അപ്രതീക്ഷിതമായി ഉണ്ടാകുന്ന അപകടങ്ങളിലെ ഏറ്റവും പ്രധാനിയാണ് പൊള്ളലുകൾ. അടുക്കളയിലെ ചെറിയ അശ്രദ്ധ മുതൽ രാസവസ്തുക്കളിൽ നിന്നും വലിയ തീപിടുത്തത്തിൽ നിന്നുമെല്ലാം പൊള്ളലുകൾ സംഭവിക്കാം. പൊള്ളലുകൾക്ക് ആദ്യ നിമിഷങ്ങളിൽ നൽകുന്ന ശരിയായ പ്രഥമശുശ്രൂഷ വളരെ പ്രധാനമാണ്. പൊള്ളലേറ്റ ഉടൻ ചെയ്യുന്ന പ്രഥമശുശ്രൂഷയിലെ ശരിതെറ്റുകളാണ് പലപ്പോഴും മുറിവിന്റെ ആഴവും ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള സങ്കീർണ്ണതകളും തീരുമാനിക്കുന്നത്. പരമ്പരാഗതമായ ചില തെറ്റായ ചികിത്സാരീതികൾ പൊള്ളലിനെ കൂടുതൽ വഷളാക്കാറുണ്ട് എന്നതിനാൽ, ആദ്യ നിമിഷങ്ങളിൽ സ്വീകരിക്കേണ്ട ശാസ്ത്രീയമായ മുൻകരുതലുകളെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്.
ലഘുവായ പൊള്ളലുകൾ സാധാരണ പരിചരണത്തിലൂടെ ഭേദമാക്കാമെങ്കിലും, ആഴത്തിലുള്ള ഗുരുതര പൊള്ളലുകൾക്ക് പ്ലാസ്റ്റിക് സർജന്റെ വിദഗ്ദ്ധ പരിചരണവും സ്കിൻ ഗ്രാഫ്റ്റിങ് (Skin grafting) ഉൾപ്പെടെയുള്ള ചികിത്സകളും ആവശ്യമായി വരാറുണ്ട്. പൊള്ളലിന്റെ തീവ്രത എങ്ങനെ തിരിച്ചറിയാം, അടിയന്തര സാഹചര്യങ്ങളിൽ നൽകേണ്ട ശരിയായ പ്രഥമശുശ്രൂഷകൾ എന്തൊക്കെയാണ്, ആധുനിക സ്കിൻ ഗ്രാഫ്റ്റിങ് ചികിത്സാരീതികൾ ആരിലൊക്കെയാണ് പ്രയോജനപ്പെടുന്നത് തുടങ്ങിയ പ്രധാന വിവരങ്ങൾ വടകര ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ പ്ലാസ്റ്റിക് ഐസ്‌തെറ്റിക് ആന്‍ഡ് റീകണ്‍സ്ട്രക്ടീവ് സര്‍ജറി അസോസിയേറ്റ് കണ്‍സള്‍ട്ടന്റ് ഡോ വിഷ്ണുദാസ് എസ് വിശദീകരിക്കുന്നു.
പൊള്ളലേറ്റ വ്യക്തിയെ അല്ലെങ്കിൽ ആ ഭാഗത്തെ ഉടനടി അപകട സ്ഥലത്തുനിന്ന് മാറ്റുകയാണ് ആദ്യം ചെയ്യേണ്ടത്. തുടർന്ന് പൊള്ളലേറ്റ ഭാഗത്തുള്ള ഇറുകിയ വസ്ത്രങ്ങളും ആഭരണങ്ങളും അഴിച്ചുമാറ്റുക.
പൊള്ളലേറ്റ ഭാഗത്ത് ഉടൻ തന്നെ പച്ചവെള്ളം ഒഴിക്കുക. എന്നാൽ ഈ ഭാഗത്ത് ഐസ് നേരിട്ട് ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
പൊള്ളലേറ്റ ഭാഗത്ത് ടൂത്ത് പേസ്റ്റോ മറ്റ് പ്രകൃതിദത്ത കൂട്ടുകളോ ഒരു കാരണവശാലും പുരട്ടരുത്. ആ ഭാഗം 10-15 മിനിറ്റ് വെള്ളത്തിനടിയിൽ വെച്ചതിന് ശേഷം, ലഭ്യമാണെങ്കിൽ ഏതെങ്കിലും ആന്റിബയോട്ടിക് ഓയിന്റ്‌മെന്റ് പുരട്ടാവുന്നതാണ്. തുടർന്ന് വൃത്തിയുള്ള തുണി ഉപയോഗിച്ച് മൂടിയ ശേഷം വൈദ്യസഹായം തേടുക.
ആഴത്തിലുള്ള പൊള്ളലുകൾക്കാണ് പ്ലാസ്റ്റിക് സർജന്റെ കൺസൾട്ടേഷൻ വേണ്ടി വരുന്നത്.
പൊള്ളലിന് എത്ര ഗ്രേഡുകളുണ്ട്? അവ എങ്ങനെ തിരിച്ചറിയാം?
പൊള്ളലിന് ആകെ 4 ഗ്രേഡുകൾ ഉണ്ട്:
ഗ്രേഡ് I: ചർമ്മത്തിന് ചുവന്ന നിറം കാണപ്പെടുന്നു, കുമിളകൾ ഉണ്ടാകില്ല.
ഗ്രേഡ് II: കുമിളകൾ ഉണ്ടാകുന്നു.
ഗ്രേഡ് III: കുമിളകൾ ഉണ്ടാകില്ല, പകരം വെളുത്തതോ തോൽപോലെയുള്ളതോ ആയ ചർമ്മമായിരിക്കും കാണപ്പെടുക.
ഗ്രേഡ് IV: ചർമ്മത്തിന്റെ പുറംപാളികളും കടന്ന് ആഴത്തിലുള്ള പൊള്ളലുകൾ ഉണ്ടാകുന്ന അവസ്ഥ
Read Also: ശസ്ത്രക്രിയയില്ലാതെ മുടി വളർത്താം: പിആർപി ചികിത്സയുടെ ഗുണങ്ങളും ചെലവും
പൊള്ളലേറ്റ ഭാഗം ആഴമുള്ളതോ അല്ലെങ്കിൽ അണുബാധയുള്ളതാണെങ്കിലോ എത്ര ചികിത്സിച്ചിട്ടും ഉണങ്ങിയില്ലെങ്കിൽ, ഡീബ്രൈഡ്‌മെന്റും സ്കിൻ ഗ്രാഫ്റ്റിംഗും ആവശ്യമായി വന്നേക്കാം. പൊള്ളലിനെ തുടർന്ന് ചർമ്മം വളരെ ആഴത്തിൽ നശിക്കുകയും, ആ മുറിവ് സ്വാഭാവികമായി പുതിയ ചർമ്മം വളർന്ന് അടയാൻ കഴിയാത്ത അവസ്ഥയുണ്ടാകുകയും ചെയ്താൽ, ശരീരത്തിലെ ആരോഗ്യമുള്ള മറ്റൊരു ഭാഗത്തുനിന്ന് ആവശ്യമായ അളവിൽ ചർമ്മം എടുത്ത് പൊള്ളലേറ്റ ഭാഗത്ത് വെച്ച് മുറിവ് അടയ്ക്കുന്ന ശസ്ത്രക്രിയയാണ് സ്കിൻ ഗ്രാഫ്റ്റിങ്.
എല്ലാ ഡീപ് സെക്കൻഡ് ഡിഗ്രി പൊള്ളലുകൾക്കും അതിനേക്കാൾ ആഴത്തിലുള്ള പൊള്ളലുകൾക്കും സ്കിൻ ഗ്രാഫ്റ്റിങ് ആവശ്യമായി വന്നേക്കാം.
ശസ്ത്രക്രിയ കഴിഞ്ഞ ഭാഗം അനക്കാതെ സൂക്ഷിക്കേണ്ടതാണ്. ആ ഭാഗം എപ്പോഴും വൃത്തിയായും ഉണങ്ങിയതുമായും സൂക്ഷിക്കുക. തൊലി എടുത്ത ഭാഗത്തിന്റെ (ഡോണർ ഏരിയ) കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണം. കൂടാതെ സ്കിൻ ഗ്രാഫ്റ്റ് ചെയ്തതിന് ശേഷം പ്രഷർ ഗാർമെന്റ്സ് ധരിക്കുകയും വേണം.