വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിന് പിന്നാലെ, ആർത്തവസമയത്തെ ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കുകയാണ്. കൗമാരപ്രായത്തിലുള്ള കുട്ടികൾ അനുഭവിക്കുന്ന ആർത്തവകാല പ്രശ്നങ്ങൾ പലപ്പോഴും അവരുടെ ദൈനംദിന ജീവിതത്തെയും പഠനത്തെയും ബാധിക്കാറുണ്ട്. പണ്ടുകാലങ്ങളിൽ 12 വയസ്സിൽ കണ്ടിരുന്ന ആർത്തവാരംഭം, ഇന്ന് പത്തു വയസ്സിൽ താഴെയുള്ള കുട്ടികളിൽ പോലും നേരത്തെ കണ്ടുവരുന്നുണ്ട്.
കുട്ടികളിലെ ഈ നേരത്തെയുള്ള ആർത്തവത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ, ആർത്തവസമയത്തുണ്ടാകുന്ന കഠിനമായ വയറുവേദന (ഡിസ്‌മെനോറിയ), അമിത രക്തസ്രാവം, വിളർച്ച തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് വിശദീകരിക്കുകയാണ് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ചിനു സൂസൻ കുര്യൻ. ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെയും കൃത്യമായ വൈദ്യസഹായത്തിലൂടെയും ഈ പ്രശ്നങ്ങളെ എങ്ങനെ നേരിടാമെന്ന് ഡോക്ടർ വ്യക്തമാക്കുന്നു.
കുട്ടികളിൽ നേരത്തെ ആർത്തവമുണ്ടാകുന്നതിന്റെ കാരണങ്ങൾ എന്തെല്ലാം?
പണ്ടൊക്കെ കുട്ടികളിൽ 12 വയസ്സിലാണ് ആർത്തവം കണ്ടിരുന്നതെങ്കിൽ, ഇന്നത് മാറി പത്തു വയസ്സിൽ താഴെയുള്ള കുട്ടികളിൽ പോലും നേരത്തെ ആർത്തവമുണ്ടാകുന്നുണ്ട്. ഇതിന് പിന്നിൽ പ്രധാനമായും രണ്ടു കാരണങ്ങളാണുള്ളത്:
1. മോശം ഭക്ഷണശീലങ്ങൾ: പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിനേക്കാൾ കുട്ടികൾ ഇന്ന് ചോക്ലേറ്റ്, ജങ്ക് ഫുഡ്സ്, ബ്രോയിലർ ചിക്കൻ എന്നിവ കൂടുതലായി ഇഷ്ടപ്പെടുന്നു. ഹോർമോണുകൾ കുത്തിവെച്ച ചിക്കൻ ചെറുപ്രായത്തിലേ കഴിക്കുന്നത് കുട്ടികളിൽ ഹോർമോൺ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.
2.വ്യായാമമില്ലായ്മ: ഭക്ഷണരീതികൾ മാറുന്നതിനൊപ്പം ആവശ്യത്തിന് വ്യായാമം ഇല്ലാത്തതും ഈ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.
കൗമാരക്കാരിൽ സാധാരണയായി കാണുന്ന ആർത്തവസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ
കുട്ടികളിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്നത് കഠിനമായ വയറുവേദനയാണ്; ഇതിനെ 'ഡിസ്‌മെനോറിയ' (Dysmenorrhea) എന്ന് പറയുന്നു. ഇതിന്റെ തീവ്രത ഓരോ കുട്ടികളിലും വ്യത്യസ്തമായിരിക്കും:
* ചില കുട്ടികൾക്ക് ചെറിയ ബുദ്ധിമുട്ടുകൾ മാത്രമാണുണ്ടാകുക, ഇത് സാധാരണ മരുന്നുകൾ കഴിച്ചാൽ മാറും.
* എന്നാൽ മറ്റു ചിലരിൽ ഭയങ്കരമായ വയറുവേദനയോടൊപ്പം ഛർദി, നടുവേദന തുടങ്ങിയ കഠിനമായ ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ഡോക്ടറെ കണ്ട് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.
അമിത രക്തസ്രാവവും വിളർച്ചയും (Anemia)
സാധാരണ രീതിയിൽ ആർത്തവസമയത്ത് 80 മില്ലി മുതൽ പരമാവധി 100 മില്ലി വരെയാണ് രക്തം നഷ്ടപ്പെടുന്നത്. എന്നാൽ ചില കുട്ടികളിൽ രക്തസ്രാവം വളരെ കൂടുതലായിരിക്കുകയും രക്തം കട്ടകളായി പോവുകയും ചെയ്യാറുണ്ട്. ഇത് ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയ്ക്കുകയും കുട്ടികളിൽ വിളർച്ചയ്ക്ക് കാരണമാകുകയും ചെയ്യും. കൃത്യമായ കാരണം കണ്ടെത്തി മരുന്ന് കഴിച്ചാൽ ഇത് മാറ്റാവുന്നതാണ്.
കൂടാതെ, ആർത്തവം ആരംഭിച്ച് ആദ്യത്തെ രണ്ടു വർഷം ക്രമരഹിതമായിട്ടായിരിക്കും (Irregular periods) ഉണ്ടാകുക. എന്നാൽ രണ്ടു വർഷം കഴിഞ്ഞിട്ടും ആർത്തവം കൃത്യമായില്ലെങ്കിൽ തീർച്ചയായും ഒരു ഡോക്ടറുടെ സഹായം തേടണം.
ആർത്തവ വേദനയ്ക്ക് മരുന്നുകൾ ആവശ്യമാണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ആർത്തവസമയത്ത് പൂർണ്ണമായി കിടന്ന് വിശ്രമിക്കാതെ, ദൈനംദിന കാര്യങ്ങളും പതിവ് പ്രവർത്തനങ്ങളും ചെയ്യുന്നത് തുടരുന്നതാണ് നല്ലത്. ഇത് അധികം തീവ്രതയില്ലാത്ത സാധാരണ വേദനകൾ കുറയ്ക്കാൻ സഹായിക്കും. എന്നാൽ കഠിനമായ വേദനയും മറ്റ് അസ്വസ്ഥതകളും ഉള്ളവർ കൃത്യമായ ചെക്കപ്പിലൂടെ രോഗകാരണം തിരിച്ചറിഞ്ഞ്, ഡോക്ടറുടെ നിർദ്ദേശപ്രകാരം ആവശ്യമായ മരുന്നുകൾ കഴിക്കേണ്ടതുണ്ട്.
ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെ ആർത്തവപ്രശ്നങ്ങൾ പരിഹരിക്കാമോ?
തീർച്ചയായും കഴിയും. നല്ല ഭക്ഷണശീലങ്ങളും കൃത്യമായ വ്യായാമവും ഇതിന് അത്യാവശ്യമാണ്. കുട്ടികൾ സമീകൃതാഹാരം കഴിക്കാൻ ശീലിക്കണം. ഒരുപാട് മധുരമുള്ള ഭക്ഷണങ്ങളും ജങ്ക് ഫുഡുകളും പൂർണ്ണമായും ഒഴിവാക്കുക. ഇത്തരം പ്രശ്നങ്ങൾ നേരിടുന്നവരോട് 'കീപ്പ് ആക്ടീവ്, ഈറ്റ് ഹെൽത്തി' (Keep Active, Eat Healthy) എന്ന രീതി പിന്തുടരാനാണ് നിർദ്ദേശിക്കാറുള്ളത്.
This article was originally published in Grihalakshmi based on inputs from our Senior Consultant Dr Chinu Suaus Kurian