എല്ലാ മുട്ടുവേദനയ്ക്കും സർജറി വേണമെന്നുണ്ടോ? ആർത്രൈറ്റിസ് ഘട്ടങ്ങളും റേഡിയോ ഫ്രീക്വൻസി അബ്ലേഷൻ ചികിത്സയും

13 October 2026
മുട്ടുവേദന അനുഭവപ്പെടുന്ന പലരും ആശുപത്രികളിൽ പോകാൻ മടിക്കുന്നതിന്റെ പ്രധാന കാരണം, ഡോക്ടറെ കണ്ടാൽ ഉടൻ മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ (Knee Replacement Surgery) നിർദ്ദേശിക്കുമോ എന്ന ഭയമാണ്. എന്നാൽ എല്ലാ മുട്ടുവേദനകൾക്കും പരിഹാരം സന്ധിമാറ്റിവയ്ക്കലല്ല.  പ്രായത്തിനനുസരിച്ചും ശാരീരിക അവസ്ഥകൾക്കനുസരിച്ചും മുട്ടുവേദനയ്ക്ക് പലവിധ കാരണങ്ങളുണ്ടാകാം. നീർക്കെട്ട്, ആമവാദം, അണുബാധകൾ, സ്പോർട്സ് ഇഞ്ചുറികൾ, സന്ധിവാതം (ഓസ്റ്റിയോ ആർത്രൈറ്റിസ്), ഭക്ഷണശീലങ്ങളുമായി ബന്ധപ്പെട്ട ഗൗട്ട് എന്നിവയെല്ലാം മുട്ടുവേദനയിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്.

മുട്ടുവേദനയുടെ യഥാർത്ഥ കാരണം കൃത്യമായി പരിശോധിച്ച് കണ്ടെത്തിയാൽ മാത്രമേ അനുയോജ്യമായ ചികിത്സ നിശ്ചയിക്കാൻ സാധിക്കൂ. ആർത്രൈറ്റിസിന്റെ വിവിധ ഘട്ടങ്ങളിൽ വ്യായാമം, ജീവിതശൈലീ മാറ്റങ്ങൾ, ഇൻജക്ഷനുകൾ, ജോയിന്റ് പ്രിസർവേഷൻ സർജറികൾ, റേഡിയോ ഫ്രീക്വൻസി അബ്ലേഷൻ (RFA) എന്നിങ്ങനെ നിരവധി ചികിത്സാ സാധ്യതകൾ ഇന്ന് ലഭ്യമാണ്. എല്ലുകൾ തമ്മിൽ കൂട്ടിമുട്ടുന്ന നാലാം ഘട്ടത്തിൽ മാത്രമേ സാധാരണയായി നീ റീപ്ലേസ്മെന്റ് ആവശ്യമായി വരുന്നുള്ളൂ. മുട്ടുവേദനയെക്കുറിച്ചുള്ള മിഥ്യാധാരണകളെയും പുതിയ ചികിത്സാരീതികളെയും കുറിച്ച് തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ഓർത്തോപീഡിക്സ് കൺസൾട്ടന്റ് ഡോക്ടർ നിഖിൽ  ജോസഫ് മാർട്ടിൻ വിശദീകരിക്കുന്നു.

മുട്ടുവേദന വരാനുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്?

മുട്ടുവേദനയ്ക്ക് ഒരൊറ്റ കാരണമല്ല ഉള്ളത്. പ്രായത്തിനനുസരിച്ചും ജീവിതസാഹചര്യങ്ങൾക്കനുസരിച്ചും ഇതിനെ തരംതിരിക്കാം:

ഇൻഫ്ലമേഷൻ (നീർക്കെട്ട്): സന്ധികളിൽ നീർക്കെട്ട് ഉണ്ടാക്കുന്ന അസുഖങ്ങൾ.

മെഡിക്കൽ കാരണങ്ങൾ (വാതം / ആമവാതം): വാതസംബന്ധമായ പ്രശ്നങ്ങൾ മൂലം സന്ധികളിൽ തേയ്മാനം വരുന്നത്.

ഇൻഫെക്ഷൻ (അണുബാധ): സന്ധികളിലുണ്ടാകുന്ന അണുബാധകൾ മൂലം വേദന വരാം.

സ്പോർട്സ് ഇഞ്ചുറികൾ: കളികളിലും വ്യായാമങ്ങളിലും ഏർപ്പെടുമ്പോൾ ലിഗമെന്റുകൾ, മെനിസ്കസ്, തരുണാസ്ഥി (Cartilage) എന്നിവയ്ക്കുണ്ടാകുന്ന കേടുപാടുകൾ.

പോസ്റ്റ് ട്രോമാറ്റിക് ആർത്രൈറ്റിസ്: സന്ധികൾക്കുള്ളിൽ മുൻപുണ്ടായ ഫ്രാക്ചറുകൾ കൃത്യമായി ചികിത്സിക്കാതിരുന്നാൽ ഉണ്ടാകുന്ന തേയ്മാനവും വേദനയും.

ഓസ്റ്റിയോ ആർത്രൈറ്റിസ് (സന്ധിവാതം): പ്രായമായവരിൽ ഏറ്റവും സാധാരണയായി കാണുന്ന തേയ്മാനം.

ഗൗട്ട് (Gout): ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളോ മദ്യപാനമോ വഴി യൂറിക് ആസിഡ് കൂടുന്നതുമൂലം സന്ധികളിലുണ്ടാകുന്ന വേദനയും നീർക്കെട്ടും. രക്തത്തിൽ ലളിതമായ യൂറിക് ആസിഡ് പരിശോധന നടത്തി കൃത്യമായ ചികിത്സയിലൂടെ ഇത് ഭേദമാക്കാം.

എണ്ണകളും സ്പ്രേകളും ഉപയോഗിച്ചുള്ള താൽക്കാലിക വേദനസംഹാരികൾ ശാശ്വത പരിഹാരമാണോ?


ഹോസ്പിറ്റലിൽ വരാനുള്ള മടികൊണ്ട് പ്രാദേശികമായി ലഭിക്കുന്ന എണ്ണകളും സ്പ്രേകളും ഉപയോഗിച്ച് രോഗികൾ സ്വയം താൽക്കാലികമായി വേദന നിയന്ത്രിക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ ആർത്രൈറ്റിസ് പോലുള്ള അവസ്ഥകളിൽ കൃത്യമായ ക്ലിനിക്കൽ, റേഡിയോളജിക്കൽ (എക്സ്റേ) പരിശോധനകൾ നടത്തി രോഗം ഏത് ഘട്ടത്തിലാണെന്ന് തിരിച്ചറിഞ്ഞ് ചികിത്സിക്കേണ്ടത് അനിവാര്യമാണ്. പരിശോധനകൾ വൈകിക്കുന്നത് പ്രശ്നം കൂടുതൽ വഷളാക്കുകയേ ഉള്ളൂ.

 ആർത്രൈറ്റിസിന്റെ 4 ഘട്ടങ്ങളും അവയ്ക്കുള്ള ചികിത്സാരീതികളും എന്തൊക്കെയാണ്?
1. ഗ്രേഡ് 1 (തുടക്ക ഘട്ടം):
തുടക്കഘട്ടത്തിൽ പ്രധാനമായും മുട്ടിന് ചുറ്റുമുള്ള മസിലുകൾ ശക്തിപ്പെടുത്താനുള്ള വ്യായാമങ്ങളാണ് നൽകുന്നത്. മസിൽ സ്ട്രെങ്തൻ ചെയ്താൽ എല്ലുകൾ തമ്മിലുള്ള സമ്പർക്ക സമ്മർദ്ദം കുറഞ്ഞ് വേദനയ്ക്ക് നല്ല ആശ്വാസം ലഭിക്കും.

ഒഴിവാക്കേണ്ട കാര്യങ്ങൾ: കുന്തിച്ചുകാലിൽ ഇരിക്കുക (ഇന്ത്യൻ ക്ലോസറ്റ് ഉപയോഗം), ചമ്രം പടിഞ്ഞിരിക്കുക (ഇത് മുട്ടിന്റെ ചിരട്ടയായ പെറ്റലോ ഫീമറൽ ജോയിന്റിൽ വലിയ മർദ്ദം ഉണ്ടാക്കുന്നു), അമിതമായി പടികൾ കയറിയിറങ്ങുക എന്നിവ ഒഴിവാക്കണം.

2. ഗ്രേഡ് 2 (രണ്ടാം ഘട്ടം):
ഈ ഘട്ടത്തിൽ ചില ഇൻജക്ഷനുകൾ പരിഗണിക്കാറുണ്ട്:

വിസ്കോ സപ്ലിമെന്റേഷൻ: മുട്ടിനുള്ളിലെ ലൂബ്രിക്കേഷൻ വർദ്ധിപ്പിക്കാനായി നൽകുന്ന ഇൻജക്ഷനുകൾ.

സ്റ്റിറോയ്ഡ് ഇൻജക്ഷനുകൾ: പെട്ടെന്ന് വേദന കുറയ്ക്കുമെങ്കിലും ഇതൊരു ഇരുതല മൂർച്ചയുള്ള വാളുപോലെയാണ്. ദീർഘകാലാടിസ്ഥാനത്തിൽ ഇത് പ്രശ്നങ്ങൾ ഉണ്ടാക്കാമെന്നതിനാൽ ചെറിയ പ്രായത്തിലുള്ളവരിൽ ഇത് സാധാരണയായി ശുപാർശ ചെയ്യാറില്ല.

പി.ആർ.പി (PRP - പ്ലേറ്റ്ലെറ്റ് റിച്ച് പ്ലാസ്മ): രോഗിയുടെ തന്നെ രക്തമെടുത്ത് സെൻട്രിഫ്യൂജ് ചെയ്ത് വേർതിരിച്ചെടുക്കുന്ന പ്ലേറ്റ്ലെറ്റുകളിലെ ഗ്രോത്ത് ഫാക്ടറുകൾ വഴി മുട്ട് ഹീൽ ചെയ്യാൻ സഹായിക്കുമെന്ന സങ്കൽപ്പത്തിലാണ് ഇത് നൽകുന്നത്. എങ്കിലും ഏറ്റവും പുതിയ അമേരിക്കൻ അക്കാദമി എവിഡൻസ് അനുസരിച്ച് പ്ലെയിൻ പി.ആർ.പിക്ക് ആർത്രൈറ്റിസിൽ കാര്യമായ പങ്കില്ല എന്നാണ് കണ്ടെത്തൽ; എങ്കിലും പലരും ഇത് പ്രാക്ടീസ് ചെയ്യുന്നുണ്ട്.

3. ഗ്രേഡ് 3 (മൂന്നാം ഘട്ടം - കാലിന് വളവ് വരുന്നത്):
ഈ ഘട്ടത്തിൽ കാൽ ഉള്ളിലേക്ക് 'റ' പോലെ വളയുന്ന വാറസ് നീ (Varus knee) രൂപപ്പെടുന്നു. വണ്ടിയുടെ വീൽ അലൈൻമെന്റ് തെറ്റിയാൽ ടയർ വേഗത്തിൽ തേഞ്ഞുപോകുന്നതുപോലെ, കാലിന്റെ അലൈൻമെന്റ് തെറ്റുമ്പോൾ ഭാരം മുഴുവൻ ഉൾഭാഗത്തുകൂടി പോയി തേയ്മാനം വേഗത്തിലാകുന്നു.

40 മുതൽ 55 വയസ്സ് വരെയുള്ള പ്രായത്തിൽ ഇത് നേരത്തെ തിരിച്ചറിഞ്ഞാൽ ജോയിന്റ് പ്രിസർവേഷൻ സർജറി വഴി സ്വന്തം മുട്ട് സംരക്ഷിക്കാം.

ഹൈ ടിബിയൽ ഓസ്റ്റിയോടോമി (HTO): വളവ് നിവർത്തി ശരീരത്തിന്റെ ഭാരം നടുഭാഗത്തേക്ക് പുനക്രമീകരിക്കുന്ന റീ-അലൈൻമെന്റ് സർജറിയാണിത്. ചെറുപ്പക്കാരിൽ മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ എത്രത്തോളം നീട്ടിവെക്കാമോ അത്രത്തോളം നല്ലതായതിനാലാണ് ഇത് നിർദ്ദേശിക്കുന്നത്.

4. ഗ്രേഡ് 4 (നാലാം ഘട്ടം):
എല്ലുകൾ തമ്മിലുള്ള വിടവ് നഷ്ടപ്പെട്ട് കൂട്ടിമുട്ടുന്ന (Kissing knees) അവസ്ഥയാണിത്. ഈ ഘട്ടത്തിൽ താൽക്കാലിക ചികിത്സകൾ ഫലപ്രദമല്ല. ഇവിടെ മാത്രമാണ് നീ റീപ്ലേസ്മെന്റ് സർജറി ആവശ്യമായി വരുന്നത്.

എന്താണ് റേഡിയോ ഫ്രീക്വൻസി അബ്ലേഷൻ (RFA)? ഇത് ആർക്കൊക്കെയാണ് അനുയോജ്യം?

മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ ചെയ്യേണ്ട പ്രായമാകാത്തവർക്കും (45–55 വയസ്സ്), എന്നാൽ മരുന്നുകളോ ഇൻജക്ഷനുകളോ വഴി വേദന മാറാത്തവർക്കും ചെയ്യുന്ന നൂതനവും ലളിതവുമായ ഡേ കെയർ പ്രൊസീജറാണ് റേഡിയോ ഫ്രീക്വൻസി അബ്ലേഷൻ (RFA).

ചെയ്യുന്ന രീതി: മുട്ടിന് ചുറ്റും വേദന അനുഭവപ്പെടുത്തുന്ന സെൻസറി നെർവുകളെ (സ്പർശന ഞരമ്പുകൾ) കൃത്യമായി കണ്ടെത്തി, ഒരു സൂചി കടത്തിവിട്ട് നിയന്ത്രിതമായ ചൂട് നൽകി ആ ഞരമ്പുകളെ പ്രവർത്തനരഹിതമാക്കുന്നു. മോട്ടോർ ഞരമ്പുകളെ ബാധിക്കാത്തതിനാൽ കാലിന്റെ സ്വാഭാവിക ശേഷി നഷ്ടപ്പെടില്ല.

സമയദൈർഘ്യം: നാല് പ്രധാന ഞരമ്പുകളിലായി ആകെ 10 മുതൽ 15 മിനിറ്റ് വരെയാണ് ഈ പ്രൊസീജറിന് വേണ്ടിവരുന്നത്.

പ്രത്യേകതകൾ: മുറിവുകളോ വലിയ ഡ്രസ്സിംഗുകളോ ഇല്ല. രാവിലെ എത്തിയാൽ വൈകിട്ട് വീട്ടിലേക്ക് മടങ്ങാം. അടുത്ത ദിവസം മുതൽ രോഗികൾക്ക് വേദനയില്ലാതെ സാധാരണ കാര്യങ്ങൾ ചെയ്യാം. ഒന്നര മുതൽ രണ്ട് വർഷം വരെ ഇതിലൂടെ വേദനയിൽ നിന്ന് ആശ്വാസം ലഭിക്കും.
RFA ആർക്കൊക്കെ ചെയ്യാം?
നീ റീപ്ലേസ്മെന്റ് ചെയ്യാനുള്ള പ്രായമാകാത്ത, എന്നാൽ വേദന മാറാത്ത ചെറുപ്പക്കാർ.

അനാരോഗ്യവും മറ്റ് രോഗങ്ങളും കാരണം വലിയ സർജറി താങ്ങാൻ ശേഷിയില്ലാത്ത പ്രായമായവർ (ഉദാഹരണത്തിന്, കുറഞ്ഞ ആവശ്യങ്ങൾ മാത്രമുള്ള 90 വയസ്സിന് മുകളിലുള്ളവർ).

മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞിട്ടും വിട്ടുമാറാത്ത വേദന അനുഭവപ്പെടുന്ന രോഗികൾ.

നീ റീപ്ലേസ്മെന്റിന് മുൻപായി മറ്റ് വഴികൾ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർ.

മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ (TKR) ആജീവനാന്തം നിൽക്കുമോ?
ഒരു മികച്ച നീ റീപ്ലേസ്മെന്റ് ശസ്ത്രക്രിയയിലൂടെ വെക്കുന്ന ഇംപ്ലാന്റുകൾ സാധാരണയായി 15 മുതൽ 20 വർഷം വരെ നിലനിൽക്കും. അതിനുശേഷം വീണ്ടും റിവിഷൻ സർജറി ചെയ്യേണ്ടി വന്നേക്കാം. അതുകൊണ്ടുതന്നെ 45 വയസ്സിൽ ശസ്ത്രക്രിയ ചെയ്താൽ 65 വയസ്സിൽ വീണ്ടും റിവിഷൻ വേണ്ടിവരാം. എന്നാൽ 60–65 വയസ്സിന് ശേഷം ചെയ്യുമ്പോൾ അത് ജീവിതകാലം മുഴുവൻ നിലനിൽക്കാൻ സഹായിക്കും. അതുകൊണ്ടാണ് ചെറുപ്പക്കാരിൽ സർജറി പരമാവധി നീട്ടിവെക്കാൻ നിർദ്ദേശിക്കുന്നത്.
മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള റീഹാബിലിറ്റേഷൻ (Rehab) എങ്ങനെയാണ്?

ശസ്ത്രക്രിയയ്ക്ക് ശേഷമല്ല, സർജറിക്ക് മുൻപ് തന്നെ റീഹാബ് കൗൺസിലിംഗ് ആരംഭിക്കേണ്ടതാണ്. എത്ര ദിവസം ആശുപത്രിയിൽ നിൽക്കേണ്ടി വരും, എത്ര ദിവസം കൊണ്ട് നടക്കും, എപ്പോൾ വാക്കർ മാറ്റാം എന്നതിനെക്കുറിച്ച് രോഗിക്ക് മുൻകൂട്ടി വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നത് രോഗിയുടെ ആശങ്കകൾ അകറ്റാനും ആത്മവിശ്വാസം നൽകാനും സഹായിക്കും.

 യുവതലമുറയ്ക്ക് സന്ധിതേയ്മാനം തടയാൻ നൽകാനുള്ള സന്ദേശം എന്താണ്?
മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ എല്ലാവർക്കും നിർബന്ധമായി വരുന്ന ഒന്നല്ല. 30 വയസ്സിലാണ് മനുഷ്യശരീരത്തിൽ പീക്ക് ബോൺ മാസ് (Peak Bone Mass) ഉണ്ടാകുന്നത്. 30 വയസ്സിന് ശേഷം എല്ലുകളുടെ ബലം കുറഞ്ഞുതുടങ്ങുന്നു:

  • കൃത്യമായി വ്യായാമം ശീലമാക്കുക.

  • പോഷകസമ്പന്നമായ ആഹാരം കഴിക്കുക.

  • ഭക്ഷണത്തിൽ പ്രോട്ടീൻ കൂടുതൽ ഉൾപ്പെടുത്തുകയും അന്നജം (കാർബോഹൈഡ്രേറ്റ്സ്) കുറയ്ക്കുകയും ചെയ്യുക.

Dr. Nikhil Joseph Martin is a Consultant in the Department of Orthopaedics with expertise in joint replacement, arthroscopy, and sports injury management. He completed his post-graduation from Pondicherry Institute of Medical Sciences and later underwent advanced training and a postdoctoral fellowship in Arthroscopy and Sports Medicine under Dr. David V. Rajan at Ortho One Orthopaedic Specialty Hospital.

Share this video:
Dr Nikhil Joseph Martin

Dr Nikhil Joseph Martin

Orthopaedic And Arthroscopic Surgery