ആമാശയ ക്യാൻസർ (Gastric Cancer): വയറെരിച്ചിൽ അവഗണിക്കരുത്! ലക്ഷണങ്ങളും കാരണങ്ങളും

26 November 2026
വയറരിച്ചിലും പുളിച്ചുതികട്ടലും പലപ്പോഴും സാധാരണയായി  കാണുന്ന ആരോഗ്യപ്രശ്നങ്ങളാണ്. അതുകൊണ്ടുതന്നെ മിക്കപ്പോഴും അവഗണിക്കുകയോ അല്ലെങ്കിൽ  ഗ്യാസിന്റെ മരുന്നുകൾ കഴിച്ച്  ഇത് താൽക്കാലികമായി മാറ്റാൻ ശ്രമിക്കാറോ ചെയ്യുകയാണ് പലരുടെയും രീതി. എന്നാൽ രണ്ടാഴ്ചയിലധികം മരുന്നുകൾ കഴിച്ചിട്ടും മാറാത്ത വയറരിച്ചിൽ ചിലപ്പോൾ ആമാശയ ക്യാൻസറിന്റെ (Stomach Cancer) തുടക്ക ലക്ഷണമായേക്കാം.

രോഗലക്ഷണങ്ങൾ തുടക്കത്തിലേ തിരിച്ചറിയുന്നതും, ഡോക്ടർ നിർദ്ദേശിക്കുന്ന സമയത്ത് എൻഡോസ്കോപ്പി  നടത്തുന്നതും രോഗം ഗുരുതരമാകുന്നത് തടയാൻ സഹായിക്കും. ആമാശയ ക്യാൻസറിന്റെ ലക്ഷണങ്ങൾ, വയറിലെ അൾസറും എച്ച്. പൈലോറി അണുബാധയും ക്യാൻസറിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ, ഭക്ഷണരീതിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ച് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി നവ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ ഓങ്കോളജി കണ്‍സള്‍ട്ടന്റ്‌ ഡോ. നിതിൻ രാജ്  വിശദീകരിക്കുന്നു.

 എന്താണ് ആമാശയ ക്യാൻസർ (Gastric Cancer / Stomach Cancer)?

നമ്മുടെ ആമാശയത്തിലെ (Stomach) കോശങ്ങൾക്ക് അസാധാരണവും അനിയന്ത്രിതവുമായ വളർച്ചയ്ക്കുള്ള ശേഷി ലഭിക്കുമ്പോഴാണ് ആമാശയ ക്യാൻസർ ഉണ്ടാകുന്നത്. ഈ കോശങ്ങൾ ആമാശയത്തിന്റെ ഉള്ളിലേക്കോ പുറത്തേക്കോ മതിലുകളിലൂടെയോ വളരാം. കൂടാതെ കരൾ , ശ്വാസകോശം , ഉദരത്തിനുള്ളിലെ മറ്റ് ഭാഗങ്ങൾ (Abdominal cavity) എന്നിവിടങ്ങളിലേക്ക് പടരാനും  ഇവയ്ക്ക് സാധ്യതയുണ്ട്.


 ആമാശയ ക്യാൻസറിന്റെ പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണ്?

പലപ്പോഴും സാധാരണ ഗ്യാസ്ട്രൈറ്റിസ് (Gastritis) അല്ലെങ്കിൽ അൾസർ ആണെന്ന് കരുതി രോഗലക്ഷണങ്ങൾ അവഗണിക്കുന്നതാണ് രോഗനിർണ്ണയം വൈകാൻ കാരണമാകുന്നത്. താഴെ പറയുന്ന ലക്ഷണങ്ങൾ ശ്രദ്ധിക്കണം:

  • വിട്ടുമാറാത്ത വയറരിച്ചിലും പുളിച്ചുതികട്ടലും.
  • വയറുവേദന.
  • അല്പം ഭക്ഷണം കഴിക്കുമ്പോൾ തന്നെ വേഗത്തിൽ വയർ നിറഞ്ഞതുപോലെ തോന്നുക (Early satiety).
  • മലത്തിലൂടെ രക്തം പോകുക, അല്ലെങ്കിൽ കറുത്ത നിറത്തിൽ മലം പോകുക.
  • രക്തം ഛർദ്ദിക്കുക.
  • അകാരണമായി ശരീരഭാരം കുറയുക 
  • അമിതമായ രക്തക്കുറവ് (Anemia).

വയറരിച്ചിൽ എപ്പോഴാണ് ഗൗരവമായി എടുക്കേണ്ടത്? എൻഡോസ്കോപ്പി എന്തിനാണ്?

വയറരിച്ചിൽ വരുമ്പോൾ സാധാരണ മരുന്നുകൾ രണ്ടാഴ്ച കഴിച്ചു നോക്കിയിട്ടും കുറയുന്നില്ലെങ്കിൽ നിർബന്ധമായും ഒരു ഗ്യാസ്ട്രോഎൻട്രോളജിസ്റ്റിനെ  കാണിക്കണം.

എൻഡോസ്കോപ്പി (Endoscopy): "ആവശ്യമില്ലാതെ കുഴലിറക്കി പരിശോധിക്കുന്നു" എന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്. എന്നാൽ വയറിനുള്ളിലെ അൾസറുകളും മുഴകളും കൃത്യമായി കണ്ടെത്താനുള്ള ഏറ്റവും പ്രധാന മാർഗ്ഗമാണ് എൻഡോസ്കോപ്പി. ചികിത്സിക്കാതെ വിടുന്ന അൾസറുകൾ ഭാവിയിൽ ക്യാൻസറായി മാറാൻ സാധ്യതയുണ്ട്.

ബയോപ്സി (Biopsy): എൻഡോസ്കോപ്പി സമയത്ത് വയറിനുള്ളിൽ മുഴയോ അൾസറോ കണ്ടാൽ അപ്പോൾത്തന്നെ ബയോപ്സി പരിശോധനയ്ക്ക് അയക്കും. ഈ റിപ്പോർട്ടിലൂടെയാണ് ക്യാൻസർ സ്ഥിരീകരിക്കുന്നത്.


ആമാശയ ക്യാൻസറിൽ ഏറ്റവും സാധാരണമായി കാണപ്പെടുന്നത് അഡിനോകാർസിനോമ (Adenocarcinoma) ആണ്. ഇതിനുപുറമെ ലിംഫോമ (Lymphoma), ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ സ്ട്രോമൽ ട്യൂമർ (GIST) എന്നിവയും ഉണ്ടാകാം.

ആമാശയ ക്യാൻസറിനുള്ള പ്രധാന കാരണങ്ങളും റിസ്ക് ഫാക്ടറുകളും എന്തൊക്കെയാണ്?

ലോകാരോഗ്യ സംഘടനയുടെയും (WHO) മയോ ക്ലിനിക്കിന്റെയും പഠനങ്ങൾ പ്രകാരം താഴെ പറയുന്നവയാണ് പ്രധാന റിസ്ക് ഘടകങ്ങൾ:

എച്ച്. പൈലോറി അണുബാധ (Helicobacter pylori): ആമാശയ ക്യാൻസറിനുള്ള ഏറ്റവും പ്രധാന കാരണമാണിത്. ഈ ബാക്ടീരിയ വയറിനുള്ളിൽ ദീർഘകാലം നിലനിന്ന് നീർക്കെട്ടും അൾസറും ഉണ്ടാക്കുകയും പിന്നീട് ക്യാൻസറായി മാറുകയും ചെയ്യാം. എന്നാൽ ഇത് നേരത്തെ കണ്ടെത്തിയാൽ 14 ദിവസത്തെ മരുന്നിലൂടെ പൂർണ്ണമായി ഭേദമാക്കാനും ക്യാൻസർ തടയാനും സാധിക്കും.

മദ്യപാനവും പുകവലിയും: അമിതമായ മദ്യപാനവും പുകവലിയും ക്യാൻസർ സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുന്നു.

ഭക്ഷണരീതി: പഴങ്ങളും പച്ചക്കറികളും കുറച്ച് കഴിക്കുന്നത്, അമിതമായി ഉപ്പിട്ട ഭക്ഷണങ്ങൾ (Salted foods), പുളിപ്പിച്ചതും ഉപ്പിട്ടതുമായ ഭക്ഷണങ്ങൾ (Fermented salted foods) എന്നിവയുടെ അമിത ഉപയോഗം.

അമിതവണ്ണം (Obesity): അമിതശരീരഭാരമുള്ളവരിൽ ആമാശയ ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണ്.

ശ്രദ്ധിക്കാൻ: അൾസറിനും എച്ച്. പൈലോറി അണുബാധയ്ക്കും ചികിത്സ എടുത്ത ശേഷവും രോഗലക്ഷണങ്ങൾ തുടരുന്നുണ്ടെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഫോളോ-അപ്പ് എൻഡോസ്കോപ്പി (1-2 വർഷത്തിന് ശേഷം) ചെയ്യുന്നത് സുരക്ഷിതമാണ്.

Dr. Nithin Raj is a Consultant in Medical Oncology at Baby Memorial Hospital, Calicut, with expertise in both adult and paediatric oncology

Share this video: