ചിക്കൻപോക്സ് വളരെ എളുപ്പത്തിൽ പകരാൻ സാധ്യതയുള്ള ഒരു വൈറസ് രോഗമാണ്. വേരിസെല്ല സോസ്റ്റർ (Varicella Zoster) എന്ന വൈറസാണ് ഈ രോഗം പരത്തുന്നത്. രോഗബാധിതനായ ഒരാളിൽ നിന്ന് വായുവിലൂടെയും നേരിട്ടുള്ള സമ്പർക്കത്തിലൂടെയും ഈ അസുഖം മറ്റൊരാളിലേക്ക് പകരാം.
കുട്ടികളിലും മുതിർന്നവരിലും ചിക്കൻപോക്സിന്റെ ലക്ഷണങ്ങളിലും രോഗതീവ്രതയിലും വ്യത്യാസങ്ങൾ കാണാറുണ്ട്. രോഗം ബാധിച്ചാൽ കൃത്യമായ ചർമ്മസംരക്ഷണവും മുൻകരുതലുകളും സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. ചിക്കൻപോക്സിന്റെ ലക്ഷണങ്ങൾ, പകരുന്ന രീതികൾ, വാക്സിനേഷൻ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ച് പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. അശ്വതി ടി കെ വിശദീകരിക്കുന്നു.
എന്താണ് ചിക്കൻപോക്സ്? എങ്ങനെയാണിത് പകരുന്നത്?
ചിക്കൻപോക്സ് വളരെ എളുപ്പത്തിൽ പകരാൻ സാധ്യതയുള്ള വൈറസ് പരത്തുന്ന ഒരു അസുഖമാണ്. വേരിസെല്ല സോസ്റ്റർ എന്നാണ് ഈ വൈറസിന്റെ പേര്. ചിക്കൻപോക്സ് ബാധിച്ചിട്ടുള്ള ഒരാൾ ചുമക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തോട്ട് വരുന്ന ഡ്രോപ്ലെറ്റ്‌സ് വഴി വായുവിലൂടെയാണ് ഇത് പകരുന്നത്. കൂടാതെ ഡയറക്ട് കോൺടാക്ട് വഴി, അതായത് ചിക്കൻപോക്സ് ബാധിച്ചിട്ടുള്ള ആളുടെ ശരീരത്തിൽ നിന്നുമുള്ള ദ്രാവകത്തിലൂടെയും പകരാൻ സാധ്യതകളുണ്ട്. ഒരു വ്യക്തിക്ക് ചിക്കൻപോക്സ് എക്സ്പോഷർ കിട്ടിയതു മുതൽ റാഷ് തുടങ്ങാനുള്ള സമയം 10 മുതൽ 21 ദിവസം വരെയാണ്.
ചിക്കൻപോക്സിന്റെ ആദ്യ ലക്ഷണങ്ങൾ എന്തൊക്കെയാണ്?
ചിക്കൻപോക്സിന്റെ പ്രധാന ലക്ഷണം ചൊറിച്ചിലോടുകൂടിയുള്ള റാഷ് ആണ്. വെള്ളം നിറഞ്ഞ കുമിളകളോടുകൂടിയുള്ള റാഷ് ആണിത്. തുടക്കത്തിൽ മുഖഭാഗത്തും തലയുടെ ഭാഗത്തും ആയിട്ടാണ് ഇത് കാണുന്നത്. പക്ഷേ പനിയോ മൊത്തത്തിൽ ക്ഷീണമോ അല്ലെങ്കിൽ വിശപ്പില്ലായ്മയോ ഒക്കെ റാഷ് വരുന്നതിന് കുറച്ചു ദിവസങ്ങൾക്ക് മുന്നേ തന്നെ കണ്ടുവരുന്നതാണ്.
Read Also: മാറാത്ത വയറുവേദന വില്ലനാണോ? ഐബിഡിയും ഐബിഎസും തിരിച്ചറിയേണ്ട കാര്യങ്ങൾ
ചിക്കൻപോക്സും ചൂടുകുരുവും തമ്മിലുള്ള വ്യത്യാസം എങ്ങനെ തിരിച്ചറിയാം?
ചിക്കൻപോക്സ്: ചിക്കൻപോക്സിൽ കാണുന്നത് വെള്ളം നിറഞ്ഞിട്ടുള്ള കുമിളകളോടുകൂടിയ റാഷ് ആണ്. അത് മൊത്തത്തിൽ ശരീരം മുഴുവനായിട്ടും വ്യാപിച്ചു കിടക്കുന്നത് കാണാം. അതുപോലെതന്നെ അസുഖത്തിന്റെ പല ഘട്ടങ്ങളിൽ പലതരത്തിലുള്ള റാഷുകൾ കാണാം. കുമിളകളോടുകൂടിയും അല്ലാത്തതുമായ റാഷുകളും, ഉണങ്ങിത്തുടങ്ങിയിട്ടുള്ള റാഷുകളും ഒരേസമയം ശരീരത്തിൽ ഉണ്ടാവാം.
ചൂടുകുരു: ചൂടുകുരുവിന്റെ റാഷ് വളരെ ചെറുതും ഒരേ വലുപ്പത്തിലും ഉള്ളതുമായിരിക്കും. അതിനകത്ത് ഫ്ലൂയിഡ് അഥവാ വെള്ളം നിറഞ്ഞിട്ടുണ്ടാവില്ല.
ചിക്കൻപോക്സ് വന്നു കഴിഞ്ഞാൽ എത്ര ദിവസം വരെ പകരുവാൻ സാധ്യതയുണ്ട്?
ഒരാൾക്ക് റാഷ് തുടങ്ങുന്നതിന് ഒന്ന് അല്ലെങ്കിൽ രണ്ട് ദിവസം മുന്നേ തൊട്ടിട്ട്, ആ റാഷ് പൂർണ്ണമായും കരിഞ്ഞ് ഉണങ്ങുന്നത് വരെയുള്ള ദിവസങ്ങളിൽ രോഗം പകരാം. ചിക്കൻപോക്സ് വന്ന ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരാനുള്ള സാധ്യത (സെക്കൻഡറി അറ്റാക്ക് റേറ്റ്) 61 മുതൽ 100 ശതമാനം വരെയാണ്.
Read Also: സ്ക്രീൻ ഉപയോഗം കണ്ണുകളെ തളർത്തുന്നുണ്ടോ? ഡിജിറ്റൽ ഐ സ്ട്രെയിൻ, അറിയേണ്ട കാര്യങ്ങൾ
കുട്ടികളിലും മുതിർന്നവരിലും ലക്ഷണങ്ങളിൽ വ്യത്യാസമുണ്ടോ?
മുതിർന്നവരിൽ: പനി, ക്ഷീണം അല്ലെങ്കിൽ വിശപ്പില്ലായ്മ എന്നിവയോടെയാണ് ലക്ഷണങ്ങൾ തുടങ്ങുന്നത്. രോഗം കടുത്തതാകാൻ സാധ്യതയുണ്ട്.
കുട്ടികളിൽ: മിക്കവാറും നേരിട്ട് റാഷ് ആയിട്ടാണ് രോഗം കണ്ടുതുടങ്ങുന്നത്. മുതിർന്നവരുമായി താരതമ്യം ചെയ്യുമ്പോൾ രോഗം മൈൽഡ് (Mild) ആയിരിക്കും.
നവജാതശിശുക്കളിൽ: ജനിച്ച് 28 ദിവസം വരെ പ്രായമുള്ള കുട്ടികൾക്ക് (Neonatal period) ചിക്കൻപോക്സ് വന്നാൽ അത് അതീവ ഗുരുതരമാകാനും ജീവഹാനി വരെ സംഭവിക്കാനും സാധ്യതയുണ്ട്.
ചിക്കൻപോക്സ് വന്നാൽ കുളിക്കാമോ? ചർമ്മസംരക്ഷണം എങ്ങനെ നടത്തണം?
ചിക്കൻപോക്സ് വന്നാൽ കുളിക്കാൻ സാധിക്കും. പക്ഷേ താഴെ പറയുന്നവ ശ്രദ്ധിക്കണം:
കുളിക്കുന്ന രീതി: തണുത്ത വെള്ളത്തിൽ മാത്രമേ കുളിക്കാവൂ. ചൂടുവെള്ളം ഒഴിവാക്കുക. മൃദുവായ സോപ്പ് (Soft soap) ഉപയോഗിക്കുക.
തുവർത്തുന്ന രീതി: കുമിളകൾ തോർത്ത് വെച്ച് ഉരച്ച് പൊട്ടിക്കരുത്. മൃദുവായ ടവൽ ഉപയോഗിച്ച് വെള്ളം ഒപ്പി എടുക്കുക.
ലോഷനുകൾ: കലാമിൻ (Calamine) പോലെയുള്ള സൂത്തിങ് ലോഷനുകൾ ഉപയോഗിക്കാം.
ചെയ്യരുതാത്തവ: കുമിളകളിൽ ചൊറിയരുത്. ഇത് പാടുകൾ കൂടാനും ബാക്ടീരിയൽ ഇൻഫെക്ഷനും കാരണമാകും. വേപ്പിലയോ മഞ്ഞളോ കുമിളകളിൽ തേക്കരുത്; ഇത് അസ്വസ്ഥത വർദ്ധിപ്പിക്കും.
അന്തരീക്ഷം: രോഗി ഇരിക്കുന്ന മുറിയിൽ ശുദ്ധവായു സഞ്ചാരം ഉറപ്പാക്കുക.
Read Also: കുട്ടികളിലെ അമിത രക്തസമ്മർദ്ദം: തിരിച്ചറിയാം, പ്രതിരോധിക്കാം
7. ചിക്കന്‍പോക്‌സിന് പ്രത്യേക മരുന്നോ ചികിത്സയോ ആവശ്യമുണ്ടോ?
ആന്റിവൈറൽ മരുന്നുകൾ ലഭ്യമാണ്. പൊതുവേ ആരോഗ്യവാനായ ഒരാൾക്ക് പ്രത്യേക ചികിത്സയില്ലാതെ തന്നെ രോഗം മാറാറുണ്ട്. എന്നാൽ ബുദ്ധിമുട്ടുകൾ ഉണ്ടാവാൻ സാധ്യതയുള്ളവർ കൃത്യമായ ചികിത്സ തേടണം.
ചിക്കന്‍പോക്‌സ് മൂലം ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ്?എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?
ശ്വാസകോശ ഇൻഫെക്ഷൻ (Pneumonia), തലച്ചോറിലെ നീർവീക്കം (Encephalitis), ചെവിയിലെ ഇൻഫെക്ഷൻ (ഓട്ടൈറ്റിസ് മീഡിയ)എന്നിവ കോംപ്ലിക്കേഷനായി വരാം. രോഗപ്രതിരോധശേഷി കുറഞ്ഞവർ, ഒരു വയസ്സിൽ താഴെയുള്ള കുട്ടികൾ, ഗർഭിണികൾ എന്നിവർക്ക് രോഗം വന്നാൽ ഉടൻ ഡോക്ടറെ കാണണം.
ചിക്കന്‍പോക്‌സ് വാക്സിനെക്കുറിച്ച് വിശദീകരിക്കാമോ, ആരെല്ലാം ഇത് എടുക്കണം?
രണ്ട് ഡോസ് വാക്സിൻ ലഭ്യമാണ്. ഒരു ഡോസ് 80 ശതമാനവും രണ്ട് ഡോസ് 92 ശതമാനത്തിലധികവും ഫലപ്രദമാണ്.
എടുക്കേണ്ടവർ: രോഗം വന്നിട്ടില്ലാത്ത കുട്ടികൾക്കും മുതിർന്നവർക്കും എടുക്കാം.
ഒഴിവാക്കേണ്ടവർ: ഒരു വയസ്സിൽ താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ (കീമോതെറാപ്പി ചെയ്യുന്നവർ), സ്റ്റിറോയ്ഡ് ഉപയോഗിക്കുന്നവർ എന്നിവർക്ക് വാക്സിൻ നൽകില്ല.
രോഗിയുമായി സമ്പർക്കം വന്ന് 5 ദിവസത്തിനുള്ളിൽ വാക്സിൻ എടുക്കുന്നത് ഫലപ്രദമാണ്.
ചിക്കന്‍പോക്‌സ് വന്നതിനു ശേഷം ശരീരത്തില്‍ പാടുകള്‍ വരാതിരിക്കാന്‍ എന്ത് ചെയ്യണം?
ലക്ഷണങ്ങൾ കണ്ട് 72 മണിക്കൂറിനുള്ളിൽ ചികിത്സ തുടങ്ങുന്നത് പാടുകൾ കുറയ്ക്കും. കുമിളകളിൽ തൊടുകയോ ചൊറിയുകയോ ചെയ്യരുത്. കണ്ണിന്റെ ഭാഗത്ത് കുമിളകൾ വരികയോ രോഗം കുറയാതിരിക്കുകയോ ചെയ്താൽ ഡെർമറ്റോളജിസ്റ്റിനെ കാണുക. നിലവിലുള്ള പാടുകൾ മാറ്റാനും ചികിത്സ ലഭ്യമാണ്.
ഒരിക്കൽ ചിക്കൻപോക്സ് വന്നവർക്ക് വീണ്ടും വരാൻ സാധ്യതയുണ്ടോ?
ഒരിക്കൽ വന്നവർക്ക് സാധാരണയായി വീണ്ടും വരാറില്ല. എന്നാൽ പിന്നീട് ഷിംഗിൾസ് (Shingles) വരാൻ സാധ്യതയുണ്ട്.
കുട്ടികളില്‍ ചിക്കന്‍പോക്‌സ് വന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്?
നഖം വെട്ടുക: കുമിളകൾ മാന്തി പൊട്ടിക്കാതിരിക്കാൻ നഖം വെട്ടി വൃത്തിയാക്കുക.
കൈ കഴുകുക: കുട്ടികൾ കുമിളകളിൽ സ്പർശിച്ചാൽ കൈകൾ 20 സെക്കൻഡ് സോപ്പിട്ട് കഴുകുക.
അടിയന്തര സാഹചര്യം: കടുത്ത പനി, തളർച്ച, ആഹാരം കഴിക്കാതിരിക്കുക, മൂത്രം കുറയുക എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആശുപത്രിയിൽ എത്തിക്കുക. ഭാരം കുറഞ്ഞ കുട്ടികൾക്കും നവജാതശിശുക്കൾക്കും പ്രത്യേക പരിചരണം നൽകണം.