• English
  • عربي / Arabic
  • മലയാളം / Malayalam
Expert interview of Dr Muhlisa on  Platelet-Rich Plasma therapy for Knee Pain

കാൽമുട്ട് വേദനയ്ക്ക് പ്ലേറ്റ്‌ലെറ്റ് റിച്ച് പ്ലാസ്മ (PRP) ചികിത്സ

2026-07-15

റീജനറേറ്റീവ് മെഡിസിന്റെ ഭാഗമായി നമ്മുടെ സ്വന്തം രക്തത്തിലെ ഘടകങ്ങൾ ഉപയോഗിച്ച് ശരീരത്തിലെ തേയ്മാനങ്ങളും ക്ഷതങ്ങളും പരിഹരിക്കുന്ന ഒരു നൂതന ചികിത്സാരീതിയാണ് പിആർപി (Platelet-Rich Plasma). കാൽമുട്ടിലെ തേയ്മാനം, ലിഗമെന്റിനുണ്ടാകുന്ന പരിക്കുകൾ എന്നിവയ്ക്കുള്ള ചികിത്സയിൽ പിആർപി ഇന്ന് ഏറെ ഫലപ്രദമായി ഉപയോഗിച്ചുവരുന്നുണ്ട്.

ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ലഭ്യമായ പിആർപി ചികിത്സയുടെ പ്രൊസീജിയർ, അത് മുട്ടുവേദനയ്ക്ക് പരിഹാരമാകുന്ന രീതി, ഇതിന്റെ പ്രത്യേകതകൾ, ചികിത്സയ്ക്ക് എടുക്കുന്ന സമയം, ഇതിന്റെ ഫലം എത്രനാൾ നീണ്ടുനിൽക്കും,പിആർപി ചികിത്സാ നിരക്ക് തുടങ്ങിയ  വിവരങ്ങൾ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. മുഹ്ലിസ വി വിശദീകരിക്കുന്നു

എന്താണ് പിആർപി (PRP) ചികിത്സ? അത് മുട്ടുവേദനയ്ക്ക് എങ്ങനെ പരിഹാരമാകുന്നു? 

പിആർപി എന്നാൽ പ്ലേറ്റ്ലെറ്റ് റിച്ച് പ്ലാസ്മ (Platelet-Rich Plasma) എന്നാണ് അർത്ഥം. മനുഷ്യന്റെ രക്തത്തിൽ മൂന്ന് രീതിയിലുള്ള കോശങ്ങളാണുള്ളത്; ചുവന്ന രക്താണുക്കൾ, വെളുത്ത രക്താണുക്കൾ, പ്ലേറ്റ്ലെറ്റുകൾ എന്നിവ. ഇതില്‍ പ്ലേറ്റ്‌ലെറ്റുകളില്‍ നിന്നാണ് പ്‌ലേറ്റ്‌ലെറ്റ് റിച്ച് പ്ലാസ്മ എടുക്കുന്നത്.

Read Also: കഴുത്തുവേദനയെ പടിക്കുപുറത്താക്കാം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പിആർപി തയ്യാറാക്കുന്ന രീതി: രോഗിയുടെ ശരീരത്തിൽ നിന്ന് 30 മുതൽ 40 മില്ലി ലിറ്റർ രക്തം എടുത്ത് ഒരു പ്രത്യേക സെൻട്രിഫ്യൂജ് മെഷീൻ ഉപയോഗിച്ച് കറക്കുമ്പോൾ പ്ലേറ്റ്ലെറ്റ് റിച്ച് പ്ലാസ്മ എന്ന ഭാഗം വേർതിരിഞ്ഞു കിട്ടുന്നു.

പ്രവർത്തിക്കുന്ന രീതി: വേർതിരിച്ചെടുത്ത ഈ പ്ലാസ്മ തേയ്മാനമുള്ള മുട്ടിലേക്ക് കുത്തിവെക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ഗ്രോത്ത് ഫാക്ടേഴ്സ് (Growth factors) ആ ഭാഗത്തേക്ക് റിലീസ് ചെയ്യപ്പെടുമ്പോൾ, അവിടെയൊരു നാച്ചുറൽ ഹീലിങ് പ്രോസസ്സ് (ശരീരം സ്വയം ഉണക്കുന്ന പ്രക്രിയ) ആരംഭിക്കുകയും തേയ്മാനങ്ങളും ക്ഷതങ്ങളും ഉണങ്ങാൻ സഹായിക്കുകയും ചെയ്യുന്നു.

ഏതൊക്കെ സാഹചര്യങ്ങളിലാണ് മുട്ടുവേദനയ്ക്ക് പിആർപി നിർദ്ദേശിക്കുന്നത്?

വിദഗ്ദ്ധനായ ഒരു ഡോക്ടറുടെ പരിശോധനയിലൂടെ മുട്ടുവേദനയുടെ കാരണം തേയ്മാനമാണോ ലിഗമെന്റ് ഇഞ്ചുറിയാണോ എന്ന്  കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടത്. 

മുട്ടിന്റെ തേയ്മാനം (Osteoarthritis) മുട്ടിന്റെ തേയ്മാനത്തിന് എക്സ്-റേ പരിശോധനയിലൂടെ നിർണ്ണയിക്കുന്ന സ്റ്റേജ് 0, സ്റ്റേജ് 1, സ്റ്റേജ് 2, സ്റ്റേജ് 3, സ്റ്റേജ് 4 എന്നിങ്ങനെ അഞ്ച് ഘട്ടങ്ങളുണ്ട് (Stage 0 to Stage 4). ഇതിൽ ഏർലി ഒഎ (ഏർലി ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്‌), സ്റ്റേജ് 1, സ്റ്റേജ് 2 എന്നീ ഘട്ടങ്ങളിലുള്ള തേയ്മാനത്തിനാണ് പിആർപി ഒരു ചികിത്സയായി നൽകുന്നത്.

Read Also: എന്താണ് ക്ലബ് ഫൂട്ട്? കുഞ്ഞുങ്ങളുടെ കാൽവളവ് മാറ്റാനുള്ള ആധുനിക ചികിത്സാരീതികൾ

ലിഗമെന്റ്, ടെൻഡൻ പരിക്കുകൾ: മുട്ടുകളിലുള്ള ലിഗമെന്റുകൾ, ടെൻഡനുകൾ, മെനിസ്കൈൽ (സപ്പോർട്ടിംഗ് സ്ട്രക്ച്ചറുകൾ അഥവാ വാഷറുകൾ) എന്നിവയ്ക്ക് പൂർണ്ണമായിട്ടല്ലാതെ ഭാഗികമായി ഉണ്ടാകുന്ന പൊട്ടലുകൾക്കും (Partial Tears) പരിക്കുകൾക്കും പിആർപി ചികിത്സ വളരെ ഫലപ്രദമാണ്.

പിആർപി ചികിത്സയുടെ പ്രൊസീജിയറും സമയവും 

പിആർപി വേർതിരിച്ചെടുക്കാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ അനുസരിച്ച് ഓരോ സ്ഥാപനങ്ങളിലും ഇതിനെടുക്കുന്ന സമയത്തിൽ വ്യത്യാസമുണ്ടാകാം.

സമയദൈർഘ്യം:  കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ബ്ലഡ് ബാങ്ക് വഴിയാണ് പിആർപി തയ്യാറാക്കുന്നത്. അതിനാൽ രക്തത്തിൽ നിന്ന് പിആർപി വേർതിരിച്ച് കിട്ടാൻ ഏകദേശം 2 മുതൽ 3 മണിക്കൂർ വരെ സമയമെടുക്കും.

ചെയ്യുന്ന രീതി: കുത്തിവെപ്പ് പ്രൊസീജിയറിന് വളരെ കുറഞ്ഞ സമയം മാത്രമേ ആവശ്യമുള്ളൂ. ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ അൾട്രാസൗണ്ട്  സഹായത്തോടെയാണ് ജോയിന്റിലേക്ക് ആക്സസ് ചെയ്യാനുള്ള പോയിന്റ് കൃത്യമായി കണ്ടുപിടിക്കുന്നത്. അതിനുശേഷം പിആർപി കൃത്യമായി മുട്ടിലേക്ക് കുത്തിവെക്കുന്നു.

മറ്റ് ചികിത്സകളെ അപേക്ഷിച്ച് പിആർപിയുടെ പ്രത്യേകതകളും പാർശ്വഫലങ്ങളും

 

പിആർപിയുടെ പ്രത്യേകതകൾ 

മറ്റ് ചികിത്സകളിൽ സിന്തറ്റിക് (കൃത്രിമ) മരുന്നുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ പിആർപി എന്നത് രോഗിയുടെ സ്വന്തം ശരീരത്തിൽ നിന്ന് തന്നെ എടുക്കുന്ന തികച്ചും നാച്ചുറലായ പ്ലേറ്റ്ലെറ്റ് റിച്ച് പ്ലാസ്മയാണ്. ഇത് കാൽമുട്ടിലെ തേയ്മാനമുള്ള ഭാഗങ്ങളിലോ ലിഗമെന്റിലെ ക്ഷതങ്ങളിലോ ഗ്രോത്ത് ഫാക്ടേഴ്സ് റിലീസ് ചെയ്ത് സ്വാഭാവികമായ പുനരുജ്ജീവനവും ഹീലിങ്ങും സാധ്യമാക്കുന്നു.

പാർശ്വഫലങ്ങൾ

ഇത് ശരീരത്തിന്റെ സ്വന്തം ഘടകങ്ങൾ ഉപയോഗിച്ചുള്ള ഒരു നാച്ചുറൽ ഹീലിങ് ആയതുകൊണ്ട് മറ്റ് ഗുരുതരമായ പാർശ്വഫലങ്ങൾ ഒന്നും തന്നെ ഇതിനില്ല. എന്നാൽ ഗ്രോത്ത് ഫാക്ടേഴ്സ് റിലീസ് ചെയ്ത് പുനരുജ്ജീവനം നടക്കുന്നതിന്റെ ഭാഗമായി, ചികിത്സയ്ക്ക് ശേഷമുള്ള ആദ്യത്തെ ഒന്ന് രണ്ട് ആഴ്ചകളിൽ കാൽമുട്ടിൽ ചെറിയ നീരും വേദനയും അനുഭവപ്പെടാൻ സാധ്യതയുണ്ട്.

എത്ര സിറ്റിംഗുകൾ വേണം? ഫലം എപ്പോൾ കണ്ടുതുടങ്ങും? 

ഫലം കണ്ടുതുടങ്ങാൻ: ഇതൊരു സ്വാഭാവികമായ ഹീലിങ് പ്രോസസ്സ് ആയതുകൊണ്ട് പിആർപി ചികിത്സയുടെ കൃത്യമായ ഫലം അറിയാൻ 6 മുതൽ 8 ആഴ്ച വരെ സമയമെടുക്കും.

സിറ്റിംഗുകൾ: കാൽമുട്ടിലെ ഗ്രേഡ് 1, ഗ്രേഡ് 2, അല്ലെങ്കിൽ ഏർലി ഗ്രേഡ് 3 തേയ്മാനങ്ങൾ ഉള്ളവർക്ക് കുറഞ്ഞത് രണ്ട് സിറ്റിംഗുകൾ എങ്കിലും ആവശ്യമാണ്. ഒന്നോ ഒന്നര മാസത്തെ ഇടവേളകളിലാണ് ഈ രണ്ട് സിറ്റിംഗുകൾ നൽകുന്നത്.

പിആർപി ചികിത്സ വഴിയുള്ള ആശ്വാസം എത്രകാലം നീണ്ടുനിൽക്കും? 

ഗ്രേഡ് 1, ഗ്രേഡ് 2 ഓസ്റ്റിയോആർത്രൈറ്റിസ് (Osteoarthritis) ഉള്ളവർക്ക് പിആർപി ഒരു പരിഹാരം (Cure) പോലെ തന്നെയാണ്. ശരീരത്തിന്റെ മുഴുവൻ ഭാരവും താങ്ങുന്നത് കാൽമുട്ടുകൾ ആയതുകൊണ്ട് ഭാവിയിൽ ചെറിയ തേയ്മാനങ്ങൾ വരാനുള്ള സാധ്യതയുണ്ട്. എങ്കിലും, ചികിത്സയ്ക്ക് ശേഷം കൃത്യമായ വ്യായാമം (Exercise), ശരീരഭാര നിയന്ത്രണം, ശരിയായ ജീവിതശൈലി എന്നിവ പിന്തുടരുകയാണെങ്കിൽ നാലഞ്ച് വർഷം വരെ വേദനയില്ലാതെ മികച്ച രീതിയിൽ മുന്നോട്ട് പോകാൻ സാധിക്കാറുണ്ട്.

Share this article:
Dr Muhlisa V

Dr Muhlisa V

Physical Medicine And Rehabilitation