വിഷത്തിൽ നിന്ന് ജീവൻ രക്ഷിക്കുന്ന മരുന്നിലേക്ക്:ബോട്ടിലിനം ടോക്സിൻ എങ്ങനെയാണ് അത്ഭുതമാകുന്നത്?

24 September 2026
19-ാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിൽ കന്നുകാലികളിലും അപൂർവ്വമായി മനുഷ്യരിലും മരണത്തിന് കാരണമായ ഒരു പ്രത്യേകതരം വിഷബാധയായിരുന്നു ബോട്ടിലിനം ടോക്സിൻ വഴി ഉണ്ടായത്. പിന്നീട് ശാസ്ത്രജ്ഞനായ ഖേർണർ ഇത് ബോട്ടിലിനം ടോക്സിൻ എന്ന ബാക്ടീരിയൽ അണുബാധയിൽ നിന്നുള്ള വിഷാംശമാണെന്ന അനുമാനത്തിലെത്തി. തുടർന്ന് 1977-ൽ ആദ്യമായി സ്ക്വിന്റ് അഥവാ കോങ്കണ്ണിന്റെ ചികിത്സയ്ക്കായി മനുഷ്യരിൽ ഇത് ഉപയോഗിച്ചു തുടങ്ങി. വർഷങ്ങളോളം കോങ്കണ്ണിന് മാത്രമായി ഉപയോഗിച്ചിരുന്ന ഈ ചികിത്സ പിന്നീട് ആധുനിക വൈദ്യശാസ്ത്രത്തിലെ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കി.

ഇന്ന് ന്യൂറോളജി, കോസ്മെറ്റോളജി, ഗ്യാസ്ട്രോഎൻട്രോളജി, ഗൈനക്കോളജി, യൂറോളജി തുടങ്ങി വിവിധ മേഖലകളിൽ ബോട്ടിലിനം ടോക്സിൻ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. പേശികൾ അമിതമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന അസറ്റൈൽ കോളിന്റെ അളവ് കുറച്ച് പേശികളുടെ സങ്കോചം നിയന്ത്രിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. വിട്ടുമാറാത്ത തലവേദന, സ്ട്രോക്കിന് ശേഷമുള്ള പിടുത്തം, സെറിബ്രൽ പാൾസി, അമിതമായ വിയർപ്പ് എന്നിവയ്ക്കെല്ലാം ഇത് ഫലപ്രദമായി നൽകിവരുന്ന ബോട്ടിലിനം ടോക്സിൻ ചികിത്സയെക്കുറിച്ച് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ ന്യൂറോളജി വിഭാഗം ചീഫ് ഡോ.  ഉമ്മർ കെ വിശദീകരിക്കുന്നു. 

എന്താണ് ബോട്ടിലിനം ടോക്സിൻ? എങ്ങനെയാണ് ഇത് ചികിത്സാരീതിയായി മാറിയത്?

1800-കളിലും 1900-കളിലും കന്നുകാലികളുടെ മരണത്തിനും അപൂർവ്വമായി മനുഷ്യരുടെ മരണത്തിനും കാരണമായ വിഷബാധയെക്കുറിച്ച് ഖേർണർ എന്ന ശാസ്ത്രജ്ഞൻ നടത്തിയ പഠനങ്ങളിലൂടെയാണ് ബോട്ടിലിനം ടോക്സിൻ തിരിച്ചറിയുന്നത്. 1977-ൽ ആദ്യമായി മനുഷ്യരിൽ കോങ്കണ്ണിന് (Squint) ചികിത്സയായി ഇത് ഉപയോഗിച്ചു. തുടർന്ന് നിരവധി അസുഖങ്ങൾക്കുള്ള ഫലപ്രദമായ പ്രതിവിധിയായി ഇത് വികസിക്കുകയായിരുന്നു. ബോട്ടോക്സ് (Botox), ഡിസ്പോർട്ട് (Dysport), മയോബ്ലോക്ക് (Myobloc), സിയോമിൻ (Xeomin), നെബോട്ട (Nabota), ബിടിഎക്സ് (BTX) തുടങ്ങിയ ബ്രാൻഡുകളിൽ ഇത് ലഭ്യമാണ്.

ബോട്ടിലിനം ടോക്സിൻ ശരീരത്തിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

ഒരു പേശി അമിതമായി പ്രവർത്തിക്കുമ്പോൾ ഉത്പാദിപ്പിക്കപ്പെടുന്ന അസറ്റൈൽ കോളിൻ (Acetylcholine) എന്ന ന്യൂറോ ട്രാൻസ്മിറ്ററിന്റെ അളവ് കുറയ്ക്കുകയാണ് ഈ മരുന്ന് ചെയ്യുന്നത്. ഇതിനെ 'കീമോ ഡിനെർവേഷൻ' എന്ന് വിളിക്കുന്നു. ഇതുവഴി അമിതമായ പേശിവലിവും സങ്കോചവും കുറഞ്ഞ് സാധാരണ നിലയിലാകുന്നു. സാധാരണയായി ഇതിന്റെ ഫലം 3 മുതൽ 6 മാസം വരെ നിലനിൽക്കും. രോഗിക്ക് വീണ്ടും ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോൾ മാത്രം അടുത്ത ഇൻജക്ഷൻ എടുത്താൽ മതിയാകും; ആവർത്തിച്ച് എടുക്കുമ്പോൾ ഇതിന്റെ കാലാവധി കൂടിവരാറുമുണ്ട്.

മുഖത്തെയും കണ്ണിനെയും ബാധിക്കുന്ന പ്രശ്നങ്ങളിൽ ബോട്ടോക്സ് എങ്ങനെ സഹായിക്കുന്നു?

ബ്ലിഫറോസ്പാസം (Blepharospasm): കണ്ണ് അടഞ്ഞുപോകുകയും കൈകൊണ്ട് തുറക്കേണ്ടി വരികയും ചെയ്യുന്ന അവസ്ഥ. കണ്ണിന്റെ ഓർബിക്യുലാരിസ് ഒക്കുലൈ പേശികളിൽ ചെറിയ അളവിൽ ഇൻജക്ഷൻ നൽകി കണ്ണ് സാധാരണ നിലയിൽ തുറക്കാൻ സഹായിക്കുന്നു.

ഹെമിഫേഷ്യൽ സ്പാസം (Hemifacial spasm): മുഖത്തിന്റെ ഒരു വശത്തെ പേശികൾ കോടിപ്പോകുന്ന അവസ്ഥയ്ക്ക് ചെറിയ ഡോസ് ബോട്ടോക്സ് ഫലപ്രദമാണ്.

ട്രൈജെമിനൽ ന്യൂറോളജിയ (Trigeminal neuralgia): മുഖത്ത് ശക്തമായ വേദന അനുഭവപ്പെടുകയും സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ മുഖം കഴുകാനോ കഴിയാതെ വരികയും ചെയ്യുന്ന അവസ്ഥയ്ക്ക് മറ്റ് മരുന്നുകൾക്കൊപ്പം ബോട്ടോക്സ് ഗുണം ചെയ്യുന്നു.

സെർവിക്കൽ ഡിസ്റ്റോണിയ (Cervical dystonia): കഴുത്തും തലയും ഒരു വശത്തേക്ക് ചെരിഞ്ഞുപോകുന്ന അവസ്ഥയ്ക്ക് ഇത് വളരെ ഫലപ്രദമാണ്.

റൈറ്റേഴ്സ് ക്രാമ്പ് (Writer's cramp): എഴുതുമ്പോൾ കൈകൾക്ക് പിടുത്തം വരികയും പേന വിട്ടുപോവുകയും ചെയ്യുന്ന അവസ്ഥ. അൾട്രാസൗണ്ട്, ഇ.എം.ജി നീഡിൽ എന്നിവയുടെ സഹായത്തോടെ അമിതമായി പ്രവർത്തിക്കുന്ന മസിലുകളെ കൃത്യമായി കണ്ടെത്തി ബോട്ടിലിനം ടോക്സിൻ നൽകുമ്പോൾ എഴുത്ത് മെച്ചപ്പെടുന്നു.

മറ്റ് ഡിസ്റ്റോണിയകൾ: കഴുത്ത് പിന്നിലേക്ക് പോകുന്ന ന്യൂക്കൽ ഡിസ്റ്റോണിയ, കഴുത്ത് താഴേക്ക് വളയുന്ന ആൻഡ്രോകോളിസ് (സ്റ്റെർണോക്ലൈഡോമാസ്റ്റോയിഡ് മസിൽ), സംസാരത്തെ ബാധിക്കുന്ന സ്പാസ്മോഡിക് ഡിസ്ഫോണിയ (Strained voice / Breathy voice) എന്നിവയ്ക്കും ഇത് നൽകുന്നു.

 പക്ഷാഘാതം (Stroke), സെറിബ്രൽ പാൾസി എന്നിവ ബാധിച്ചവരിൽ ബോട്ടോക്സിന്റെ പങ്ക് എന്താണ്?

സ്ട്രോക്കിന് ശേഷം കൈകൾ കോച്ചിപ്പിടിക്കുകയും തുറക്കാൻ പറ്റാതെ വരികയും ചെയ്യുന്ന അവസ്ഥയ്ക്കും (Clenched fist), കൈകാലുകളിലെ സ്പാസ്റ്റിസിറ്റിക്കും ബോട്ടോക്സ് നൽകി റിലീസ് ചെയ്യാൻ സാധിക്കും. ഇത് വേദന കുറയ്ക്കാനും ചലനശേഷി കൂട്ടാനും കോസ്മെറ്റിക് അപ്പിയറൻസ് മെച്ചപ്പെടുത്താനും സഹായിക്കുന്നു.

കുട്ടികളിലെ സെറിബ്രൽ പാൾസിക്ക് ഫിസിയോതെറാപ്പി, ആവശ്യാനുസരണം മരുന്നുകൾ, ടെൻഡൻ ലെങ്തനിങ് പോലുള്ള സർജറികൾ എന്നിവയോടൊപ്പം ബോട്ടിലിനം ടോക്സിൻ കൂടി ഉൾപ്പെടുന്ന ഒരു 'മൾട്ടി മൊഡാലിറ്റി' സമീപനമാണ് നൽകുന്നത്. ഇത് രണ്ടു വയസ്സിന് ശേഷമുള്ള കുട്ടികളിൽ വലിയ പുരോഗതി ഉണ്ടാക്കാൻ സഹായിക്കും.

മൈഗ്രെയ്ൻ (Refractory Migraine): സാധാരണ ചികിത്സകൾ കൊണ്ട് മാറ്റമില്ലാത്ത മൈഗ്രെയ്ന് തലയിലെയും കഴുത്തിലെയും പേശികളായ പ്രൊസീറസ്, കൊറുഗേറ്റർ, ഫ്രോണ്ടാലിസ്, ടെമ്പറാലിസ്, ഓക്സിപിറ്റാലിസ്, ട്രപ്പീസിയസ് എന്നിവയിൽ ഇൻജക്ഷൻ നൽകുന്നത് തലവേദന കുറയ്ക്കാൻ സഹായിക്കും.

ഉമിനീരൊഴുക്ക് (Drooling / Sialorrhea): സ്ട്രോക്ക്, പാർക്കിൻസൺസ്, സെറിബ്രൽ പാൾസി എന്നിവയുള്ളവരിൽ പരോട്ടിഡ്, സബ്മാൻഡിബുലാർ ഗ്രന്ഥികളിലേക്ക് ബോട്ടിലിനം ടോക്സിൻ നൽകി വായിൽ നിന്ന് ഉമിനീരൊഴുകുന്നത് കുറയ്ക്കാം.

അമിതമായ വിയർപ്പ് (Hyperhidrosis): കക്ഷത്തിലോ കയ്യിലോ ഉണ്ടാകുന്ന വിയർപ്പിന് അൾനാർ, മീഡിയൻ നെർവ് ബ്ലോക്കുകൾ നൽകി വേദന കുറച്ച ശേഷം ബോട്ടിലിനം ടോക്സിൻ ഇൻജക്ഷൻ നൽകി പരിഹരിക്കാം.

 മറ്റ് മെഡിക്കൽ വിഭാഗങ്ങളിലെ പ്രധാന ഉപയോഗങ്ങൾ എന്തൊക്കെയാണ്?

ഗ്യാസ്ട്രോഎൻട്രോളജി: അന്നനാളത്തിലെ സ്പാസം (Esophageal spasm), ഏനൽ ഫിഷർ (Anal fissures).

യൂറോളജി: ബ്ലാഡർ ഹൈപ്പർ കൺട്രാക്ടിവിറ്റി / ബ്ലാഡർ ഹൈപ്പർ ഇറിറ്റബിലിറ്റി.

ഗൈനക്കോളജി: വെജൈനിസ്മസ് (Vaginismus).

മറ്റ് വിഭാഗങ്ങൾ: ന്യൂറോപ്പതിക് പെയിൻ, സ്കിൻ കോസ്മെറ്റോളജി.
Share this video: