• English
  • عربي / Arabic
  • മലയാളം / Malayalam

ശബ്ദം അടയുന്നതും പരുക്കനാകുന്നതും എപ്പോൾ പരിശോധിക്കണം? കാരണങ്ങളും ചികിത്സയും

27 August 2026
ശബ്ദത്തിൽ അനുഭവപ്പെടുന്ന വ്യത്യാസം സാധാരണയായി പരുക്കനായോ അടഞ്ഞ രീതിയിലോ ആണ് പ്രകടമാകുന്നത്. സാധാരണയായി കാണപ്പെടുന്ന തൊണ്ടയിലെ ഇൻഫെക്ഷൻ മുതൽ മറ്റ് പല ഘടകങ്ങൾ വരെ ശബ്ദവ്യത്യാസത്തിന് കാരണമാകാറുണ്ട്. എങ്കിലും, തുടർച്ചയായി നീണ്ടുനിൽക്കുന്ന ശബ്ദവ്യത്യാസങ്ങളെ കൃത്യസമയത്ത് കണ്ടെത്തി ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്. ശബ്ദവ്യത്യാസത്തിന് പിന്നിലെ പ്രധാന കാരണങ്ങളെക്കുറിച്ചും, ആവശ്യമായ പരിശോധനകളെക്കുറിച്ചും, കൃത്യമായ ചികിത്സാരീതികളെക്കുറിച്ചും കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ നവ കാൻസർ ഇന്‍സ്റ്റിറ്റിയൂട്ട്‌
 ഹെഡ് ആൻഡ് നെക്ക് ഓങ്കോ സർജൻ ഡോ. വീണ ബി. ഗംഗ പങ്കുവെക്കുന്നു

ശബ്ദവ്യത്യാസത്തിന്റെ പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്? 


ശബ്ദവ്യത്യാസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം സാധാരണ വൈറൽ പനിയുടെ ഭാഗമായി ഉണ്ടാകുന്ന തൊണ്ടയിലെ അണുബാധയാണ്. ഇതിനെ 'വൈറൽ ലാറിൻജൈറ്റിസ്' (Viral Laryngitis) എന്ന് വിളിക്കുന്നു.
അധ്യാപകർ , ഗായകർ തുടങ്ങി തൊഴിൽപരമായി ശബ്ദം കൂടുതൽ ഉപയോഗിക്കുന്നവരിലും, ഉയർന്ന ശബ്ദത്തിൽ സംസാരിക്കുന്നവരിലും ശബ്ദത്തിന്റെ മിസ്‌യൂസ് (Misuse) അല്ലെങ്കിൽ അബ്യൂസ് (Abuse) കാരണം ശബ്ദവ്യത്യാസം ഉണ്ടാകാം. ഇത്തരം സാഹചര്യങ്ങളിൽ എൻഡോസ്കോപ്പി പരിശോധനയിലൂടെ വോക്കൽ കോഡ് സിസ്റ്റ് , പോളിപ്പ് (Polyp) തുടങ്ങിയ ക്യാൻസർ അല്ലാത്ത ചില വ്യത്യാസങ്ങൾ കണ്ടെത്താൻ സാധിക്കും.

ശബ്ദവ്യത്യാസം എപ്പോഴാണ് ക്യാൻസർ ലക്ഷണമാകുന്നത്?


നൂറിൽ ഏകദേശം മൂന്ന് ശതമാനം ആളുകളിൽ ശബ്ദവ്യത്യാസം ക്യാൻസറിന്റെ പ്രാരംഭ ലക്ഷണമായി വരാറുണ്ട്. ഇത് പ്രധാനമായും പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങളുള്ളവരിലാണ് കൂടുതലായി കണ്ടുവരുന്നത്. ഇത്തരം ആളുകളിൽ ലാരിൻജൈറ്റിസ് പോലുള്ള ചികിത്സകൾ നൽകിയാലും ശബ്ദവ്യത്യാസം മാറാതെ തുടരാം.


ശബ്ദവ്യത്യാസം എത്ര നാൾ നീണ്ടുനിന്നാൽ പരിശോധിക്കണം? 


ശബ്ദത്തിലുണ്ടാകുന്ന മാറ്റം നാലാഴ്ചയിലോ ഒരു മാസത്തിലോ കൂടുതൽ നീണ്ടുനിൽക്കുകയാണെങ്കിൽ (Persistent voice change) കൃത്യമായ പരിശോധനകൾ നടത്തേണ്ടതാണ്.

രോഗനിർണ്ണയത്തിനായി എന്തൊക്കെ പരിശോധനകളാണ് ചെയ്യുന്നത്? 


എൻഡോസ്കോപ്പി (Endoscopy): ഉള്ളിലേക്ക് ലൈറ്റ് വെച്ച് നോക്കുന്ന എൻഡോസ്കോപ്പി ടെസ്റ്റാണ് ആദ്യ ഘട്ട പരിശോധനയായി ചെയ്യുന്നത്. ഇതിലൂടെ വോക്കൽ കോഡിലെ മാറ്റങ്ങൾ ആദ്യമേ കണ്ടെത്താൻ സാധിക്കും.

ബയോപ്സിയും സ്കാനിങ്ങും: പരിശോധനയിൽ ക്യാൻസർ സംശയിക്കുകയാണെങ്കിൽ തുടർപരിശോധനകളായി ബയോപ്സിയും സ്കാനിങ്ങും ആവശ്യമായി വരും.

വോക്കൽ കോഡിൽ ഉണ്ടാകുന്ന പല ക്യാൻസറുകൾക്കും പ്രാരംഭ മുന്നറിയിപ്പ് ശബ്ദത്തിലുണ്ടാകുന്ന മാറ്റമാണ്. നേരത്തെ തന്നെ കണ്ടെത്തുകയാണെങ്കിൽ ഫസ്റ്റ് സ്റ്റേജിലോ സെക്കൻഡ് സ്റ്റേജിലോ രോഗനിർണ്ണയം നടത്താൻ സാധിക്കും. പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തുന്ന ഇത്തരം രോഗങ്ങൾ ചികിത്സയോട് മികച്ച രീതിയിൽ പ്രതികരിക്കാറുണ്ട്.

ഇതിന്റെ ചികിത്സാരീതികൾ എങ്ങനെയൊക്കെയാണ്? 


ക്യാൻസർ ഏത് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത് എന്നതനുസരിച്ചാണ് ചികിത്സ തീരുമാനിക്കുന്നത്. തുടക്ക ഘട്ടങ്ങളിൽ ഒരു സിംഗിൾ മൊഡാലിറ്റി ചികിത്സയിലൂടെ- അതായത് സർജറി അല്ലെങ്കിൽ റേഡിയോതെറാപ്പിയിലൂടെ രോഗം പൂർണ്ണമായി ഭേദമാക്കാൻ സാധിക്കും. അതിനാൽ, സാധാരണ ചികിത്സയിലൂടെ മാറാതിരിക്കുന്ന തുടർച്ചയായ ശബ്ദവ്യത്യാസങ്ങൾ അവഗണിക്കാതെ അതിന്റെ യഥാർത്ഥ കാരണം കൃത്യമായി കണ്ടെത്തേണ്ടതുണ്ട്.

Dr. Veena B Ganga is an Associate Consultant specializing in Head and Neck Surgical Oncology. She brings extensive expertise in complex oncologic surgeries of the head and neck region, combining precision surgical skills with advanced reconstructive techniques

Share this video: