കുട്ടികളിലെ വിട്ടുമാറാത്ത പനിയും അസ്ഥിവേദനയും: മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട ലക്ഷണങ്ങൾ

14 September 2026
കുട്ടികളിൽ പ്രകടമാകുന്ന ചെറിയ രോഗലക്ഷണങ്ങളിൽപ്പോലും മാതാപിതാക്കൾ വളരെയധികം ആശങ്കപ്പെടാറുണ്ട്. എന്നാൽ സാധാരണയായി കാണുന്ന പനിയോ തലവേദനയോ മറ്റ് അസ്വസ്ഥതകളോ എപ്പോഴാണ് കൂടുതൽ വിശദമായ പരിശോധനകൾ  ആവശ്യപ്പെടുന്നത് എന്നതിനെക്കുറിച്ച് പലപ്പോഴും കൃത്യമായ ധാരണ ഉണ്ടാകാറില്ല. കുട്ടികളുടെ പ്രതിരോധശേഷി വളർന്നുവരുന്ന ഘട്ടമായതിനാൽ കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലമോ വൈറൽ ബാധയുള്ളവരുമായുള്ള സമ്പർക്കം വഴിയോ പനിയും മറ്റ് ലക്ഷണങ്ങളും വളരെ എളുപ്പത്തിൽ ഉണ്ടാകാറുണ്ട്.

എങ്കിലും കൃത്യമായ ചികിത്സ നൽകിയിട്ടും മാറാത്ത പനി, അസാധാരണമായ അസ്ഥിവേദന, കഴലവീക്കം, രാവിലെയുള്ള തലവേദന, മൂത്രത്തിൽ രക്തം കാണുന്നത് തുടങ്ങിയ ചില ലക്ഷണങ്ങൾ നിസ്സാരമായ അണുബാധകൾക്കപ്പുറം ഗുരുതരമായ മറ്റ് രോഗങ്ങളുടെ മുന്നറിയിപ്പുകളാകാം. കുട്ടികളിലെ കാൻസർ ഉൾപ്പെടെയുള്ള പല അവസ്ഥകളും 85 മുതൽ 90 ശതമാനം വരെ പൂർണ്ണമായും ഭേദമാക്കാവുന്നതാണ് . ഇതിനായി ലക്ഷണങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് കാലതാമസം കൂടാതെ വിദഗ്ദ്ധ പരിശോധനകൾക്ക് വിധേയമാക്കുക എന്നതാണ് ഏറ്റവും പ്രധാനം. ഈ വിഷയത്തെക്കുറിച്ച് വിശദമായി സംസാരിക്കുകയാണ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ പീഡിയാട്രിക് ഓങ്കോളജിസ്റ്റ് ഡോ. എബി പി ബേബി സംസാരിക്കുന്നു.

കുട്ടികളിലെ പനിക്ക് എപ്പോഴാണ് വിശദമായ പരിശോധനകൾ വേണ്ടിവരുന്നത് ? 

സാധാരണ കുട്ടികളിൽ കാലാവസ്ഥാ വ്യതിയാനങ്ങൾ കാരണം വർഷത്തിൽ മൂന്നോ നാലോ തവണ പനി വരാറുണ്ട്. എന്നാൽ താഴെ പറയുന്ന സാഹചര്യങ്ങളിൽ വിശദമായ പരിശോധന അനിവാര്യമാണ്:

  • കൃത്യമായി മരുന്നുകൾ കഴിച്ചിട്ടും ഏഴ് മുതൽ പത്ത് ദിവസമായിട്ടും കുറയാതെ നിൽക്കുന്ന പനി.
  • വർഷത്തിൽ മൂന്നോ നാലോ തവണ എന്നതിനപ്പുറം ഇടയ്ക്കിടെ വരുന്ന പനി.
  • രാത്രികാലങ്ങളിൽ മാത്രമായി ഉണ്ടാകുന്ന പനി.
  • പനിയോടൊപ്പം ശരീരഭാരം കുറയുക (Weight loss).

ഇത്തരം ലക്ഷണങ്ങൾ ടി.ബി (ക്ഷയം), ജന്മനായുള്ള പ്രതിരോധശേഷിക്കുറവ് (Primary immunodeficiency), ബ്ലഡ് കാൻസർ (Leukemia, Lymphoma), മജ്ജയിൽ ആവശ്യത്തിന് കോശങ്ങൾ ഉത്പാദിപ്പിക്കാത്ത അവസ്ഥയായ ഇൻഹെറിറ്റഡ് ബോൺ മാരോ ഫെയിലിയർ സിൻഡ്രോം, അപ്ലാസ്റ്റിക് അനീമിയ (മജ്ജയിൽ നിന്നും ആവശ്യത്തിന് കോശങ്ങൾ ഉത്പാദിപ്പിക്കാത്തുകൊണ്ടുണ്ടാകുന്ന പ്രശ്നം)  എന്നിവയുടെ ലക്ഷണങ്ങളാകാം.


 രക്തത്തിലെ മാറ്റങ്ങളും രക്തസ്രാവവും സൂചിപ്പിക്കുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണ്?

മജ്ജയിൽ നിന്നുള്ള രക്തകോശങ്ങളുടെ ഉത്പാദനത്തിൽ വരുന്ന തകരാറുകൾ മൂലം കുട്ടികളിൽ പല ലക്ഷണങ്ങളും ഉണ്ടാകാം:

അനീമിയ (വിളർച്ച): ചുവന്ന രക്താണുക്കളുടെ (RBC) ഉത്പാദനം കുറയുന്നത് കാരണം ഉണ്ടാകുന്ന വിളർച്ച.

ശ്വേതരക്താണുക്കളിലെ മാറ്റങ്ങൾ (WBC count): സി.ബി.സി (CBC) രക്തപരിശോധന ചെയ്യുമ്പോൾ ശ്വേതരക്താണുക്കളുടെ എണ്ണം പതിനായിരം, ഒരു ലക്ഷം, രണ്ട് ലക്ഷം എന്നിങ്ങനെ അമിതമായി കൂടുകയോ അല്ലെങ്കിൽ 500, 1000 എന്നിങ്ങനെ വളരെ കുറഞ്ഞുപോവുകയോ ചെയ്യുക.

പ്ലേറ്റ്ലെറ്റിന്റെ കുറവ്: പ്ലേറ്റ്ലെറ്റ് കുറയുമ്പോൾ വായിൽ നിന്നോ മോണയിൽ നിന്നോ മൂക്കിൽ നിന്നോ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തുനിന്നോ ഉണ്ടാകുന്ന രക്തസ്രാവം, അല്ലെങ്കിൽ ചർമ്മത്തിൽ കാണുന്ന ചുവന്ന പാടുകൾ (Red spots).

സാധാരണ അസ്ഥിവേദനയും അപകടകരമായ ബോൺ പെയിനും തമ്മിൽ എങ്ങനെ തിരിച്ചറിയാം?


വളർച്ചയുടെ ഘട്ടത്തിൽ കുട്ടികളിൽ കൈകാലുകളിൽ വേദന ഉണ്ടാകാറുണ്ട്. സാധാരണ വേദന രാത്രികാലങ്ങളിൽ കൈകാലുകളിൽ വരികയും, എണ്ണ പുരട്ടി തടവുകയോ ചൂടുപിടിക്കുകയോ ചെയ്യുമ്പോൾ മാറുകയും ചെയ്യാറുണ്ട്; ഇത് കുട്ടികളുടെ കളികളെയോ ചിരിയെയോ ആക്ടിവിറ്റികളെയോ ബാധിക്കാറില്ല.

എന്നാൽ ലൂക്കീമിയ പോലുള്ള മാലിഗ്നൻസി അവസ്ഥകളിൽ അസ്ഥിവേദന വളരെ കഠിനമായിരിക്കും (Severe pain). ഇത് കൈകാലുകളിൽ മാത്രമല്ല ശരീരത്തിൽ എവിടെയും വരാം. രാത്രിയിൽ മാത്രമല്ല പകലിലും ഇത്തരം വേദന ഉണ്ടാകാം. ഇത് കുട്ടികളുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുകയും, നടക്കാൻ വിസമ്മതിക്കുകയോ എപ്പോഴും കിടപ്പിലാവുകയോ ചെയ്യുന്ന അവസ്ഥയുണ്ടാക്കുകയും ചെയ്യുന്നു.

കഴലവീക്കം (Lymph node enlargement) എപ്പോഴാണ് ഗൗരവമായി കാണേണ്ടത്?

തൊണ്ടയിലെ ഇൻഫെക്ഷൻ, ടോൺസിലൈറ്റിസ്, അല്ലെങ്കിൽ ചെറിയ വൈറൽ ഇൻഫെക്ഷനുകൾ എന്നിവയുടെ ഭാഗമായി കഴുത്തിൽ ചെറിയ കഴലവീക്കം സാധാരണയായി വരാറുണ്ട്. എന്നാൽ:

ഇൻഫെക്ഷനുള്ള ചികിത്സ കഴിഞ്ഞിട്ടും ഒന്നോ രണ്ടോ ആഴ്ചയ്ക്ക് ശേഷവും കഴലയുടെ വലിപ്പം കുറയാതിരിക്കുക.

പുതിയ പുതിയ കഴലകൾ വരികയോ, നിലവിലുള്ളവയുടെ വലിപ്പം കൂടിവരികയോ ചെയ്യുക.

ലിംഫോമ, ലൂക്കീമിയ എന്നിവയുടെ ഭാഗമായും ഇത്തരത്തിൽ സംഭവിക്കാം.

കഴലവീക്കത്തോടൊപ്പം വയറിനുള്ളിലെ ആന്തരികാവയവങ്ങളായ കരൾ (Liver), പ്ലീഹ (Spleen) എന്നിവ വലുതാവുകയും വയർ വീർത്തു വരികയും ചെയ്യുക.

കുട്ടികളിലെ തലവേദന എപ്പോഴാണ് മസ്തിഷ്ക ട്യൂമറിന്റെ ലക്ഷണമാകുന്നത്?

വൈറൽ പനി, ഫോണിന്റെ അമിത ഉപയോഗം മൂലമുള്ള കണ്ണിലെ ആയാസം, മാനസിക സമ്മർദ്ദം, സൈനസൈറ്റിസ് എന്നിവ കുട്ടികളിൽ തലവേദന ഉണ്ടാക്കാറുണ്ട്. ഇതിൽ സൈനസൈറ്റിസ് അല്ലെങ്കിൽ ഫോൺ ഉപയോഗം മൂലമുള്ള തലവേദന വൈകുന്നേരങ്ങളിലാണ് കൂടുതലായി വരുന്നത്. മൈഗ്രെയ്ൻ ആണെങ്കിൽ കൃത്യമായ ട്രിഗറുകൾ ഉണ്ടാകും.


എന്നാൽ, അതിരാവിലെ (Early morning) വരുന്ന കടുത്ത തലവേദനയും അതോടൊപ്പം ഛർദ്ദിയും (Vomiting) ഉണ്ടാകുന്നുവെങ്കിൽ ബ്രെയിൻ ട്യൂമറിന്റെ ലക്ഷണമാകാൻ സാധ്യതയുള്ളതിനാൽ വിശദമായ പരിശോധന നടത്തണം. കൂടാതെ, കുട്ടികളിൽ പെട്ടെന്നുണ്ടാകുന്ന വളർച്ചാ മുരടിപ്പ്, പ്യൂബർട്ടി (കൗമാര ശാരീരിക മാറ്റങ്ങൾ) വളരെ നേരത്തെയോ അല്ലെങ്കിൽ വളരെ വൈകിയോ വരുന്നത് എന്നിവയും സി.എൻ.എസ് ട്യൂമറുകളുടെ (CNS Tumors) പ്രാരംഭ ലക്ഷണങ്ങളാകാം.

മൂത്രത്തിൽ രക്തം, പുറംവേദന, വയറിലെ മുഴ എന്നിവ സൂചിപ്പിക്കുന്നത് എന്താണ്?

ഹെമറ്റൂറിയ (മൂത്രത്തിൽ രക്തം): യാതൊരു പ്രശ്നങ്ങളുമില്ലാതിരുന്ന കുട്ടിയുടെ മൂത്രത്തിൽ പെട്ടെന്ന് രക്തത്തിന്റെ അംശം (Blood stain) കാണുന്നത് കിഡ്നിയിലെ ട്യൂമറിന്റെ ലക്ഷണമാകാം; ഇത് അടിയന്തരമായി പരിശോധിക്കണം.

പുറംവേദന (Back pain): കുട്ടികളിൽ സാധാരണയായി ബാക്ക് പെയിൻ വരാറില്ല. സ്പൈനൽ കോഡിനെ കംപ്രസ് ചെയ്യുന്ന ട്യൂമറുകൾ, ലൂക്കീമിയ, ലിംഫോമ എന്നിവയുടെ ഭാഗമായി ഇത് വരാം.

വയറിനകത്തെ മുഴകൾ (Abdominal Mass): കുളിപ്പിക്കുമ്പോഴോ കളിപ്പിക്കുമ്പോഴോ വയറിനുള്ളിൽ കല്ലുപോലെ എന്തെങ്കിലും തടയുന്നതായി കണ്ടാൽ അത് കരളിനകത്തെ ട്യൂമർ, ഹെപ്പറ്റോബ്ലാസ്റ്റോമ, ന്യൂറോബ്ലാസ്റ്റോമ, വിൽമ്സ് ട്യൂമർ (Wilms tumor) എന്നിവയാകാൻ സാധ്യതയുണ്ട്. വേറെ ലക്ഷണങ്ങളൊന്നുമില്ലാതെ ഇത്തരം മുഴകൾ മാത്രമായും കാണപ്പെടാറുണ്ട്.

നവജാതശിശുക്കളിലെ 'വൈറ്റ് ഐ റിഫ്ലെക്സ്' എന്താണ്? കുട്ടിക്കാലത്തെ കാൻസറുകൾ പൂർണ്ണമായും ഭേദമാക്കാമോ?

ഒരു മാസത്തിൽ താഴെയുള്ള നവജാതശിശുക്കളുടെ കണ്ണിന്റെ കൃഷ്ണമണിയുടെ മധ്യഭാഗത്ത് സാധാരണ കാണുന്ന കറുത്ത നിറത്തിന് പകരം വെള്ള നിറത്തിൽ റിഫ്ലക്ഷൻ (White eye reflex) കാണുന്നത് റെറ്റിനോബ്ലാസ്റ്റോമയുടെ (കണ്ണിലെ കാൻസർ) ലക്ഷണമാകാം.

ചൈൽഡ്ഹുഡ് കാൻസറുകൾ തുടക്കത്തിലേ തിരിച്ചറിഞ്ഞാൽ പൂർണ്ണമായും ഭേദമാക്കാവുന്നതാണ് . 85 മുതൽ 90 ശതമാനം കുട്ടികളിലും ഈ രോഗങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാനും അവരുടെ സാധാരണ ജീവിതചര്യകളിലേക്കും വളർച്ചയിലേക്കും തിരിച്ചുകൊണ്ടുവരാനും സാധിക്കും.

Dr. Eby P Baby serves as a Consultant in Paediatric Hemato-Oncology and Bone Marrow Transplantation at Baby Memorial Hospital, Calicut. He is a highly trained paediatric hemato-oncologist and transplant physician with specialised expertise in the diagnosis and management of benign and malignant blood disorders, paediatric cancers, and hematopoietic stem cell transplantation (HSCT).

Share this video: