• English
  • عربي / Arabic
  • മലയാളം / Malayalam

വേവാത്ത ഭക്ഷണവും മലിനമായ വെള്ളവും: ഷിഗല്ല പടരുന്നത് എങ്ങനെ?

16 July 2026
വേനല്‍ക്കാലമാണെങ്കിലും മഴക്കാലമാണെങ്കിലും പുറത്തുനിന്നു ഭക്ഷണം കഴിക്കുന്ന ശീലത്തിന് പലപ്പോഴും മാറ്റമൊന്നും വരാറില്ല. പ്രിയപ്പെട്ട ഭക്ഷണം സമയംനോക്കാതെ പുറത്തുപോയി കഴിക്കുന്നത് പുതുമയുള്ള കാര്യവുമല്ല. എന്നാല്‍ ഈ മഴക്കാലത്ത് പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ പല കാര്യങ്ങളുമുണ്ട്. പ്രത്യേകിച്ച് ഭക്ഷ്യ വിഷബാധയും ഷിഗെല്ലയും പോലുള്ള പ്രശ്‌നങ്ങളുള്ള ഈ സമയത്ത്. 

നിലവില്‍ എറണാകുളം, കോഴിക്കോട് ഉള്‍പ്പെടെ പല നഗരങ്ങളിലും  പടര്‍ന്നുകൊണ്ടിരിക്കുന്ന ഒന്നാണ് വെള്ളത്തിലൂടെ പകരുന്ന 'ഷിഗല്ല' എന്ന് പറയുന്ന ബാക്ടീരിയല്‍ അസുഖം. കേള്‍ക്കാന്‍ വളരെ കൗതുകമുള്ള പേരാണെങ്കിലും നമ്മള്‍ ഏറെ ജാഗ്രത പാലിക്കേണ്ട ഒരു രോഗമാണിത്. ഷിഗല്ല രോഗബാധയുടെ ലക്ഷണങ്ങള്‍, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ചികിത്സ എന്നിവയെക്കുറിച്ച് വടകര  ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ  ഇന്റേണല്‍ മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സുനില്‍ പ്രശാന്ത് ആര്‍ വിശദീകരിക്കുന്നു.

എന്താണ് ഷിഗല്ല? പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?

വെള്ളത്തിലൂടെ പകരുന്ന പ്രധാനപ്പെട്ട ഒരു ബാക്ടീരിയൽ അസുഖമാണ് ഷിഗല്ല. വേനൽക്കാലം കഴിഞ്ഞ് മഴക്കാലം വന്ന ഈ സമയത്തും നമ്മൾ പുറത്തുനിന്ന് ഭക്ഷണം കഴിക്കാറുണ്ട്. ഇനി പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോൾ ശരിയായ പാകം ചെയ്യാത്ത ഭക്ഷണം, നന്നായി വേവിക്കാത്ത ഭക്ഷണം, പിന്നെ വെള്ളം എന്നിവ വളരെയധികം ശ്രദ്ധിക്കണം.


 എന്തൊക്കെയാണ് ഷിഗല്ലയുടെ രോഗലക്ഷണങ്ങൾ?

ശക്തിയായ പനി, വയറുവേദന, ശർദ്ദി, നിർത്താതെ വയറിളകുക എന്നിവയാണ് ഷിഗെല്ലയുടെ   പ്രധാന ലക്ഷണങ്ങൾ. ഇതിനൊപ്പം മലത്തിൽ കൂടെ രക്തവും കാണുക- അതായത് ഡിസെൻട്രി-അതായത് ഡിസെൻട്രിയും പലരിലും കാണപ്പെടാറുണ്ട്. 

 ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ എന്താണ് ചെയ്യേണ്ടത്? ഇതിന്റെ ചികിത്സാരീതി എങ്ങനെയാണ്?

 ഇത്തരം ലക്ഷണങ്ങൾ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് അടുത്തുള്ള ആശുപത്രിയിൽ പോയി ഡോക്ടറെ കാണുകയാണ് വേണ്ടത്. തുടർന്ന് മലം (Stool) ടെസ്റ്റ് ചെയ്യാൻ കൊടുക്കുക. അതിൽ ഷിഗെല്ലയുടെ അംശം ഉണ്ടെങ്കിൽ അതിന്റേതായ തക്കതായ ആന്റിബയോട്ടിക് ചികിത്സ എടുക്കേണ്ടതുണ്ട്. അതുവഴി എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാൻ സാധിക്കും.


 സാധാരണ വയറ്റിളക്കം പോലെ ഇതിനെ കണ്ട് വീട്ടിലിരിക്കാമോ?

സാധാരണ ഒരു വയറ്റിളക്കം എന്ന് പറഞ്ഞ് നമ്മൾ പലപ്പോഴും ഒആർഎസ് (ORS) ഒക്കെ കഴിച്ച് വീട്ടിലിരിക്കാറുണ്ട്. എന്നാൽ ഷിഗല്ല ആണെങ്കിൽ നമ്മൾ അത് വളരെയധികം ശ്രദ്ധിക്കണം. കാരണം ഒരുപക്ഷേ ഇത് അപകടകരമായേക്കാം. അതിനാൽ ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ കണ്ട് കൃത്യമായ ചികിത്സ ഉറപ്പാക്കണം.

Dr. Sunil Prashanth R is a Senior Consultant Physician and the Chief of Medical Services at BMH Vatakara. He specializes in the management of complex multi system disorders and chronic non communicable diseases.

Share this video: