• English
  • عربي / Arabic
  • മലയാളം / Malayalam
migraine vs normal headaches, and cluster headaches explained by Neurologist Dr. Jithin George

"തലവേദനയല്ലേ, സാരമില്ല" എന്ന് പറഞ്ഞ് തള്ളിക്കളയരുത്!അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ

ജീവിതത്തിൽ ഒരിക്കലെങ്കിലും തലവേദന അനുഭവിക്കാത്തവർ വളരെ കുറവായിരിക്കും. പക്ഷേ ഒരു പ്രധാന ചോദ്യം എല്ലാ തലവേദനയും അപകടകരമാണോ എന്നതാണ്? അല്ല. അതുപോലെ തന്നെ, “തലവേദനയല്ലേ, സാരമില്ല” എന്ന് പറഞ്ഞ് എല്ലാ തലവേദനയും നിസാരമായി തള്ളിക്കളയാമോ? അതും പാടില്ല. കാരണം, തലവേദനയ്ക്ക് പല കാരണങ്ങളുണ്ട്. എന്താണ് തലവേദന, മെഗ്രെയിന്‍ തലവേദനയും സാധാരണ തലവേദനയും എങ്ങനെ തിരിച്ചറിയാം, തലവേദനകളിലെ വില്ലനായ ക്ലസ്റ്റര്‍ തലവേദന എന്താണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് തൊടുപുഴ ബേബി മെമ്മോറിയൽ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റ്  ഡോ. ജിതിൻ ജോർജ് സംസാരിക്കുന്നു

പലതരം തലവേദനകൾ

പ്രധാനമായും തലവേദനകളെ നമുക്ക് രണ്ടായി തിരിക്കാം:പ്രൈമറി ഹെഡ്ഏയ്ക്ക് (Primary Headache), സെക്കന്‍ഡറി ഹെഡ് ഏയ്ക്ക് (Secondary Headache)

മറ്റേതെങ്കിലും രോഗത്തിന്റെ ഭാഗമായി ഉണ്ടാകുന്നതല്ലാത്ത തലവേദനയെയാണ്  പൊതുവെ Primary Headache എന്ന് പറയുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ് മൈഗ്രേൻ, ടെൻഷൻ ടൈപ്പ് ഹെഡേക്ക്, ക്ലസ്റ്റർ ഹെഡേക്ക് തുടങ്ങിയവ.

അതേസമയം, തലച്ചോറിലോ ശരീരത്തിലെ മറ്റേതെങ്കിലും ഭാഗത്തോ ഉള്ള ഒരു രോഗത്തിന്റെ ലക്ഷണമായി ഉണ്ടാകുന്ന തലവേദനയാണ് Secondary Headache.

തലവേദനയും ഓറയും

ചിലരിൽ തലവേദന തുടങ്ങുന്നതിന് മുമ്പായി കാഴ്ചയിൽ മിന്നലുകൾ കാണുക, കാഴ്ച മങ്ങുക, കൈകാലുകളിലോ മുഖത്തോ മരവിപ്പ് അനുഭവപ്പെടുക തുടങ്ങിയ ചില പ്രത്യേക ലക്ഷണങ്ങൾ ഉണ്ടാകാം. ഇത്തരം മുന്നറിയിപ്പ് ലക്ഷണങ്ങളെയാണ്  ഓറ (Aura) എന്ന് വിളിക്കുന്നത്. ഇത്തരം ലക്ഷണങ്ങളോടൊപ്പം ഉണ്ടാകുന്ന മൈഗ്രേൻ ആണ് Migraine with Aura.

Read Also:  നമ്മുടെ ഉള്ളിലെ 'നിശബ്ദ ശത്രു'; ഉയർന്ന രക്തസമ്മർദത്തെ പേടിക്കേണ്ട, അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ!

അതേസമയം, ഇത്തരം Aura ലക്ഷണങ്ങളൊന്നുമില്ലാതെ നേരിട്ട് മൈഗ്രേൻ തലവേദന ഉണ്ടാകുന്നവരെയും കാണാം. ഇതിനെ Migraine without Aura എന്നാണ് പറയുന്നത്.

മൈഗ്രേൻ വിത്തൗട്ട് ഓറ എന്ന് രോഗനിർണയം നടത്തുന്നതിന് ചില പ്രത്യേക മാനദണ്ഡങ്ങളുണ്ട്.

  • കുറഞ്ഞത് അഞ്ച് തവണയെങ്കിലും സമാനമായ തലവേദനയുടെ ആക്രമണങ്ങൾ ഉണ്ടായിരിക്കണം.
  • ഓരോ ആക്രമണവും സാധാരണയായി 4 മണിക്കൂർ മുതൽ 72 മണിക്കൂർ വരെ നീണ്ടുനിൽക്കാം.
  • ഈ തലവേദനയ്ക്ക് ചില പ്രത്യേക സ്വഭാവങ്ങളുണ്ട്. അതിൽ കുറഞ്ഞത് രണ്ടെണ്ണമെങ്കിലും ഉണ്ടായിരിക്കണം.
  •  തലയുടെ ഒരു വശത്തായി വേദന ഉണ്ടാകുക.
  • വേദന pulsating, അതായത് തലയിൽ താളത്തിൽ മിടിക്കുന്നതുപോലെ തോന്നുക.
  • വേദന മിതമായതോ കഠിനമായതോ ആയിരിക്കുക.
  •  സാധാരണ ശാരീരിക പ്രവർത്തനങ്ങൾ, ഉദാഹരണത്തിന് നടക്കുകയോ പടികൾ കയറുകയോ ചെയ്യുമ്പോൾ, തലവേദന കൂടുക.
  • ഇതിനോടൊപ്പം ഓക്കാനം അല്ലെങ്കിൽ ഛർദ്ദി ഉണ്ടാകാം.
  •  അല്ലെങ്കിൽ വെളിച്ചവും ശബ്ദവും സഹിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകാം. 

ഇത്തരം പ്രത്യേകതകളുള്ള തലവേദനകൾ ആവർത്തിച്ച് ഉണ്ടാകുന്നുണ്ടെങ്കിൽ, അത് മൈഗ്രേൻ ആയിരിക്കാനുള്ള സാധ്യത കൂടുതലാണ്.

Migraine with auraയുടെ രോഗനിർണ്ണയം (ICHD-3) എങ്ങനെ നടത്തുമെന്ന് നോക്കാം.

  • കുറഞ്ഞത് 2 attacks ഉണ്ടായിരിക്കണം.
  • ഓരോ attack-ലും താഴെ പറയുന്ന reversible aura symptoms-ൽ ഒന്നെങ്കിലും ഉണ്ടായിരിക്കണം:
  • Visual - മിന്നലുകൾ, zig-zag lines, കാഴ്ചയുടെ ഒരു ഭാഗം നഷ്ടപ്പെടൽ തുടങ്ങിയവ
  • Sensory - മുഖത്തോ കൈയിലോ മരവിപ്പ്/തരിപ്പ്
  • Speech/language - സംസാരിക്കാൻ അല്ലെങ്കിൽ വാക്കുകൾ കണ്ടെത്താൻ ബുദ്ധിമുട്ട്
  • അപൂർവമായി motor, brainstem അല്ലെങ്കിൽ retinal symptoms എന്നിവയും ഉണ്ടാകാം.
  • Aura symptom സാധാരണയായി ക്രമേണ (gradually) വികസിക്കുകയും, ഓരോ symptom-വും സാധാരണയായി 5 മുതൽ 60 മിനിറ്റ് വരെ നീണ്ടുനിൽക്കുകയും ചെയ്യും.
  • സാധാരണയായി aura-യിൽ visual, sensory, speech symptoms എന്നിവയിൽ ഒന്നിലധികം ഉണ്ടെങ്കിൽ അവ തുടർച്ചയായി വരാം.
  • Aura സമയത്തോ അതിന് ശേഷം headache ഉണ്ടാകാം; സാധാരണയായി 60 മിനിറ്റിനുള്ളിൽ തലവേദന ആരംഭിക്കും.

പ്രധാനപ്പെട്ട മറ്റൊരു കാര്യം: ഈ ലക്ഷണങ്ങൾ reversible ആയിരിക്കണം, അതായത് സ്ഥിരമായ neurological deficit ഉണ്ടാകരുത്.

മൈഗ്രേൻ ട്രിഗറുകൾ (Migraine Triggers)

മൈഗ്രേൻ ഉള്ളവരിൽ trigger factors വ്യക്തികൾക്കനുസരിച്ച് വ്യത്യസ്തമായിരിക്കും. സാധാരണയായി കാണുന്നവ:

  • ഉറക്കത്തിലെ മാറ്റങ്ങൾ - ഉറക്കം കുറയുക, അധികം ഉറങ്ങുക, ഉറക്കസമയം മാറുക
  • ഭക്ഷണം കഴിക്കാതിരിക്കുക / ദീർഘനേരം വിശന്നിരിക്കുക
  • വെള്ളം കുറച്ച് കുടിക്കുക (dehydration), കഫീൻ അധികമായി ഉപയോഗിക്കുകയോ പെട്ടെന്ന് നിർത്തുകയോ ചെയ്യുക
  • Stress - മാനസിക സമ്മർദ്ദം; ചിലരിൽ stress കഴിഞ്ഞ് relax ചെയ്യുന്ന സമയത്തും migraine വരാം
  • തീവ്രമായ വെളിച്ചം ,  screen exposure
  • ശക്തമായ ശബ്ദം
  • തീവ്രമായ ഗന്ധങ്ങൾ
  • കാലാവസ്ഥയിലെ മാറ്റങ്ങൾ-  ചൂട്, ഈർപ്പം, atmospheric pressure മാറ്റങ്ങൾ
  • പ്രത്യേക ഭക്ഷണങ്ങൾ- ചിലരിൽ ചോക്ലേറ്റ്, processed foods, aged cheese തുടങ്ങിയവ
  • ആൽക്കഹോൾ- ചിലരിൽ ആൽക്കഹോൾ ഒരു ട്രിഗർ ആകാം
  • അമിതമായ ശാരീരിക അധ്വാനം 
  • ഹോർമോണിലെ മാറ്റങ്ങൾ-  പ്രത്യേകിച്ച് ചില സ്ത്രീകളിൽ menstruation-നോട് ബന്ധപ്പെട്ട് ഉണ്ടാകുന്നത്. 

മൈഗ്രേൻ ചികിത്സ

മൈഗ്രേൻ ചികിത്സയിൽ പ്രധാനമായും രണ്ട് രീതിയിലുള്ള സമീപനങ്ങളാണ് ഉള്ളത്. അക്യൂട്ട് ട്രീറ്റ്‌മെന്റും (Acute treatment) പ്രിവന്റീവ് ട്രീറ്റ്‌മെന്റും ( Preventive treatment). 

മൈഗ്രേൻ ചികിത്സയിലെ അക്യൂട്ട് ട്രീറ്റ്മെന്റ്‌

ഇപ്പോൾ ഒരു വ്യക്തിക്ക് ശക്തമായ മൈഗ്രേൻ തലവേദന വന്നിരിക്കുകയാണ്. ആ സമയത്ത് തലവേദനയും അതിനോടൊപ്പമുള്ള മറ്റ് ലക്ഷണങ്ങളും വേഗത്തിൽ കുറയ്ക്കുന്നതിനുള്ള ചികിത്സയാണ് Acute treatment.

ഇതിനായി ചില painmedicines ഉപയോഗിക്കാം. മൈഗ്രേൻ കൂടുതൽ ശക്തമായിരിക്കുമ്പോൾ, സാധാരണ  വേദനസംഹാരികൾ മതിയാകാത്ത സാഹചര്യങ്ങളിൽ migraine specific medicines ആയ triptans പോലുള്ള മരുന്നുകളും ഡോക്ടറുടെ നിർദേശപ്രകാരം ഉപയോഗിക്കാം.

ഓക്കാനം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അതിനുള്ള മരുന്നുകളും ആവശ്യാനുസരണം നൽകാം.

എന്നാൽ ഒരു പ്രധാന കാര്യം , തലവേദന വരുമ്പോഴൊക്കെ വേദനസംഹാരി കഴിച്ചുകൊണ്ടിരിക്കുന്നത് ശരിയായ ചികിത്സയല്ല. വേദനസംഹാരി അല്ലെങ്കിൽ acute migraine medicines അമിതമായി ഉപയോഗിക്കുന്നത് തന്നെ പിന്നീട് medication-overuse headache ഉണ്ടാകാൻ കാരണമാകാം.

അതിനാൽ മൈഗ്രേൻ പതിവായി ഉണ്ടാകുന്നവർക്ക്, തലവേദനയുടെ എണ്ണം കുറയ്ക്കുന്നതിനായി Preventive treatment ആവശ്യമായി വരാം.

മൈഗ്രെയ്ൻ പ്രിവന്റീവ് (prophylactic) ചികിത്സയ്ക്ക് പല വിഭാഗത്തിലുള്ള മരുന്നുകൾ ഉണ്ട്. 

എല്ലാവർക്കും side effects ഉണ്ടാകണമെന്നില്ല; വ്യക്തിയുടെ മറ്റ് രോഗങ്ങൾ, പ്രായം, ഗർഭധാരണ സാധ്യത, ഭാരം, ബിപി തുടങ്ങിയവ പരിഗണിച്ചാണ് തിരഞ്ഞെടുക്കുന്നത്.

മൈഗ്രെയ്ൻ ഗുളിക കഴിച്ചാൽ വണ്ണം കൂടുമോ?

അങ്ങനെ നിർബന്ധമില്ല. ചില preventive മരുന്നുകൾ ഭാരം കൂട്ടുവാൻ കാരണമായേക്കും.   എന്നാൽ ചിലത് weight-neutral ആണ്, ചില മരുന്നുകളാവട്ടെ, ഭാരം കുറയ്ക്കുന്നതും കണ്ടുവരാറുണ്ട്. 

മെഗ്രേൻ ചികിത്സയിൽ എപ്പോഴാണ് ബോട്ടോക്സ് (Botox) നല്‍കുന്നത് 

ബോട്ടോക്സ് സാധാരണ episodic migraine-ന് അല്ല; chronic migraine-നാണ് പരിഗണിക്കുന്നത്.

പ്രധാനമായും:

മാസത്തിൽ പതിനഞ്ചോ അതിൽ കൂടുതലോ തലവേദന വരുന്ന സാഹചര്യങ്ങളിൽ

എട്ടോ അതിലധികമോ ദിവസം മൈഗ്രേൻ ലക്ഷണങ്ങളോടു കൂടിയ തലവേദന വരികയും ഈ രീതി മൂന്നു മാസത്തിലധികം തുടരുകയും  ചെയ്യുമ്പോഴാണ് ക്രോണിക് മൈഗ്രെയിനായി കണക്കാക്കുന്നത്. 

ഇത്തരം chronic migraine ഉള്ളവരിൽ preventive treatment ആവശ്യമായി വരുമ്പോൾ, oral preventive drugs  ഫലിക്കാത്തപ്പോൾ/സഹിക്കാനാകാത്തപ്പോൾ OnabotulinumtoxinA ഒരു പ്രധാന option ആണ്.

ക്ലസ്റ്റർ ഹെഡേക്ക്

തലവേദനകളിലെ ഏറ്റവും അപകടകാരികളിലൊരാളായ ക്ലസ്റ്റർ ഹെഡേക്ക് (Cluster headache) ഒരു primary headache disorder ആണ്. ഇത് Trigeminal autonomic cephalalgia (TAC)-കളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. സാധാരണയായി വളരെ ശക്തമായ, ഒരു വശത്ത് മാത്രം ഉണ്ടാകുന്ന orbital / supraorbital / temporal pain ആണ് പ്രധാന പ്രത്യേകത. അതോടൊപ്പം അതേ വശത്ത് autonomic symptoms ഉണ്ടാകും.

പ്രധാന ലക്ഷണങ്ങൾ

1. വേദന

  • വളരെ തീവ്രമായ, കുത്തുന്നതുപോലെയോ burning/piercing പോലെയോ ഉള്ള വേദന
  • സാധാരണയായി ഒരു കണ്ണിന് ചുറ്റും (unilateral orbital) അല്ലെങ്കിൽ temple ഭാഗത്ത്
  • സാധാരണ 15-18 മിനിറ്റ് നീണ്ടുനിൽക്കും
  • ചികിത്സയില്ലാതെ തന്നെ പെട്ടെന്ന് തുടങ്ങുകയും അവസാനിക്കുകയും ചെയ്യാം.

2. Autonomic symptoms -  അതേ വശത്ത് വേദനയുള്ള ഭാഗത്ത്:

  • കണ്ണിൽ വെള്ളം വരിക 
  • കണ്ണ് ചുവക്കുക 
  • മൂക്ക് അടയുക 
  • മൂക്കൊലിപ്പ് 
  • കണ്ണിമ വീഴുക 
  • കണ്ണിമ/മുഖത്ത് വീക്കം 
  • നെറ്റിയിൽ/മുഖത്ത് വിയർപ്പ് 
  • pupil ചെറുതാകുക 

3. Restlessness 

Migraine-ൽ പലരും ഇരുണ്ട മുറിയിൽ കിടക്കാൻ ആഗ്രഹിക്കുന്നതിനുപകരം, cluster headache-ൽ രോഗി സാധാരണയായി അസ്വസ്ഥനായി നടക്കുകയോ ഇങ്ങോട്ടും അങ്ങോട്ടും ചലിക്കുകയോ ചെയ്യും.

അടിയന്തരമായി ന്യൂറോളജിസ്റ്റിനെ കാണേണ്ട പ്രധാന സാഹചര്യങ്ങൾ ഇവയാണ്:

  • പെട്ടെന്ന്, സെക്കൻഡുകൾക്കുള്ളിൽ പരമാവധി തീവ്രതയിലെത്തുന്ന തലവേദന — Thunderclap headache 
  • തലവേദനയ്‌ക്കൊപ്പം കൈകാലുകളിൽ ബലക്കുറവ്, മരവിപ്പ്, സംസാരിക്കാൻ ബുദ്ധിമുട്ട്, കാഴ്ചക്കുറവ്, മുഖം കോടൽ തുടങ്ങിയ പുതിയ ന്യൂറോളജിക്കൽ ലക്ഷണങ്ങൾ 
  • തുടർച്ചയായ ഛർദ്ദി, ബോധക്ഷയം അല്ലെങ്കിൽ അപസ്മാരം 
  • പനി + കഴുത്ത് കടുപ്പം എന്നിവയോടൊപ്പമുള്ള ശക്തമായ തലവേദന 
  • തലയ്ക്ക് പരിക്ക് സംഭവിച്ചതിന് ശേഷം ഉണ്ടാകുന്ന പുതിയ/തീവ്രമായ തലവേദന 
  • പെട്ടെന്നുള്ള കാഴ്ച നഷ്ടം അല്ലെങ്കിൽ കണ്ണിനോടനുബന്ധിച്ച ശക്തമായ തലവേദന 
  • ജീവിതത്തിൽ ആദ്യമായി അനുഭവപ്പെടുന്ന വളരെ ശക്തമായതോ അസാധാരണമായതോ ആയ തലവേദന 
  • ദിവസങ്ങൾ/ആഴ്ചകൾ കഴിയുന്തോറും തീവ്രതയിലും ആവൃത്തിയിലും വർധിച്ചുകൊണ്ടിരിക്കുന്ന തലവേദന 
  •  സാധാരണ മരുന്നുകൾ കഴിച്ചിട്ടും തുടർച്ചയായി മാറാത്തതോ ക്രമേണ വഷളാകുന്നതോ ആയ തലവേദന. 

തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ എത്രയും വേഗം വിദഗ്ദ ഡോക്ടറെ സന്ദർശിക്കുക.