• English
  • عربي / Arabic
  • മലയാളം / Malayalam
Gynecomastia Treatment: Causes, Symptoms, and Surgery Options

ഗൈനക്കോമാസ്റ്റിയ: പുരുഷന്മാരിലെ അസാധാരണമായ സ്തനവളർച്ച - കാരണങ്ങളും പരിഹാരവും

2026-02-25

പുരുഷന്മാരിലെ അസാധാരണമായ സ്തനവളര്‍ച്ച പലപ്പോഴും വെറുമൊരു ശാരീരിക പ്രശ്‌നം മാത്രമല്ല, മറിച്ച് അത് അവരുടെ ആത്മവിശ്വാസത്തെയും സാമൂഹിക ജീവിതത്തെയും സാരമായി ബാധിക്കുന്ന ഒന്നാണ്. കൗമാരപ്രായത്തില്‍ ഇത്തരം മാറ്റങ്ങള്‍ നേരിടുന്ന കുട്ടികള്‍ പലപ്പോഴും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നുപോകുന്നത്. ജിമ്മില്‍ പോയി കഠിനമായി വ്യായാമം ചെയ്താല്‍ ഈ പ്രശ്‌നം മാറുമെന്ന് പലരും കരുതാറുണ്ടെങ്കിലും ഇത് ഫലം നല്‍കാറില്ല. 

എന്തുകൊണ്ടാണ് വ്യായാമം കൊണ്ട് മാത്രം ഇത് മാറാത്തത്? ഇതിന് ശാശ്വതമായ ഒരു ചികിത്സയുണ്ടോ? പുരുഷന്മാരിലെ സ്തനവളര്‍ച്ചയായ  ഗൈനക്കോമാസ്റ്റിയയെക്കുറിച്ചും  (Gynecomastia) ശസ്ത്രക്രിയയെക്കുറിച്ചും അതിന്റെ സര്‍ജറിയെക്കുറിച്ചും  പ്രത്യേകതകളെക്കുറിച്ചുമുള്ള സംശയങ്ങള്‍ക്ക് ഉത്തരം നല്കുകയാണ്  കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ പ്ലാസ്റ്റിക്, ഐസ്‌തെറ്റിക്‌സ് ആന്‍ഡ് റീകണ്‍സ്ട്രക്റ്റീവ് സര്‍ജറി വിഭാഗം ചീഫ് ആന്‍ഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കൃഷ്ണകുമാര്‍ കെ.എസ്

1. എന്താണ് ഗൈനക്കോമാസ്റ്റിയ? പുരുഷന്മാരില്‍ കണ്ടുവരുന്ന ഈ അവസ്ഥയെക്കുറിച്ച് ലളിതമായി വിശദീകരിക്കാമോ?

പുരുഷന്മാരിലുണ്ടാകുന്ന അസാധാരണമായ സ്തനവളര്‍ച്ചയാണ് ഗൈനക്കോമാസ്റ്റിയ.  ഇതില്‍ പ്രധാനമായും ഗ്രന്ഥികളുടെ ഒരു ഭാഗവും (Glandular Component) അമിതമായി കൊഴുപ്പ് അടിയുന്ന അവസ്ഥയും കാണപ്പെടുന്നു. പ്രധാനമായും രണ്ട് പ്രായവിഭാഗങ്ങളിലാണ് ഇത് കാണപ്പെടുന്നത്. ഒന്ന്, പ്രായപൂര്‍ത്തിയാകുന്ന സമയത്ത് (ഏകദേശം 13 മുതല്‍ 18 വയസ്സ് വരെ). ഈ സമയത്ത് ഹോര്‍മോണ്‍ മാറ്റങ്ങള്‍ കാരണം കുട്ടികളില്‍ ഇത് വരാം. എന്നാല്‍ ഹോര്‍മോണ്‍ സന്തുലിതമായി വരുമ്പോള്‍ കുട്ടികളില്‍ ഇത് ശരിയായി വരാറുമുണ്ട്.  രണ്ടാമതായി, 60 വയസ്സിന് മുകളിലുള്ളവരില്‍ ഹോര്‍മോണ്‍ ഇംബാലന്‍സ് കാരണവും ഇത് കണ്ടുവരാറുണ്ട്. ഇതിനിടയിലുള്ള പ്രായത്തില്‍ സ്ഥിരമായി നില്‍ക്കുന്ന ഗൈനക്കോമാസ്റ്റിയക്കായി ആണ് കൂടുതല്‍ പേരും ചികിത്സ തേടുന്നത്. 

Read Also: സ്തനാർബുദം:കാരണങ്ങളും ലക്ഷണങ്ങളും, അതിജീവിക്കാം കൃത്യമായ ചികിത്സയിലൂടെ

2. അമിത വണ്ണം കാരണം മാറിടത്തില്‍ കൊഴുപ്പ് അടിയുന്നതും ഗൈനക്കോമാസ്റ്റിയയും തമ്മിലുള്ള വ്യത്യാസം എങ്ങനെ തിരിച്ചറിയാം?

സാധാരണ ഒരാള്‍ക്ക് നെഞ്ചിന്റെ ഭാഗത്ത് അസാധാരണമായ സ്തനവളര്‍ച്ചയുണ്ടെങ്കില്‍ അത് ഗൈനക്കോമാസ്റ്റിയ ആയി കണക്കാക്കാം.  ഗൈനക്കോമാസ്റ്റിയയില്‍ തന്നെ മറ്റു വിഭാഗങ്ങളുമുണ്ട്. ചെറിയ ഗൈനക്കോമാസ്റ്റിയ മുതല്‍ ശരിക്കും സ്ത്രീകളുടേതിന് സമാനമായ മാറിടവളര്‍ച്ച വരെ ഇതില്‍ ഉള്‍പ്പെടുന്നു. ഗൈനക്കോമാസ്റ്റിയയില്‍ നിപ്പിളിന് താഴെയായി ഗ്രന്ഥികള്‍ (Glands) ഉണ്ടായിരിക്കും.

എന്നാല്‍ അമിതവണ്ണം(obesity) കാരണമാണെങ്കില്‍ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും (കൈകള്‍, കാലുകള്‍, വയര്‍) ഒരുപോലെ കൊഴുപ്പ് കാണപ്പെടും. 

3. എന്തൊക്കെയാണ് ഇതിന്റെ ലക്ഷണം? വേദനയോ മറ്റ് അസ്വസ്ഥതകളോ ഇതിനോടൊപ്പം ഉണ്ടാകുമോ?

99% ആളുകളിലും ഇത് കാഴ്ചയിലുള്ള ബുദ്ധിമുട്ടല്ലാതെ മറ്റ് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറില്ല. വളരെ അപൂര്‍വ്വമായി ഇന്‍ഫെക്ഷനോ ട്യൂമറോ പോലെയുള്ള അവസ്ഥകളില്‍ വേദന അനുഭവപ്പെടാം. ഇതൊരു കോസ്‌മെറ്റിക് പ്രശ്‌നമായാണ് കണക്കാക്കുന്നത്.

4. പുരുഷന്മാരില്‍ ഹോര്‍മോണ്‍ വ്യതിയാനം സംഭവിക്കാന്‍ കാരണമെന്താണ്? ഇത് ജനിതകമാണോ?

പുരുഷന്മാരില്‍ ഹോര്‍മോണ്‍ വ്യതിയാനം ഉണ്ടാവാനുള്ള പല കാരണങ്ങളുണ്ട്. അതില്‍ നേരത്തെ പറഞ്ഞതുപോലെ ഹോര്‍മോണ്‍ വ്യതിയാനം സംഭവിക്കുന്ന പ്രായമാണ് 13 തൊട്ട് 15 വയസ്സ് ആയിട്ടുള്ള പീരിഡും പിന്നീട് 6065 പീരിഡും. ഈ സമയങ്ങളില്‍ ഗൈനക്കോമാസ്റ്റിയ വരുന്ന ഒരു ലക്ഷണം ശരീരം കാണിക്കാറുണ്ട്. കൂടാതെ ചില അനബോളിക് സ്റ്റിറോയിഡ് തുടങ്ങിയവ കഴിക്കുമ്പോള്‍ പാര്‍ശ്വഫലമായും ഇതു വന്നേക്കാം. കൂടാതെ, ഹോര്‍മോണ്‍ വ്യതിയാനം വരുത്തുന്ന വിധത്തില്‍ തലച്ചോറിലെ പിറ്റിയൂട്ടറി ഗ്രന്ഥിക്ക് എന്തെങ്കിലും അസന്തുലിതാവസ്ഥയുണ്ടെങ്കിലോ, കരളിന് അസുഖമുണ്ടെങ്കിലോ ഇതു വരാനുള്ള സാധ്യതയുണ്ട്. പിന്നെ, 99 ശതമാനം ആളുകളിലും പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാത്ത ഇഡിയോപതിക് എന്ന അവസ്ഥയാണ്. 

പുരുഷന്മാരില്‍ ഇത് ജനിതകമല്ല 

നമ്മുടെ നാട്ടില്‍ അല്പം കൂടുതല്‍ ഇത് കാണാറുണ്ട്. ഇതിന് കാരണം ജീവിതശൈലിയും ഭക്ഷണരീതികളും അമിതവണ്ണവും കൊണ്ടും വരാന്‍ സാധ്യതയുള്ള പോപ്പുലേഷനാണ് നമ്മുടേത്. ചിലപ്പോള്‍ ഇതൊരു കോണ്‍ട്രിബ്യൂട്ടറി ഫാക്ടര്‍ ആയേക്കാം.

Read Also: അമിതവണ്ണമുണ്ടോ? ശസ്ത്രക്രിയയില്ലാതെ വണ്ണം കുറയ്ക്കാം; എന്താണ് ഗ്യാസ്ട്രിക് ബലൂൺ ചികിത്സ?

5. ബോഡി ബില്‍ഡിംഗിനായി ഉപയോഗിക്കുന്ന സ്റ്റിറോയിഡുകള്‍, മറ്റ് മരുന്നുകള്‍, അല്ലെങ്കില്‍ ലഹരി ഉപയോഗം എന്നിവ ഗൈനക്കോമാസ്റ്റിയയ്ക്ക് കാരണമാകുമോ?

ആകും. ബോഡി ബില്‍ഡിങ്ങിനായിട്ട് ഉപയോഗിക്കുന്ന സ്റ്റിറോയ്ഡുകള്‍ പ്രത്യേകിച്ച് ഈ ആനബോളിക് സ്റ്റിറോയ്ഡ് എന്ന് പറയുന്നത് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കൂട്ടുന്ന മരുന്നുകളാണ്. ഇതുപയോഗിക്കുമ്പോള്‍ നമ്മുടെ ശരീരത്തിലുണ്ടായിരുന്ന നേറ്റീവ് ഹോര്‍മോണുകള്‍ സപ്രസ് ആകും. പുരുഷ ഹോര്‍മോണുകള്‍ കുറയുമ്പോള്‍ സ്തനവളര്‍ച്ച കൂടുതലായിട്ട് വരാനുള്ള സാധ്യത പൊതുവേ വരുന്നുണ്ട്.  ലഹരി ഉപയോഗത്തിലും ഇതേ പ്രക്രിയ റെക്കോര്‍ഡഡ് ആണ്. അമിതമായ ലഹരി ഉപയോഗം ഗൈനക്കോമാസ്റ്റിയ ഉണ്ടാക്കുമെന്നാണ് ഇപ്പോഴത്തെ പഠനങ്ങള്‍ പറയുന്നത്

6. കൗമാരക്കാരിലും മുതിര്‍ന്നവരിലും ഇത് ഒരുപോലെ കണ്ടുവരാറുണ്ടോ? ഏത് പ്രായത്തിലാണ് സാധാരണയായി ചികിത്സ തേടേണ്ടത്?

 നേരത്തെ പറഞ്ഞതുപോലെ തന്നെ കൗമാരക്കാരില്‍  പ്രായപൂര്‍ത്തിയാകുന്ന സമയത്തും  മുതിര്‍ന്നവരില്‍ അറുപതിന് മുകളില്‍ പ്രായമാകുമ്പോഴും ഇത് വരാന്‍ സാധ്യതയുണ്ട്. അവര്‍ക്ക് ഇത് മാനസികമായി ബുദ്ധിമുട്ടുണ്ടെന്നുണ്ടെങ്കിലേ നമ്മള്‍ ചികിത്സ തേടേണ്ട കാര്യമുള്ളൂ.  പക്ഷേ കൗമാരക്കാരില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ കഴിഞ്ഞ് സ്‌റ്റെബിലൈസ് ചെയ്ത് വരുമ്പോഴത്തേക്ക് ചിലപ്പോള്‍ ഇത് മാറാനുള്ള സാധ്യതയുമുണ്ട്. 

എന്നാല്‍ ഗൈനക്കോമാസ്റ്റിയയ്ക്ക് ഏത് വയസ്സില്‍ വേണമെങ്കിലും ചികിത്സ തേടാവുന്നതാണ്. നമ്മളെ അത് മാനസീകമായോ സമൂഹത്തില്‍ ഇടപെടുന്നതിനെയോ ബാധിക്കുന്നുണ്ടോ  എന്നതാണ് നോക്കേണ്ടത്. സ്ത്രീകളുടെ ഒരു സ്തനവളര്‍ച്ച പോലെ തന്നെ  കൗമാരക്കാരന് ഉണ്ടെന്നുണ്ടെങ്കില്‍ അവന് കൂട്ടുകാരെയോ ആള്‍ക്കാരെയോ ഫേസ് ചെയ്യുന്നതിന് ബുദ്ധിമുട്ട് കാണും. ഇത്തരം സാഹചര്യങ്ങളില്‍ നമ്മള്‍ ചികിത്സിക്കാതെ കാത്തിരുന്നാല്‍ ഈ വര്‍ഷങ്ങള്‍ കുട്ടിക്കുണ്ടാക്കുന്ന സൈക്കോളജിക്കല്‍ ട്രോമ വളരെ വലുതായിരിക്കും. അതേസമയം, പ്രായപൂര്‍ത്തിയാകുന്ന വരെ, അതായത്, ഹോര്‍മോണ്‍ ബാലന്‍സ് സംഭവിക്കുന്ന വരെ കാത്തിരിക്കാന്‍ സാധിക്കുന്നതാണെങ്കില്‍ അതും നല്ലതാണ്.  പ്രായപൂര്‍ത്തി ആയതിനുശേഷവും വര്‍ക്കൗട്ട് ഒക്കെ ചെയ്തിട്ടും പ്രത്യേകിച്ച് അതില്‍ വലിയ വ്യത്യാസം തോന്നുന്നില്ല എന്നുണ്ടെങ്കില്‍ തീര്‍ച്ചയായിട്ടും സര്‍ജറി തന്നെയാണ് പരിഹാരം. 

7. ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്താല്‍ ഗൈനക്കോമാസ്റ്റിയ പൂര്‍ണ്ണമായും മാറ്റാന്‍ സാധിക്കുമോ? അതോ സര്‍ജറി തന്നെ വേണോ?

ഇല്ല, ജിമ്മില്‍ പോയി വര്‍ക്ക് ഔട്ട് ചെയ്താല്‍ ഈ അവസ്ഥ മാറ്റിയെടുക്കുവാന്‍ സാധിക്കില്ല.  ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്താല്‍ കൊഴുപ്പ്  കുറയ്ക്കാന്‍ സാധിക്കുമെങ്കിലും നിപ്പിളിന് അടിയിലുള്ള ഗ്രന്ഥികളെ  മാറ്റാന്‍ കഴിയില്ല. ഗൈനക്കോമാസ്റ്റിയ പൂര്‍ണ്ണമായി മാറാന്‍ ശസ്ത്രക്രിയ തന്നെയാണ് ഏക പോംവഴി.

 നിപ്പിളിന് തൊട്ടുതാഴെയായി കാണപ്പെടുന്ന കടുപ്പമേറിയ ഗ്രന്ഥികളാണ്  ഇതിന്റെ പ്രധാന കാരണം. പുരുഷന്മാരില്‍ ഇതേ ഗ്രന്ഥികള്‍ സ്ത്രീകളെ അപേക്ഷിച്ച് ഉപയോഗരഹിതമായ  അവസ്ഥയിലാണ് കാണപ്പെടുന്നത്. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലം ഈ ഗ്രന്ഥികള്‍ക്ക് വീക്കം സംഭവിക്കുമ്പോഴാണ് സ്തനവളര്‍ച്ച പ്രകടമാകുന്നത്.

കൊഴുപ്പ് അടിയുന്നത് 

 ഈ ഗ്രന്ഥികള്‍ക്ക് ചുറ്റുമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നത് സ്തനങ്ങളുടെ വലിപ്പം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു.

8. സര്‍ജറി എങ്ങനെയാണ്? 'ലൈപോസെക്ഷന്‍', 'ഗ്ലാന്‍ഡ് എക്‌സിഷന്‍' എന്നിവയെക്കുറിച്ച് വിശദീകരിക്കാമോ? ഇവ രണ്ടും എപ്പോഴാണ് ആവശ്യമായി വരുന്നത്?

സര്‍ജറി നമ്മളൊരു ഡേ കെയര്‍ പ്രൊസീജര്‍ ആയിട്ടാണ് ചെയ്യുന്നത്. ഡേ കെയര്‍ എന്ന് വെച്ചുകഴിഞ്ഞാല്‍ ഒരു ദിവസത്തിന്റെ വ്യാപ്തിയില്‍ നമ്മള്‍ തീര്‍ക്കുന്ന ഈ ഒരു സര്‍ജറിയാണ്. പേഷ്യന്റ് രാവിലെ നടന്നായിരിക്കും വരിക. സര്‍ജറി കഴിഞ്ഞ് വൈകുന്നേരം തിരികെ നടന്നായിരിക്കും വീട്ടില്‍ പോവുക.  

മേല്‍ പറഞ്ഞതുപോലെ ഈ അവസ്ഥയുള്ള ആളുകളില്‍ ഫാറ്റിന്റെ ഒരു കമ്പോണന്റും ഗ്ലാന്‍ഡിന്റെ ഒരു കമ്പോണന്റും ഉണ്ട്. നമ്മള്‍ സാധാരണയായി  ആദ്യം ലൈപ്പോസെക്ഷന്‍ ആണ് ചെയ്യുക. ഇതുവഴി ഫാറ്റ് അഥവാ കൊഴുപ്പ് മുഴുവന്‍ ഒഴിവാക്കുകയാണ്. നമ്മള്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള മാറ്റം അവിടെ വന്നതിനു ശേഷം നിപ്പിളിന്റെ വശത്തായി ഒരു ചെറിയ മുറിവ് ഉണ്ടാക്കി, അതിനകത്തുകൂടി ഗ്ലാന്‍ഡ് വലിച്ചെടുക്കുന്നു.  ഈ ഗ്ലാന്‍ഡ് കൂടി ഒഴിവാകുന്നതോടെ നമ്മള്‍ ആഗ്രഹിക്കുന്ന പോലെ ഫ്‌ലാറ്റ് ആയി ഒരു ഷേപ്പിലേക്ക് നെഞ്ച് മാറുന്നു.  ലൈപ്പോസെക്ഷന്‍ ചെയ്യുന്നതും ഈ വളരെ ചെറിയ കീഹോള്‍ ദ്വാരത്തില്‍ കൂടിയാണ്. 4 ാാ  ആണ്  ഇതിന്റെ സൈസ്. കീഹോള്‍ സര്‍ജറി ആയതിനാല്‍ മുറിവിന്റെ പാട് ഉണ്ടാവില്ല. ഗ്ലാന്‍ഡ് എടുക്കുമ്പോഴും  അത് സ്‌കാര്‍ ആയിട്ട് വരില്ല.

9. ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമം എത്ര നാള്‍? സര്‍ജറി കഴിഞ്ഞ് എത്ര ദിവസത്തിനുള്ളില്‍ ജോലിക്ക് പോകാനും വ്യായാമം ചെയ്യാനും സാധിക്കും?

സാധാരണ ശസ്ത്രക്രിയകള്‍ പോലെ നീണ്ട ബെഡ് റെസ്റ്റ് വേണ്ടിവരില്ല.  

കംപ്രഷന്‍ വെസ്റ്റ് ഇടാന്‍ സര്‍ജറിക്ക് ശേഷം നിര്‍ദ്ദേശിക്കാറുണ്ട്. ഇതിട്ടു കഴിഞ്ഞാല്‍  പേഷ്യന്റിന്  ദിനചര്യകള്‍ക്കൊന്നും യാതൊരു രീതിയിലും ഒരു ബുദ്ധിമുട്ട് വരില്ല. നടക്കുക, നില്‍ക്കുക, വണ്ടി ഓടിക്കുക അങ്ങനെയുള്ള കാര്യങ്ങള്‍ക്കൊന്നും പ്രശ്‌നമില്ല.  ഇന്ന്   സര്‍ജറി ചെയ്തിട്ട്  ചെയ്തിട്ട് നാളെ ഓഫീസില്‍ പോകുന്ന പോയിട്ടുള്ള പേഷ്യന്‍സും ഉണ്ട്. 

  വ്യായാമത്തിന്റെ കാര്യമെടുത്താല്‍ അതിന് ചില മുന്‍കരുതലുകള്‍ എടുക്കുന്നത് നല്ലതാണ്. ലൈപ്പോസെക്ഷന്‍ ചെയ്തയിടത്ത്  കൂടുതല്‍ സ്‌ട്രെയിന്‍ ചെയ്താല്‍ വേദനയ്ക്കുള്ള സാധ്യതയുണ്ട്. മുറിവ് ഉണങ്ങുവാനുള്ള സമയം കൊടുക്കുകയെന്നത് പ്രധാനമാണ്. അത് പൊതുവേ രണ്ട് അല്ലെങ്കില്‍ മൂന്ന് ആഴ്ചയാണ്. അതിന് ശേഷം ലഘുവ്യായാമങ്ങള്‍ തുടങ്ങാം. വെയിറ്റ് ലിഫ്റ്റിങ് പോലുള്ള കഠിനമായ വ്യായാമങ്ങള്‍ രണ്ട് മാസത്തിന് ശേഷം ആരംഭിക്കുന്നതായിരിക്കും നല്ലത്. അപ്പര്‍ ചെസ്റ്റ് വ്യായാമങ്ങള്‍, ഭാരമുയര്‍ത്തല്‍ തുടങ്ങിയവ മൂന്ന് മാസത്തനു ശേഷം മാത്രമേ ആരംഭിക്കാവൂ. അതേസമയം, കാര്‍ഡിയോ വ്യായാമങ്ങള്‍ ഒരാഴ്ചയക്കു ശേഷം തുടങ്ങാം.

10. ഒരിക്കല്‍ സര്‍ജറി ചെയ്ത് നീക്കം ചെയ്താല്‍ പിന്നീട് ഈ അവസ്ഥ വീണ്ടും വരാന്‍ സാധ്യതയുണ്ടോ?

തീര്‍ച്ചയായും ഇല്ല. ഗ്ലാന്‍ഡ് റിമൂവ് ചെയ്യുന്നത് കൊണ്ട്  ഈ അവസ്ഥ  വീണ്ടും വരില്ല. ഈ ഗ്ലാന്‍ഡാണ് ഗൈനക്കോമാസ്റ്റിയയില് ഏറ്റവും മേജര്‍ ആയിട്ട് വരുന്ന പ്രശ്‌നം അപ്പോള്‍ ഈ ഗ്ലാന്‍ഡ് പോയി കഴിഞ്ഞാല്‍ തീര്‍ച്ചയായിട്ടും അത് 100%  വീണ്ടും വരില്ല. പിന്നെ ഫാറ്റിന്റെ ഒരു ഒരു കമ്പോണന്റ് ഉണ്ട്. പക്ഷേ അതിന്റെ പ്രശ്‌നം എന്താണെന്നാല്‍  ശരീരത്തില്‍ നോര്‍മലി ഫാറ്റ് സ്‌റ്റോര്‍ ചെയ്യുന്ന സ്ഥലങ്ങളുണ്ട്. വയറാണ് ഒന്നാമത്തേത്. പിന്നെ അത് കഴിഞ്ഞാല്‍  ഭാഗമാണ് വരുന്നത്. ഈ ഓപ്പറേഷന്‍ ചെയ്ത ഈ വ്യക്തി ഭാവിയില് അയാള്‍ അമിതമായി വെയിറ്റ് ഗെയിന്‍ ആവുകയാണെന്നുണ്ടെങ്കില്‍ അതിന് പ്രൊപ്പോഷണല്‍ ആയിട്ട് ഫാറ്റ് ഡെപ്പോസിഷന്‍ വന്നേക്കാം. 

ഒരിക്കല്‍ ഈ ഗൈനക്കോമാസ്റ്റിയ സര്‍ജറി നടത്തിയ വ്യക്തിക്ക് ഭാവിയില്‍ അമിതവണ്ണം വരികയാണെങ്കില്‍ അതിനനുസരിച്ച് നെഞ്ചിന്റെ ഭാഗത്ത് കൊഴുപ്പ് വന്നേക്കാം. പക്ഷേ, അത് ഒരിക്കലും ഗൈനക്കോമാസ്റ്റിയയിലേക്ക് വരില്ല. 

11. സര്‍ജറിക്ക് ശേഷം ബെല്‍റ്റ് അല്ലെങ്കില്‍ പ്രത്യേക വസ്ത്രം ധരിക്കേണ്ടത് നിര്‍ബന്ധമാണോ? എന്താണ് ഇതിന്റെ പ്രാധാന്യം?

കംപ്രഷന്‍ വെസ്റ്റ് അഥവാ കംപ്രഷന്‍ ഗാര്‍മെന്റ് ധരിക്കേണ്ടത് നിര്‍ബന്ധമാണ്. ലൈപ്പോസെക്ഷന്‍ ചെയ്ത ഭാഗം ഫാറ്റ് എടുത്ത് കളഞ്ഞ ശേഷം വോളിയം ഇല്ലാത്ത സ്ഥലമായി മാറിയിട്ടുണ്ടാകും. ശരീരത്തില്‍ ഇത്തരം സ്ഥലങ്ങളില്‍ വെള്ളം കെട്ടാനുള്ള ഒരു സാധ്യതയുണ്ട്. കംപ്രഷന്‍ വെസ്റ്റ് ഇട്ടാല്‍ സ്‌കിന്‍ നെഞ്ചിന്റെ മസിലിലേക്ക് അമര്‍ന്നിരിക്കുകയും അവിടെ അങ്ങനെ ഒരു സ്‌പേസ് വരാതിരിക്കുകയും ചെയ്യും. ഇപ്രകാരം ഓപ്പറേഷന് ശേഷമുള്ള ബുദ്ധിമുട്ടുകള്‍ കുറയ്ക്കുകയും ചെയ്യാം.

Dr Krishna Kumar K S

Dr Krishna Kumar K S

Plastic, Aesthetic And Reconstructive Surgery