• English
  • عربي / Arabic
  • മലയാളം / Malayalam
 Cancer awareness

കാൻസർ ചികിത്സയും തെറ്റായ ധാരണകളും

2026-02-04

ഇന്ന് ലോക കാൻസർ ദിനം. കാൻസർ എന്നാൽ മരണം എന്നായിരുന്നു മുമ്പ് ആ രോഗത്തെക്കുറിച്ചുള്ള ധാരണ. എന്നാലിന്ന് കാൻസർ ചികിത്സ വളരെയധികം മുന്നേറിക്കഴിഞ്ഞു. കൃത്യസമയത്ത് രോഗം കണ്ടുപിടിച്ചാൽ,അതിൽനിന്ന് പൂർണമായും മുക്തി നേടാനും ജീവിതത്തിലേക്ക് തിരിച്ചുവരാനും കഴിയും. പക്ഷേ, ഇന്നും കാൻസറിനെക്കുറിച്ചുള്ള ചില തെറ്റായ ധാരണകളുണ്ട്. ഈ രോഗത്തെക്കുറിച്ചുള്ള ആളുകളുടെ പൊതുവായ സംശയങ്ങളെയും ചില തെറ്റായ ധാരണകളെയും കുറിച്ച് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ മെഡിക്കല്‍ ഓങ്കോളജി കണ്‍സള്‍ട്ടന്റ് ഡോ ഷൗഫീജ് പിഎം സംസാരിക്കുന്നു

കാൻസറും ജനിതകവും തമ്മിൽ എത്രത്തോളം ബന്ധമുണ്ട്

കാൻസറിനും ജനിതകത്തിനും തമ്മിലൊരു ബന്ധമുണ്ട്, എന്നാൽ ഇതെല്ലാവർക്കും ഒരുപോലെ ബാധകമല്ല. ഏകദേശം 5 മുതൽ 10 ശതമാനം വരെ കാൻസറുകൾ മാത്രമാണ് നേരിട്ട് പാരമ്പര്യമായി വരുന്നവ. ചില സ്തനാർബുദം, അണ്ഡാശയ കാൻസർ, കൊളോൺ കാൻസർ എന്നിവ ഉദാഹരണങ്ങളാണ്. കുടുംബത്തിൽ ചെറുപ്പത്തിൽ തന്നെ പലർക്കും ഒരേ തരത്തിലുള്ള കാൻസർ വന്നിട്ടുണ്ടെങ്കിൽ, ജനിതക കാരണങ്ങൾ സംശയിക്കാം. പക്ഷേ 90 ശതമാനത്തിലേറെ കാൻസറുകളും ജീവിതകാലത്ത് ഉണ്ടായ മാറ്റങ്ങൾ, ജീവിതശൈലി, പരിസ്ഥിതി തുടങ്ങിയവ മൂലമാണ് ഉണ്ടാകുന്നത്.

ചില ഭക്ഷണങ്ങൾ കഴിച്ചാൽ കാൻസർ വരില്ലെന്ന് പറയുന്നത് എത്രത്തോളം ശരിയാണ്?

'ഈ ജ്യൂസ് കുടിച്ചാൽ കാൻസർ വരില്ല', 'ഈ ഔഷധച്ചെടി കാൻസർ നശിപ്പിക്കും'...എന്നൊക്കെയുള്ള വാദങ്ങൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ചില ഭക്ഷണം കാൻസർ 100 ശതമാനവും തടയും എന്നതും ശരിയല്ല. പക്ഷേ, ആരോഗ്യകരമായ ഭക്ഷണശൈലി കാൻസർ വരാനുള്ള സാധ്യത കുറയ്ക്കും.

Read Also: ശ്വാസകോശ അര്‍ബുദം; പുകവലി മാത്രമല്ല വില്ലന്‍, അറിയാം കാരണങ്ങളും ചികിത്സയും

പച്ചക്കറികൾ, പഴങ്ങൾ, മുഴുധാന്യങ്ങൾ, എണ്ണയും പഞ്ചസാരയും കുറച്ച ഭക്ഷണം എന്നിവ ശീലമാക്കുക. അമിതമായി പൊള്ളിച്ചെടുത്ത ഭക്ഷണവും പ്രോസസ്ഡ് ഫുഡും ഒഴിവാക്കുക.

ഏതെങ്കിലും കാൻസർ പ്രതിരോധിക്കാൻ പറ്റുമോ?

ചില കാൻസറുകൾ പ്രതിരോധിക്കാൻ കഴിയുന്നതാണ്. കൃത്യസമയത്തുള്ള പരിശോധനയും ചില നല്ല ശീലങ്ങളും മാത്രം മതി അതിന്. എച്ച്.പി.വി വാക്‌സിൻ, കൃത്യസമയത്തെ സ്‌ക്രീനിങ് എന്നിവയിലൂടെ സെർവിക്കൽ കാൻസർ പ്രതിരോധിക്കാം. ശ്വാസകോശ കാൻസർ വരാതിരിക്കാൻ പുകവലി ഒഴിവാക്കിയാൽ മതി. പാൻ, ഗുട്ട്ഖ എന്നിവ വേണ്ടെന്നുവെച്ചാൽ വായിലെ കാൻസർ വരാതിരിക്കാം. ഹെപ്പറ്റൈറ്റിസ് ബി വാക്‌സിൻ, മദ്യപാനം എന്നിവ ഒഴിവാക്കിയാൽ ലിവർ കാൻസർ പ്രതിരോധിക്കാനാവും. ചുരുക്കിപ്പറഞ്ഞാൽ ജീവിതശൈലീമാറ്റങ്ങൾക്കൊപ്പം വാക്‌സിനേഷൻ, സ്‌ക്രീനിങ് എന്നിവയിലൂടെ കാൻസർ ഒരു പരിധിവരെ പ്രതിരോധിക്കാം.

നമ്മുടെ ജീവിതശൈലിയും ഭക്ഷണരീതിയും കാൻസറും തമ്മിൽ ബന്ധമുണ്ടോ?

ഇവ രണ്ടും തമ്മിൽ വളരെ ശക്തമായ ബന്ധമുണ്ട്. പുകവലി, അമിത മദ്യപാനം, അമിത ഉപ്പ്, എണ്ണ, പൊള്ളിച്ച ഭക്ഷണം എന്നിവയാണ് കാൻസറിന്റെ ചില പ്രധാനകാരണങ്ങളിൽ ചിലത്. വ്യായാമമില്ലാത്ത ജീവിതം, അമിതവണ്ണം, ഉറക്കക്കുറവ് എന്നിവയും അവയിൽ ചിലതാണ്. ശരിയായ ഭക്ഷണം, ദിവസവും കുറച്ചെങ്കിലും വ്യായാമം, പുകവലിയും മദ്യവും ഒഴിവാക്കൽ എന്നിവ ശീലിച്ചാൽ കാൻസർ സാധ്യത ഗണ്യമായി കുറയ്ക്കാൻ കഴിയും.

കാൻസർ കൂടുതലായി വരാൻ സാധ്യതയുള്ളവർ ആരൊക്കെയാണ്?

ചില റിസ്‌ക് ഗ്രൂപ്പുകളുണ്ട്. കുടുംബത്തിൽ കാൻസർ ചരിത്രമുള്ളവർ, അമിതവണ്ണമുള്ളവർ, പുകവലി / മദ്യപാനം ശീലമാക്കിയവർ, പ്രായം കൂടുന്നവർ (40, 50 കഴിഞ്ഞവർ), ചില വൈറസ് ബാധകളുള്ളവർ (എച്ച്.പി.വി, ഹെപ്പറ്റൈറ്റിസ് ബി / സി), ദീർഘകാലം കെമിക്കലുകൾക്കും റേഡിയേഷനും വിധേയരായവർ തുടങ്ങിയവർക്കാണ് രോഗം പിടിപെടാൻ സാധ്യത കൂടുതലുള്ളത്.

ഓരോ പ്രായത്തിലും നടത്തേണ്ട കാൻസർ സ്‌ക്രീനിംഗ് ടെസ്റ്റുകളുണ്ടോ?

ഉണ്ട്. 21 വയസ്സിനുശേഷമുള്ള സ്ത്രീകൾ സെർവിക്കൽ കാൻസർ സ്‌ക്രീനിങ് ടെസ്റ്റുകൾ (പാപ് സ്മിയർ/എച്ച്.പി.വി ടെസ്റ്റ്) നടത്തുന്നത് നല്ലതാണ്. 40 വയസ്സ് കഴിഞ്ഞ സ്ത്രീകൾ ഓരോ വർഷത്തിലും ബ്രെസ്റ്റ് സ്‌ക്രീനിങ് ടെസ്റ്റായ മാമോഗ്രാം നടത്തുന്നത് ഗുണംചെയ്യും. പുരുഷൻമാരിൽ 45 വയസ്സ് കഴിഞ്ഞാൽ കൊളോൺ കാൻസർ സ്‌ക്രീനിങ് (സ്റ്റൂൾ ടെസ്റ്റ് / കൊളണോസ്‌കോപ്പി) എന്നിവ ചെയ്യണം.

Read Also: സ്‌ട്രോക്ക്, തിരിച്ചറിയുവാന്‍ വൈകരുത് ഈ ലക്ഷണങ്ങള്‍

50 വയസ്സ് കഴിഞ്ഞാൽ പ്രൊസ്റ്റേറ്റ് കാൻസർ സ്‌ക്രീനിങ്ങായ പി.എസ്.എ ടെസ്റ്റ് നടത്തുന്നതും നല്ലതാണ്. ഇതൊന്നും കൂടാതെ ഓരോ വ്യക്തി കേന്ദ്രീകൃതമായി ഓരോരുത്തരുടെ റിസ്‌ക് വിലയിരുത്തി നടത്തുന്ന സ്‌ക്രീനിങ് ടെസ്റ്റുകൾ കൂടുതൽ ഫലപ്രദമായിരിക്കും. അതിനായി നിങ്ങൾ ഒരു വിദഗ്ദ്ധനായ ഡോക്ടറെ സമീപിക്കുക

കാൻസർ വിമുക്തി നേടിയവർ ശ്രദ്ധിക്കേണ്ട പൊതുവായ കാര്യങ്ങൾ എന്തെല്ലാമാണ്?

രോഗം മാറിയാലും ജീവിതകാലം മുഴുവൻ ശ്രദ്ധ വേണം. ഡോക്ടർ പറഞ്ഞ ഫോളോ-അപ്പ് മുടങ്ങാതെ ചെയ്യണം. പുകവലിയും മദ്യവും പൂർണ്ണമായി ഒഴിവാക്കുക. നല്ല ഉറക്കവും ദിവസേനയുള്ള വ്യായാമവും ശീലമാക്കുക. ആരോഗ്യകരമായ ഭക്ഷണത്തിനൊപ്പം മാനസികസമ്മർദം കുറയ്ക്കുകയും വേണം. ഏറ്റവും പ്രധാനമായി സ്വമേധയാ മരുന്ന് കഴിക്കുക, അൾട്ടർനേറ്റീവ് ചികിത്സ എന്നിവയും ഒഴിവാക്കണം.

കാൻസർ എന്ന രോഗം ഭയപ്പെടുത്തുന്നത് സാധാരണയായി രണ്ടു കാര്യങ്ങളാണല്ലോ. ഒന്ന് രക്ഷപ്പെടില്ല എന്ന ചിന്ത, രണ്ട് ഭാരിച്ച ചികിത്സാച്ചെലവ്. ഇതുരണ്ടും ഏത് രീതിയിൽ ചികിത്സയെ ബാധിക്കുന്നുവെന്ന് പറയാമോ?

കുറേയധികം മിഥ്യാധാരണകളുള്ള രോഗമാണ് കാൻസർ. മുമ്പൊക്കെ കാൻസർ വന്നുകഴിഞ്ഞാൽ, മരണവാർത്ത അറിയിക്കുന്നതുപോലെയാണ് മറ്റുള്ളവരെ അറിയിച്ചിരുന്നത്. ഇന്നത്തെ ഒരു സമൂഹത്തിൽ അതൊരു ജീവിതശൈലീരോഗം പോലെ, ചികിത്സിക്കാൻ കഴിയുന്ന, ഒരു രോഗാവസ്ഥയാണ്. തുടക്കത്തിൽ തന്നെ കണ്ടെത്തിക്കഴിഞ്ഞാൽ മിക്ക കാൻസറും ചികിത്സിച്ച് ഭേദമാക്കാൻ കഴിയും. ശാസ്ത്രത്തിന്റെ പുരോഗതി കാരണം മുമ്പ് ചികിത്സയില്ലാതിരുന്ന പല കാൻസറിനും ഇന്ന് ചികിത്സയുണ്ട്. നൂതനചികിത്സാരീതികളായ ടാർഗറ്റഡ് തെറാപ്പി, ഇമ്യൂണോ തെറാപ്പി തുടങ്ങിയവയൊക്കെ കഴിഞ്ഞ പത്തുവർഷമായി കാൻസർ ചികിത്സയെ വളരയെധികം മാറ്റിമറിച്ചിട്ടുണ്ട്. സർക്കാർ തലത്തിലുള്ള ഇൻഷൂറൻസ് തുടങ്ങിയവ കാരണം ചികിത്സാച്ചെലവും കുറേയധികം സാമാന്യവത്കരിക്കപ്പെട്ടു.

മാതൃഭൂമി ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Dr Shoufeej P M

Dr Shoufeej P M

Medical Oncology