ഫാറ്റി ലിവർ: കരൾ സംബന്ധമായ രോഗങ്ങളിൽ ഇന്ന് ഏറ്റവും കൂടുതൽ ആളുകളിൽ കണ്ടുവരുന്ന ഒന്നാണ് ഫാറ്റി ലിവർ. തുടക്കത്തിൽ യാതൊരു ലക്ഷണങ്ങളും കാണിക്കാത്തതിനാൽ പലപ്പോഴും രോഗം തിരിച്ചറിയാൻ വൈകുന്നു എന്നതും, ഇത് കരളിനെ മാത്രമല്ല മറ്റ് പ്രധാന അവയവങ്ങളെക്കൂടി ബാധിക്കുന്നു എന്നതുമാണ് ഇതിനെ കൂടുതൽ അപകടകരമാക്കുന്നത്.
എന്താണ് ഫാറ്റി ലിവർ? ഫാറ്റി ലിവറും ഫാറ്റി ലിവർ ഡിസീസും തമ്മിലുള്ള വ്യത്യാസം എന്താണ്?
സാങ്കേതികമായി പറഞ്ഞാൽ കരളിൽ 5 ശതമാനത്തിൽ കൂടുതൽ ഫാറ്റ് ഉണ്ടെങ്കിൽ അതിനെ ഫാറ്റി ലിവർ എന്ന് വിളിക്കാം. ഈ കൊഴുപ്പ് എന്നത് കൊളസ്ട്രോളല്ല, മറിച്ച് ട്രൈഗ്ലിസറൈഡ്സ് (Triglycerides) ആണ്. ഫാറ്റും കൊളസ്ട്രോളും ഒന്നാണെന്നത് ഒരു തെറ്റായ ധാരണയാണ്.
ഫാറ്റി ലിവർ എന്നത് ഒരു അവസ്ഥയും, ഫാറ്റി ലിവർ ഡിസീസ് എന്നത് ഒരു രോഗവുമാണ്:
ഫാറ്റി ലിവർ (അവസ്ഥ): ഒരാൾ മദ്യം കഴിക്കുകയോ ചില പ്രത്യേക ഗുളികകൾ കഴിക്കുകയോ ചെയ്താൽ പിറ്റേദിവസം സ്കാൻ ചെയ്യുമ്പോൾ ഫാറ്റി ലിവർ കണ്ടേക്കാം. അതൊരു രോഗമല്ല.
ഫാറ്റി ലിവർ ഡിസീസ് (രോഗം): കരളിൽ കൊഴുപ്പ് തുടർച്ചയായി അടിഞ്ഞുകൂടുകയും അത് പലതവണ ടെസ്റ്റുകളിലൂടെ സ്ഥിരീകരിക്കപ്പെടുകയും ചെയ്യുമ്പോൾ അതിനെ രോഗമായി കണക്കാക്കുന്നു. ഇത് കരളിനെ മാത്രമല്ല ബാക്കി ആന്തരികാവയവങ്ങളെക്കൂടി ബാധിക്കുന്ന കാർഡിയോ മെറ്റബോളിക് പ്രൊഫൈൽ ഉണ്ടാക്കുന്നു.
മെറ്റബോളിക് അസോസിയേറ്റഡ് ഫാറ്റി ലിവർ ഡിസീസ് (MAFLD), MetALD എന്നിവ എന്താണ്?
MAFLD (മാഫിൽഡ്): മദ്യം കഴിക്കാത്ത, ഫാറ്റി ലിവറിലേക്ക് നയിക്കുന്ന മരുന്നുകൾ കഴിക്കാത്ത വ്യക്തികളിൽ കാണുന്ന അവസ്ഥയാണിത്. ഇവർക്ക് ഫാറ്റി ലിവറിനൊപ്പം ഉയർന്ന ബി.എം.ഐ (അമിതവണ്ണം), പ്രമേഹം, 150-ൽ കൂടുതലുള്ള ട്രൈഗ്ലിസറൈഡ്സ്, കുറഞ്ഞ എച്ച്.ഡി.എൽ (HDL), രക്താതിമർദ്ദം (ഹൈപ്പർടെൻഷൻ) തുടങ്ങിയ ഏതെങ്കിലും കാർഡിയോ മെറ്റബോളിക് അവസ്ഥകളുണ്ടാകും. ഇത് കരളിന് പുറമെ ഹൃദ്രോഗം, വൃക്കരോഗം, പ്രമേഹം എന്നിവയ്ക്കും കാരണമാകുന്നു.
ആൽക്കഹോളിക് ലിവർ ഡിസീസ് (ALD): മദ്യപാനം മൂലം മാത്രം കരളിൽ കൊഴുപ്പടിയുന്ന രോഗാവസ്ഥ.
MetALD (മെറ്റ് എ.എൽ.ഡി): അമിതവണ്ണവും പ്രമേഹവുമടക്കമുള്ള കാർഡിയോ മെറ്റബോളിക് പ്രശ്നങ്ങളോടൊപ്പം തന്നെ കാര്യമായ രീതിയിൽ മദ്യപാന ശീലവുമുള്ള വ്യക്തികളിൽ രണ്ട് അവസ്ഥകളും ഒന്നിച്ച് വരുന്നതിനെയാണ് മെറ്റ് എ.എൽ.ഡി എന്ന് പറയുന്നത്.
മെലിഞ്ഞ ആളുകളിൽ ഫാറ്റി ലിവർ (Lean NASH) വരുന്നത് എന്തുകൊണ്ട്?
മദ്യം കഴിക്കാത്ത, തീരെ തടിയില്ലാത്ത മെലിഞ്ഞ ആളുകളിലും സൗത്ത് ഇന്ത്യൻ പോപ്പുലേഷനിലും ഫാറ്റി ലിവർ കാണാറുണ്ട് (Lean NASH). ഇതിന് പ്രധാന കാരണം ഇൻസുലിൻ റെസിസ്റ്റൻസ് ജീനുകളുടെ (PNPLA ജീനുകൾ പോലുള്ളവ) സാന്നിധ്യമാണ്.
മനുഷ്യപരിണാമത്തിൽ പണ്ട് ഭക്ഷണം കിട്ടാത്ത പട്ടിണികാലങ്ങളിൽ അവയവങ്ങളിലേക്ക് ഗ്ലൂക്കോസ് എത്തിക്കാൻ ശരീരം സ്വയം വികസിപ്പിച്ചെടുത്ത ജീനുകളാണിവ. എന്നാൽ കഴിഞ്ഞ 100 വർഷമായി തുടർച്ചയായി ഭക്ഷണം ലഭിക്കാൻ തുടങ്ങുകയും വ്യായാമം കുറയുകയും ചെയ്തതോടെ, ഈ ജീനുകളുടെ പ്രവർത്തനം നിയന്ത്രിക്കപ്പെടാതെ കൊഴുപ്പ് ടിഷ്യുവിൽ അടിഞ്ഞുകൂടുകയും ഇൻസുലിൻ റെസിസ്റ്റൻസും കരളിൽ കൊഴുപ്പും വർദ്ധിച്ച് ഫാറ്റി ലിവറിലേക്ക് നയിക്കുകയും ചെയ്യുന്നു.
ഫാറ്റി ലിവർ രോഗത്തിന് എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടോ? പരിശോധന ആർക്കൊക്കെയാണ് ആവശ്യം?
ഫാറ്റി ലിവർ രോഗത്തിന് ബാഹ്യമായ രോഗലക്ഷണങ്ങളൊന്നുമില്ല (സിംപ്റ്റമാറ്റിക് അല്ല). രക്തപരിശോധനകളിലൂടെയും സ്കാനിംഗിലൂടെയും മാത്രമേ ഇത് കണ്ടെത്താനാകൂ.
പരിശോധന നടത്തേണ്ട ഹൈ റിസ്ക് വിഭാഗങ്ങൾ:
ഏഷ്യൻ മാനദണ്ഡപ്രകാരം ബി.എം.ഐ (BMI) 23-ൽ കൂടുതലുള്ള അമിതവണ്ണമുള്ളവർ. (വെസ്റ്റേൺ രാജ്യങ്ങളിൽ ഇത് 25 ആണ്).
പ്രമേഹ രോഗികൾ, രക്താതിമർദ്ദം (BP) ഉള്ളവർ.
ട്രൈഗ്ലിസറൈഡ്സ് 150-ൽ കൂടുതലുള്ളവരും, എച്ച്.ഡി.എൽ കൊളസ്ട്രോൾ 40-ൽ (39) താഴെയുള്ളവരും.
ശരീരപരിശോധനയിൽ അക്കാന്തോസിസ് (Acanthosis) കാണപ്പെടുന്നവർ.
പുകവലിക്കുന്നവർ.
ഫാറ്റി ലിവർ കണ്ടുപിടിക്കാനുള്ള പ്രധാന പരിശോധനകൾ ഏതൊക്കെയാണ്?
അൾട്രാസൗണ്ട് സ്കാൻ (Ultrasound): ഫാറ്റി ലിവർ ഉണ്ടോ എന്ന് പ്രാഥമികമായി സ്ക്രീൻ ചെയ്യാൻ ഏറ്റവും ലളിതമായ മാർഗ്ഗമാണിത്. ഇത് ചെയ്യുമ്പോൾ മദ്യപിക്കുന്നവരാണെങ്കിൽ മദ്യം കഴിക്കാത്ത സമയത്തും, തൈറോയ്ഡ് രോഗമുള്ളവർ അത് നിയന്ത്രണവിധേയമായ അവസ്ഥയിലുമായിരിക്കണം പരിശോധിക്കേണ്ടത്.
ലിവർ ഫംഗ്ഷൻ ടെസ്റ്റ് (LFT): കരളിൽ ഇൻഫ്ലമേഷൻ (നീർക്കെട്ട്) ഉണ്ടോ എന്നറിയാൻ എൽ.എഫ്.ടി സഹായിക്കുന്നു. ഇതിൽ ALT ലെവൽ സാധാരണ പരിധിയുടെ ഇരട്ടിയിലധികം (More than 2 times upper limit of normal) ആയി കാണപ്പെടുന്നു.
ഫൈബ്രോസിസ് നിർണ്ണയം: രക്തപരിശോധനയിലെ അളവുകൾ വെച്ച് കണക്കാക്കുന്ന ഫിബ് ഫോർ (FIB-4) സ്കോറിംഗ് സിസ്റ്റം, ആപ്രി (APRI) സ്കോർ, കൂടാതെ ഫൈബ്രോസ്കാൻ (FibroScan), അൾട്രാസൗണ്ട് ഷിയർ വേവ് എലാസ്റ്റോഗ്രഫി എന്നിവ വഴി ഫൈബ്രോസിസ് കൃത്യമായി കണ്ടെത്താം.
ഫാറ്റി ലിവറിന്റെ 3 ഘട്ടങ്ങൾ ഏതൊക്കെയാണ്? സിറോസിസിലേക്ക് മാറുന്നത് എപ്പോൾ?
ഫാറ്റി ലിവർ പ്രധാനമായും മൂന്ന് ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്:
1. സിമ്പിൾ സ്റ്റിയറ്റോസിസ് (Simple Steatosis): കരളിൽ ഫാറ്റ് മാത്രം അടിഞ്ഞുകൂടുന്ന പ്രാരംഭ അവസ്ഥ (അൾട്രാസൗണ്ടിൽ കണ്ടെത്താം).
2. സ്റ്റിയറ്റോസിസ് വിത്ത് ഇൻഫ്ലമേഷൻ (NASH): കൊഴുപ്പിനൊപ്പം കരളിൽ നീർക്കെട്ട് കൂടി ഉണ്ടാകുന്നു (എൽ.എഫ്.ടിയിൽ വ്യതിയാനങ്ങൾ കാണാം).
3. നാഷ് വിത്ത് ഫൈബ്രോസിസ് (NASH with Fibrosis):നീർക്കെട്ടിനൊപ്പം കരൾ കോശങ്ങളിൽ ഫൈബ്രോസിസ് രൂപപ്പെടുന്നു.
ഫൈബ്രോസിസ്, പ്രത്യേകിച്ച് അഡ്വാൻസ്ഡ് ഫൈബ്രോസിസ് ഉണ്ടാകുമ്പോഴാണ് ലിവർ സംബന്ധമായ മരണനിരക്ക് വർദ്ധിക്കുന്നത്. ഈ ഘട്ടത്തിലാണ് രോഗം ലിവർ സിറോസിസിലേക്കും, ലിവർ കാൻസറിലേക്കും, ഡീകോംപൻസേറ്റഡ് സിറോസിസിലേക്കും മാറുന്നത്.
ഫാറ്റി ലിവർ പൂർണ്ണമായും മാറ്റിയെടുക്കാൻ സാധിക്കുമോ? ലിവർ സിറോസിസ് വന്നാൽ എന്ത് സംഭവിക്കും?
ഫാറ്റി ലിവർ പ്രാരംഭഘട്ടത്തിൽ ചികിത്സിച്ചാൽ *പൂർണ്ണമായും സാധാരണ നിലയിലാക്കാൻ (Completely normal) സാധിക്കും. ശരീരഭാരം 10 ശതമാനം കുറയ്ക്കുകയാണെങ്കിൽ കരളിലെ കൊഴുപ്പും ഇൻഫ്ലമേഷനും 90 ശതമാനം പേരിലും, ഫൈബ്രോസിസ് 80 ശതമാനം പേരിലും കുറയ്ക്കാൻ സാധിക്കും. 10 ശതമാനം സാധിച്ചില്ലെങ്കിലും 5 ശതമാനം ഭാരം കുറച്ചാൽപ്പോലും കാര്യമായ ഗുണമുണ്ടാകും.
എന്നാൽ ഒരിക്കൽ ലിവർ സിറോസിസ് ആയി മാറിയാൽ ആ കരൾ പിന്നീട് ഒരിക്കലും പഴയതുപോലെ നോർമൽ ആകില്ല. സിറോസിസ് എന്നത് എൻഡ് സ്റ്റേജ് ലിവർ ഡിസീസ് (End-stage liver disease) ആണ്. ആ ഘട്ടത്തിലെത്തിയാൽ രോഗം കൂടുതൽ അപകടത്തിലേക്ക് പോകാതെ നിയന്ത്രിക്കാനുള്ള ചികിത്സകൾ മാത്രമേ ചെയ്യാനാകൂ.
എന്താണ് 'വെയിറ്റ് ഇൻക്ലൂസിവ്' ചികിത്സാരീതി? ഭക്ഷണത്തിലും വ്യായാമത്തിലും വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെയാണ്?
പണ്ട് വെയിറ്റ് കുറയ്ക്കുക എന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന വെയിറ്റ് സെൻട്രിക് (Weight-centric) രീതിയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ 100 പേരോട് ഭാരം കുറയ്ക്കാൻ പറഞ്ഞാൽ 10 ശതമാനം പേർക്ക് മാത്രമേ 10 ശതമാനം ഭാരം കുറയ്ക്കാൻ കഴിയാറുള്ളൂ. മാത്രമല്ല, സ്റ്റാർവേഷൻ, കീറ്റോ ഡയറ്റ്, മറ്റ് മരുന്നുകൾ എന്നിവയിലൂടെ ഭാരം കുറയ്ക്കുമ്പോൾ കരളിലെ കൊഴുപ്പ് കുറഞ്ഞാലും ഇവരുടെ കാർഡിയോ മെറ്റബോളിക് റിസ്ക് കുറയാറില്ല. ടാർഗെറ്റ് ഭാരം കുറയാതെ വരുമ്പോൾ പലരും നിരാശരായി വ്യായാമം ഉപേക്ഷിക്കാറുണ്ട്.
അതുകൊണ്ട് നിലവിൽ വെയിറ്റ് ഇൻക്ലൂസിവ് അപ്രോച്ച് (Weight-inclusive approach) ആണ് നിർദ്ദേശിക്കുന്നത്. ഇതിൽ ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നതിനൊപ്പം താഴെ പറയുന്നവ ശീലമാക്കണം:
മെഡിറ്ററേനിയൻ ഡയറ്റ് (ആന്റി ഇൻഫ്ലമേറ്ററി ഡയറ്റ്): അന്നജം (കാർബോഹൈഡ്രേറ്റ്) മിതമായ അളവിൽ നിർത്തുകയോ കുറയ്ക്കുകയോ ചെയ്യുക. പച്ചക്കറികൾ, പഴങ്ങൾ, മത്സ്യം എന്നിവ ധാരാളമായി കഴിക്കുക. റെഡ് മീറ്റ് പരമാവധി ഒഴിവാക്കുക. വൈറ്റ് മീറ്റ് മാസത്തിൽ ഒരിക്കൽ മാത്രം കഴിക്കുക.
കാപ്പി (Coffee drinking): കാപ്പി കുടിക്കുന്നത് ഫാറ്റി ലിവർ രോഗത്തിന് വളരെ ഗുണകരമാണ്.
ചിട്ടയായ വ്യായാമം: ദിവസേനയുള്ള നടത്തവും വ്യായാമവും തുടരുക.
ഫാറ്റി ലിവറിന് മരുന്നുകൾ ലഭ്യമാണോ?
ഡയബറ്റിസിന് ഉപയോഗിക്കുന്ന ചില മരുന്നുകൾ ഫാറ്റി ലിവർ രോഗികളിൽ ഉപയോഗിച്ച് മെച്ചപ്പെടുന്നത് കാണാറുണ്ട്. പയോഗ്ലിറ്റസോൺ (Pioglitazone), ജി.എൽ.പി-1 റിസപ്റ്റർ അഗോണിസ്റ്റുകൾ (GLP-1 receptor agonists), സിമാഗ്ലൂട്ടൈഡ് (Semaglutide), ടിർസെപ്പറ്റൈഡ് (Tirzepatide - Mounjaro) എന്നിവ ശരീരഭാരം കുറയ്ക്കാനും ഫാറ്റി ലിവർ മെച്ചപ്പെടുത്താനും ഉപയോഗിക്കാറുണ്ട്. ഫാറ്റി ലിവറിന് മാത്രമായി മരുന്നുകൾ അംഗീകരിക്കപ്പെട്ട് വരുന്നതേയുള്ളൂ. നിലവിൽ ജീവിതശൈലി മാറ്റങ്ങളും വ്യായാമവുമാണ് ഏറ്റവും പ്രധാനപ്പെട്ട ചികിത്സ.
യുവാക്കളിലെ ജീവിതശൈലിയും അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളും രോഗത്തിന് കാരണമാകുന്നത് എങ്ങനെ?
ഫാറ്റി ലിവർ എന്നത് ഒരു ബിഹേവിയറൽ അസുഖമാണ് (Behavioral disorder). 40 വയസ്സ് കഴിഞ്ഞവരിൽ ഇന്ന് കാണുന്ന ഫാറ്റി ലിവർ, പ്രമേഹം, അമിതവണ്ണം തുടങ്ങിയ രോഗങ്ങൾ ഉണ്ടാകുന്നത് 40 വയസ്സിലല്ല; മറിച്ച് 20 മുതൽ 40 വയസ്സ് വരെയുള്ള പ്രായത്തിൽ അവർ തുടങ്ങിയ ജീവിതശൈലി കാരണമാണ്.
ഈ പ്രായത്തിലാണ് പുകവലി, മദ്യപാനം തുടങ്ങിയ ലഹരികളും, കുഴിമന്തി, അൽഫാം, ബിരിയാണി, ബേക്കറി പലഹാരങ്ങൾ, ഫ്രൈഡ് ചിക്കൻ തുടങ്ങിയ അൾട്രാ പ്രോസസ്ഡ് ഫുഡുകളും (Ultra-processed foods), ട്രാൻസ് ഫാറ്റുകളും അമിതമായി കഴിക്കുന്നത്. ഇത്തരം ഭക്ഷണങ്ങൾ എപ്പോഴെങ്കിലും (വൺസ് ഇൻ എ വൈൽ) കഴിക്കുന്നതിൽ കുഴപ്പമില്ലെങ്കിലും, ആഴ്ചയിൽ പലതവണ പതിവായി കഴിക്കുന്നത് ഭാവിയിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. അതിനാൽ 20-നും 40-നും ഇടയിലുള്ള പ്രായത്തിൽത്തന്നെ ആരോഗ്യകരമായ ശീലങ്ങൾ തുടങ്ങേണ്ടതുണ്ട്.
Dr. Mathews J. Chooracken is a distinguished Senior Consultant specializing in hepatology and liver transplantation