പ്രമേഹവും (Diabetes) അതിന്റെ സങ്കീർണ്ണതയായ അതിരോസ്ക്ലിറൊസിസും (Atherosclerosis ഇന്ന് വ്യാപകമായി കണ്ടുവരുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളാണ്. രക്തക്കുഴലുകളിൽ കൊഴുപ്പടിഞ്ഞുകൂടി വിവിധ അവയവങ്ങളിലേക്കുള്ള രക്തയോട്ടം കുറയുന്ന അവസ്ഥയാണ് അതിരോസ്ക്ലിറൊസിസ്. കാലുകളിലേക്കുള്ള പ്രധാന രക്തക്കുഴലുകളിലേക്ക് ഇത്തരത്തിൽ രക്തസഞ്ചാരം തടസ്സപ്പെടുമ്പോൾ നടക്കുമ്പോൾ കാലിൽ വേദന അനുഭവപ്പെടുകയും, ചെറിയ മുറിവുകൾ ഉണ്ടായാൽ ഉണങ്ങാൻ കാലതാമസം നേരിടുകയും ചെയ്യുന്നു. കൃത്യസമയത്ത് പരിഹരിച്ചില്ലെങ്കിൽ ഇത് കാലിൽ അൾസറുകൾ രൂപപ്പെടുന്നതിലേക്കും, ഒടുവിൽ കാൽ നഷ്ടപ്പെടുന്ന അവസ്ഥയായ ഗാംഗ്രീനിലേക്കും (Gangrene) നയിച്ചേക്കാം.
തുടക്കഘട്ടത്തിൽ പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കുന്ന മരുന്നുകൾ നൽകാറുണ്ടെങ്കിലും, കൂടുതൽ സങ്കീർണ്ണമായ അവസ്ഥകളിൽ ആൻജിയോഗ്രാം വഴി ബ്ലോക്കുകൾ കണ്ടെത്തി ആൻജിയോപ്ലാസ്റ്റി, സ്റ്റെന്റിംഗ്, ബൈപാസ് സർജറി എന്നിവയിലൂടെ രക്തയോട്ടം പുനഃസ്ഥാപിക്കാറുണ്ട്. ഇന്ന് ഈ മൂന്ന് ചികിത്സാരീതികളെയും സമന്വയിപ്പിച്ചുകൊണ്ടുള്ള 'ഹൈബ്രിഡ് ആർട്ടീരിയൽ റീവാസ്കുലറൈസേഷൻ' എന്ന നൂതന സാങ്കേതികവിദ്യ വഴി രോഗികളുടെ കാലുകൾ മുറിച്ചുമാറ്റലിൽ നിന്ന് രക്ഷിക്കാൻ സാധിക്കുന്നു. ഇതിനെക്കുറിച്ച് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ
കാർഡിയോ വാസ്കുലാർ തൊറാസിക് സർജറി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ
ഡോക്ടർ ഹരിലാൽ വി നമ്പ്യാർ വിശദീകരിക്കുന്നു.
കാലുകളിലെ രക്തയോട്ടക്കുറവ് ഉണ്ടാകുന്നത് എങ്ങനെ? പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണ്?
പ്രമേഹത്തിന്റെ പ്രധാന സങ്കീർണ്ണതകളിലൊന്നാണ് അതിരോസ്ക്ലിറൊസിസ്. ശരീരത്തിലെ പ്രധാന രക്തക്കുഴലുകളിൽ കൊഴുപ്പടിഞ്ഞുകൂടി അവയവങ്ങളിലേക്കുള്ള രക്തയോട്ടം കുറയുന്ന അവസ്ഥയാണിത്.
ഇത്തരത്തിൽ കാലിലേക്കുള്ള രക്തക്കുഴലുകളിലെ രക്തയോട്ടം കുറയുമ്പോൾ താഴെ പറയുന്ന ലക്ഷണങ്ങൾ പ്രകടമാകുന്നു:
- നടക്കുമ്പോൾ കാലിൽ ഉണ്ടാകുന്ന വേദന.
- കാലുകളിൽ ഉണ്ടാകുന്ന ചെറിയ മുറിവുകൾ ഉണങ്ങാൻ കാലതാമസം വരുന്നത്.
- കാലുകളിൽ ഉണങ്ങാത്ത അൾസറുകൾ രൂപപ്പെടുന്നത്.
- രക്തയോട്ടം പൂർണ്ണമായി നിലച്ച് കാലുകൾ നഷ്ടപ്പെടുന്ന ഗാംഗ്രീൻ (Gangrene) എന്ന അവസ്ഥയിലേക്ക് എത്തുന്നത്.
പ്രാരംഭഘട്ടത്തിൽ കാലിലെ രക്തയോട്ടക്കുറവ് എങ്ങനെയാണ് ചികിത്സിക്കുന്നത്?
തുടക്കത്തിലുള്ള അവസ്ഥയിൽ ജീവിതശൈലിയും മരുന്നുകളും ഉപയോഗിച്ചുള്ള ചികിത്സകളാണ് നൽകാറുള്ളത്:
- രക്തത്തിലെ പഞ്ചസാരയുടെ അളവ് (ഷുഗർ) കൃത്യമായി നിയന്ത്രിക്കുക.
- കൊളസ്ട്രോൾ കുറയ്ക്കാനുള്ള മരുന്നുകൾ കഴിക്കുക.
- കാലിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനുള്ള മരുന്നുകൾ ഉപയോഗിക്കുക.
മരുന്നുകൾ ഫലിക്കാത്ത സാഹചര്യങ്ങളിൽ ആൻജിയോഗ്രാം എന്തിനാണ് ചെയ്യുന്നത്?
മരുന്നുകൾ കൊണ്ട് പ്രയോജനം ലഭിക്കാത്ത രോഗികളിൽ കാലിലെ രക്തക്കുഴലുകളുടെ യഥാർത്ഥ അവസ്ഥ എന്താണെന്ന് കൃത്യമായി മനസ്സിലാക്കുന്നതിനാണ് ആൻജിയോഗ്രാം (Angiogram) ടെസ്റ്റ് ചെയ്യുന്നത്. ആൻജിയോഗ്രാം പരിശോധനയിലൂടെ രക്തക്കുഴലുകളിൽ എവിടെയൊക്കെയാണ് ബ്ലോക്കുകൾ ഉള്ളത് എന്ന് വ്യക്തമായി കണ്ടെത്താൻ സാധിക്കുന്നു.
ആൻജിയോപ്ലാസ്റ്റി, സ്റ്റെന്റിംഗ്, ബൈപാസ് സർജറി എന്നിവ എപ്പോഴൊക്കെയാണ് ചെയ്യുന്നത്?
ആൻജിയോഗ്രാമിൽ കണ്ടെത്തുന്ന ബ്ലോക്കുകളുടെ സ്വഭാവം അനുസരിച്ചാണ് ചികിത്സ തീരുമാനിക്കുന്നത്:
ആൻജിയോപ്ലാസ്റ്റി (Angioplasty): രക്തക്കുഴലിന്റെ ഉള്ളിലൂടെ കടന്നുചെന്ന് ബ്ലോക്കുകൾ വികസിപ്പിച്ചു കൊടുക്കുന്ന രീതിയാണിത്.
സ്റ്റെന്റിംഗ് (Stenting): ചില ബ്ലോക്കുകൾ വെറുതെ വികസിപ്പിച്ചാൽ മാത്രം നിലനിൽക്കില്ല; അത്തരം ഭാഗങ്ങളിൽ സ്റ്റെന്റുകൾ നിക്ഷേപിച്ച് രക്തക്കുഴലുകൾ വികസിപ്പിച്ചു നിർത്തുന്നു.
ബൈപാസ് സർജറി (Bypass Surgery): നീളം കൂടിയ ബ്ലോക്കുകൾ ആണെങ്കിൽ സ്റ്റെന്റിംഗിനേക്കാൾ ഫലം തരുന്നത് ബൈപാസ് സർജറിയാണ്. കൃത്രിമ രക്തക്കുഴലുകൾ ഉപയോഗിച്ചോ രോഗിയുടെ സ്വന്തം കാലിലെ ഞരമ്പുകൾ എടുത്തോ ഈ തടസ്സങ്ങളെ ബൈപാസ് ചെയ്ത് രക്തയോട്ടം പുനഃസ്ഥാപിക്കുന്നു.
എന്താണ് ഹൈബ്രിഡ് ആർട്ടീരിയൽ റീവാസ്കുലറൈസേഷൻ (Hybrid Arterial Revascularization)?
പല മെഡിക്കൽ സെറ്റപ്പുകളിലും ഈ പറഞ്ഞ ഏതെങ്കിലും ഒരു ചികിത്സാരീതി മാത്രമായിരിക്കും ലഭ്യമായിട്ടുണ്ടാവുക. എന്നാൽ ഒരു ചികിത്സാരീതിയും 100% പെർഫെക്റ്റ് എന്ന് പറയാൻ കഴിയില്ല. ഈ മൂന്ന് ചികിത്സാരീതികളുടെയും സമന്വയമാണ് (Integrated approach) ഹൈബ്രിഡ് ആർട്ടീരിയൽ റീവാസ്കുലറൈസേഷൻ.
ഇതിൽ ബ്ലോക്കിന്റെ സ്വഭാവമനുസരിച്ച് സംയോജിത ചികിത്സ നൽകുന്നു:
- നീളം കൂടിയ ബ്ലോക്കുകൾക്ക്: ബൈപാസ് സർജറി ചെയ്യുന്നു.
- നീളം കുറഞ്ഞ ബ്ലോക്കുകൾക്ക്: സ്റ്റെന്റിംഗ് ചെയ്യുന്നു.
- മുട്ടിന് താഴെയുള്ള ചെറിയ രക്തക്കുഴലുകൾക്ക്: ആൻജിയോപ്ലാസ്റ്റിയിലൂടെ വികസിപ്പിച്ചു കൊടുക്കുന്നു.
ഹൈബ്രിഡ് ചികിത്സയിലൂടെ രോഗികൾക്ക് ലഭിക്കുന്ന പ്രയോജനങ്ങൾ എന്തൊക്കെയാണ്?
ഏത് രീതിയിലൂടെയാണെങ്കിലും കാലിലേക്കുള്ള രക്തയോട്ടം പരമാവധി വർദ്ധിപ്പിക്കുക (Maximize blood circulation) എന്നതാണ് ഇതിന്റെ അന്തിമമായ ഉദ്ദേശം.
രക്തയോട്ടം പൂർണ്ണമായി പുനഃസ്ഥാപിക്കുന്നതിലൂടെ ഗാംഗ്രീൻ എന്ന ഗുരുതര അവസ്ഥയിലേക്ക് എത്തുന്നതിൽ നിന്ന് പല രോഗികളുടെയും കാലുകൾ രക്ഷിക്കാൻ സാധിക്കുന്നു.
ഇതിനകം ഗാംഗ്രീൻ ബാധിച്ച കാലുകളാണെങ്കിൽപ്പോലും, മുട്ടിന് മുകളിൽ വെച്ച് കാല് മുറിച്ചു മാറ്റേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കാൻ ഇത് സഹായിക്കുന്നു.
ചില കേസുകളിൽ മുട്ടിന് താഴെ മാത്രം മുറിച്ചോ, അല്ലെങ്കിൽ ചില വിരലുകൾ മാത്രം മുറിച്ചു മാറ്റിക്കൊണ്ടോ ബാക്കി കാലിനെ സുരക്ഷിതമായി നിലനിർത്താൻ ഈ ഹൈബ്രിഡ് ചികിത്സാരീതിയിലൂടെ സാധിക്കുന്നു.
Dr Harilal V. Nambiar is the Chief Cardiothoracic & Vascular Surgeon at Baby Memorial Hospital, Calicut, with over 28 years of distinguished clinical experience in advanced cardiac, thoracic, and major vascular surgeries.