ഹെർണിയ അഥവാ കുടലിറക്കം മുതിർന്നവരിൽ കാണപ്പെടുന്നതുപോലെ കുട്ടികളിലും സാധാരണയായി കാണാറുണ്ട്. ഏതാണ്ട് ഒന്ന് മുതൽ അഞ്ച് ശതമാനം വരെയുള്ള കുട്ടികളിൽ ഈ അവസ്ഥ ഉണ്ടാകാറുണ്ട്. ഏത് പ്രായത്തിലുള്ള കുട്ടികളിലും ഇത് വരാമെങ്കിലും,മാസം തികയാതെ ജനിക്കുന്ന കുട്ടികളിലാണ് ഇത് കുറച്ചുകൂടി കൂടുതലായി കാണപ്പെടുന്നത്.
കുട്ടികളിൽ പൊക്കിളിൽ കാണുന്ന അംബലിക്കൽ ഹെർണിയയും, പൊക്കിളിന്റെയും നെഞ്ചിന്റെയും നടുഭാഗത്ത് വരുന്ന ഫാറ്റി ഹെർണിയയും ഉണ്ടാകാറുണ്ടെങ്കിലും, അരക്കെട്ടിൽ കാണുന്ന ഇൻഗ്വൈനൽ ഹെർണിയയാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. കുട്ടികളിൽ ഇൻഗ്വൈനൽ ഹെർണിയ ഉണ്ടാകുന്നത് ജന്മനാ ഉണ്ടാകുന്ന പ്രത്യേക അവസ്ഥ മൂലമാണ്. കുട്ടികളിലെ ഹെർണിയയുടെ ലക്ഷണങ്ങൾ, സർജറിയുടെ പ്രാധാന്യം, ഒബ്സ്ട്രക്ടഡ് ഹെർണിയയുടെ അപകടസാധ്യത എന്നിവയെക്കുറിച്ച് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് പീഡിയാട്രിക് സർജൻ
ഡോക്ടർ മുരളി കൃഷ്ണൻ കെ ടി വിശദീകരിക്കുന്നു.
കുട്ടികളിലെ ഹെർണിയയുടെ പ്രധാന തരങ്ങൾ ഏതൊക്കെയാണ്?
കുട്ടികളിൽ പ്രധാനമായും താഴെ പറയുന്ന തരത്തിലുള്ള ഹെർണിയകളാണ് കാണപ്പെടുന്നത്:
ഇൻഗ്വൈനൽ ഹെർണിയ (Inguinal Hernia): അരക്കെട്ടിൽ ഉണ്ടാകുന്ന ഹെർണിയയാണിത്. സാധാരണയായി ഹെർണിയ എന്ന് പറയുമ്പോൾ പ്രധാനമായും ഇതാണ് ഉദ്ദേശിക്കുന്നത്.
അംബലിക്കൽ ഹെർണിയ (Umbilical Hernia): കുട്ടികളുടെ പൊക്കിളിൽ ഉണ്ടാകുന്ന ഹെർണിയ.
ഫാറ്റി ഹെർണിയ (Fatty Hernia): പൊക്കിളിന്റെയും നെഞ്ചിന്റെയും നടുഭാഗത്തോ അല്ലെങ്കിൽ ആ ഭാഗങ്ങളിലോ ആയി വരുന്ന ഹെർണിയ.
മുതിർന്നവരിലെ ഹെർണിയയിൽ നിന്ന് കുട്ടികളിലെ ഇൻഗ്വൈനൽ ഹെർണിയയും തമ്മിലുള്ള വ്യത്യാസം എന്താണ് ?
മുതിർന്നവരിൽ വയറിന്റെ ഭിത്തിയിലെ പേശികളുടെ ബലക്കുറവ് മൂലമാണ് ഹെർണിയ ഉണ്ടാകുന്നത്. എന്നാൽ കുട്ടികളിൽ ഇത് പേശികളുടെ ബലക്കുറവ് കൊണ്ടല്ല, മറിച്ച് ജന്മനാ ഉണ്ടാകുന്ന ഒരു അവസ്ഥയാണ്.
വയറിന്റെ ഉള്ളിൽ നിന്ന് അരക്കെട്ടിലേക്ക് (ആൺകുട്ടികളിൽ വൃഷ്ണസഞ്ചി വരെ) ഒരു പാത ഉണ്ടാകാറുണ്ട്. സാധാരണയായി ജനന സമയത്തുതന്നെ ഈ പാത പൂർണ്ണമായും അടഞ്ഞുപോകേണ്ടതാണ്. എന്നാൽ ഇത് പൂർണ്ണമായോ ഭാഗികമായോ അടയാതെ അവശേഷിക്കുമ്പോഴാണ് കുട്ടികളിൽ ഇൻഗ്വൈനൽ ഹെർണിയ ഉണ്ടാകുന്നത്. ഇത് ആൺകുട്ടികളിലും പെൺകുട്ടികളിലും ഉണ്ടാകാം. ഇടതുവശത്തോ, വലതുവശത്തോ, അല്ലെങ്കിൽ രണ്ട് വശങ്ങളിലുമോ ഇത് വരാം.
കുട്ടികളിൽ ഹെർണിയ എങ്ങനെ തിരിച്ചറിയാം? ആദ്യ സൂചനകൾ എന്തൊക്കെയാണ്?
ചെറിയ കുട്ടികൾ കരയുമ്പോഴോ അല്ലെങ്കിൽ അമ്മമാർ കുളിപ്പിക്കുന്ന സമയത്തോ ആണ് ഇത് പ്രധാനമായും ശ്രദ്ധയിൽപ്പെടുന്നത്:
കുട്ടിയുടെ അരക്കെട്ടിനടുത്ത് ഒരു ബൾജ് (തള്ളിനിൽക്കുന്നത്) പോലെ കാണപ്പെടുക.
കുട്ടി നിർത്താതെ കരയുമ്പോൾ ഈ ഭാഗത്ത് വീക്കം പ്രകടമാകുക.
ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഒരു ഡോക്ടറെ കാണിച്ച് കൃത്യമായ വൈദ്യസഹായവും അഭിപ്രായവും തേടേണ്ടതാണ്.
കുട്ടികളിലെ ഹെർണിയക്ക് മരുന്ന് മതിയോ? എന്താണ് യഥാർത്ഥ ചികിത്സ?
കുട്ടികളിലെ ഹെർണിയക്കുള്ള ഏക ചികിത്സ സർജറി (ശസ്ത്രക്രിയ) മാത്രമാണ്. മരുന്നുകൾ കൊണ്ടോ മറ്റ് ചികിത്സാവിധികൾ കൊണ്ടോ ഇത് ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുകയില്ല.
ഹെർണിയ സർജറി എപ്പോൾ ചെയ്യണം? വൈകിയാൽ ഉണ്ടാകുന്ന അപകടങ്ങൾ എന്തൊക്കെയാണ്?
കുട്ടികളിലെ ഹെർണിയ എന്നത് ഒരു സെമി എമർജൻസി കണ്ടീഷനാണ് (Semi-emergency condition). അതിനാൽ ഒരുപാട് കാലം ശസ്ത്രക്രിയ നീട്ടിവെച്ച് കാത്തിരിക്കാൻ സാധിക്കില്ല.
പ്രത്യേകിച്ച് അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ, കുടൽ ഹെർണിയയുടെ ദ്വാരത്തിൽ കുടുങ്ങിപ്പോകുന്ന ഒബ്സ്ട്രക്ടഡ് ഹെർണിയ (Obstructed Hernia) എന്ന അവസ്ഥ ഉണ്ടാകാൻ വലിയ സാധ്യതയുണ്ട്. കുടൽ കുടുങ്ങിപ്പോയാൽ അവിടേക്കുള്ള രക്തയോട്ടം തടസ്സപ്പെടാൻ ഇടയാകും. അതുകൊണ്ടുതന്നെ ഒരുപാട് വൈകിക്കാതെ കൃത്യസമയത്ത് തന്നെ ഓപ്പറേഷൻ നടത്തേണ്ടതാണ്.
Dr Muralikrishnan K.T is a highly accomplished Senior Consultant in Paediatric Surgery at Baby Memorial Hospital, Calicut, with over 12 years of expertise in managing complex surgical conditions in neonates and children.