റോബോട്ടിക് അസിസ്റ്റഡ് പ്രോസ്റ്റേറ്റ് സർജറി- ആധുനിക റോബോട്ടിക് ചികിത്സാരീതി

16 November 2026

ആധുനിക വൈദ്യശാസ്ത്രരംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവന്ന സാങ്കേതികവിദ്യയാണ് റോബോട്ടിക് സർജറി. പ്രത്യേകിച്ച് പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന ക്യാൻസർ ചികിത്സയിൽ ഇന്ന് ലോകമെമ്പാടും ഏറ്റവും മികച്ചതും ഫലവത്തുമായി കണക്കാക്കപ്പെടുന്നത് റോബോട്ടിക് അസിസ്റ്റഡ് റാഡിക്കൽ പ്രോസ്റ്റെറ്റെക്റ്റമി (Robotic Assisted Radical Prostatectomy) ആണ്. ഇടുപ്പെല്ലിന്റെ (Pelvis) വളരെ ഉള്ളിലായി സ്ഥിതി ചെയ്യുന്ന പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ പഴയകാല ഓപ്പൺ സർജറികൾ ചെയ്യുമ്പോൾ കൃത്യമായ കാഴ്ച ലഭിക്കാനും ഉപകരണങ്ങൾ എത്തിക്കാനും പ്രയാസമായിരുന്നു.

എന്നാൽ റോബോട്ടിക് സംവിധാനത്തിലെ മാഗ്നിഫൈഡ് ത്രീഡി ദൃശ്യങ്ങളും സൂക്ഷ്മമായ ചലനങ്ങളും ഈ വെല്ലുവിളികളെ പൂർണ്ണമായും മറികടക്കുന്നു. ചെറിയ മുറിവുകൾ, കുറഞ്ഞ രക്തനഷ്ടം, മൂത്രനിയന്ത്രണവും ലൈംഗികക്ഷമതയും വേഗത്തിൽ വീണ്ടെടുക്കാനുള്ള സാധ്യത എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകൾ. റോബോട്ടിക് സർജറിയുടെ പ്രവർത്തനരീതിയെയും പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സയിലെ പ്രാധാന്യത്തെയും കുറിച്ച് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് യൂറോളജിസ്റ്റ് ഡോ.  ബിച്ചു ജോസഫ് മാളിയേക്കൽ വിശദീകരിക്കുന്നു.

റോബോട്ടിക് സർജറി സംവിധാനത്തിന് പ്രധാനമായും മൂന്ന് ഭാഗങ്ങളാണുള്ളത്

സർജൻസ് കൺസോൾ (Surgeon’s Console): ഡോക്ടർ ഇരുന്ന് ശസ്ത്രക്രിയ നിയന്ത്രിക്കുന്ന ഭാഗമാണിത്. ക്യാമറയിലൂടെ ശരീരത്തിനുള്ളിലെ ഭാഗങ്ങൾ വളരെ വലുതായും (Magnified) വ്യക്തമായും ത്രീഡി (3D) ദൃശ്യങ്ങളായി ഇവിടെ കാണാൻ സാധിക്കും. രണ്ട് വിരലുകൾ ഉപയോഗിച്ച് കൺട്രോൾ യൂണിറ്റ് വഴി ഡോക്ടർ ശസ്ത്രക്രിയ നിയന്ത്രിക്കുന്നു.

പേഷ്യന്റ് കാർട്ട് (Patient Cart): രോഗിയുടെ ശരീരത്തിലേക്ക് ഘടിപ്പിക്കുന്ന റോബോട്ടിക് കൈകൾ (Robotic arms) ഉൾപ്പെടുന്ന ഭാഗമാണിത്. കൺസോളിൽ ഇരുന്ന് ഡോക്ടർ കൈകൾ ചലിപ്പിക്കുമ്പോൾ അതിനനുസരിച്ച് റോബോട്ടിക് കൈകളും ചലിക്കുന്നു. ഡോക്ടറുടെ കൈകൾക്ക് നേരിയ വിറയൽ ഉണ്ടായാൽ പോലും റോബോട്ടിക് കൈകൾക്ക് വിറയൽ ഉണ്ടാകില്ല എന്നതിനാൽ മുറിക്കുന്നതും (Cutting) തുന്നലുകൾ ഇടുന്നതും (Stitching) അതീവ കൃത്യതയോടെ (Precise) ചെയ്യാൻ സാധിക്കും.

Read Also: പ്രോസ്റ്റേറ്റ് കാൻസറും റോബോട്ടിക് ശസ്ത്രക്രിയയും: ചികിത്സാരീതികളും നൂതന മാറ്റങ്ങളും

വിഷൻ കാർട്ട് (Vision Cart): ശസ്ത്രക്രിയ സമയത്ത് എന്താണ് നടക്കുന്നതെന്ന് അസിസ്റ്റന്റുമാർക്കും നഴ്സുമാർക്കും കാണുന്നതിനുള്ള സ്ക്രീനും, ഇലക്ട്രോകോട്ടറിങ് (Electrocautery) ഉപകരണങ്ങളും ക്രമീകരിച്ചിരിക്കുന്ന ഭാഗമാണിത്.

പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സയിൽ റോബോട്ടിക് സർജറി പ്രധാനമാകുന്നത് എന്തുകൊണ്ട്?

പ്രോസ്റ്റേറ്റ് ഗ്രന്ഥി നമ്മുടെ ഇടുപ്പെല്ലിന്റെ (Pelvis) വളരെ ആഴത്തിലാണ് സ്ഥിതി ചെയ്യുന്നത്. മുൻകാലങ്ങളിൽ ചെയ്തിരുന്ന ഓപ്പൺ സർജറികളിൽ ഈ ഭാഗത്തേക്ക് എത്തിച്ചേരാനും വ്യക്തമായി കാണാനും വളരെയധികം ബുദ്ധിമുട്ടായിരുന്നു.

എന്നാൽ റോബോട്ടിക് സർജറിയിൽ നീളമുള്ള ഉപകരണങ്ങളും വലുതാക്കി കാണിക്കുന്ന ക്യാമറയും ഉള്ളതിനാൽ പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള റോബോട്ടിക് അസിസ്റ്റഡ് റാഡിക്കൽ പ്രോസ്റ്റെറ്റെക്റ്റമി (Robotic Assisted Radical Prostatectomy) ഇന്ന് ഏറ്റവും മികച്ച ചികിത്സാരീതിയായി മാറിയിരിക്കുന്നു.

റോബോട്ടിക് പ്രോസ്റ്റെറ്റെക്റ്റമി എങ്ങനെയാണ് ചെയ്യുന്നത്?

 (മൂത്രനിയന്ത്രണവും കൃത്യതയും)

പ്രോസ്റ്റേറ്റ് ഗ്രന്ഥി മൂത്രസഞ്ചിക്കും (Urinary bladder) മൂത്രനാളിക്കും (Urethra) ഇടയിലായാണ് സ്ഥിതി ചെയ്യുന്നത്. ഇതിനടുത്തായാണ് മൂത്രം പിടിച്ചുനിർത്താൻ സഹായിക്കുന്ന യൂറിനറി സ്ഫിൻക്ടർ (Urinary sphincter) ഉള്ളത്.

ശസ്ത്രക്രിയയിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥി പൂർണ്ണമായും നീക്കം ചെയ്ത ശേഷം മൂത്രസഞ്ചിയുടെ അഗ്രഭാഗവും മൂത്രനാളിയും തമ്മിൽ യോജിപ്പിക്കുന്നു (Urethrovesical anastomosis).

റോബോട്ടിക് സംവിധാനത്തിന്റെ സൂക്ഷ്മത കാരണം ഈ ഭാഗം തുന്നിച്ചേർക്കുന്നതും സ്ഫിൻക്ടറിനെ സംരക്ഷിക്കുന്നതും വളരെ കൃത്യമായി ചെയ്യാൻ സാധിക്കും.

ഓപ്പൺ സർജറിയിൽ ശസ്ത്രക്രിയയ്ക്ക് ശേഷം മൂത്രം ചോരുക (Urinary leak), മൂത്രനിയന്ത്രണം നഷ്ടപ്പെടുക തുടങ്ങിയ പ്രശ്നങ്ങൾ വരാൻ സാധ്യത കൂടുതലാണ്. എന്നാൽ റോബോട്ടിക് സർജറിയിൽ യൂറിനറി ലീക്ക് വളരെ കുറവായിരിക്കും; ഏതാനും ആഴ്ചകൾക്കുള്ളിൽത്തന്നെ രോഗികൾക്ക് പൂർണ്ണമായ മൂത്രനിയന്ത്രണം തിരികെ ലഭിക്കുന്നു.

 ഓപ്പൺ സർജറിയെ അപേക്ഷിച്ച് റോബോട്ടിക് സർജറിയുടെ മറ്റ് ഗുണങ്ങൾ എന്തൊക്കെയാണ്?

വളരെ ചെറിയ മുറിവുകൾ (Minimal Incisions): 8 മില്ലിമീറ്റർ വലിപ്പമുള്ള നാല് റോബോട്ടിക് പോർട്ടുകളും, 1 സെന്റീമീറ്ററും അര സെന്റീമീറ്ററും വീതം വലിപ്പമുള്ള രണ്ട് അസിസ്റ്റന്റ് പോർട്ടുകളും മാത്രമാണ് ഇതിനായി ഇടുന്നത്. പ്രോസ്റ്റേറ്റ് പുറത്തെടുക്കുന്നതിനായി അസിസ്റ്റന്റ് പോർട്ട് അല്പം മാത്രം വലുതാക്കുന്നു. ഓപ്പൺ സർജറിയിലെ വലിയ മുറിവുകളും അതുണ്ടാക്കുന്ന വേദനയും ഇവിടെ ഒഴിവാകുന്നു.

കുറഞ്ഞ രക്തനഷ്ടം (Minimal Blood Loss): ശസ്ത്രക്രിയയ്ക്കിടെ ഉണ്ടാകുന്ന രക്തനഷ്ടം വളരെ കുറവായിരിക്കും.

ലൈംഗികക്ഷമത വീണ്ടെടുക്കൽ: ശസ്ത്രക്രിയയ്ക്ക് ശേഷം താൽക്കാലികമായി ഉദ്ധാരണപ്രശ്നങ്ങൾ (Erectile issues) ഉണ്ടായേക്കാമെങ്കിലും, 3 മുതൽ 6 മാസത്തിനുള്ളിൽ മികച്ച രീതിയിൽ സാധാരണ നിലയിലേക്ക് മടങ്ങിവരാൻ റോബോട്ടിക് സർജറി സഹായിക്കുന്നു. ഓപ്പൺ സർജറിയിൽ ഇത്രയും വേഗത്തിലുള്ള മാറ്റം ലഭിക്കണമെന്നില്ല.

 ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ആശുപത്രി വാസവും വിശ്രമവും എത്ര ദിവസമാണ്?

വേഗത്തിലുള്ള ഡിസ്ചാർജ്: റോബോട്ടിക് സർജറി കഴിഞ്ഞ് സാധാരണയായി 3 അല്ലെങ്കിൽ 4 ദിവസത്തിനുള്ളിൽ രോഗിക്ക് ആശുപത്രി വിടാൻ സാധിക്കും.

കത്തീറ്റർ നീക്കം ചെയ്യൽ: ശസ്ത്രക്രിയയ്ക്ക് ശേഷം 10 മുതൽ 12 ദിവസം വരെ മൂത്രട്യൂബ് (Catheter) ഇടാറുണ്ട്. പിന്നീട് ഒ.പിയിൽ (OP) വന്ന് ഇത് നീക്കം ചെയ്യാം. മിക്ക രോഗികൾക്കും ട്യൂബ് മാറ്റുന്ന അന്നുതന്നെയോ, അല്ലെങ്കിൽ 1–2 ആഴ്ചകൾക്കുള്ളിൽ നേരിയ ചോർച്ച മാറി പൂർണ്ണമായും സാധാരണ നിലയിലേക്കോ എത്താൻ സാധിക്കും.

Share this video: