സ്തനാര്‍ബുദം സ്ത്രീകളില്‍ ഒരു രോഗം മാത്രമല്ല, അവരുടെ ശാരീരിക മാനസിക ആരോഗ്യത്തെ വരെ സ്വാധീനിക്കുന്ന അതിസങ്കീര്‍ണമായ ഒരു കാര്യം തന്നെയാണ്. പലപ്പോഴും ഇതില്‍ നിന്ന് പുറത്തേക്കുള്ള യാത്ര എന്നത് അല്‍പം ദുര്‍ഘടം പിടിച്ചത് തന്നെയായിരിക്കും. പലരില്‍ ഒറ്റപ്പെടലിന്റേയും അതിജീവനത്തിന്റേയും നിരവധി ഘട്ടങ്ങള്‍ കഴിഞ്ഞതിന് ശേഷമാണ് അവര്‍ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നതും. എന്താണ് സ്തനാര്‍ബുദം എന്നതിനേക്കാള്‍ അവയെ എപ്രകാരം തിരിച്ചറിയാം എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം.
ചെറുപ്പക്കാര്‍ മുതല്‍ പ്രായമായവര്‍ വരെ ഇത്തരം അവസ്ഥകളിലൂടെ ക ടന്ന് പോവുന്നു. സ്തനാര്‍ബുദം എപ്രകാരം, എന്തൊക്കെ ശ്രദ്ധിക്കണം, എന്താണ് കാരണം, എന്തൊക്കെയാണ് ലക്ഷണങ്ങള്‍, എപ്രകാരമാണ് ചികിത്സ വേണ്ടത്, എത്രത്തോളം പ്രായോഗികമാണ് രോഗാവസ്ഥയെ മറികടക്കുന്നത് എന്ന കാര്യം തിരിച്ചറിയേണ്ടതാണ്. ഇതിനെക്കുറിച്ച് സംസാരിക്കുകയാണ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ മെഡിക്കല്‍ ഓങ്കോളജി വിഭാഗം ഡോ. നിധിന്‍ രാജ്.
എന്തുകൊണ്ടാണ് ഇന്നത്തെ കാലത്ത് സ്തനാര്‍ബുദം വര്‍ദ്ധിക്കുന്നതിനുള്ള പ്രധാന കാരണങ്ങള്‍ എന്ന് നോക്കാം. അതില്‍ ആദ്യത്തെ കാര്യം പ്രായം തന്നെയാണ്. 50 വയസ്സിന് ശേഷം ഇതിനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ കുടുംബത്തില്‍ ബ്രെസ്റ്റ് / ഒവേറിയന്‍ കാന്‍സര്‍ ഉള്ളവര്‍, ആര്‍ത്തവ വിരാമത്തിന് ശേഷമുണ്ടാവുന്ന അമിതവണ്ണം, ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം, ആദ്യത്തെ ഗര്‍ഭധാരണം വൈകുന്നത് അല്ലെങ്കില്‍ കുട്ടികള്‍ ഇല്ലാതിരിക്കുന്നത്, മുലയൂട്ടുന്ന പ്രായം കുറവ്. കൂടാതെ മദ്യപാനം, പുകവലി എന്നിവയെല്ലാം സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുന്ന കാരണങ്ങളില്‍ ചിലതാണ്. ഒന്നല്ല, ഒരുപാട് കാരണങ്ങളാണ് പലപ്പോഴും ഇത്തരത്തില്‍ അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നത്.
സ്തനാര്‍ബുദസംശയം ഉള്ളവര്‍ അല്ലെങ്കില്‍ ഏതൊരു സ്ത്രീയും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ഉണ്ട്. സ്തനങ്ങളില്‍ വേദനയില്ലാത്ത മുഴ, ഇതിന്റെ വലിപ്പത്തിലും ആകൃതിയിലും ഉള്ള മാറ്റം, മുലക്കണ്ണ് അകത്തേക്ക് പോവുന്നത്, മുലക്കണ്ണില്‍ നിന്ന് രക്തം വരുന്നത്, അല്ലെങ്കില്‍ എന്തെങ്കിലും തരത്തിലുള്ള ദ്രാവകം വരുന്നതും ശ്രദ്ധിക്കണം. അത് കൂടാതെ സ്തനങ്ങളിലെ ചര്‍മ്മം ചുരുണ്ടത് പോലെ കാണപ്പെടുകയും കൈക്കുഴിയില്‍ മുഴ പോലെ കാണപ്പെടുന്നതും അല്‍പം ശ്രദ്ധിക്കണം.
പലപ്പോഴും പല കാര്യത്തിനും മടി കാണിക്കുന്നതാണ് രോഗാവസ്ഥ ഗുരുതരമാക്കുന്നതും. അതുകൊണ്ട് തന്നെ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. ഒരിക്കലും അതിനായി കാത്തിരിക്കേണ്ടതില്ല. കാരണം പലപ്പോഴും വേദനയില്ലാതെയാണ് അര്‍ബുദ ലക്ഷണങ്ങള്‍ പ്രകടമാവുന്നത്. ഇവയാണ് പിന്നീട് ഗുരുതരമായ ക്യാന്‍സറായി മാറുന്നതും.
Read Also: സെര്‍വിക്കല്‍ ക്യാന്‍സര്‍; പ്രതിരോധ സാധ്യതകളും അറിയേണ്ട കാര്യങ്ങളും
കൂടാതെ നാല്‍പ്പത് വയസ്സിന് ശേഷം അപകട സാധ്യത വര്‍ദ്ധിക്കുന്നു. എന്നാല്‍ മുപ്പതുകളിലും ഇതിനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കുകയില്ല. കുടുംബചരിത്രമുണ്ടെങ്കില്‍ ചെറുപ്പത്തില്‍ തന്നെ വരാം.
എപ്പോഴും സ്വയം പരിശോധന നടത്തേണ്ടത് അനിവാര്യമാണ്. ആര്‍ത്തവം കഴിഞ്ഞ് 5-7 ദിവസത്തിനുള്ളില്‍ കണ്ണാടിയില്‍ നോക്കിയാണ് പരിശോധന നടത്തേണ്ടത്. കിടന്ന് കൊണ്ടോ അല്ലെങ്കില്‍ കുളിക്കുമ്പോഴോ വിരലുകള്‍ കൊണ്ട് വൃത്താകൃതിയില്‍ പരിശോധിക്കുക. അതില്‍ തന്നെ സ്തനങ്ങള്‍, കൈക്കുഴി എല്ലാം പരിശോധിക്കുക. എല്ലാ മാസവും അഞ്ച് മിനിറ്റ് ഇതിനായി മാറ്റി വെക്കുക. പാരമ്പര്യമായി ഇതിനുള്ള സാധ്യതയുണ്ടെങ്കിലും പലപ്പോഴും 5-10% മാത്രമാണ് പാരമ്പര്യ കാരണം
Read Also: ന്യുമോണിയ: ലക്ഷണങ്ങൾ, കാരണങ്ങൾ, പ്രതിരോധം- അറിയേണ്ടതെല്ലാം
രോഗാവസ്ഥ Stage 1 ല്‍ കണ്ടെത്തിയാല്‍ 90-95% വരെ പൂര്‍ണ്ണസുഖം പ്രാപിക്കുന്നു. എന്നാല്‍ വൈകിയാണ് കണ്ടെത്തുന്നതെങ്കില്‍ പലപ്പോഴും ചികിത്സ അതികഠിനമായിരിക്കും. അതുകൊണ്ട് തന്നെ തുടക്കത്തില്‍ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാവുന്ന ഒന്നാണ് സ്തനാര്‍ബുദം. അതുമാത്രമല്ല കൃത്യസമയത്ത് കൃത്യമായ ചികിത്സ ലഭിച്ചാല്‍ രോഗാവസ്ഥക്ക് പരിഹാരം കാണാം. അത് കൂടാതെ ചികിത്സക്കിടയില്‍ ജീവിത ശൈലി മാറ്റങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. അത് കൂടാതെ ലഘുവ്യായാമം, നടത്തം, മതിയായ വിശ്രമം, ദു:ശീലങ്ങള്‍ ഒഴിവാക്കുക, ബിഎംഐ കൃത്യമായിരിക്കുക, ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക എന്നതാണ് പ്രധാന കാര്യം.
എന്നാല്‍ ചികിത്സക്ക് ശേഷവും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ഭക്ഷണത്തിലെ ശ്രദ്ധ. കാരണം പഴങ്ങള്‍, പച്ചക്കറികള്‍, പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ എന്നിവ കഴിക്കുക. കൂടാതെ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ ഒഴിവാക്കണം. അത് കൂടാതെ വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കുക. അതില്‍ അര മണിക്കൂര്‍ നടക്കുന്നതിനും ശ്രദ്ധിക്കുക. ലഘുവായ യോഗ, സ്ഥിരമായ ഫോളോ-അപ്പ്, ശരീരഭാരം നിയന്ത്രിക്കുക, മറ്റുള്ളവര്‍ മാനസിക പിന്തുണ നല്‍കുക എന്നിവയും ശ്രദ്ധിക്കണം. ഒരിക്കലും സ്തനാര്‍ബുദം ഭയപ്പെടേണ്ട രോഗമല്ല. നേരത്തെ കണ്ടെത്തിയാല്‍ പൂര്‍ണ്ണമായി സുഖപ്പെടുന്ന രോഗമാണ്.