• English
  • عربي / Arabic
  • മലയാളം / Malayalam
Summer Skin Care Tips by Dr. Sreeshma Varghese

കഠിനമായ ചൂടിൽ നിന്നും ചർമ്മത്തെ എങ്ങനെ സംരക്ഷിക്കാം,വേനൽക്കാലത്തെ ചർമ്മപ്രശ്നങ്ങൾക്ക് പരിഹാരം

2026-03-18

ഓരോ ദിവസം കഴിയുന്തോറും കേരളത്തിൽ ചൂട് വർദ്ധിച്ചുവരികയാണ്. കഠിനമായ വേനൽക്കാലം ചർമ്മത്തിനും മുടിക്കും ഒരുപോലെ വെല്ലുവിളികൾ ഉയർത്താറുണ്ട്. ചൂടുകുരു, സൺ ടാൻ, പിഗ്മെന്റേഷൻ, മറ്റ് അലർജികൾ എന്നിവയിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കാൻ കൃത്യമായ മുൻകരുതലുകൾ അത്യാവശ്യമാണ്. വേനൽക്കാലത്തെ ചർമ്മപ്രശ്നങ്ങളെ എങ്ങനെ ഫലപ്രദമായി നേരിടാം എന്നതിനെക്കുറിച്ച് തൊടുപുഴ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡെർമ്മറ്റോളജി ആൻഡ് കോസ്‌മെറ്റോളജി അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. ശ്രീഷ്മ വർഗീസ്  വിശദീകരിക്കുന്നു. സൺസ്‌ക്രീൻ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, കുട്ടികളുടെ ചർമ്മസംരക്ഷണം, ഭക്ഷണക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങൾ എന്നിവയെക്കുറിച്ച്  വിശദമായി വായിക്കാം.

വേനൽക്കാലത്ത് ചർമ്മസംരക്ഷണത്തിൽ വരുത്തേണ്ട പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണ്?

മറ്റു സമയങ്ങളിൽ നിന്നു വ്യത്യസ്തമായി വേനൽക്കാലത്ത് ചർമ്മസംരക്ഷണത്തിന്റെ കാര്യത്തിൽ വലിയ ശ്രദ്ധ ആവശ്യമാണെന്ന് ഡോക്ടർ പറയുന്നു. കഴിവതും വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇതിനായി പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഷോളോ നിർബന്ധമായും ഉപയോഗിക്കാൻ ശ്രമിക്കണം. അത്യാവശ്യം പുറത്തുപോകേണ്ട കാര്യങ്ങൾ ഉണ്ടെങ്കിൽ അത് വെയിൽ കടുക്കുന്നതിന് മുൻപ് രാവിലെയോ അല്ലെങ്കിൽ വൈകുന്നേരമോ ആയി ചെയ്തുതീർക്കാൻ ശ്രദ്ധിക്കണം.

സൺസ്‌ക്രീനുകളും മോയിസ്ചറൈസറുകളും തിരഞ്ഞെടുക്കുമ്പോൾ അധികം കട്ടിയുള്ള ലോഷനുകൾ ഒഴിവാക്കി ലഘുവായ ഫോർമുലേഷനുകൾ ഉപയോഗിക്കാൻ നോക്കണം. പ്രത്യേകിച്ച് മുഖക്കുരു വരാൻ സാധ്യതയുള്ളവർ ഈ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.

Read Also:കഴുത്തുവേദനയെ പടിക്കുപുറത്താക്കാം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സൺസ്‌ക്രീൻ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? സൺസ്‌ക്രീൻ ഉപയോഗിക്കുന്നത് ശരീരത്തിന് ലഭിക്കേണ്ട വൈറ്റമിൻ ഡി കുറയാൻ കാരണമാകുമോ?

സൺസ്‌ക്രീൻ തിരഞ്ഞെടുക്കുമ്പോൾ കുറഞ്ഞത് എസ്‌പിഎഫ് 30 എങ്കിലും ഉള്ളവ നോക്കി വാങ്ങണം. എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് വിപണിയിൽ ലഭ്യമായ ലൈറ്റ് വെയ്റ്റ് സൺസ്‌ക്രീനുകൾ ഉപയോഗിക്കാവുന്നതാണ്. സൺ അലർജി പോലുള്ള പ്രശ്നങ്ങളുള്ളവർ എസ്‌പിഎഫ് 50 ഉള്ള സൺസ്‌ക്രീനുകൾ ഉപയോഗിക്കുന്നത് കൂടുതൽ ഗുണകരമായിരിക്കും. സൺസ്‌ക്രീൻ ഉപയോഗിക്കുന്നത് കൊണ്ട് ശരീരത്തിന് ലഭിക്കേണ്ട വൈറ്റമിൻ ഡി കുറയുന്നതായി പഠനങ്ങളിലൊന്നും തെളിയിക്കപ്പെട്ടിട്ടില്ല. എന്നിരുന്നാലും ഭൂരിഭാഗം പേരും ഓഫീസ് ജോലികൾ ചെയ്യുന്നവരും വെയിൽ ഒട്ടും ഏൽക്കാത്തവരും ആയതുകൊണ്ട് സ്വാഭാവികമായും വൈറ്റമിൻ ഡി കുറയാൻ സാധ്യതയുണ്ട്. അതിനാൽ കൃത്യമായ ഇടവേളകളിൽ വൈറ്റമിൻ ഡി പരിശോധിക്കുന്നത് നല്ലതാണ്.

 പുറത്തിറങ്ങുന്നതിന് എത്ര സമയം മുൻപ് സൺസ്‌ക്രീൻ പുരട്ടണം? ഇത് എത്ര സമയത്തിനുള്ളിൽ വീണ്ടും പുരട്ടേണ്ടതുണ്ട്?

പുറത്തിറങ്ങുന്നതിന് കുറഞ്ഞത് അരമണിക്കൂർ മുൻപെങ്കിലും സൺസ്‌ക്രീൻ പുരട്ടേണ്ടത് അത്യാവശ്യമാണ്. പുറത്തുപോകുന്നവർ മാത്രമല്ല, വീടിനുള്ളിൽ ഇരിക്കുന്നവരും സൺസ്‌ക്രീൻ ഉപയോഗിക്കുന്നത് ഫോട്ടോ ഏജിങ്, പിഗ്മെന്റേഷൻ എന്നിവ തടയാൻ സഹായിക്കും. സാധാരണയായി രാവിലെ എട്ട് മണിക്കും ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കും വൈകുന്നേരം നാല് മണിക്കും എന്ന രീതിയിൽ കൃത്യമായ ഇടവേളകളിൽ സൺസ്‌ക്രീൻ ആവർത്തിച്ച് ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

Read Also:അമിതവണ്ണമുണ്ടോ? ശസ്ത്രക്രിയയില്ലാതെ വണ്ണം കുറയ്ക്കാം; എന്താണ് ഗ്യാസ്ട്രിക് ബലൂൺ ചികിത്സ?

 വേനൽക്കാലത്തുണ്ടാകുന്ന ചർമ്മത്തിലെ കുരുക്കളും ചൊറിച്ചിലും ഒഴിവാക്കാൻ എന്തൊക്കെ മുൻകരുതലുകൾ എടുക്കാം?

ചൂടുകുരു തടയാൻ ഇടയ്ക്കിടയ്ക്ക് തണുത്ത വെള്ളത്തിൽ ശരീരം കഴുകുന്നത് വളരെ നല്ലതാണ്. വസ്ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഇളം നിറത്തിലുള്ളതും അയഞ്ഞതുമായ കോട്ടൺ വസ്ത്രങ്ങൾക്ക് മുൻഗണന നൽകണം. പുതിയ വസ്ത്രങ്ങൾ വാങ്ങിയാൽ അത് കഴുകി വൃത്തിയാക്കിയ ശേഷം മാത്രം ധരിക്കാൻ ശ്രദ്ധിക്കണം. ഇത്തരത്തിലുള്ള പ്രാഥമിക പരിചരണം നൽകിയിട്ടും ചൂടുകുരു മാറുന്നില്ലെങ്കിൽ ഒരു ഡെർമറ്റോളജിസ്റ്റിനെ കാണേണ്ടത് അത്യാവശ്യമാണ്. കാരണം ചൂടുകുരു ചൊറിഞ്ഞ് പൊട്ടുന്നതിലൂടെ ഇൻഫെക്ഷൻ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

 വേനൽക്കാലത്ത് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങളും പാനീയങ്ങളും ചർമ്മത്തെ എങ്ങനെ ബാധിക്കുന്നു?

ഭക്ഷണത്തിൽ ധാരാളം ജലാംശമുള്ള വിഭവങ്ങൾ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. ഇതിനായി പഴവർഗ്ഗങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കേണ്ടത് പ്രധാനമാണ്. ദിവസവും രണ്ട് മുതൽ മൂന്ന് ലിറ്റർ വരെ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. അമിതമായി ചൂടുള്ളതും മസാലകൾ ചേർത്തതുമായ ഭക്ഷണങ്ങൾ ഈ സമയത്ത് കഴിവതും ഒഴിവാക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.

 നീന്തൽക്കുളത്തിലെ ക്ലോറിൻ കലർന്ന വെള്ളം ചർമ്മത്തിന് ദോഷകരമാണോ? ഇതിനെതിരെ എന്ത് മുൻകരുതൽ എടുക്കണം?

നീന്തൽക്കുളത്തിലെ ക്ലോറിൻ കലർന്ന വെള്ളം ചർമ്മം വരളാനും അലർജി ഉണ്ടാക്കാനും കാരണമായേക്കാം. അതിനാൽ നീന്തിക്കഴിഞ്ഞാൽ ഉടൻ തന്നെ സോപ്പ് ഉപയോഗിച്ച് ശരീരം നന്നായി കഴുകണം. കുളിച്ചുകഴിഞ്ഞ് ചർമ്മത്തിലെ നനവ് മാറുന്നതിന് മുൻപ് തന്നെ മോയിസ്ചറൈസർ പുരട്ടാൻ ശ്രദ്ധിക്കണം. കൂടാതെ ലൂസായതും മൃദുവായതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും ശ്രമിക്കണം.

Share this article:
Dr. Sreeshma Varghese

Dr. Sreeshma Varghese

Dermatology And Cosmetology