വേനൽക്കാലത്ത് കഠിനമായ ചൂടും അമിതമായ വിയർപ്പും കാരണം പലവിധത്തിലുള്ള ചർമ്മരോഗങ്ങൾ (Skin Diseases) വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ സമയത്ത് ആളുകളിൽ കണ്ടുവരുന്ന പ്രധാന ചർമ്മരോഗങ്ങളെക്കുറിച്ചും അവയുടെ പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ഡെർമറ്റോളജിസ്റ്റ്
ഡോക്ടർ ശ്രീഷ്മ വർഗീസ് വിശദീകരിക്കുന്നു.
വേനൽക്കാലത്ത് കണ്ടുവരുന്ന പ്രധാന ചർമ്മരോഗങ്ങൾ
ചൂടുകാലത്ത് ഡെർമറ്റോളജി ഒപിഡിയിൽ എത്തുന്ന ഭൂരിഭാഗം രോഗികളും താഴെ പറയുന്ന ബുദ്ധിമുട്ടുകളുമായാണ് വരുന്നത്:
ഫംഗൽ ഇൻഫെക്ഷനുകൾ (Fungal Infections): റിംഗ് വേം അഥവാ വട്ടച്ചൊറി, നഖങ്ങളെ ബാധിക്കുന്ന ഫംഗൽ ഇൻഫെക്ഷൻ, പൂപ്പൽ ബാധ, ചൊണങ്ങ് എന്നിവ ഈ സമയത്ത് വളരെ കൂടുതലായി കാണപ്പെടുന്നു.
സൂര്യപ്രകാശം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ: വെയിലിനോടുള്ള അലർജി, ചർമ്മം കരിവാളിക്കൽ (Sun Tan), സൺബേൺ (Sunburn), കരിമംഗല്യം (Melasma) എന്നിവ സൂര്യപ്രകാശം ഏൽക്കുന്നത് വഴി വർദ്ധിക്കുന്നു. ഫോട്ടോ സെൻസിറ്റീവ് ആയ മരുന്നുകൾ കഴിക്കുന്നവരിലും വെയിൽ അടിക്കുമ്പോൾ അലർജി കൂടാറുണ്ട്.
ഡ്രൈ & ഇറിറ്റേറ്റഡ് സ്കിൻ: ചർമ്മം വരണ്ടുപോവുകയും ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യുക, അതോടൊപ്പം എക്സീമ (Eczema) പോലുള്ള രോഗങ്ങൾ കൂടുക.
മുഖക്കുരുവും താരനും: അമിതമായി വിയർക്കുന്നത് കാരണം ചർമ്മത്തിലെ എണ്ണഗ്രന്ഥികൾ (Oil glands) അടഞ്ഞുപോവുകയും (Clogged) മുഖക്കുരു കൂടുകയും ചെയ്യുന്നു. ഇതിനൊപ്പം തലയിൽ താരനും (Dandruff) വർദ്ധിക്കാറുണ്ട്.
റിംഗ് വേം അഥവാ വട്ടച്ചൊറി (Ringworm)
വേനൽക്കാലത്ത് ഏറ്റവും കൂടുതൽ ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഒരു ഫംഗൽ ഇൻഫെക്ഷനാണിത്.
ആർക്കൊക്കെ വരാൻ സാധ്യത കൂടുതൽ?
- അമിതമായി വിയർക്കുന്ന ശരീരപ്രകൃതിയുള്ളവർ.
- വെയിലത്തും പുറത്തും കഠിനമായി ജോലി ചെയ്യുന്നവർ.
- ഒരുപാട് യാത്ര ചെയ്യുന്നവർ (ഇവർക്ക് കൃത്യസമയത്ത് ശരീരം വൃത്തിയാക്കാൻ/Cleansing സമയം കിട്ടാറില്ല).
- സ്വയം വൃത്തിയായി സൂക്ഷിക്കാൻ ബുദ്ധിമുട്ടുന്ന ചെറിയ കുട്ടികളും കിടപ്പുരോഗികളും.
ശ്രദ്ധിക്കുക: റിംഗ് വേം ഒരു പകർച്ചവ്യാധിയാണ് (Contagious). രോഗബാധിതരായ വ്യക്തികളുടെ തോർത്ത്, വസ്ത്രങ്ങൾ എന്നിവ ഷെയർ ചെയ്യുന്നതിലൂടെ ഇത് മറ്റുള്ളവരിലേക്ക് വളരെ വേഗം പകരും.
ശരീരത്തിൽ എവിടെയൊക്കെ വരാം?
പ്രധാനമായും ഈർപ്പം തങ്ങിനിൽക്കുന്ന ഭാഗങ്ങളായ കക്ഷം, തുടയിടുക്കുകൾ, സ്തനങ്ങൾക്കടിയിൽ, വയറ് തൂങ്ങിനിൽക്കുന്നവരുടെ ആ ഭാഗത്തെ മടക്കുകൾ എന്നിവടങ്ങളിലാണ് ഇത് വരാൻ സാധ്യത. എന്നാൽ വസ്ത്രങ്ങൾ വഴി പകരുന്നതിനാൽ തല മുതൽ കാൽ വരെ ശരീരത്തിൽ എവിടെ വേണമെങ്കിലും ഇത് വരാം.
ലക്ഷണങ്ങൾ
അസഹനീയമായ ചൊറിച്ചിലുണ്ടാകും. മോതിരത്തിന്റെ ആകൃതിയിൽ (Ring shape) ചുവന്നതോ കറുത്തതോ ആയ തടിച്ച പാടുകളായിട്ടാണ് ഇത് ചർമ്മത്തിൽ പ്രത്യക്ഷപ്പെടുന്നത്.
വട്ടച്ചൊറിയും സ്റ്റിറോയ്ഡ് അബ്യൂസും (Steroid Abuse)
വട്ടച്ചൊറി ഉള്ളവർ സ്വയം ചികിത്സ പൂർണ്ണമായും ഒഴിവാക്കി ഒരു ഡെർമറ്റോളജിസ്റ്റിനെ തന്നെ കാണേണ്ടതാണ്. പല രോഗികളും മെഡിക്കൽ ഷോപ്പുകളിൽ നിന്ന് നേരിട്ടോ മറ്റ് രോഗികളുടെ ക്രീമുകൾ വാങ്ങിയോ ഉപയോഗിക്കാറുണ്ട്. ഇവയിൽ അടങ്ങിയിരിക്കുന്ന കടുപ്പമേറിയ സ്റ്റിറോയ്ഡുകൾ (Steroid Creams) താൽക്കാലികമായി ചൊറിച്ചിൽ മാറ്റുമെങ്കിലും, ഫംഗസ് ശരീരത്തിൽ കൂടുതൽ വളരാനും സ്കിൻ പൂർണ്ണമായി ഡാമേജ് ആകാനും കാരണമാകും.
ഡോക്ടറുടെ മേൽനോട്ടത്തിൽ കഠിനമായ ചൊറിച്ചിൽ മാറ്റാൻ 3 മുതൽ 5 ദിവസം വരെ മാത്രമേ സ്റ്റിറോയ്ഡ് ക്രീമുകൾ നൽകാൻ പാടുള്ളൂ. തുടയിടുക്ക്, കക്ഷം പോലുള്ള മൃദുവായ ചർമ്മങ്ങളിൽ ഡോക്ടറുടെ നിർദ്ദേശമില്ലാതെ സ്റ്റിറോയ്ഡ് ഉപയോഗിക്കുന്നത് ഗുരുതരമായ ചർമ്മ പ്രശ്നങ്ങളുണ്ടാക്കും.
വട്ടച്ചൊറി വരാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകൾ
വ്യക്തിശുചിത്വം: ശരീരം എപ്പോഴും റെഗുലറായി കഴുകി വൃത്തിയാക്കുക, പ്രത്യേകിച്ച് മടക്കുകളുള്ള ഭാഗങ്ങൾ നന്നായി ഉണക്കി സൂക്ഷിക്കുക.
വസ്ത്രധാരണം: ജീൻസ് പോലെയുള്ള കട്ടിയുള്ള വസ്ത്രങ്ങൾ ഫംഗസ് വളരാൻ കാരണമാകും. അതിനാൽ വേനൽക്കാലത്ത് നല്ല ലൂസ് ആയ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. സ്ത്രീകൾക്ക് നൈറ്റിയും പുരുഷന്മാർക്ക് മുണ്ടും പോലുള്ള ലൂസ് ഫിറ്റിംഗ് വസ്ത്രങ്ങളാണ് ഉത്തമം. വീട്ടിൽ ഇരിക്കുമ്പോൾ അണ്ടർവെയറുകൾ പരമാവധി ഒഴിവാക്കുക.
വസ്ത്രങ്ങൾ പങ്കുവെക്കരുത്: തോർത്ത്, സോപ്പ്, ചകിരി, വസ്ത്രങ്ങൾ എന്നിവ മറ്റുള്ളവരുമായി ഒന്നിച്ച് ഉപയോഗിക്കരുത് (ഹോസ്റ്റലുകളിലും കുടുംബങ്ങളിലും ഇത് പ്രത്യേകം ശ്രദ്ധിക്കുക).
വസ്ത്രങ്ങൾ പുഴുങ്ങി അലക്കുക: ചികിത്സ കഴിയുന്നത് വരെ തോർത്തും അടിവസ്ത്രങ്ങളും ഉൾപ്പെടെ എല്ലാ തുണികളും സോപ്പ് വെള്ളത്തിൽ ചുരുങ്ങിയത് അരമണിക്കൂർ തിളപ്പിച്ച് (പുഴുങ്ങി) വെയിലത്തിട്ട് ഉണക്കുക. പുഴുങ്ങാൻ പറ്റാത്ത തുണികൾ തിരിച്ചിട്ട്, പ്രത്യേകിച്ച് തുന്നലുകൾ വരുന്ന ഭാഗം നല്ല ചൂടിൽ ഇസ്തിരിയിട്ട് ഉപയോഗിക്കുക.
നഖത്തിലെ ഫംഗൽ ഇൻഫെക്ഷനും പൂപ്പൽ ബാധയും
1. നഖത്തിലെ ഫംഗൽ ഇൻഫെക്ഷൻ (Nail Fungal Infection)
പലതരത്തിലുള്ള ഫംഗസുകൾ കാരണം നഖങ്ങളിൽ അണുബാധ ഉണ്ടാകാം. നഖങ്ങൾ വെളുത്തതോ, മഞ്ഞയോ, കറുത്തോ ആയ നിറങ്ങളിൽ കാണപ്പെടുക, നഖം അതിന്റെ അടിത്തട്ടിൽ (Nail bed) നിന്നും അടർന്നുപോരുക എന്നിവയാണ് ലക്ഷണങ്ങൾ. വേനൽക്കാലത്ത് ഇടയ്ക്കിടയ്ക്ക് കുളിക്കുകയും കൈകാലുകളിൽ ഈർപ്പം നിൽക്കുകയും ചെയ്യുമ്പോൾ ഇത് കൂടുന്നു. കൂടാതെ വിട്ടുമാറാതെ പാത്രം കഴുകുകയോ തുണി അലക്കുകയോ ചെയ്യുന്നവരിലും സോപ്പ് അടിഞ്ഞ് കൂടി ഈ ഇൻഫെക്ഷൻ വരാം.
പരിഹാരം: കുളി കഴിഞ്ഞാൽ നഖങ്ങൾക്കിടയിലെ വെള്ളം നന്നായി ഒപ്പി തുടയ്ക്കുക. നനയുന്ന ജോലികൾ ഇടയ്ക്കിടയ്ക്ക് ചെയ്യാതെ എല്ലാം ഒരുമിച്ച് തീർത്ത് കൈകൾ എപ്പോഴും വരണ്ടതായി സൂക്ഷിക്കുക.
2. പൂപ്പൽ ബാധ
ഇതും ഒരുതരം ഫംഗൽ ഇൻഫെക്ഷനാണ്. ചർമ്മത്തിന്റെ ഇടുക്കുകളിൽ ചുവന്ന നിറത്തിലോ വെളുത്ത പൊടി പോലെയോ ഇത് കാണപ്പെടുന്നു. കൈവിരലുകളുടെയും കാൽവിരലുകളുടെയും ഇടയിലാണ് ഇത് പ്രധാനമായും വരുന്നത്.
പരിഹാരം: കുളിച്ച ശേഷം വിരലിന്റെ ഇടകൾ ഫാനിന്റെ ചുവട്ടിൽ നിൽക്കെയോ നന്നായി തുടച്ചോ ഉണക്കുക. വിരലുകൾ തമ്മിൽ ഒട്ടിയിരുന്ന് ഈർപ്പം ഉണ്ടാകാതിരിക്കാൻ കോട്ടൺ മുണ്ടിന്റെ കഷ്ണം നീളത്തിൽ മുറിച്ച് വിരലുകൾക്കിടയിൽ സിഗ്സാഗ് (Zig-zag) രീതിയിൽ വെക്കുന്നത് വിരലുകൾ അകന്നിരിക്കാനും മുറിവുകൾ വേഗം ഉണങ്ങാനും സഹായിക്കും.
Dr. Sreeshma Varghese is an Associate Consultant Dermatologist at Baby Memorial Hospital, Thodupuzha, with expertise in diagnosing and managing a wide range of skin, hair, and nail disorders.