ആധുനിക സൗന്ദര്യവർദ്ധക ചികിത്സാ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ഒന്നാണ് പിആർപി (Platelet-Rich Plasma) തെറാപ്പി. മുടികൊഴിച്ചിൽ തടയാനും മുടിയുടെ സാന്ദ്രത വർദ്ധിപ്പിക്കാനും ശസ്ത്രക്രിയകളില്ലാത്ത ഒരു പരിഹാരം തേടുന്നവർക്ക് ഏറ്റവും മികച്ച ഓപ്ഷനാണിത്. രക്തത്തിലെ പ്ലാസ്മയിൽ അടങ്ങിയിരിക്കുന്ന വളർച്ചാ ഘടകങ്ങളെ (Growth factors) ഉത്തേജിപ്പിച്ച് മുടിയിഴകളുടെ വേരുകളെ പുനരുജ്ജീവിപ്പിക്കുന്ന രീതിയാണിത്. ആൻഡ്രോജെനറ്റിക് അലോപിഷ്യ പോലുള്ള ജനിതകപരമായ മുടികൊഴിച്ചിൽ അനുഭവിക്കുന്നവർക്കും, മുടി പാരമ്പര്യമായി കുറവുള്ളവർക്കും വലിയ കാലതാമസമോ വേദനയോ ഇല്ലാതെ തന്നെ സ്വാഭാവികമായ മുടി വളർച്ച വീണ്ടെടുക്കാൻ ഈ ചികിത്സ സഹായിക്കുന്നു.
സങ്കീർണ്ണമായ ശസ്ത്രക്രിയകളോ മുടി മാറ്റിവയ്ക്കൽ പ്രക്രിയകളോ ആഗ്രഹിക്കാത്തവർക്ക് ലളിതമായ ഘട്ടങ്ങളിലൂടെ പിആർപി ചികിത്സ പൂർത്തിയാക്കാം. രോഗിയുടെ തന്നെ ശരീരത്തിൽ നിന്ന് എടുക്കുന്ന രക്തം പ്രത്യേക രീതിയിൽ സെൻട്രിഫ്യൂജ് ചെയ്ത് അതിലെ പ്ലേറ്റ്‌ലെറ്റുകൾ വേർതിരിച്ചെടുത്താണ് ഈ ചികിത്സ നടത്തുന്നത്. മുടിയുടെ ആരോഗ്യം നിലനിർത്താനും കൊഴിഞ്ഞുപോയ ഭാഗങ്ങളിൽ പുതിയ മുടിയിഴകൾ വളരാനും സഹായിക്കുന്ന ഈ ചികിത്സാ രീതിയെക്കുറിച്ചും അതിന്റെ ഘട്ടങ്ങളെക്കുറിച്ചുമുള്ള സംശയങ്ങള്‍ക്ക് ഉത്തരം നല്കുന്നത് വടകര ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഡെര്‍മറ്റോളജി ആന്‍ഡ് കോസ്മറ്റോളജി കണ്‍സള്‍ട്ടന്റ് ഡോ. അഞ്ജലി ആര്‍ നായർ
എന്താണ് പിആർപി ചികിത്സ? ഇത് എങ്ങനെയാണ് മുടി വളർച്ചയെ സഹായിക്കുന്നത്?
രക്തത്തിലുള്ള പ്ലാസ്മ ഉപയോഗിച്ച് മുടി വളർച്ച കൂട്ടുന്ന ചികിത്സാ രീതിയാണ് പിആർപി. നമ്മുടെ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളിൽ അടങ്ങിയിരിക്കുന്ന വളർച്ചാ ഘടകങ്ങൾ മുടിയിഴകളെ ഉത്തേജിപ്പിക്കുകയും പുതിയ മുടി വളരാൻ സഹായിക്കുകയും ചെയ്യുന്നു.
Read Also: ഗൈനക്കോമാസ്റ്റിയ: പുരുഷന്മാരിലെ അസാധാരണമായ സ്തനവളർച്ച - കാരണങ്ങളും പരിഹാരവും
ഏതൊക്കെ തരത്തിലുള്ള മുടികൊഴിച്ചിലിനാണ് PRP ഏറ്റവും ഫലപ്രദം?
എല്ലാത്തരം മുടികൊഴിച്ചിലിനും പിആർപി ഒരേപോലെ ഫലപ്രദമാകണമെന്നില്ല. പ്രധാനമായും താഴെ പറയുന്ന സാഹചര്യങ്ങളിലാണ് ഇത് കൂടുതൽ ഗുണം ചെയ്യുന്നത്:
ആൻഡ്രോജെനറ്റിക് അലോപിഷ്യ: ജനിതകപരമായ കാരണങ്ങളാലുണ്ടാകുന്ന മുടികൊഴിച്ചിൽ.
ആരംഭഘട്ടത്തിലുള്ള മുടി കൊഴിച്ചിൽ: മുടി കൊഴിച്ചിൽ തുടങ്ങുന്ന സമയത്ത് തന്നെ ചികിത്സ തേടുന്നത് മികച്ച ഫലം നൽകും.
ഹെയർ ട്രാൻസ്പ്ലാന്റിന് ശേഷം: മുടി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞവർക്ക് മുടി വളർച്ച വേഗത്തിലാക്കാൻ ഇത് സഹായിക്കുന്നു.
PRP ചികിത്സയുടെ ഘട്ടങ്ങൾ എന്തൊക്കെയാണ്?
ഈ ചികിത്സാ രീതി പ്രധാനമായും മൂന്ന് ഘട്ടങ്ങളിലായാണ് പൂർത്തിയാക്കുന്നത്:
1. രക്തം ശേഖരിക്കുക: രോഗിയുടെ ശരീരത്തിൽ നിന്ന് നിശ്ചിത അളവ് രക്തം സാംപിൾ ആയി എടുക്കുന്നു.
2. സെൻട്രിഫ്യൂഗേഷൻ: എടുത്ത രക്തം ഒരു സെൻട്രിഫ്യൂജ് മെഷീൻ ഉപയോഗിച്ച് അതിലെ പ്ലാസ്മ വേർതിരിച്ചെടുക്കുന്നു.
3. ഇഞ്ചക്ഷൻ: ഇത്തരത്തിൽ വേർതിരിച്ചെടുത്ത പ്ലാസ്മ മുടി വളർച്ചയ്ക്കായി തലയോട്ടിയിൽ കുത്തിവയ്ക്കുന്നു.
ഒരു വ്യക്തിക്ക് എത്ര PRP സെഷനുകൾ ആവശ്യമാണ്? ഓരോ സെഷനുകൾക്കിടയിലും എത്ര ഇടവേള വേണം?
ആവശ്യമായ സെഷനുകൾ: സാധാരണയായി ഒരാൾക്ക് മൂന്ന് മുതൽ ആറ് വരെ സെഷനുകൾ ആവശ്യമായി വരാറുണ്ട്. ഓരോ സെഷനുകൾക്കിടയിലും നിശ്ചിത ഇടവേളകൾ ഡോക്ടർ നിർദ്ദേശിക്കാറുണ്ട്.
Read Also: സന്ധിവേദനയില്ലാത്ത ജീവിതത്തിലേക്ക്: മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയെക്കുറിച്ച് അറിയാം
PRP ചികിത്സ കഴിഞ്ഞ് എത്ര നാൾ കഴിഞ്ഞാൽ ഫലം കണ്ടുതുടങ്ങും?
ചികിത്സ തുടങ്ങി മൂന്ന് മുതൽ ആറ് മാസങ്ങൾക്കുള്ളിൽ മുടി വളർച്ചയിൽ പ്രകടമായ മാറ്റം കണ്ടുതുടങ്ങും.
ഈ ചികിത്സയ്ക്ക് എന്തെങ്കിലും പാർശ്വഫലങ്ങളുണ്ടോ? ഇത് എല്ലാവർക്കും സുരക്ഷിതമാണോ?
പിആർപി തികച്ചും സുരക്ഷിതമായ ഒരു ചികിത്സാ രീതിയാണ്. ഇതിന് പാർശ്വഫലങ്ങളില്ല.
PRP ചികിത്സയുടെ ചിലവ് (Cost) ഏകദേശം എത്ര വരും?
ചികിത്സാ ചെലവ് ഏകദേശം 4000 രൂപ മുതലാണ് ആരംഭിക്കുന്നത്.
PRP ചികിത്സയ്ക്ക് ശേഷം പാലിക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയാണ്?
മികച്ച ഫലം ലഭിക്കുന്നതിനായി ചികിത്സയ്ക്ക് ശേഷം താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം:
ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക.
ചികിത്സ ചെയ്യുന്ന ദിവസം തല കുളിക്കാൻ പാടുള്ളതല്ല.
അന്നേ ദിവസം കഠിനാധ്വാനം, വിയർപ്പുളവാക്കുന്ന വ്യായാമങ്ങൾ എന്നിവ ഒഴിവാക്കുക.
മറ്റു ചികിത്സകളായ ഹെയർ ട്രാൻസ്പ്ലാന്റ് മിനോക്സിഡിൽ എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ PRP-യുടെ ഗുണങ്ങൾ എന്തൊക്കെയാണ്?
ഹെയർ ട്രാൻസ്പ്ലാന്റ്, മിനോക്സിഡിൽ തുടങ്ങിയ ചികിത്സകളുമായി താരതമ്യം ചെയ്യുമ്പോൾ പിആർപിക്ക് ചില പ്രത്യേക ഗുണങ്ങളുണ്ട്. ഇതൊരു ശസ്ത്രക്രിയയല്ലാത്ത (Non-surgical) ചികിത്സാ രീതിയാണ്. അതിനാൽ തന്നെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട വേദനയോ, വിശ്രമമോ, സമയനഷ്ടമോ ഇതിനില്ല. മറ്റു ചികിത്സകളെ അപേക്ഷിച്ച് ഇതിന് ചെലവും കുറവാണ്.
Read Also: എന്താണ് കീ ഹോൾ സർജറി? താക്കോൽദ്വാര ശസ്ത്രക്രിയയുടെ ഗുണങ്ങൾ
PRP വഴി ലഭിക്കുന്ന മുടി വളർച്ച ശാശ്വതമാണോ? അത് നിലനിർത്താൻ എന്തുചെയ്യണം?
ആൻഡ്രോജെനറ്റിക് അലോപിഷ്യ, ഹോർമോൺ അസന്തുലിതാവസ്ഥ തുടങ്ങിയവ മൂലമുള്ള മുടികൊഴിച്ചിൽ പിആർപി വഴി മാറ്റിയെടുത്താലും അത് നിലനിർത്തേണ്ടത് അത്യാവശ്യമാണ്. അതിനായി ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയും മുടികൊഴിച്ചിലിന്റെ മൂലകാരണത്തെ കൃത്യമായി ചികിത്സിക്കുകയും വേണം.