വയറിലെ ആന്തരികാവയവങ്ങൾ പേശികളിലെ ബലഹീനമായ ഭാഗങ്ങളിലൂടെ പുറത്തേക്ക് തള്ളി വരുന്ന അവസ്ഥയാണ് ഹെർണിയ അഥവാ കുടലിറക്കം. ഇൻഗ്വൈനൽ, അംബലിക്കൽ, എപ്പിഗാസ്ട്രിക്, ഡയഫ്രമാറ്റിക്, സ്പിജിലീൻ എന്നിങ്ങനെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത് ഉണ്ടാകാം. തുടക്കത്തിൽ വളരെ ചെറിയ ദ്വാരത്തിലൂടെ ആരംഭിക്കുന്ന ഈ പ്രശ്നം കാലക്രമേണ വലിപ്പം കൂടുകയും, തള്ളി വരുന്ന ആന്തരികാവയവങ്ങളുടെ അളവ് വർദ്ധിക്കുകയും ചെയ്യാറുണ്ട്.
ഹെർണിയ ഒരു മരുന്ന് കഴിച്ചതുകൊണ്ട് മാത്രം സ്വയം മാറുന്ന ഒന്നല്ല; ഇതിന് ശസ്ത്രക്രിയ വഴിയുള്ള പരിഹാരം അത്യന്താപേക്ഷിതമാണ്. പുറത്തേക്ക് വരുന്ന കുടൽ തിരികെ പോകാതെ കുടുങ്ങിപ്പോകുന്ന അവസ്ഥകൾ രക്തയോട്ടം തടസ്സപ്പെടുന്നതിലേക്കും ഗാംഗ്രീൻ, കുടലിലെ സുഷിരം (പെർഫറേഷൻ) തുടങ്ങിയ ഗുരുതരമായ സങ്കീർണ്ണതകളിലേക്കും നയിച്ചേക്കാം. ഹെർണിയയുടെ കാരണങ്ങൾ, ഓപ്പൺ സർജറിയും ലാപ്രോസ്കോപ്പിക് സർജറിയും തമ്മിലുള്ള വ്യത്യാസങ്ങൾ, ഉപയോഗിക്കുന്ന മെഷുകൾ എന്നിവയെക്കുറിച്ച് തൊടുപുഴ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ജനറൽ ആൻഡ് ലപാരോസ്കോപിക് സർജറി കൺസൾട്ടന്റ് ഡോ. സുനിൽ മാത്യു വിശദീകരിക്കുന്നു.
ശരീരത്തിൽ ഒരു പ്രത്യേക ഭാഗത്ത് മാത്രമായി വരുന്ന ഒന്നല്ല ഹെർണിയ. അംബലിക്കൽ ഹെർണിയ, ഇൻഗ്വൈനൽ ഹെർണിയ, എപ്പിഗാസ്ട്രിക് ഹെർണിയ, ഡയഫ്രമാറ്റിക് ഹെർണിയ, സ്പിജിലീൻ ഹെർണിയ എന്നിങ്ങനെ വിവിധ തരത്തിൽ ഹെർണിയ കാണുന്നു
വയറിനുള്ളിലെ ആന്തരികാവയവങ്ങളായ (Abdominal viscera) ചെറുകുടൽ, വൻകുടൽ, ആമാശയം, ചില സന്ദർഭങ്ങളിൽ മൂത്രസഞ്ചി (Bladder) എന്നിവ വയറിന്റെ ഭിത്തിയിലുള്ള ബലഹീനമായ ഭാഗങ്ങളിലൂടെ പുറത്തേക്ക് തള്ളി വരുന്നതിനെയാണ് ഹെർണിയ എന്ന് പറയുന്നത്. ഇത് ഇൻഗ്വൈനൽ ഭാഗത്തോ പൊക്കിളിന്റെ ഭാഗത്തോ ഉണ്ടാകാം. തുടക്കത്തിൽ 0.5 സെന്റിമീറ്ററോ അതിൽ താഴെയോ വലിപ്പമുള്ള ചെറിയ ഓപ്പണിംഗിലൂടെയാണ് ഇത് ആരംഭിക്കുന്നത്. പിന്നീട് കാലക്രമേണ ഈ ദ്വാരത്തിന്റെ വലിപ്പം 1 cm, 2 cm, 3 cm തുടങ്ങി 10 മുതൽ 15 cm വരെയാകുകയും പുറത്തേക്ക് വരുന്ന അവയവങ്ങളുടെ അളവ് കൂടുകയും ചെയ്യുന്നു.
തുടക്കത്തിൽ തന്നെ സ്വയം തിരിച്ചറിയാൻ സഹായിക്കുന്ന പ്രധാന ലക്ഷണങ്ങൾ:
ബാഹ്യമായ വീക്കം (Visible Swelling): ഇൻഗ്വൈനൽ റീജിയനിലോ (ഇടുപ്പിന്റെ ഭാഗത്ത്) പൊക്കിളിന്റെ ഭാഗത്തോ മുഴച്ചുനിൽക്കുന്ന വീക്കം കാണാൻ സാധിക്കും.
വലിച്ചുപിടിക്കുന്ന വേദന (Dragging Pain): പ്രാരംഭഘട്ടത്തിൽ ഓപ്പണിംഗ് വളരെ ചെറുതായിരിക്കുമ്പോൾ പുറമേ വീക്കം പ്രകടമാകണമെന്നില്ല. എന്നാൽ കുടലിന് പകരമായി ഫാറ്റ് കണ്ടന്റ്സ് (കൊഴുപ്പ്) ആ ഭാഗത്ത് വലിഞ്ഞുനിൽക്കുന്നത് കാരണം ഡ്രാഗിംഗ് പെയിൻ അനുഭവപ്പെടാം.
കാലക്രമേണ ഈ വീക്കം വളരെ വ്യക്തമായി മാറുന്നതോടെ രോഗികൾക്ക് തന്നെ ഇത് എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കുന്നു.
പുറത്തേക്ക് തള്ളി വരുന്ന ആന്തരിക ഭാഗങ്ങൾ സ്വഭാവികമായി ഉള്ളിലേക്ക് തിരികെ പോകുന്നുണ്ടെങ്കിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകാറില്ല. എന്നാൽ തള്ളി വന്ന ഭാഗം അവിടുത്തെ മുറുക്കം കാരണം തിരികെ ഉള്ളിലേക്ക് പോകാതിരിക്കുമ്പോൾ സങ്കീർണ്ണതകൾ ആരംഭിക്കുന്നു:
കഠിനമായ വേദന: വയറുവേദനയോ അല്ലെങ്കിൽ ആ ഭാഗത്ത് മാത്രമായി കേന്ദ്രീകരിച്ചുള്ള വേദനയോ ഉണ്ടാകുന്നു.
കുടലിലെ തടസ്സം (Intestinal Obstruction): കുടൽ പുറത്തേക്ക് വന്ന് ബ്ലോക്കായാൽ മലം പോകാൻ തടസ്സം നേരിടുകയും വയർ വീർത്തു വരികയും ചെയ്യും.
ഗാംഗ്രീൻ (Gangrene): കുടലിലേക്കുള്ള രക്തയോട്ടം നിലച്ചാൽ ആ ഭാഗം ചീഞ്ഞുപോകുകയോ നശിച്ചുപോകുകയോ ചെയ്യാം.
പെർഫറേഷൻ (Perforation) & പെരിട്ടോണൈറ്റിസ് (Peritonitis): രക്തയോട്ടം നിലച്ച് നശിച്ച കുടലിൽ ദ്വാരം വീഴുകയും, കുടലിലെ വസ്തുക്കൾ പുറത്തേക്ക് വന്ന് പെരിട്ടോണൈറ്റിസ് എന്ന അതീവ ഗുരുതരമായ സങ്കീർണ്ണതയിലേക്ക് മാറുകയും ചെയ്യുന്നു.
Read Also: മാറാത്ത വയറുവേദന വില്ലനാണോ? ഐബിഡിയും ഐബിഎസും തിരിച്ചറിയേണ്ട കാര്യങ്ങൾ
ഹെർണിയ മരുന്നുകൾ കഴിച്ച് ഇല്ലാതാക്കാം എന്നത് പൂർണ്ണമായും തെറ്റായ ധാരണയാണ്. വയറിന്റെ ഭിത്തിയിലുള്ള ബലഹീനമായ ഓപ്പണിംഗ് മരുന്നുകൾ കഴിച്ചതുകൊണ്ട് അടഞ്ഞുപോകില്ല. ശസ്ത്രക്രിയയിലൂടെ ആ വിടവ് അടച്ച്, അതിനുള്ളിൽ ഒരു മെഷ് വെച്ച് ബലപ്പെടുത്തുക മാത്രമാണ് ഇതിനുള്ള ശാസ്ത്രീയമായ ചികിത്സ.
ഹെർണിയ പരിഹരിക്കാൻ ഓപ്പൺ സർജറിയും ലാപ്രോസ്കോപ്പിക് സർജറിയും ചെയ്യാവുന്നതാണ്:
കോസ്മെറ്റിക് വ്യത്യാസം: ഓപ്പൺ സർജറിക്ക് 5 മുതൽ 6 സെ.മീ വരെ മുറിവും അതിന്റെ പാടും ഉണ്ടാകും. ലാപ്രോസ്കോപ്പിയിൽ ചെറിയ ഇൻസിഷൻ വഴി പോർട്ടുകൾ ഇട്ട് ഉള്ളിൽ നിന്ന് തകരാർ പരിഹരിച്ച് മെഷ് വെക്കുകയാണ് ചെയ്യുന്നത്; ഇതിൽ പാടുകൾ വളരെ കുറവായിരിക്കും.
ആശുപത്രി വാസം: ലാപ്രോസ്കോപ്പിക്ക് മുറിവിന്റെ വേദന കുറവായതിനാൽ രോഗികൾക്ക് വേഗത്തിൽ ഡിസ്ചാർജ് ആകാം; ഓപ്പൺ സർജറിക്ക് മുറിവിന്റെ വലിപ്പം കാരണം ഒന്നോ രണ്ടോ ദിവസത്തെ ആശുപത്രിവാസം അധികം വേണ്ടിവന്നേക്കാം.
അനസ്തെറ്റിക് മുൻകരുതലുകൾ: COPD, ശ്വാസംമുട്ട്, കാർഡിയാക് പ്രശ്നങ്ങൾ എന്നിവയുള്ളവരിൽ ലാപ്രോസ്കോപ്പി ചെയ്യുമ്പോൾ വയറിനുള്ളിൽ കാർബൺ ഡൈ ഓക്സൈഡ് നിറയ്ക്കുന്നത് ഡയഫ്രത്തെ മുകളിലേക്ക് തള്ളുകയും ശ്വാസകോശ വോളിയം കുറയ്ക്കുകയും ചെയ്യാം. ഇത്തരം അനസ്തെറ്റിക് റിസ്ക് ഉള്ള രോഗികൾക്ക് ലാപ്രോസ്കോപ്പിയേക്കാൾ ഓപ്പൺ സർജറിയാണ് സുരക്ഷിതം.
Read More: എന്താണ് ലാപ്രോസ്കോപ്പിക് ഹെർണിയ റിപ്പയർ? വിശദമായി വായിക്കാം
ഹെർണിയ ഡിഫക്റ്റ് അടച്ച ശേഷം ബലം നൽകാൻ ഉപയോഗിക്കുന്ന ശാശ്വതമായ ഒരു ഇംപ്ലാന്റാണ് മെഷ്. ഇത് പിന്നീട് എടുത്തുമാറ്റേണ്ടതില്ല, ആജീവനാന്തം അവിടെത്തന്നെ നിലനിൽക്കുന്നതാണ്. മെഷ് വെക്കുന്നത് കൊണ്ട് ശരീരത്തിന് സാധാരണയായി പ്രശ്നങ്ങളൊന്നും ഉണ്ടാകാറില്ല. മെഷ് റിജക്ഷൻ, മെഷ് ഇൻഫെക്ഷൻ എന്നിവ വളരെ അപൂർവ്വമായി മാത്രമേ സംഭവിക്കാറുള്ളൂ. അങ്ങനെ ഇൻഫെക്ഷൻ ഉണ്ടായാൽ മാത്രമേ അത് നീക്കം ചെയ്യേണ്ട സാഹചര്യം വരുന്നുള്ളൂ.
ലാപ്രോസ്കോപ്പിക് സർജറിയിൽ ഉപയോഗിക്കുന്ന പ്രത്യേക മെഷുകൾക്ക് സാധാരണ മെഷുകളേക്കാൾ വില കൂടുതലായിരിക്കും:
ഡ്യുവൽ മെഷ് (Dual Mesh): അംബലിക്കൽ ഹെർണിയകളിൽ ഉപയോഗിക്കുന്ന ഈ മെഷിന് പോളിപ്രോപ്പിലിൻ, വൈക്രിൽ എന്നിങ്ങനെ രണ്ട് ലെയറുകൾ ഉണ്ട്. അടിയിലെ ലെയർ ചെറുകുടലോ വൻകുടലോ മെഷുമായി ഒട്ടിപ്പിടിച്ച് തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ സഹായിക്കുന്നു.
3D മെഷ് (3D Mesh): ശരീരത്തിന്റെ ഘടനയ്ക്ക് (Anatomical shape) അനുയോജ്യമായ രീതിയിൽ നിർമ്മിച്ചിട്ടുള്ളവയാണിത്. വലതുവശത്തും ഇടതുവശത്തുമുള്ള ഇൻഗ്വൈനൽ ഹെർണിയകൾക്ക് പ്രത്യേകം 3D മെഷുകളാണ് ഉപയോഗിക്കുന്നത്. കമ്പനികളുടെ നിർദ്ദേശപ്രകാരം ഇത് പ്രത്യേകം തുന്നി ഫിക്സ് ചെയ്യേണ്ടതില്ലെങ്കിലും സുരക്ഷിതത്വത്തിനായി സർജൻമാർ ഫിക്സ് ചെയ്യാറുണ്ട്.
ഭക്ഷണക്രമവുമായി ഹെർണിയക്ക് നേരിട്ട് ബന്ധമില്ല. വയറിലെ മർദ്ദം (Abdominal pressure) വർദ്ധിക്കുന്നതാണ് പ്രധാന കാരണം:
അമിതഭാരം ഉയർത്തുന്നത്: കഠിനമായ വെയ്റ്റ് ലിഫ്റ്റിംഗ്, പ്രൊഫഷണൽ ബോഡി ബിൽഡിംഗ് (200-400 കിലോഗ്രാം ഭാരം ഉയർത്തുന്നത് വയറിലെ പേശികളിൽ വലിയ മർദ്ദം ഉണ്ടാക്കുന്നു). ട്രെയിനറുടെ സഹായമില്ലാത്ത തെറ്റായ വ്യായാമ രീതികളും കാരണമാകാം. (എന്നാൽ ജിം നിർത്തുമ്പോൾ വയറ് ചാടുന്നതിന് ഹെർണിയയുമായി ബന്ധമില്ല).
വിട്ടുമാറാത്ത മലബന്ധം (Constipation): വയറ്റിൽ നിന്ന് പോകുവാൻ ദിവസവും അമിതമായി സ്ട്രെയിൻ ചെയ്യുന്നത് വയറിലെ മസിലുകളെ ദുർബലപ്പെടുത്തുന്നു.
മൂത്രതടസ്സം: പ്രോസ്റ്ററ്റോമെഗാലി, ബി.പി.എച്ച് (BPH) എന്നിവ കാരണം മൂത്രമൊഴിക്കാൻ ആവർത്തിച്ച് സ്ട്രെയിൻ ചെയ്യുന്നത്.
ഗർഭാവസ്ഥ (Pregnancy): സ്ത്രീകളിൽ അംബലിക്കൽ ഹെർണിയ കൂടുതലായി കാണപ്പെടുന്നു. പൊക്കിൾക്കൊടി ഉള്ള ഭാഗം ജന്മനാ ഒരു വീക്ക് പോയിന്റായതിനാലും, ഗർഭാവസ്ഥയിൽ യൂട്രസ് വലുതായി ഈ ഭാഗത്ത് സമ്മർദ്ദം കൂടുന്നതിനാലും പ്രസവശേഷം സ്ത്രീകളിൽ ഇത് കണ്ടുവരുന്നു.
വർഷങ്ങളായി ഹെർണിയ ഉള്ള ആളുകൾക്ക് പെട്ടെന്ന് താഴെ പറയുന്ന ലക്ഷണങ്ങൾ ഉണ്ടായാൽ അത് ഒബ്സ്ട്രക്ടഡ് അല്ലെങ്കിൽ സ്ട്രാങ്ഗുലേറ്റഡ് ഹെർണിയയുടെ ലക്ഷണമാകാം:
ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ അടിയന്തര ശസ്ത്രക്രിയാ സഹായം ലഭ്യമാക്കണം.
Dr. Sunil Mathew is a skilled General and Laparoscopic Surgeon with extensive experience in managing both routine and complex surgical conditions. He holds MBBS and MS in General Surgery and has served as an Assistant Professor at Sri Devaraj Urs Medical College.