മെലിഞ്ഞവരിലും കൊളസ്ട്രോൾ വില്ലനാകുമോ? ലക്ഷണങ്ങളില്ലാതെ ഹാർട്ട് അറ്റാക്ക് വരുന്നത് എങ്ങനെ?

05 November 2026
നമ്മുടെ ശരീരത്തിലെ കോശങ്ങൾക്ക് അത്യാവശ്യമായ ഒരു ഘടകവും ഹോർമോണുകളുടെ നിർമ്മാണത്തിനും പ്രവർത്തനത്തിനും അത്യന്താപേക്ഷിതമായ ഒന്നാണ് കൊളസ്ട്രോൾ. അതിനാൽ കൊളസ്ട്രോളിനെ ഭയത്തോടെ സമീപിക്കേണ്ടതില്ല; മറിച്ച് അതിന്റെ അളവ് ശരീരത്തിൽ അമിതമാകുമ്പോഴാണ് അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നത്. ഇന്ന് ടോട്ടൽ കൊളസ്ട്രോളിനേക്കാൾ ചികിത്സാ തീരുമാനങ്ങളിൽ പ്രസക്തമാകുന്നത് മോശം കൊളസ്ട്രോളായ എൽ.ഡി.എൽ (LDL) ആണ്. എൽ.ഡി.എൽ അമിതമായി രക്തധമനികളിൽ അടിഞ്ഞുകൂടി ബ്ലോക്കുകൾ ഉണ്ടാവുകയും, അതിൽ രക്തം കട്ടപിടിക്കുകയും ചെയ്യുമ്പോഴാണ് ഹൃദയാഘാതം (Heart attack) പോലുള്ള അവസ്ഥകൾ ഉണ്ടാകുന്നത്.
 വ്യായാമം ചെയ്യുന്നവരിലോ, അമിതവണ്ണമില്ലാത്ത മെലിഞ്ഞവരിലോ പോലും ജനിതക കാരണങ്ങളാൽ കൊളസ്ട്രോൾ ഉയർന്ന അളവിൽ കാണപ്പെടാം. ലിപ്പിഡ് പ്രൊഫൈൽ പരിശോധന, ഫാസ്റ്റിംഗ് വേണമോ എന്ന സംശയം, പരിശോധിക്കേണ്ട പ്രായം, എച്ച്.ഡി.എൽ (HDL) – ട്രൈഗ്ലിസറൈഡ് എന്നിവയുടെ വ്യത്യാസങ്ങൾഎന്നിവയെക്കുറിച്ച് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ കാർഡിയോളജി വിഭാഗം സീനിയർ കണ്‍സള്‍ട്ടന്റ്
ഡോ. രാജേഷ് മുരളീധരൻ വിശദീകരിക്കുന്നു.

എന്താണ് കൊളസ്ട്രോൾ? ഇത് ശരീരത്തിന് ഹാനികരമാണോ?


കൊളസ്ട്രോൾ ഭയപ്പെടേണ്ട ഒരു വസ്തുവല്ല. നമ്മുടെ ശരീരത്തിലെ കോശങ്ങൾക്ക് അത്യാവശ്യമുള്ള ഒരു ഘടകവും, ശരീരത്തിലെ ഹോർമോണുകളുടെ പ്രവർത്തനത്തിനും നിർമ്മാണത്തിനും വേണ്ടി അത്യാവശ്യമായിട്ടുള്ള ഒരു ഭാഗവുമാണിത്. എന്നാൽ കൊളസ്ട്രോളിന്റെ അളവ് അമിതമാകുമ്പോഴാണ് അത് ശരീരത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്.

കൊളസ്ട്രോൾ എത്ര തരമുണ്ട്? എൽ.ഡി.എൽ വില്ലനാകുന്നത് എന്തുകൊണ്ട്?

മൊത്തത്തിലുള്ള കൊളസ്ട്രോളിന്റെ അളവ് കാണിക്കുന്ന ടോട്ടൽ കൊളസ്ട്രോളിന് ഇന്നത്തെ ചികിത്സാ രീതികളിൽ പ്രസക്തിയില്ല. നമ്മുടെ ചികിത്സാ തീരുമാനങ്ങൾ എടുക്കുന്നത് പ്രധാനമായും എൽ.ഡി.എൽ കൊളസ്ട്രോളിനെ അടിസ്ഥാനമാക്കിയാണ്:

എൽ.ഡി.എൽ കൊളസ്ട്രോൾ (LDL - മോശം കൊളസ്ട്രോൾ): ഇതാണ് പ്രധാന വില്ലൻ. അമിതമായി നിൽക്കുന്ന എൽ.ഡി.എൽ കൊളസ്ട്രോൾ രക്തധമനികളിൽ അടിഞ്ഞുകൂടുകയും ബ്ലോക്കുകൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഈ ബ്ലോക്ക് പരിധി വിടുകയോ, ബ്ലോക്കിന്റെ സ്വഭാവം മാറി അതിന് മുകളിൽ രക്തക്കട്ട പിടിക്കുകയോ ചെയ്യുമ്പോഴാണ് ഹാർട്ട് അറ്റാക്ക് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്.

എച്ച്.ഡി.എൽ കൊളസ്ട്രോൾ (HDL - നല്ല കൊളസ്ട്രോൾ): ശരീരത്തിന്റെ ബാക്കി അവയവങ്ങളിൽ നിന്ന് കൊളസ്ട്രോൾ വലിച്ച് ലിവറിലേക്ക് എത്തിക്കുകയും, അവിടെ വെച്ച് അത് പൊടിച്ച് വിസർജ്ജ്യത്തിലൂടെയും മറ്റും പുറന്തള്ളുകയും ചെയ്യുന്നു.

ട്രൈഗ്ലിസറൈഡ് (Triglyceride): ഇതൊരുതരം കൊഴുപ്പിന്റെ ഘടകമാണ്. അമിതവണ്ണം, മദ്യപാനം, നിയന്ത്രണമില്ലാത്ത ഷുഗർ ലെവൽ ഉള്ളവരിലും വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നവരിലും ഇത് കൂടുതലായി കാണപ്പെടുന്നു.

കൊളസ്ട്രോൾ പരിശോധനയ്ക്ക് ഫാസ്റ്റിംഗ് നിർബന്ധമാണോ?

പുതിയ ശാസ്ത്രീയ രീതി അനുസരിച്ച് കൊളസ്ട്രോൾ പരിശോധിക്കുന്നതിന് ഫാസ്റ്റിംഗ് (8 മുതൽ 10 മണിക്കൂർ വരെ ഭക്ഷണം കഴിക്കാതിരിക്കുന്ന അവസ്ഥ) നിർബന്ധമില്ല. ഭക്ഷണം കഴിച്ചതിനുശേഷം എടുക്കുന്ന ബ്ലഡ് സാമ്പിളിലെ കൊളസ്ട്രോൾ അളവ് ഫാസ്റ്റിങ്ങുമായി താരതമ്യം ചെയ്യുമ്പോൾ വലിയ വ്യത്യാസങ്ങൾ കാണാറില്ല.

എന്നാൽ ഭക്ഷണം കഴിഞ്ഞ് പരിശോധിക്കുമ്പോൾ ട്രൈഗ്ലിസറൈഡ് എന്ന ഘടകം ചിലപ്പോൾ കൂടി നിൽക്കാൻ സാധ്യതയുണ്ട്.

ട്രൈഗ്ലിസറൈഡ് ക്രമാതീതമായി കൂടി നിൽക്കുകയാണെങ്കിൽ മാത്രം ഫാസ്റ്റിങ്ങിൽ ഒരിക്കൽ കൂടി പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്.

ടോട്ടൽ കൊളസ്ട്രോൾ മാത്രം നോക്കിയാൽ മതിയോ? എന്താണ് ലിപ്പിഡ് പ്രൊഫൈൽ?


കൊളസ്ട്രോൾ ചെക്ക് ചെയ്യുമ്പോൾ ടോട്ടൽ കൊളസ്ട്രോൾ മാത്രം നോക്കുന്നതിൽ അർത്ഥമില്ല. ലിപ്പിഡ് പ്രൊഫൈൽ (Lipid Profile) തന്നെ പരിശോധിക്കണം. ഇതിലൂടെ ടോട്ടൽ കൊളസ്ട്രോൾ, നല്ല കൊളസ്ട്രോളായ എച്ച്.ഡി.എൽ, മോശം കൊളസ്ട്രോളായ എൽ.ഡി.എൽ, കൊഴുപ്പിന്റെ അംശമായ ട്രൈഗ്ലിസറൈഡ് എന്നിവ വെവ്വേറെ വേർതിരിച്ച് അറിയാൻ സാധിക്കും.

കൊളസ്ട്രോൾ ആദ്യമായി എപ്പോൾ പരിശോധിക്കണം? എത്ര ഇടവേളകളിൽ ആവർത്തിക്കണം?


ആദ്യ പരിശോധന: മുതിർന്നവരിൽ ആദ്യമായി കൊളസ്ട്രോൾ പരിശോധിക്കേണ്ടത് 19 മുതൽ 20 വയസ്സിലാണ്.

തുടർപരിശോധന: ആദ്യ പരിശോധനയിൽ കുഴപ്പങ്ങളൊന്നുമില്ലെങ്കിൽ പിന്നീട് എല്ലാ 5 വർഷത്തിലും ഒരിക്കൽ (Every 5 years) വീതം പരിശോധിച്ചാൽ മതിയാകും.

40 വയസ്സിന് ശേഷം: 40 വയസ്സ് കഴിഞ്ഞാൽ വർഷത്തിലൊരിക്കൽ പരിശോധിക്കുന്നത് നല്ലതാണ്.

ഹൈ റിസ്ക് ഉള്ളവർ: പ്രമേഹം, രക്താതിമർദ്ദം (BP), വൃക്കരോഗങ്ങൾ ഉള്ളവരും പുകവലിക്കുന്നവരും വർഷത്തിൽ ഒരിക്കലോ 6 മാസത്തിൽ ഒരിക്കലോ കുറച്ചുകൂടി കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തണം.

യാതൊരു ലക്ഷണങ്ങളുമില്ലാത്തവർ കൊളസ്ട്രോൾ പരിശോധിക്കേണ്ടതുണ്ടോ?


തീർച്ചയായും പരിശോധിക്കണം. നിർഭാഗ്യവശാൽ കൊളസ്ട്രോൾ തുടക്കത്തിൽ ഒരു ബുദ്ധിമുട്ടും ലക്ഷണങ്ങളും കാണിക്കാറില്ല. ഇതൊരു 'സൈലന്റ്' അവസ്ഥയായി രക്തധമനികളിൽ അടിഞ്ഞുകൂടുകയും, ആദ്യത്തെ ബുദ്ധിമുട്ട് തന്നെ പലപ്പോഴും പക്ഷാഘാതമോ (Stroke) ഹൃദയാഘാതമോ (Heart attack) ആയി പുറത്തുവരികയുമാണ് ചെയ്യുന്നത്. പരിശോധനയിലൂടെ മാത്രമേ കൊളസ്ട്രോൾ ഉണ്ടോ എന്ന് അറിയാൻ സാധിക്കൂ.

തടിയില്ലാത്ത മെലിഞ്ഞ ആളുകൾക്കും കൊളസ്ട്രോൾ വരാൻ സാധ്യതയുണ്ടോ?


വ്യായാമം ചെയ്യുന്നതുകൊണ്ടോ തടിയില്ലാത്തതുകൊണ്ടോ കൊളസ്ട്രോൾ ഉണ്ടാകില്ലെന്ന് കരുതുന്നത് മിഥ്യാധാരണയാണ്. ശരീരഭാരവും കൊളസ്ട്രോളുമായി നേരിട്ട് ബന്ധിപ്പിക്കാൻ സാധിക്കില്ല; മെലിഞ്ഞ ആളുകളിലും കൊളസ്ട്രോൾ കാണാം. കൊളസ്ട്രോളിന്റെ അളവ് തീരുമാനിക്കുന്നതിൽ ഭക്ഷണം ഒരു ഘടകം മാത്രമാണ്. ജനിതകപരമായ (Genetic) കാരണങ്ങളാലും കൊളസ്ട്രോൾ ഉയർന്നുനിൽക്കാം.

Dr. Rajesh Muralidharan is a cardiologists in Kozhikode and a Senior Consultant in Interventional Cardiology at Baby Memorial Hospital, Calicut. with over 13 years of focused experience.

Share this video: