• English
  • عربي / Arabic
  • മലയാളം / Malayalam
Dr Easwar T Ramani explains Clubfoot- CTEV-causes and treatment in children

എന്താണ് ക്ലബ് ഫൂട്ട്? കുഞ്ഞുങ്ങളുടെ കാൽവളവ് മാറ്റാനുള്ള ആധുനിക ചികിത്സാരീതികൾ

2026-07-08

"എന്റെ കുഞ്ഞ് മറ്റുള്ളവരെപ്പോലെ സാധാരണ രീതിയിൽ നടക്കുമോ?", "അവന് നടക്കുമ്പോൾ വേദനയുണ്ടാകുമോ?"—ഗർഭസ്ഥ ശിശുവിനോ ജനിച്ചയുടനെയോ കുഞ്ഞിന് കാൽവളവുണ്ടെന്ന് തിരിച്ചറിയുന്ന നിമിഷം ഏതൊരു അമ്മയുടെയും മനസ്സിൽ ആദ്യം ഉയർന്നുവരുന്ന ആശങ്കകളാണിത്. ജനനസമയത്ത് കുഞ്ഞിന്റെ പാദങ്ങൾ ഉള്ളിലേക്കും താഴേക്കും വളഞ്ഞിരിക്കുന്ന ഈ അവസ്ഥയെ വൈദ്യശാസ്ത്രത്തിൽ ക്ലബ് ഫൂട്ട് (Clubfoot അല്ലെങ്കിൽ CTEV) എന്ന് വിളിക്കുന്നു. ഭയപ്പെടുത്തുന്ന പല വിവരങ്ങളും ഇന്റർനെറ്റിൽ കാണാമെങ്കിലും, ആധുനിക വൈദ്യശാസ്ത്രത്തിൽ ഇതിന് തികച്ചും ഫലപ്രദമായ ചികിത്സ ലഭ്യമാണ്.

കുഞ്ഞുങ്ങളിലെ ക്ലബ് ഫൂട്ട് വൈകല്യത്തിന്റെ കാരണങ്ങൾ, ഗർഭകാലത്തെ അനോമലി സ്കാനിങ്ങിലൂടെ (Anomaly Scan) ഇത് എങ്ങനെ മുൻകൂട്ടി തിരിച്ചറിയാം, കൂടാതെ ശസ്ത്രക്രിയകളില്ലാതെ തന്നെ കാൽവളവ് മാറ്റാൻ സഹായിക്കുന്ന 'പോൺസെറ്റി' (Ponseti Method) ചികിത്സാരീതിയെക്കുറിച്ചും കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ പീഡിയാട്രിക് ഓര്‍ത്തോപീഡിക് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ഈശ്വര്‍ ടി രമണി വിശദമാക്കുന്നു

എന്താണ് ക്ലബ്ഫൂട്ട് (CTEV)? എങ്ങനെ തിരിച്ചറിയാം?

ജനനസമയത്ത് കുഞ്ഞിന്റെ പാദങ്ങൾ ഉള്ളിലേക്കും താഴേക്കും വളഞ്ഞിരിക്കുന്ന ജന്മനായുള്ള അവസ്ഥയാണ് ക്ലബ്‌ഫൂട്ട് അഥവാ CTEV (Congenital Talipes Equinovarus). കുഞ്ഞിന്റെ പേശികളുടെയും നാഡികളുടെയും വളർച്ചയിലുണ്ടാകുന്ന വ്യത്യാസങ്ങളാണ് ഇതിലേക്ക് നയിക്കുന്നത്. ഗർഭകാലത്തിന്റെ ഇരുപതാമത്തെ ആഴ്ചയിൽ നടത്തുന്ന അനോമലി സ്കാനിങ്ങിൽ (Anomaly scan) തന്നെ മിക്കവാറും ഈ പ്രശ്നം മുൻകൂട്ടി തിരിച്ചറിയാൻ സാധിക്കും.

അനോമലി സ്കാനിങ്ങിൽ ക്ലബ്ഫൂട്ട് ഉണ്ടെന്ന് കണ്ടാലും മാതാപിതാക്കൾ ഒട്ടും ഭയപ്പെടേണ്ടതില്ല. കാരണം ഇതൊരു മാറാവ്യാധിയല്ല, കൃത്യസമയത്ത് ചികിത്സിച്ചാൽ പൂർണ്ണമായും ഭേദമാക്കാവുന്ന ഒരവസ്ഥ മാത്രമാണ്. എന്നാൽ ചികിത്സിക്കാതിരുന്നാൽ കുട്ടിക്ക് സാധാരണ രീതിയിൽ നടക്കാൻ ബുദ്ധിമുട്ടാവുകയും ഇത് സ്ഥിരമായ ഒരു വൈകല്യമായി മാറുകയും ചെയ്യും.

 പോൺസെറ്റി ചികിത്സാരീതി (Ponseti Method)

മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ കുഞ്ഞ് ജനിച്ച ദിവസം തന്നെ ക്ലബ്‌ഫൂട്ട് പരിഹരിക്കാനുള്ള ചികിത്സ ആരംഭിക്കാവുന്നതാണ്. ഇതിനായി ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന ആധുനിക ചികിത്സാരീതിയാണ് 'പോൺസെറ്റി' (Ponseti method)*.

സീരിയൽ കാസ്റ്റിംഗ് (Serial Casting)

ആദ്യത്തെ കുറച്ചാഴ്ചകളിൽ കുഞ്ഞിന്റെ കാലുകൾ പതുക്കെ നേരെയാക്കി പ്ലാസ്റ്ററിടുന്ന രീതിയാണിത്. ഓരോ ആഴ്ചയും ഈ പ്ലാസ്റ്റർ മാറ്റി പുതിയത് ഇടും.

ടെനോട്ടമി (Tenotomy)

ആറാഴ്ചത്തെ പ്ലാസ്റ്ററിങ്ങിന് ശേഷം, കുഞ്ഞിന്റെ രണ്ടാം മാസത്തിൽ കുതികാലിലെ നാഡിക്ക് അയവ് വരുത്തുന്നതിനായി വളരെ ചെറിയൊരു ശസ്ത്രക്രിയ ആവശ്യമായി വരുന്നു.

ഫൂട്ട് അബ്ഡക്ഷൻ ബ്രേസ് (Foot abduction brace)

ശസ്ത്രക്രിയയ്ക്ക് ശേഷം കാലുകൾ വീണ്ടും പഴയതുപോലെ വളഞ്ഞുപോകാതിരിക്കാൻ പ്രത്യേകതരം ഷൂസുകൾ (Brace) നൽകും. കുഞ്ഞിന് 5 വയസ്സ് തികയുന്നത് വരെ ഈ ഷൂസുകൾ ധരിപ്പിക്കേണ്ടതുണ്ട്.

രോഗം വീണ്ടും വരാതിരിക്കാൻ (Recurrence) മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത്

കുഞ്ഞ് വളർന്നു വരുമ്പോൾ ഷൂസ് ധരിക്കാനുള്ള മടിയും വാശിയും കാരണം പല മാതാപിതാക്കളും ബ്രേസ് ധരിപ്പിക്കുന്നത് ഒഴിവാക്കുകയും വ്യായാമങ്ങൾ മുടക്കുകയും ചെയ്യാറുണ്ട്. ഇവിടെയാണ് പലർക്കും പിഴയ്ക്കുന്നത്. നാലോ അഞ്ചോ വയസ്സുവരെ ഈ പ്രത്യേക ഷൂസുകൾ കൃത്യമായി ഉപയോഗിച്ചില്ലെങ്കിൽ അസുഖം വീണ്ടും തിരികെ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. രോഗം തിരികെ വരുമ്പോൾ കുഞ്ഞ് കുതികാൽ ഉയർത്തി നടക്കാൻ തുടങ്ങുകയും പാദം വീണ്ടും ഉള്ളിലേക്ക് വളയുകയും ചെയ്യും.

 അസുഖം വീണ്ടും വന്നാൽ ലഭ്യമായ ചികിത്സകൾ

ജെസ്സ് ഫിക്സേഷൻ (JESS)

രോഗം വീണ്ടും വരുന്ന അവസ്ഥയിൽ കാലിലെ പേശികൾ നീക്കം ചെയ്യുന്ന ശസ്ത്രക്രിയകൾ (Soft tissue release) ചെയ്താൽ, ഭാവിയിൽ കാൽ കൂടുതൽ ദൃഢമായിപ്പോകാൻ (Stiffness) സാധ്യതയുണ്ട്. അതിനാൽ, പുറമേനിന്നുള്ള കമ്പികൾ ഉപയോഗിച്ച് കാലിനെ പതുക്കെ നേരെയാക്കി കൊണ്ടുവരുന്ന 'ജെസ്സ് ഫിക്സേഷൻ' (JESS - Joshi's External Stabilisation System) എന്ന ചികിത്സാരീതിയാണ് ഇത്തരം ഘട്ടങ്ങളിൽ വേണ്ടിവരാറുള്ളത്.

ഈ ഓപ്പറേഷൻ കഴിഞ്ഞാൽ കുഞ്ഞിന്റെ കാലിൽ ഘടിപ്പിച്ചിരിക്കുന്ന ഫ്രെയിമിലെ കമ്പികൾ കയറുന്ന ഭാഗങ്ങളിൽ അണുബാധ ഉണ്ടാകാതിരിക്കാൻ ദിവസവും വൃത്തിയാക്കേണ്ടതുണ്ട് (Pin site cleaning). മൂന്നാല് മാസത്തെ ഈ പ്രക്രിയയ്ക്ക് ശേഷം ഫ്രെയിം അഴിച്ചുമാറ്റാം. തുടർന്ന് കുറച്ചുകാലത്തെ പ്ലാസ്റ്ററിങ്, പ്രത്യേക ഷൂസ് ധരിക്കൽ, കൃത്യമായ ഫിസിയോതെറാപ്പി (Physiotherapy) എന്നിവയിലൂടെ കാൽ സാധാരണ നിലയിലാക്കാൻ സാധിക്കും.

ക്ലബ്ഫൂട്ടിന്റെ ചികിത്സ എന്നത് ഒരു ചെറിയ ഓട്ടമത്സരം പോലെയല്ല, മറിച്ച് വലിയൊരു മാരത്തൺ പോലെയാണ്. ഡോക്ടർ നിർദ്ദേശിക്കുന്ന കാലയളവുവരെ കൃത്യമായി ബ്രേസ് (ഷൂസ്) ഉപയോഗിക്കുകയും തുടർപരിശോധനകൾ നടത്തുകയുമാണ് രോഗം തിരികെ വരാതിരിക്കാനുള്ള ഏറ്റവും വലിയ പ്രതിരോധം. ഒരുകാരണവശാലും കുഞ്ഞിന്റെ കരച്ചിലോ വാശിയോ കണ്ട് ഷൂസ് ധരിപ്പിക്കുന്നത് മുടക്കരുത്. ഇനി അഥവാ അസുഖം തിരികെ വന്നാലും സുരക്ഷിതമായ ആധുനിക ചികിത്സകളിലൂടെ കുഞ്ഞിനെ സന്തോഷത്തോടെ ഓടിച്ചാടി നടക്കുന്ന ഒരു ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കും.

നിങ്ങളുടെ കുട്ടിക്ക് ക്ലബ് ഫൂട്ട് (Clubfoot) ഉണ്ടെന്ന് സംശയമുണ്ടോ?

ക്ലബ് ഫൂട്ട് നേരത്തെ കണ്ടെത്തി ചികിത്സ ആരംഭിച്ചാൽ മിക്ക കുട്ടികൾക്കും സാധാരണ രീതിയിൽ നടക്കാനും സജീവമായ ജീവിതം നയിക്കാനും സാധിക്കും. അതിനാൽ കുഞ്ഞിന്റെ കാലിന്റെ ആകൃതിയിലോ ചലനത്തിലോ എന്തെങ്കിലും അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടാൽ ചികിത്സ വൈകിക്കരുത്.

ക്ലബ് ഫൂട്ടിന്റെ കൃത്യമായ രോഗനിർണയത്തിനും വ്യക്തിഗത ചികിത്സാ പദ്ധതിക്കുമായി ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ പീഡിയാട്രിക് ഓർത്തോപീഡിക് സർജൻ ഡോ. ഈശ്വർ ടി. രമണിയെ സമീപിക്കാം

 ഇന്ന് തന്നെ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യൂ

Share this article: