പലപ്പോഴും രോഗികൾ തുറന്നുപറയാൻ മടിക്കുന്നതും എന്നാൽ ദൈനംദിന ജീവിതത്തെയും ജോലിയെയും സാരമായി ബാധിക്കുന്നതുമായ ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് ഫിസ്റ്റുല. മലദ്വാരത്തിന് ചുറ്റും ഉണ്ടാകുന്ന വേദനയും പഴുപ്പും പലപ്പോഴും ഒന്നാണ് എനൽ ഫിസ്റ്റുല (Anal Fistula)യുടെ ലക്ഷണങ്ങളായേക്കാം. മലദ്വാരത്തിനുള്ളിലെ ചെറിയ ഗ്രന്ഥികളിൽ പഴുപ്പ് കെട്ടിനിൽക്കുകയും അത് പൊട്ടിയൊലിക്കുകയും ചെയ്ത ശേഷം, ഉണങ്ങാതെ അവശേഷിക്കുന്ന ഒരു ചെറിയ ദ്വാരത്തിലൂടെ ഇടയ്ക്കിടെ ചലം ഒലിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയാണിത്.
കൃത്യസമയത്ത് ശരിയായ ചികിത്സ തേടിയില്ലെങ്കിൽ ഫിസ്റ്റുല വീണ്ടും വീണ്ടും പഴുക്കാനും കൂടുതൽ സങ്കീർണ്ണമാകാനും സാധ്യതയുണ്ട്. മലദ്വാരത്തിലെ പേശികൾക്ക് യാതൊരുവിധ കേടുപാടുകളും സംഭവിക്കാതെ എങ്ങനെ ഫിസ്റ്റുല സുരക്ഷിതമായി ഭേദമാക്കാം എന്നും, ലേസർ ചികിത്സയും ഓപ്പൺ സർജറിയും സംയോജിപ്പിച്ചുള്ള ആധുനിക ചികിത്സാരീതികളെക്കുറിച്ചും കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ
ജനറൽ ആൻഡ് ലപ്രോസ്കോപി സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ്
ഡോ. അന്നാ മാണി വിശദീകരിക്കുന്നു.
എന്താണ് എനൽ ഫിസ്റ്റുല ? ഇതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?
നമ്മുടെ മലദ്വാരത്തിനുള്ളിലെ (Anal canal) ഭാഗവും അതിന് ചുറ്റുമുള്ള ചർമ്മവും തമ്മിൽ ഉണ്ടാകുന്ന ഒരു അസാധാരണ ബന്ധത്തെയാണ് (Abnormal communication / Channel) ഫിസ്റ്റുല എന്ന് വിളിക്കുന്നത്.
ഉണ്ടാകുന്ന വിധം: മലദ്വാരത്തിനുള്ളിൽ ഈർപ്പം നിലനിർത്തുന്ന ചെറിയ ഗ്രന്ഥികളുണ്ട് (Anal glands). ഇവയിൽ അണുബാധയുണ്ടായി പഴുപ്പ് (Abscess) കെട്ടിനിൽക്കുമ്പോൾ അത് മലദ്വാരത്തിനകത്തേക്കോ പുറത്തേക്കോ പൊട്ടിയൊലിക്കുന്നു. പഴുപ്പ് കീറി വൃത്തിയാക്കി മുറിവ് ഉണങ്ങിവരുമ്പോൾ, പൂർണ്ണമായി ഉണങ്ങാതെ ഒരു ചെറിയ സുഷിരത്തിലൂടെ ഇടയ്ക്കിടെ ചലം ഒലിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയാണ് ഫിസ്റ്റുല. ചിലരിൽ പഴുപ്പ് പൊട്ടാതെ നേരിട്ടും ഫിസ്റ്റുലയായി വരാം.
പ്രധാന ബുദ്ധിമുട്ടുകൾ: ഇടയ്ക്കിടെ പഴുപ്പ് വരിക, വേദന, ചലം ഒലിക്കുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. പഴുപ്പ് വരുമ്പോൾ അത് കീറി വൃത്തിയാക്കേണ്ടി വരുന്നതും, തുടർച്ചയായ മുറിവ് ഡ്രസ്സിംഗും രോഗികളുടെ ജോലിയെയും ദൈനംദിന ജീവിതത്തെയും ബാധിക്കാറുണ്ട്.
ഫിസ്റ്റുല ചികിത്സിക്കുന്നതിന് മുമ്പ് എം.ആർ.ഐ (MRI), കൊളോണോസ്കോപ്പി എന്നിവ ചെയ്യുന്നത് എന്തിനാണ്?
ശസ്ത്രക്രിയ കൂടാതെ ഫിസ്റ്റുല പൂർണ്ണമായി മാറ്റാൻ വളരെ ബുദ്ധിമുട്ടാണ്. എന്നാൽ ശസ്ത്രക്രിയയ്ക്ക് മുമ്പ് ഫിസ്റ്റുലയുടെ കൃത്യമായ ഘടന മനസ്സിലാക്കേണ്ടതുണ്ട്.
സ്ഫിൻക്ടർ പേശികളുടെ സംരക്ഷണം: മലദ്വാരത്തിന് ചുറ്റും മലം, വായു എന്നിവ നമ്മൾ അറിയാതെ പുറത്തുപോകാതെ നിയന്ത്രിച്ചു നിർത്തുന്ന സ്ഫിൻക്ടർ (Sphincter) എന്ന ചെറിയ പേശികളുണ്ട്. ഈ പേശികൾക്കുള്ളിലൂടെയാണ് ഫിസ്റ്റുല ചാനൽ കടന്നുപോകുന്നത്. ചികിത്സയ്ക്കിടെ ഈ പേശികൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചാൽ മലം അറിയാതെ പോകുന്ന ഗുരുതരമായ അവസ്ഥയുണ്ടാകാം.
എം.ആർ.ഐ സ്കാൻ (MRI Scan): ഫിസ്റ്റുലയുടെ ആഴം, പേശികളുമായുള്ള ബന്ധം, മലദ്വാരത്തിലേക്കോ വൻകുടലിലേക്കോ ഉള്ള തുറക്കലുകൾ (Internal openings), പുറത്ത് കാണാത്ത ഉപശാഖകൾ (Secondary bifurcations) എന്നിവ കൃത്യമായി അറിയാൻ എം.ആർ.ഐ സ്കാൻ അത്യന്താപേക്ഷിതമാണ്.
കൊളോണോസ്കോപ്പി (Colonoscopy): മറ്റ് അസുഖങ്ങളില്ലാതെ വരുന്ന പ്രൈമറി ഫിസ്റ്റുല കൂടാതെ, ക്രോൺസ് രോഗം (Crohn's disease) പോലുള്ള മറ്റ് ഗുരുതര അസുഖങ്ങളുടെ ഭാഗമായി വരുന്ന സെക്കൻഡറി ഫിസ്റ്റുലകളും ഉണ്ട്. ഇത് തിരിച്ചറിയാനാണ് ശസ്ത്രക്രിയയ്ക്ക് മുമ്പ് കൊളോണോസ്കോപ്പി പരിശോധന നടത്തുന്നത്.
ഫിസ്റ്റുല ശസ്ത്രക്രിയ എപ്പോഴാണ് ചെയ്യേണ്ടത്?
പഴുപ്പ് കെട്ടിനിന്ന് വേദനയുള്ള അവസ്ഥയിൽ സാധാരണയായി ഫിസ്റ്റുല സർജറി ചെയ്യാറില്ല. പഴുപ്പ് ചികിത്സിച്ചു മാറ്റിയ ശേഷം, ഏകദേശം 6 ആഴ്ച കഴിഞ്ഞ് പഴുപ്പെല്ലാം മാറി ചെറിയ സുഷിരത്തിലൂടെ നേരിയ ചലം മാത്രം ഒലിക്കുന്ന ശാന്തമായ (Quiet) ഘട്ടത്തിലാണ് ഫിസ്റ്റുല ശസ്ത്രക്രിയ ചെയ്യുന്നത്.
ഫിസ്റ്റുലയ്ക്കുള്ള പ്രധാന ചികിത്സാരീതികൾ ഏതൊക്കെയാണ്?
ഫിസ്റ്റുല നീക്കം ചെയ്യുന്നതിനായി പ്രധാനമായും രണ്ട് രീതികളും ഇവ സംയോജിപ്പിച്ചുള്ള പുതിയ രീതിയും ഉപയോഗിക്കുന്നു:
ഓപ്പൺ സർജറി (Open Surgery):
പരമ്പരാഗതമായി ചെയ്തുവരുന്ന രീതിയാണിത്. ഇതിൽ ഫിസ്റ്റുല ചാനൽ പൂർണ്ണമായും തുറന്ന് വൃത്തിയാക്കുകയോ നീക്കം ചെയ്യുകയോ ചെയ്യുന്നു. രോഗം വീണ്ടും വരാനുള്ള സാധ്യത (Recurrence rate) ഏറ്റവും കുറവുള്ള രീതിയാണിത്. എന്നാൽ വലിയ മുറിവ് ഉണ്ടാകുന്നതിനാൽ 2-3 മാസത്തോളം ഡ്രസ്സിംഗ് ചെയ്യേണ്ടി വരികയും ജോലിക്ക് പോകാൻ താമസം നേരിടുകയും ചെയ്യാം.
ലേസർ ചികിത്സ (Laser Treatment):
മുറിവുണ്ടാക്കി മുറിച്ചുമാറ്റുന്നതിന് പകരം ഫിസ്റ്റുല ചാനലിനുള്ളിലൂടെ ലേസർ കടത്തിവിട്ട് കരിക്കുന്ന നൂതന രീതിയാണിത്. സ്ഫിൻക്ടർ പേശികൾക്ക് കേടുപാടുകൾ വരാതെ സംരക്ഷിക്കാൻ ലേസറിലൂടെ സാധിക്കും. എന്നാൽ ലേസർ മാത്രം ചെയ്യുമ്പോൾ അസുഖം വീണ്ടും വരാനുള്ള സാധ്യത അല്പം കൂടുതലാണ്.
സംയോജിത ചികിത്സാരീതി (Combined Open & Laser Approach):
ഓപ്പൺ സർജറിയുടെയും ലേസർ ചികിത്സയുടെയും ഗുണങ്ങൾ ഒന്നിപ്പിക്കുന്ന രീതിയാണിത്. മലദ്വാരത്തോട് ചേർന്നുള്ള ഭാഗം ചെറുതായി ഓപ്പൺ ചെയ്യുകയും ബാക്കി ഉൾഭാഗം ലേസർ ഉപയോഗിച്ച് കരിക്കുകയും ചെയ്യുന്നു. ഇതിലൂടെ മുറിവിന്റെ വലിപ്പം കുറയ്ക്കാനും, പേശികളെ സംരക്ഷിക്കാനും, രോഗം വീണ്ടും വരാനുള്ള സാധ്യത കുറയ്ക്കാനും, രോഗിക്ക് വേഗത്തിൽ ജോലിയിൽ തിരികെ പ്രവേശിക്കാനും സാധിക്കുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷം ഫിസ്റ്റുല വീണ്ടും വരാൻ സാധ്യതയുണ്ടോ?
അനസ്തേഷ്യ നൽകിയാണ് ഈ ശസ്ത്രക്രിയകൾ ചെയ്യുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം കുറച്ചുദിവസം ചെറിയ ഡ്രസ്സിംഗും പരിചരണവും ആവശ്യമായി വരും. ഓപ്പൺ സർജറിയായാലും ലേസർ ചികിത്സയായാലും ഫിസ്റ്റുല വീണ്ടും വരാനുള്ള (Recurrence) ചെറിയൊരു സാധ്യത എപ്പോഴുമുണ്ട്. എന്നാൽ അങ്ങനെ വീണ്ടും വന്നാൽ പോലും ആദ്യത്തേതിനെ അപേക്ഷിച്ച് വളരെ ചെറുതും ലളിതമായ ചികിത്സയിലൂടെ ഭേദമാക്കാവുന്നതുമായിരിക്കും.
Dr. Anna Mani is a Senior Consultant in General, Laparoscopic, and Breast Surgery at Baby Memorial Hospital, Kozhikode. With over 20 years of surgical experience spanning India and Singapore, she is known for her clinical expertise in advanced laparoscopic procedures, trauma surgery, and breast oncology.