ശരീരത്തിൽ പെട്ടെന്നുണ്ടാകുന്ന വെള്ളപ്പാടുകൾ പലരിലും വലിയ ആശങ്കയും മാനസിക ബുദ്ധിമുട്ടുകളും ഉണ്ടാക്കാറുണ്ട്. 'വിറ്റിലിഗോ' (Vitiligo) അഥവാ വെള്ളപ്പാണ്ട് എന്നറിയപ്പെടുന്ന ഈ അവസ്ഥയെക്കുറിച്ച് സമൂഹത്തിൽ ഇന്നും നിരവധി തെറ്റിദ്ധാരണകൾ നിലനിൽക്കുന്നുണ്ട്. ലോകജനസംഖ്യയിൽ ഏതാണ്ട് ഒരു ശതമാനം ആളുകളെ ബാധിക്കുന്ന ഈ അവസ്ഥയെക്കുറിച്ച് കൃത്യമായ അറിവ് നേടേണ്ടത് അനിവാര്യമാണ്.
എല്ലാ വർഷവും ജൂൺ 25 ലോക വെള്ളപ്പാണ്ട് ദിനമായി (World Vitiligo Day) ആചരിക്കുന്നു. വിറ്റിലിഗോയെക്കുറിച്ചുള്ള ഭയവും വിവേചനവും മാറ്റിയെടുക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. വിറ്റിലിഗോ എന്താണെന്നും, അത് പകരുമോ ഇല്ലയോ എന്നും, എങ്ങനെയത് തിരിച്ചറിയാമെന്നും വിശദീകരിക്കുകയാണ് പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡെർമറ്റോളജി ആൻഡ് കോസ്മെറ്റോളജി വിഭാഗം കൺസൾട്ടന്റ് ഡോ. ഷക്കീൽ അബ്ദുൾ ജബ്ബാർ.
എന്താണ് വിറ്റിലിഗോ? പ്രധാന ലക്ഷണങ്ങൾ എങ്ങനെ തിരിച്ചറിയാം?
വിറ്റിലിഗോ എന്നത് ചർമ്മത്തിന് നിറം നൽകുന്ന കോശങ്ങൾ (മെലനോസൈറ്റുകൾ) കുറയുകയോ പ്രവർത്തനം നഷ്ടപ്പെടുകയോ ചെയ്യുമ്പോൾ ഉണ്ടാകുന്ന ഒരു അവസ്ഥയാണ്. ഇതുമൂലം ചർമ്മത്തിൽ വെളുത്ത നിറത്തിലുള്ള പാടുകൾ പ്രത്യക്ഷപ്പെടുന്നു.
സാധാരണയായി മുഖം, കൈകൾ, കാലുകൾ, ചുണ്ടിന് ചുറ്റുമുള്ള ഭാഗങ്ങൾ, കണ്ണിന് ചുറ്റുമുള്ള ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് ആദ്യം കാണുന്നത്. ചിലരിൽ മുടിയും വെള്ളനിറമാകാം. വിറ്റിലിഗോ ഒരു അണുബാധയല്ല. അത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുകയുമില്ല.
വിറ്റിലിഗോ ഉണ്ടാകാനുള്ള കൃത്യമായ കാരണം ഇന്നും പൂർണ്ണമായി വ്യക്തമല്ല. എന്നാൽ ശരീരത്തിന്റെ പ്രതിരോധ സംവിധാനം തെറ്റായി സ്വന്തം നിറകോശങ്ങളെ ആക്രമിക്കുന്നതാണ് പ്രധാന കാരണം എന്നാണ് ശാസ്ത്രലോകം കരുതുന്നത്.
ചിലരിൽ കുടുംബത്തിൽ മറ്റാർക്കെങ്കിലും വിറ്റിലിഗോ ഉള്ളതായി കാണാം. അതിനാൽ ചെറിയൊരു പാരമ്പര്യ സ്വാധീനം ഉണ്ടാകാം. എന്നാൽ മാതാപിതാക്കൾക്ക് വിറ്റിലിഗോ ഉണ്ടെങ്കിൽ കുട്ടികൾക്ക് തീർച്ചയായും വരും എന്നില്ല. പലപ്പോഴും കുടുംബത്തിൽ ആർക്കും ഇല്ലാതെയും വിറ്റിലിഗോ ഉണ്ടാകാറുണ്ട്.
അല്ല. ശരീരത്തിൽ കാണുന്ന എല്ലാ വെളുത്ത പാടുകളും വിറ്റിലിഗോ അല്ല. ഫംഗസ് ബാധ, ചില ജന്മനാ വരുന്ന പാടുകൾ, പഴയ മുറിവുകൾ, ചില ചർമ്മരോഗങ്ങൾ എന്നിവയും വെളുത്ത പാടുകൾ ഉണ്ടാക്കാം. അതുകൊണ്ട് വെളുത്ത പാട് കണ്ടാൽ ഉടൻ തന്നെ “ഇത് വിറ്റിലിഗോയാണ്” എന്ന് നിഗമനത്തിലെത്തേണ്ടതില്ല. ഒരു ചർമ്മരോഗ വിദഗ്ധന്റെ പരിശോധനയിലൂടെ മാത്രമേ കൃത്യമായ കാരണം മനസ്സിലാക്കാൻ കഴിയൂ.
വിറ്റിലിഗോയിലെ പാടുകൾ സാധാരണയായി വ്യക്തമായ അതിരുകളോടുകൂടിയ വെളുത്ത നിറത്തിലായിരിക്കും. പലപ്പോഴും പാടിന്റെ നിറം ചുറ്റുമുള്ള ചർമ്മത്തേക്കാൾ വളരെ തെളിഞ്ഞതായി തോന്നും. എന്നാൽ കണ്ണുകൊണ്ട് മാത്രം എല്ലാ സാഹചര്യങ്ങളിലും ഉറപ്പിച്ച് പറയാൻ സാധിക്കില്ല. ആവശ്യമുണ്ടെങ്കിൽ പ്രത്യേക ലൈറ്റുകൾ ഉപയോഗിച്ചുള്ള പരിശോധനകളും മറ്റ് വിലയിരുത്തലുകളും നടത്തി രോഗനിർണയം നടത്താം. അതുകൊണ്ട് സ്വയം നിഗമനം ചെയ്യുന്നതിനെക്കാൾ വിദഗ്ധ പരിശോധനയാണ് ഏറ്റവും നല്ലത്.
ഇത് പലരും ചോദിക്കുന്ന ഒരു പ്രധാന ചോദ്യമാണ്. വിറ്റിലിഗോയ്ക്ക് ഇന്ന് നിരവധി ഫലപ്രദമായ ചികിത്സകൾ ലഭ്യമാണ്. മരുന്നുകൾ, പ്രത്യേക ലൈറ്റ് ചികിത്സകൾ (ഫോട്ടോതെറാപ്പി), ചില പ്രത്യേക സാഹചര്യങ്ങളിൽ ശസ്ത്രക്രിയാ രീതികൾ എന്നിവ ഉപയോഗിച്ച് പലരിലും നല്ല രീതിയിൽ നിറം തിരിച്ചുവരാൻ സഹായിക്കാം.
എന്നാൽ ചികിത്സയുടെ ഫലം എല്ലാവരിലും ഒരുപോലെയാകണമെന്നില്ല. പാടിന്റെ സ്ഥാനം, കാലാവധി, വ്യാപ്തി എന്നിവയെ ആശ്രയിച്ച് ഫലം മാറാം. ഏറ്റവും പ്രധാനമായി, നേരത്തേ ചികിത്സ ആരംഭിക്കുന്നവർക്ക് നല്ല ഫലം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.
ഇപ്പോൾ വിറ്റിലിഗോ ചികിത്സാരംഗത്ത് പുതിയ മരുന്നുകളും കൂടുതൽ ഫലപ്രദമായ ചികിത്സാരീതികളും ലഭ്യമായിക്കൊണ്ടിരിക്കുകയാണ്. അതിനാൽ മുമ്പ് ചികിത്സ തേടി നിരാശരായവർ പോലും വീണ്ടും വിദഗ്ധോപദേശം തേടുന്നത് ഗുണകരമായേക്കാം.
പൊതുവേ വിറ്റിലിഗോ ഉള്ളവർക്ക് പ്രത്യേക ഭക്ഷണനിരോധനങ്ങൾ ആവശ്യമില്ല. പുളിയുള്ള ഭക്ഷണം, പാൽ, മീൻ, തൈര്, ചില പഴങ്ങൾ എന്നിവ കഴിച്ചതുകൊണ്ട് വിറ്റിലിഗോ കൂടുമെന്ന് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകൾ നിലവിലില്ല. അതിനാൽ കേട്ടുകേൾവികളുടെ അടിസ്ഥാനത്തിൽ ഇഷ്ടമുള്ള ഭക്ഷണം ഒഴിവാക്കി ബുദ്ധിമുട്ടേണ്ടതില്ല. പോഷകസമൃദ്ധമായ, സമീകൃതമായ ഭക്ഷണക്രമം പിന്തുടരുന്നതാണ് നല്ലത്.
അതെ. മിക്ക ആളുകൾക്കും സാധാരണ മേക്കപ്പ് ഉൽപ്പന്നങ്ങളും സൗന്ദര്യവർദ്ധക വസ്തുക്കളും സുരക്ഷിതമായി ഉപയോഗിക്കാം. പാടുകൾ മറയ്ക്കാൻ പ്രത്യേക കാമഫ്ലേജ് മേക്കപ്പുകളും ലഭ്യമാണ്. ഇത് ആത്മവിശ്വാസം വർധിപ്പിക്കാൻ പലർക്കും സഹായകരമാണ്.
ചർമ്മ സംരക്ഷണത്തിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:
നിങ്ങളുടെ ചർമ്മത്തിൽ ഇത്തരം മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ആശുപത്രിയിലെ ഡെർമറ്റോളജി വിഭാഗവുമായി ബന്ധപ്പെടുക.