• English
  • عربي / Arabic
  • മലയാളം / Malayalam

ബ്ലഡ് കാൻസർ ചികിത്സയിലെ പുതിയ വഴിത്തിരിവുകൾ: ടാർഗെറ്റഡ് തെറാപ്പി മുതൽ കാർട്ട് സെൽ വരെ

02 June 2026
ബ്ലഡ് കാൻസർ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് പുതിയ നൂറ്റാണ്ടിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സാധാരണയായി ലുക്കീമിയ, മൈലോമ, ലിംഫോമ എന്നിങ്ങനെ മൂന്ന് തരത്തിൽ വർഗ്ഗീകരിച്ചിരിക്കുന്ന ബ്ലഡ് കാൻസറുകളുടെ ചികിത്സയെക്കുറിച്ച് പറയുമ്പോൾ ഭൂരിഭാഗം ആളുകളുടെയും മനസ്സിൽ ആദ്യം ഓടിയെത്തുന്നത് കീമോതെറാപ്പിയും അതിൻ്റെ പാർശ്വഫലങ്ങളുമാണ്. രോഗത്തേക്കാളും പലരെയും ഭയപ്പെടുത്തുന്നത് കീമോതെറാപ്പി മരുന്നുകൾ മജ്ജയിലും ശരീരത്തിലും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളാണ്. എന്നാൽ ഇന്ന് കീമോതെറാപ്പിയുടെ ഈ പരിമിതികളെ മറികടക്കാൻ സഹായിക്കുന്ന അത്യാധുനികമായ  നൂതന ചികിത്സാ രീതികൾ ലഭ്യമാണ്.

ബ്ലഡ് കാൻസർ ബാധിതരുടെ ജീവിതം തന്നെ മാറ്റിമറിച്ച ഇത്തരം ആധുനിക ചികിത്സകളെക്കുറിച്ച് വിശദമായ വിവരങ്ങൾ പങ്കുവെക്കുകയാണ് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ഹെമറ്റോളജി വിഭാഗം ചീഫും സീനിയർ കൺസൾട്ടൻ്റുമായ ഡോ. ഷിന്റോ ഫ്രാൻസിസ് തെക്കൂടൻ. കാൻസർ കോശങ്ങളെ കൃത്യമായി ലക്ഷ്യം വെക്കുന്ന ടാർഗെറ്റഡ് തെറാപ്പി, ശരീരത്തിൻ്റെ രോഗപ്രതിരോധ ശേഷി ഉപയോഗപ്പെടുത്തുന്ന ഇമ്മ്യൂണോതെറാപ്പി, ബൈറ്റ് തെറാപ്പി, അതുപോലെ രോഗിയുടെ കോശങ്ങളെ നവീകരിച്ച് നൽകുന്ന കാർട്ട് സെൽ തെറാപ്പി അടക്കമുള്ള സെല്ലുലാർ തെറാപ്പികൾ എന്നിവ എങ്ങനെയാണ് ഇന്ന് കാൻസർ ചികിത്സ കൂടുതൽ ഫലപ്രദമാക്കുന്നത് എന്ന് ഡോക്ടർ  വ്യക്തമാക്കുന്നു.

ബ്ലഡ് കാൻസറുകളെ നമ്മൾ സാധാരണയായി മൂന്ന് വിഭാഗങ്ങളായിട്ടാണ് തരംതിരിക്കുന്നത്:

  • ലുക്കീമിയ
  • മൈലോമ
  • ലിംഫോമ

കീമോതെറാപ്പിയുടെ പരിമിതികളും പുതിയ ചികിത്സകളുടെ ആവശ്യകതയും എന്താണ്? 


കീമോതെറാപ്പി എന്നത് പൊതുവെ ശരീരം മുഴുവൻ ആക്ട് ചെയ്യുന്ന ഒരു മെഡിസിൻ എന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്. നമ്മൾ ഇൻജക്ഷൻ വഴി നൽകുന്ന കീമോ മരുന്നുകൾ മജ്ജയിലായാലും ശരീരത്തിലായാലും അതിൻ്റേതായ സ്പെസിഫിക് സൈഡ് എഫക്റ്റുകൾ ഉണ്ടാക്കാറുണ്ട്. എന്നാൽ ഈ പരിമിതികളെ മറികടക്കാൻ സഹായിക്കുന്ന പുതിയ തെറാപ്പികൾ ഇന്ന് ലഭ്യമാണ്.


എന്താണ് ടാർഗെറ്റഡ് തെറാപ്പി? 


ഒരു കറക്റ്റ് പോയിന്റിൽ പോയി സ്പെസിഫിക് ആയി ആക്രമിക്കുന്ന ചികിത്സാരീതിയാണ് ടാർഗെറ്റഡ് തെറാപ്പി എന്ന് ഏറ്റവും ലളിതമായി പറയാം

ക്രോണിക് മൈലോയിഡ് ലുക്കീമിയ (CML): 2000-ൽ ടൈം മാഗസിൻ്റെ കവറില് 'മാജിക് ബുള്ളറ്റ് എഗൈൻസ്റ്റ് കാൻസർ' എന്ന് വിശേഷിപ്പിക്കപ്പെട്ട ഇമാറ്റിനിബ് (Imatinib) എന്ന ഗുളിക ഒരു ടാർഗെറ്റഡ് ഏജന്റ് ആണ്. CML എന്നത് ഒരു പ്രത്യേകതരം ജനറ്റിക് ഡാമേജ് (പാരമ്പര്യമല്ല) മൂലമുണ്ടാകുന്ന ഫ്യൂഷൻ വഴി സംഭവിക്കുന്ന ലുക്കീമിയയാണ്. ഈ പ്രോട്ടീനെ കറക്റ്റായി ടാർഗെറ്റ് ചെയ്ത് ബ്ലോക്ക് ചെയ്യുന്ന മരുന്നാണ് ഇമാറ്റിനിബ്. ഇത് വന്നതിനുശേഷം രോഗികളുടെ ജീവിതം മാറിമറിഞ്ഞു. ഡയബറ്റിസോ ഹൈപ്പർടെൻഷനോ പോലെ ഡെയിലി മരുന്ന് കഴിച്ച് നിയന്ത്രിക്കാവുന്ന ഒന്നായി ഇന്ന് സിഎംഎൽ മാറി.

ക്രോണിക് ലിംഫോസൈറ്റിക് ലുക്കീമിയ (CLL): ഇതിനും സമാനമായ ടാർഗെറ്റബിൾ മരുന്നുകൾ ഇപ്പോൾ ലഭ്യമാണ്.

ഇമ്മ്യൂണോതെറാപ്പി എങ്ങനെയാണ് പ്രവർത്തിക്കുന്നത്? 


ലിംഫോമ, മൈലോമ, ലുക്കീമിയ തുടങ്ങിയവയിലെ സ്പെസിഫിക് ആയ ഏതെങ്കിലും ഒരു മാർക്കറിനെ ഐഡന്റിഫൈ ചെയ്ത് അതിനെ മാത്രം ലക്ഷ്യം വെക്കുന്നതാണ് ഇമ്മ്യൂണോതെറാപ്പി. ഇതിൽ മിക്കതും ടാർഗെറ്റഡ് ആയി തന്നെയാണ് പ്രവർത്തിക്കുന്നത്. കീമോതെറാപ്പിയുമായി താരതമ്യം ചെയ്യുമ്പോൾ ഇതിന് പാര്‍ശ്വഫലങ്ങള്‍ കുറവാണ്.


ബി സെൽ ലിംഫോമ (B-Cell Lymphoma): ഇതിൻ്റെ മുകളിലുള്ള CD20 എന്ന മാർക്കറിനെ ലക്ഷ്യം വെച്ച് റിടൂക്സിമാബ് (Rituximab) എന്ന ആൻ്റി സിഡി 20 മരുന്ന് ഉപയോഗിക്കുന്നു. ഇത് കാൻസർ സെല്ലുകളെ മാത്രം ടാർഗെറ്റ് ചെയ്ത് അറ്റാക്ക് ചെയ്യുന്നു.

മൈലോമ (Myeloma): ഇതിലെ CD38 എന്ന ടാർഗെറ്റിനെ ഐഡന്റിഫൈ ചെയ്ത് അതിനെ പ്രതിരോധിക്കാൻ ഡെറാറ്റിമുമാബ് (Daratumumab) എന്ന മരുന്ന് ഉപയോഗിക്കുന്നു.

എന്താണ് ബൈറ്റ് (BiTE) തെറാപ്പി? 


ഇമ്മ്യൂണോതെറാപ്പിയിലെ പുതിയൊരു ഫ്രാക്ഷനാണ് ബൈറ്റ് തെറാപ്പി (BiTE - Bi-specific T-cell Engager). നമ്മുടെ ഉള്ളിലുള്ള കാൻസറുകളെ പ്രതിരോധിക്കുന്നത് ടി-സെല്ലുകൾ (T-cells) ആണ്. ബൈറ്റ് തെറാപ്പി ചെയ്യുമ്പോൾ, ശരീരത്തിലേക്ക് പ്രവേശിക്കുന്ന മരുന്ന് നമ്മുടെ ഇമ്മ്യൂണിറ്റി സെൽ ആയ ടി-സെല്ലിനെ ആക്ടിവേറ്റ് ചെയ്യുകയും അതിനെ കാൻസർ സെല്ലിന്റെ അടുത്ത് എത്തിക്കുകയും ചെയ്യുന്നു. അതായത്, ശരീരത്തിന്റെ സ്വന്തം പ്രതിരോധ ശേഷി ബൂസ്റ്റ് ചെയ്തുകൊണ്ട് കാൻസറിനോട് പോരാടുന്ന രീതിയാണിത്.

എന്താണ് സെല്ലുലാർ തെറാപ്പി? കാർട്ട് സെൽ (CAR-T) തെറാപ്പിയുടെ പ്രാധാന്യം എന്താണ്? 


മരുന്നുകൾക്ക് പകരം സെല്ലുകൾ ഉപയോഗിച്ചുകൊണ്ട് കാൻസറിനെ പ്രതിരോധിക്കുന്ന രീതിയാണ് സെല്ലുലാർ തെറാപ്പി.

സ്റ്റെം സെൽ ട്രാൻസ്പ്ലാൻ്റ് (Bone Marrow Transplant): ഇതിൻ്റെ ക്ലാസിക്കൽ എക്സാമ്പിൾ ആണ് മജ്ജ മാറ്റിവെക്കൽ. ലുക്കീമിയ മാറാൻ കീമോയോ ഇമ്മ്യൂണോതെറാപ്പിയോ നൽകിയ ശേഷം, രോഗം തിരിച്ചു വരാൻ സാധ്യതയുള്ള ഹൈ റിസ്ക് ലുക്കീമിയകളിൽ അതിനെ പൂർണ്ണമായി മാറ്റാൻ ട്രാൻസ്പ്ലാൻ്റ് (Allo Transplant) ചെയ്യുന്നു. ഡോണറിൽ നിന്നുള്ള സ്റ്റെം സെല്ലുകൾ പേഷ്യന്റിലേക്ക് ഇൻഫ്യൂസ് ചെയ്യുമ്പോൾ അത് ലുക്കീമിയക്കെതിരെ പ്രവർത്തിക്കുന്നു. ഇതിനെ ഗ്രാഫ്റ്റ് വേഴ്സസ് ലുക്കീമിയ എഫക്ട് (Graft-versus-Leukemia effect) എന്ന് പറയുന്നു.

കാർട്ട് സെൽ തെറാപ്പി (CAR-T Cell Therapy): സെല്ലുലാർ തെറാപ്പിയിലെ ഏറ്റവും ലേറ്റസ്റ്റ് രീതിയാണിത്. കൈമേറിക് ആൻ്റിജൻ റിസപ്റ്റർ ടി സെൽ തെറാപ്പി (Chimeric Antigen Receptor T-cell Therapy) എന്നാണ് ഇതിന്റെ പൂർണ്ണരൂപം. ഇതിൽ രോഗിയുടെ ശരീരത്തിൽ നിന്നും ടി-സെല്ലുകൾ പുറത്തെടുത്ത് ലാബിൽ വെച്ച് വൈറസുകൾ മുഖാന്തരം ഒരു കൈമേറിക് റിസപ്റ്റർ ആഡ് ചെയ്ത് അതിന്റെ പവർ വർദ്ധിപ്പിക്കുന്നു. ഈ പവർ കൂടിയ സെല്ലുകൾ തിരിച്ച് രോഗിക്ക് നൽകുമ്പോൾ, അവ ലിംഫോമ അല്ലെങ്കിൽ ലുക്കീമിയ കാൻസർ സെല്ലുകളെ കറക്റ്റായി പോയി പിടികൂടുന്നു. ഒന്നും രണ്ടും തവണ കീമോതെറാപ്പിയും ട്രാൻസ്പ്ലാൻ്റും ചെയ്ത ശേഷവും തിരിച്ചു വരുന്ന ലുക്കീമിയ, ലിംഫോമ രോഗികളിൽ കാർട്ട് സെൽ തെറാപ്പി വളരെ ഫലപ്രദമാണ്.

Dr. Shinto Francis Thekkudan is the Chief and Senior Consultant in Clinical Hematology, Hemato-Oncology, and Bone Marrow Transplantation at Baby Memorial Hospital, Calicut. He has more than 15 years of medical experience with advanced training from premier institutions in India and abroad,

Share this video:
Dr Shinto Francis Thekkudan

Dr Shinto Francis Thekkudan

Senior Consultant & Chief

Haematology, Haemato-Oncology And BMT