കുട്ടികൾ പ്രകടിപ്പിക്കാറുണ്ട്. എന്തെങ്കിലും ചെയ്യുന്നതിന് മുൻപ് അതിന്റെ അപകടസാധ്യതകളെക്കുറിച്ച് ചിന്തിക്കാതിരിക്കുക, സ്വന്തം ഊഴം വരുന്നത് വരെ ഒട്ടും ക്ഷമയില്ലാതെ പെരുമാറുക, ആദ്യം പ്രവർത്തിക്കുകയും പിന്നീട് മാത്രം ചിന്തിക്കുകയും ചെയ്യുക എന്നിവ ഇത്തരം കുട്ടികളിൽ സാധാരണയായി കണ്ടുവരുന്നു.

Read Also:  മൈഗ്രെയ്നും സാധാരണ തലവേദനയും എങ്ങനെ വേർതിരിച്ചറിയാം? ക്ലസ്റ്റർ തലവേദനയെക്കുറിച്ച് അറിയാം

കുട്ടികളിൽ ADHD ഉണ്ടാകാനുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്? സ്ക്രീൻ ടൈം കാരണമാകുമോ?

ADHD  ഉണ്ടാകുന്നതിന് ഒറ്റ കാരണം മാത്രമായി എടുത്തുപറയാനാകില്ല. മസ്തിഷ്ക വികാസവുമായി ബന്ധപ്പെട്ട പല ഘടകങ്ങൾ ചേരുമ്പോഴാണ് (Multifactorial neurodevelopmental condition) ഈ അവസ്ഥ ഉണ്ടാകുന്നത്. ഇതിൽ ജനിതക ഘടകങ്ങൾ വളരെ ശക്തമായ പങ്കുവഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കുടുംബത്തിൽ ആർക്കെങ്കിലും എ.ഡി.എച്ച്.ഡി ഉണ്ടെങ്കിൽ കുട്ടികളിലും ഇത് വരാനുള്ള സാധ്യത കൂടുതലാണ്. ഗർഭകാലത്തുണ്ടാകുന്ന ചില ആരോഗ്യപ്രശ്നങ്ങൾ, മാസം തികയാതെയുള്ള ജനനം, ജനനസമയത്തെ കുറഞ്ഞ ശരീരഭാരം, തലച്ചോറിന്റെ വികാസവുമായി ബന്ധപ്പെട്ട മറ്റ് സങ്കീർണ്ണതകൾ എന്നിവയും ഇതിലേക്ക് നയിച്ചേക്കാം. 

എന്നാൽ ഫോണോ ടിവിയോ കൂടുതൽ കാണുന്ന സ്ക്രീൻ ടൈം ഇതിന് നേരിട്ടുള്ള ഒരു കാരണമാണെന്ന് പറയാനാവില്ല. എന്നിരുന്നാലും, അമിതമായ സ്ക്രീൻ ഉപയോഗം കുട്ടികളുടെ സ്വാഭാവിക ഉറക്കം കുറയ്ക്കുകയും, ഏകാഗ്രതയെ ദോഷകരമായി ബാധിക്കുകയും, ശാരീരിക അധ്വാനവും കുടുംബാംഗങ്ങളുമായുള്ള ആശയവിനിമയവും ഇല്ലാതാക്കുകയും ചെയ്യും. അതിനാൽ എ.ഡി.എച്ച്.ഡി ഉള്ള കുട്ടികളിൽ സ്ക്രീൻ ഉപയോഗം പരിമിതപ്പെടുത്തേണ്ടത് അനിവാര്യമാണ്.

ADHD എങ്ങനെയാണ്  തിരിച്ചറിയുന്നത് ചെയ്യുന്നത്? ഇതിനായി  പ്രത്യേക ടെസ്റ്റുകൾ ആവശ്യമുണ്ടോ?

എ.ഡി.എച്ച്.ഡി സ്ഥിരീകരിക്കുന്നതിനായി മാത്രമായി പ്രത്യേക രക്തപരിശോധനയോ, സ്കാനിംഗോ, ഒറ്റത്തവണ കൊണ്ട് ഫലം തരുന്ന മനശാസ്ത്ര പരിശോധനകളോ നിലവിലില്ല. വിദഗ്ദ്ധനായ ഒരു മനോരോഗ വിദഗ്ദ്ധന്റെ (Psychiatrist) വിശദമായ ക്ലിനിക്കൽ പരിശോധനയിലൂടെയാണ് ഇത് നിർണ്ണയിക്കുന്നത്. കുട്ടിയുടെ ജനനം മുതലുള്ള വളർച്ചാ നാൾവഴികൾ, വീട്ടിലെയും വിദ്യാലയത്തിലെയും പെരുമാറ്റ രീതികൾ, പഠന നിലവാരം, അധ്യാപകരിൽ നിന്നുള്ള വിവരങ്ങൾ എന്നിവ ഇതിനായി വിശദമായി പരിശോധിക്കുന്നു. കുട്ടിയുടെ ശ്രദ്ധക്കുറവ്, അമിതമായ ചലനങ്ങൾ, ആലോചനയില്ലാത്ത പെരുമാറ്റം എന്നിവയുടെ സ്വഭാവവും ഈ പ്രശ്നങ്ങൾ എത്രകാലമായി നീണ്ടുനിൽക്കുന്നുവെന്നും വിലയിരുത്താറുണ്ട്. ഈ ലക്ഷണങ്ങൾ ദൈനംദിന ജീവിതത്തെ എത്രത്തോളം ബാധിക്കുന്നുണ്ടെന്നും ഡോക്ടർ പരിശോധിക്കും. വാണ്ടർബിൽറ്റ് (Vanderbilt), കോണേഴ്സ് (Conners) തുടങ്ങിയ റേറ്റിംഗ് ചോദ്യാവലികൾ പരിശോധനയ്ക്ക് സഹായകരമാണെങ്കിലും ഇവയെ മാത്രം ആശ്രയിച്ച് രോഗനിർണ്ണയം നടത്താറില്ല. ഉത്കണ്ഠ (anxiety), വിഷാദം (depression), പഠനവൈകല്യങ്ങൾ (learning disorder), ഓട്ടിസം (autism), ഉറക്കപ്രശ്നങ്ങൾ, കാഴ്ച-കേൾവി വൈകല്യങ്ങൾ, മാനസികാഘാതങ്ങൾ എന്നിവ എ.ഡി.എച്ച്.ഡിക്ക് സമാനമായ ലക്ഷണങ്ങൾ ഉണ്ടാക്കാമെന്നതിനാൽ അവയില്ലെന്ന് ഉറപ്പുവരുത്തേണ്ടതും പ്രധാനമാണ്.

ADHD ചികിത്സിക്കാൻ മരുന്നുകൾ അത്യാവശ്യമാണോ? ബിഹേവിയറൽ തെറാപ്പി മതിയോ?

എ.ഡി.എച്ച്.ഡി ഉള്ള എല്ലാ കുട്ടികൾക്കും മരുന്നുകൾ നൽകേണ്ട ആവശ്യമില്ല. കുട്ടിയുടെ പ്രായം, രോഗലക്ഷണങ്ങളുടെ തീവ്രത, വിദ്യാലയത്തിലും വീട്ടിലും കുട്ടി നേരിടുന്ന പ്രതിസന്ധികൾ, മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങൾ, കുടുംബത്തിന്റെ സാഹചര്യം എന്നിവ കൃത്യമായി വിലയിരുത്തിയാണ് ചികിത്സാ രീതികൾ നിശ്ചയിക്കുന്നത്. ഇതിൽ പ്രധാനമായും മൂന്ന് രീതികളാണ് സ്വീകരിക്കുന്നത്. 

കുട്ടിയുടെ പെരുമാറ്റരീതികൾ എങ്ങനെ നിയന്ത്രിക്കാമെന്ന് മാതാപിതാക്കളെ പഠിപ്പിക്കുന്ന പാരന്റ് ട്രെയിനിംഗും ബിഹേവിയറൽ തെറാപ്പിയുമാണ് ഇതിൽ ആദ്യത്തേത്. 

അധ്യാപകരുടെ പിന്തുണ ഉറപ്പാക്കിക്കൊണ്ട് ക്ലാസ്സ് മുറികളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്ന സ്കൂൾ തല ഇടപെടലുകളാണ് രണ്ടാമത്തെ ഘട്ടം.

 ഈ മാറ്റങ്ങൾ കൊണ്ട് മാത്രം നിയന്ത്രിക്കാൻ സാധിക്കാത്ത കുട്ടികളിൽ, ഡോക്ടറുടെ നിർദ്ദേശപ്രകാരം ഉത്തേജക മരുന്നുകളോ (Stimulants) അല്ലാത്തവയോ (Non-stimulants) ചികിത്സയ്ക്കായി ഉപയോഗിക്കുന്നു.

ADHD ഉള്ള കുട്ടികളെ വീട്ടിൽ കൈകാര്യം ചെയ്യാൻ മാതാപിതാക്കൾ എന്തൊക്കെ ശ്രദ്ധിക്കണം?

കുട്ടി ചെയ്യുന്ന കാര്യങ്ങൾ മനപ്പൂർവ്വമാണെന്ന് മാതാപിതാക്കൾ ഒരിക്കലും ചിന്തിക്കരുത്. "നീ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്?" എന്ന് കുറ്റപ്പെടുത്തുന്നതിന് പകരം "ഈ കാര്യം നമുക്ക് എങ്ങനെ എളുപ്പത്തിൽ ചെയ്യാം?" എന്ന  സമീപനമാണ് മാതാപിതാക്കൾ സ്വീകരിക്കേണ്ടത്. മനസ്സിലാക്കാൻ സാധിക്കുന്ന വിധത്തിൽ ലളിതവും ചെറുതുമായ നിർദ്ദേശങ്ങൾ മാത്രം കുട്ടികൾക്ക് നൽകുക. കുട്ടി നല്ല രീതിയിൽ പെരുമാറുമ്പോൾ ആ നിമിഷത്തിൽത്തന്നെ അവരെ അഭിനന്ദിക്കാൻ ശ്രദ്ധിക്കണം. ഹോംവർക്ക് ചെയ്യാനും, ഉറങ്ങാനും, ഭക്ഷണം കഴിക്കാനും ചിട്ടയായ സമയക്രമം ഉറപ്പാക്കുന്ന ഒരു ദിനചര്യ ഉണ്ടാക്കിയെടുക്കുക.

 വീട്ടിലെ നിയമങ്ങൾ എണ്ണത്തിൽ കുറയ്ക്കുകയും, അവ വ്യക്തമായി പറഞ്ഞു മനസ്സിലാക്കുകയും, നിയമങ്ങൾ പാലിക്കാതിരുന്നാൽ ഉണ്ടാകുന്ന പരിണിതഫലങ്ങൾ എന്താണെന്ന് മുൻകൂട്ടി ബോധ്യപ്പെടുത്തുകയും വേണം. കുട്ടികളെ എപ്പോഴും വഴക്കുപറയുന്നത് ഒഴിവാക്കി, സ്കൂളിലെ അധ്യാപകരുമായി നിരന്തരം ബന്ധപ്പെട്ട് വിവരങ്ങൾ പങ്കുവെക്കുകയും കുട്ടികളുടെ കഴിവുകൾ കണ്ടെത്തി അവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

 കുട്ടികളിലെ ADHD ചികിത്സിക്കാതിരുന്നാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ എന്തൊക്കെയാണ്?

എ.ഡി.എച്ച്.ഡി കൃത്യസമയത്ത് ചികിത്സിക്കാതിരുന്നാൽ എല്ലാ കുട്ടികൾക്കും ഒരുപോലെ പ്രശ്നങ്ങൾ ഉണ്ടാകണമെന്നില്ല. എങ്കിലും തീവ്രമായ എ.ഡി.എച്ച്.ഡി അനുഭവിക്കുന്ന ചില കുട്ടികളിൽ പഠനത്തിൽ വലിയ പിന്നാക്കാവസ്ഥയും, പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്ന അവസ്ഥയും, കുറഞ്ഞ മാർക്കും ഉണ്ടാകാൻ സാധ്യതയുണ്ട്. കുട്ടികൾക്ക് അവനവനോടുള്ള  Self-esteem കുറയുന്നതിനും, കുടുംബത്തിലും സുഹൃത്തുക്കൾക്കിടയിലും ഉണ്ടാകുന്ന ബന്ധങ്ങളിൽ വിള്ളലുകൾ വീഴുന്നതിനും ഇത് വഴിവെക്കാം. ഭാവിയെക്കുറിച്ച് ചിന്തിക്കാതെ എടുത്തുചാടി ചെയ്യുന്ന പെരുമാറ്റങ്ങൾ കുട്ടികളെ അപകടങ്ങളിൽ കൊണ്ടുചെന്നെത്തിച്ചേക്കാം. പ്രായപൂർത്തിയാകുമ്പോൾ ലഹരി വസ്തുക്കളുടെ ദുരുപയോഗത്തിലേക്ക് തിരിയാനും, ഉത്കണ്ഠയോ വിഷാദമോ പോലുള്ള അനുബന്ധ മാനസിക പ്രശ്നങ്ങൾ ഉടലെടുക്കാനും സാധ്യതയുണ്ട്. മുതിർന്നുകഴിഞ്ഞാൽ ജോലിസ്ഥലത്തെ ഉത്തരവാദിത്തങ്ങൾ ചിട്ടയോടെ ചെയ്യുന്നതിലും കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിലും ഇവർ വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. അതിനാൽ എത്രയും വേഗത്തിൽ ഈ അവസ്ഥ തിരിച്ചറിഞ്ഞ് ശരിയായ പിന്തുണ നൽകേണ്ടത് അത്യാവശ്യമാണ്.

 ADHD പ്രായമാകുമ്പോൾ സ്വയം മാറുമോ? ജീവിതകാലം മുഴുവൻ നിലനിൽക്കുമോ?

കുട്ടിക്കാലം കഴിയുന്നതോടെ എ.ഡി.എച്ച്.ഡി എല്ലാ വ്യക്തികളിലും പൂർണ്ണമായി മാറിക്കൊള്ളണം എന്നില്ല. കുട്ടികൾ വളരുന്നതിനനുസരിച്ച് അവരിലെ അമിതമായ ഓട്ടവും ചാട്ടവും അടക്കമുള്ള ഹൈപ്പർ ആക്ടിവിറ്റി കുറഞ്ഞുവന്നേക്കാം. എന്നാൽ ശ്രദ്ധക്കുറവ്, ആലോചനയില്ലാതെ പ്രവർത്തിക്കുന്ന പ്രവണത, കാര്യങ്ങൾ ചിട്ടപ്പെടുത്താനും ആസൂത്രണം ചെയ്യാനുമുള്ള തടസ്സങ്ങൾ, സമയനിഷ്ഠ പാലിക്കുന്നതിലെ ബുദ്ധിമുട്ടുകൾ എന്നിവ തുടർന്നും നിലനിൽക്കാൻ സാധ്യതയുണ്ട്. ചില വ്യക്തികളിൽ പ്രായമാകുമ്പോൾ രോഗലക്ഷണങ്ങൾ കാര്യമായി കുറയുകയും അവരുടെ ദൈനംദിന ജീവിതത്തെ കാര്യമായി ബാധിക്കാതിരിക്കുകയും ചെയ്യാറുണ്ട്. എന്നിരുന്നാലും, ഏതാണ്ട് 60 ശതമാനം ആളുകളിലും ഈ അവസ്ഥ കൗമാര പ്രായത്തിലേക്കും മുതിർന്ന ജീവിതത്തിലേക്കും തുടരുന്നതായാണ് കണ്ടുവരുന്നത്.