Snakebite Management: Prevention and First Aid

പാമ്പുകടിയേറ്റാൽ എന്തുചെയ്യണം? പ്രതിരോധവും ശാസ്ത്രീയ ചികിത്സാരീതികളും

കേരളത്തിലെ സമൃദ്ധമായ വനപ്രദേശങ്ങളും നെല്‍പ്പാടങ്ങളും റബ്ബര്‍ തോട്ടങ്ങളും പാമ്പുകളുടെ സ്വാഭാവിക ആവാസവ്യവസ്ഥയാണ്. മഴക്കാലം ആരംഭിക്കുന്നതോടെ പാമ്പുകള്‍ മാളങ്ങളില്‍ നിന്ന് പുറത്തുവരുന്നതും ജനവാസ മേഖലകളില്‍ എത്തുന്നതും പതിവാണ്. പാമ്പുകടിയേറ്റാല്‍ മരണം സംഭവിക്കുമെന്ന ഭയം പൊതുവേ ഉണ്ടെങ്കിലും, യഥാസമയം നല്‍കുന്ന ശാസ്ത്രീയ ചികിത്സയിലൂടെ ഏതൊരു വ്യക്തിയെയും മരണത്തില്‍ നിന്ന് രക്ഷിക്കാനാകും. പാമ്പ് കടിയേറ്റാല്‍ എന്തു ചെയ്യണം, എന്തു ചെയ്യരുത് എന്ന അറിവില്ലായ്മായാണ് പലപ്പോഴും ജീവനുപോലും അപകടകരമാകുന്നത്. 

കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് നെഫ്രോളജിസ്റ്റ് ഡോ. മിഥുന്‍ രമേഷ് പാമ്പുകടിയെക്കുറിച്ചും നാം പാലിക്കേണ്ട ജാഗ്രതയെക്കുറിച്ചും വിശദീകരിക്കുന്നു.

അപകടസാധ്യതകള്‍ തിരിച്ചറിയുക


പാമ്പുകടി പലപ്പോഴും അപ്രതീക്ഷിതമായാണ് സംഭവിക്കുന്നത്. താഴെ പറയുന്ന സാഹചര്യങ്ങളില്‍ നാം അതീവ ജാഗ്രത പുലര്‍ത്തണം:

കൃഷിപ്പണികള്‍: പുല്ല് വെട്ടുക, തോട്ടം വൃത്തിയാക്കുക തുടങ്ങിയ ജോലികളില്‍ ഏര്‍പ്പെടുമ്പോള്‍ പാമ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടെന്നു വരില്ല.

വെളിച്ചമില്ലാത്ത പാതകള്‍: രാത്രികാലങ്ങളിലും പുലര്‍ച്ചകളിലും വെളിച്ചമില്ലാതെ നടക്കുമ്പോള്‍ അറിയാതെ പാമ്പിന്റെ പുറത്ത് ചവിട്ടുന്നത് കടിയേല്‍ക്കാന്‍ കാരണമാകുന്നു.

വീടിനുള്ളിലെ സാന്നിധ്യം: തറയില്‍ കിടന്നുറങ്ങുന്നവര്‍ക്കും, വീടിനുള്ളിലെ വിടവുകളിലൂടെ പാമ്പ്   അകത്തുകടക്കുന്ന സാഹചര്യത്തിലും അപകടങ്ങള്‍ സംഭവിക്കാം.

അശ്രദ്ധമായ കൈകാര്യം: പാമ്പിനെ പിടിക്കാനോ കൊല്ലാനോ ശ്രമിക്കുന്നത് ഏറ്റവും അപകടകരമാണ്. പാമ്പ് ഭയപ്പെടുമ്പോഴാണ് പ്രതിരോധമെന്ന നിലയില്‍ കടിക്കുന്നത്.

പ്രതിരോധം: എങ്ങനെ സുരക്ഷിതരാകാം?


'പ്രതിരോധമാണ് ചികിത്സയേക്കാള്‍ ഉത്തമം' എന്നത് പാമ്പുകടിയുടെ കാര്യത്തില്‍ ഏറെ പ്രസക്തമാണ്.

സുരക്ഷിതമായ വസ്ത്രധാരണം: റബ്ബര്‍ തോട്ടങ്ങളിലോ കാടുപിടിച്ച സ്ഥലങ്ങളിലോ പോകുമ്പോള്‍ മുട്ടറ്റം എത്തുന്ന കട്ടിയുള്ള ബൂട്ടുകളും അയഞ്ഞ പാന്റുകളും ധരിക്കുക. ഇത് പാമ്പിന്റെ പല്ലുകള്‍ ചര്‍മ്മത്തില്‍ ആഴത്തില്‍ ഇറങ്ങുന്നത് തടയും.

വെളിച്ചം : രാത്രിയില്‍ വീടിന് പുറത്തിറങ്ങുമ്പോള്‍ ടോര്‍ച്ച് നിര്‍ബന്ധമായും കരുതുക. വെളിച്ചം അടിച്ചു നടക്കുന്നത് പാമ്പുകളെ അകറ്റിനിര്‍ത്താന്‍ സഹായിക്കും.

പരിസരം വൃത്തിയാക്കുക: വീടിന് ചുറ്റുമുള്ള കാടുകളും പാഴ്വസ്തുക്കളും നീക്കം ചെയ്യുക. വിറക് പുരകള്‍, പഴയ ടയറുകള്‍ എന്നിവ പാമ്പുകളുടെ പ്രിയപ്പെട്ട ഒളിത്താവളങ്ങളാണ്.

ഭക്ഷ്യമാലിന്യങ്ങള്‍ ഒഴിവാക്കുക: വീട്ടുപരിസരത്ത് ഭക്ഷണാവശിഷ്ടങ്ങള്‍ ഇടുന്നത് എലികളെ ആകര്‍ഷിക്കും. എലികളെ പിടിക്കാനായി പാമ്പുകള്‍ വീടിനുള്ളിലേക്ക് കയറാന്‍ ഇത് കാരണമാകും.

ഉയര്‍ന്ന പ്രതലങ്ങളില്‍ ഉറങ്ങുക:  കട്ടിലില്‍ അല്ലെങ്കില്‍ ഉയര്‍ന്ന സ്ഥലങ്ങളില്‍ ഉറങ്ങുന്നത് ശീലമാക്കുക.

ശാസ്ത്രീയമായ പ്രഥമ ശുശ്രൂഷ


പാമ്പുകടിയേറ്റാല്‍ ആദ്യത്തെ ഒരു മണിക്കൂര്‍ വളരെ നിര്‍ണ്ണായകമാണ്.

മാനസികമായ പിന്തുണ: കടിയേറ്റ വ്യക്തി പരിഭ്രാന്തനാകുമ്പോള്‍ ഹൃദയമിടിപ്പ് വര്‍ദ്ധിക്കുകയും വിഷം ശരീരത്തില്‍ വേഗത്തില്‍ പടരുകയും ചെയ്യും. അതിനാല്‍ രോഗിയെ ശാന്തനാക്കി ഇരുത്തുക.

അനക്കം കുറയ്ക്കുക: കടിയേറ്റ ഭാഗം ഹൃദയത്തിന്റെ നിരപ്പിന് താഴെയായി വയ്ക്കാന്‍ ശ്രമിക്കുക. ഓടാനോ നടക്കാനോ അനുവദിക്കരുത്. കൈകാലുകള്‍ അനക്കാതിരിക്കാന്‍ ഒരു മരക്കഷ്ണമോ സ്പ്ലിന്റോ വെച്ച് കെട്ടാവുന്നതാണ്.

തടസ്സങ്ങള്‍ നീക്കുക: വിഷം ബാധിക്കുമ്പോള്‍ കടിയേറ്റ ഭാഗത്ത് നീര് വരാന്‍ സാധ്യതയുണ്ട്. അതിനാല്‍ മോതിരം, വള, വാച്ച്, ഇറുകിയ വസ്ത്രങ്ങള്‍ എന്നിവ ഉടന്‍ നീക്കം ചെയ്യുക.

വൈദ്യസഹായം: ഒട്ടും സമയം കളയാതെ ആന്റി സ്‌നേക്ക് വെനം ലഭ്യമായ ഏറ്റവും അടുത്ത ആശുപത്രിയില്‍ എത്തിക്കുക.

ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ 


തെറ്റായ പ്രഥമശുശ്രൂഷകള്‍ പലപ്പോഴും മരണത്തിന് കാരണമാകുന്നു. താഴെ പറയുന്നവ കര്‍ശനമായി ഒഴിവാക്കുക:

മുറിവ് കീറരുത്: മുറിവ് കീറി രക്തം കളയുന്നത് അണുബാധയ്ക്കും അമിത രക്തസ്രാവത്തിനും കാരണമാകും.

വിഷം വലിച്ചെടുക്കരുത്: വായ കൊണ്ട് വിഷം വലിച്ചെടുക്കാന്‍ ശ്രമിക്കുന്നത് ചെയ്യുന്ന ആളിന്റെ ജീവനും അപകടമുണ്ടാക്കും.

മുറുക്കി കെട്ടരുത്: കടിയേറ്റ ഭാഗത്തിന് മുകളില്‍ കയറോ തുണിയോ ഉപയോഗിച്ച് മുറുക്കി കെട്ടുന്നത് ആ ഭാഗത്തേക്കുള്ള രക്തയോട്ടം പൂര്‍ണ്ണമായി നിലയ്ക്കാനും, അവയവം മുറിച്ചു മാറ്റേണ്ട സാഹചര്യത്തിലേക്കും നയിക്കും.

നാട്ടുചികിത്സ പാടില്ല:  പച്ചമരുന്നുകള്‍, കല്ല് വെച്ച് വിഷം ഇറക്കല്‍ തുടങ്ങിയവയ്ക്ക് ശാസ്ത്രീയ അടിത്തറയില്ല. ഇത്തരം രീതികള്‍ സമയനഷ്ടം ഉണ്ടാക്കുകയേ ഉള്ളൂ. 

ആന്റി സ്‌നേക്ക് വെനം 

വിഷപ്പാമ്പുകടിക്ക് ലോകമെമ്പാടും അംഗീകരിക്കപ്പെട്ട ഏക ചികിത്സ ആന്റി സ്‌നേക്ക് വെനം ആണ്. പാമ്പുകടിയേറ്റ എല്ലാ രോഗികള്‍ക്കും ഇത് നല്‍കാറില്ല; വിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ മാത്രമേ ഡോക്ടര്‍മാര്‍ ഇത് നല്‍കുകയുള്ളൂ. ആശുപത്രിയിലെ നിരീക്ഷണം ഇതില്‍ പ്രധാനമാണ്.

 ശാസ്ത്രീയമായ അറിവും സമചിത്തതയോടെയുള്ള ഇടപെടലും ഉണ്ടെങ്കില്‍ നമുക്ക് ജീവന്‍ രക്ഷിക്കാം. പാമ്പിനെ തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും, എത്രയും വേഗം വിദഗ്ധ ചികിത്സ തേടുക എന്നതാണ് പ്രധാനം.