സെര്‍വിക്കല്‍ ക്യാന്‍സര്‍: സ്ത്രീകളില്‍ പ്രധാനമായി കാണുന്ന അര്‍ബുദങ്ങളില്‍ ഒന്നാണ് സെര്‍വിക്കല്‍ ക്യാന്‍സര്‍ (Cervical Cancer) അഥവാ ഗർഭാശയഗള കാൻസർ. ഇന്ത്യയിലെ കാര്യമെടുത്താല്‍ സ്ത്രീകളെ ബാധിക്കുന്ന രണ്ടാമത്തെ പ്രധാന ക്യാന്‍സറാണിത്. പലപ്പോഴും ആരംഭഘട്ടങ്ങളില്‍ വ്യക്തമായ ലക്ഷണങ്ങള്‍ കാണിക്കാത്തതിനാല്‍ ഈ അസുഖം നേരത്തേ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. സെര്‍വിക്കല്‍ ക്യാന്‍സറിനെക്കുറിച്ച് കൃത്യമായ അവബോധം വളര്‍ത്തുവാനായി എല്ലാ ജനുവരി മാസവും സെര്‍വിക്കല്‍ ക്യാന്‍സര്‍ അവബോധ മാസമായി ആചരിക്കുന്നു.
സെര്‍വിക്കല്‍ ക്യാന്‍സറിന്റെ കാരണം, സ്‌ക്രീനിങ്, നേരത്തെയുള്ള കണ്ടെത്തലിന്റെ പ്രാധാന്യം, പ്രതിരോധ സാധ്യതകള്‍, ചികിത്സ എന്നിവയെക്കുറിച്ച് കോഴിക്കോട് ബേബി ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്റ് റേഡിയേഷന്‍ ഓങ്കോളജിസ്റ്റ് ഡോക്ടര്‍ ധന്യ കെ എസ് വിശദീകരിക്കുന്നു.
സെര്‍വിക്കല്‍ ക്യാന്‍സര്‍ എന്നത് എന്താണ്?
സെര്‍വിക്കല്‍ ക്യാന്‍സര്‍ അഥവാ ഗര്‍ഭാശയഗളത്തിലെ ക്യാന്‍സര്‍ സ്ത്രീകളില്‍ പ്രധാനമായി കാണുന്ന ഒരു ക്യാന്‍സറാണ്. ഹ്യൂമന്‍ പാപ്പിലോമ വൈറസ് (HPV) ഇന്‍ഫെക്ഷന്‍ കൊണ്ടാണ് ഏകദേശം 90 ശതമാനം സെര്‍വിക്കല്‍ ക്യാന്‍സറും ഉണ്ടാകുന്നത്.
സെര്‍വിക്കല്‍ ക്യാന്‍സര്‍ പ്രാരംഭഘട്ടത്തില്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടാകുന്നത് എന്തുകൊണ്ടാണ്?
പ്രാരംഭഘട്ടത്തില്‍ പലര്‍ക്കും കൃത്യമായ ലക്ഷണങ്ങള്‍ കാണിക്കാത്തതിനാല്‍ നേരത്തെ കണ്ടെത്തുക എന്നത് പ്രയാസമാണ്. പല രോഗികളിലും മറ്റു സ്‌റ്റേജുകളിലാണ് ഇത് കണ്ടെത്തുന്നത്. എന്നിരുന്നാലും സ്ത്രീകളിലുണ്ടാകുന്ന അമിത രക്തസ്രാവം,ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനു ശേഷമുണ്ടാകുന്ന വേദന, അടിവയര്‍ വേദന, തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു.
Read Also: ശ്വാസകോശ അര്‍ബുദം; പുകവലി മാത്രമല്ല വില്ലന്‍, അറിയാം കാരണങ്ങളും ചികിത്സയും
ലക്ഷണങ്ങളില്ലാത്തവരില്‍ സൈര്‍വിക്കല്‍ ക്യാന്‍സര്‍ എങ്ങനെ കണ്ടെത്താം?
ലക്ഷണമില്ലാത്ത ആളുകളില്‍ നിന്ന് സെര്‍വിക്കല്‍ ക്യാന്‍സര്‍ കണ്ടെത്താന്‍ സ്‌ക്രീനിങ് ടെസ്റ്റുകള്‍ ഉണ്ട്. അതില്‍ പ്രധാനപ്പെട്ടത് പാപ്‌സ്മിയര്‍ എന്ന സ്‌ക്രീനിങ് ടെസ്റ്റാണ്. ഇത് വേദനയില്ലാത്തതും കുറഞ്ഞ ചെലവില്‍ ചെയ്യാവുന്നതുമാണ്. ഗര്‍ഭാശയ മുഖത്തെ കോശങ്ങള്‍ എടുത്ത് പരിശോധിക്കുന്നതിലൂടെ അവിടെ വളരെ നേരത്തെയുള്ള മാറ്റങ്ങള്‍ മനസ്സിലാക്കാനും പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാനും സാധിക്കും.
ഹ്യൂമന്‍ പാപ്പിലോമ വൈറസ് എങ്ങനെ സെര്‍വിക്കല്‍ ക്യാന്‍സറിലേക്ക് നയിക്കുന്നു?
ഗര്‍ഭാശയമുഖത്ത് ഹ്യൂമന്‍ പാപ്പിലോമ വൈറസ് മാറ്റങ്ങള്‍ വരുത്തി ക്യാന്‍സറിലേക്ക് എത്താന്‍ സാധാരണയായി 10 മുതല്‍ 30 വര്‍ഷം വരെ എടുക്കും. ഈ സമയത്തിനുള്ളില്‍ സ്‌ക്രീനിങ് ടെസ്റ്റുകളില്‍ പങ്കെടുത്താല്‍ ഈ ഇന്‍ഫെക്ഷനോ മാറ്റങ്ങളോ നേരത്തേ കണ്ടെത്താന്‍ കഴിയും.
Read Also: മെനോപോസ് ട്രാൻസിഷൻ കാലഘട്ടം: സ്ത്രീകൾ അറിയേണ്ട പ്രധാന കാര്യങ്ങൾ
സെര്‍വിക്കല്‍ ക്യാന്‍സര്‍ പ്രതിരോധിക്കാനാകുമോ?
സെര്‍വിക്കല്‍ ക്യാന്‍സര്‍ നമുക്ക് പ്രതിരോധിക്കാനും പൂര്‍ണമായും ഇല്ലാതാക്കാനും സാധിക്കുന്ന ഒരു ക്യാന്‍സറാണ്. ഇതിന്റെ പ്രതിരോധത്തില്‍ നമുക്കെല്ലാവര്‍ക്കും പങ്കാളികളാകാം.