പ്രമേഹരോഗികളില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് പാദസംരക്ഷണം. നമ്മുടെ രാജ്യത്ത് ഓരോ വർഷവും ഒരു ലക്ഷത്തിലധികം പ്രമേഹരോഗികൾക്ക് പാദങ്ങൾ മുറിച്ചുമാറ്റേണ്ടി വരുന്നു (Amputation) എന്നത് ഏറെ ഗൗരവകരമായ വസ്തുതയാണ്. കൃത്യമായ അറിവും ശരിയായ ചികിത്സയും ഉണ്ടെങ്കിൽ വലിയൊരു പരിധി വരെ ഒഴിവാക്കാവുന്ന ഒന്നാണിത്. അതുകൊണ്ടുതന്നെ പ്രമേഹരോഗികളിലെ പാദപ്രശ്നങ്ങളെക്കുറിച്ചും അവയ്ക്കുള്ള ആധുനിക ചികിത്സകളെക്കുറിച്ചും നമ്മൾ അറിഞ്ഞിരിക്കേണ്ടതാണ്. പ്രമേഹരോഗകളിലെ മുറിവുകൾ അറിയാൻ വൈകുന്നത് എന്തുകൊണ്ട്? 'വാക്' (VAC) ഡ്രസ്സിംഗിന്റെയും എം.സി.ആർ (MCR) പാദരക്ഷകളുടെയും പ്രാധാന്യം എന്താണ്? സ്വയം ചികിത്സകൾ എങ്ങനെ അപകടകരമാകുന്നു തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ജനറല്‍ ആന്‍ഡ് ലപ്രോസ്‌കോപിക് സര്‍ജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ അന്നാ മാണി സംസാരിക്കുന്നു
പ്രമേഹരോഗികളിലെ പാദപ്രശ്നങ്ങൾ: കാരണങ്ങൾ
പ്രമേഹരോഗികളിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന ഒന്നാണ് പാദങ്ങളിലെ പ്രശ്നങ്ങൾ. പ്രമേഹരോഗികളിൽ കാലക്രമേണ കാലുകളിലേക്കുള്ള രക്തയോട്ടം കുറയുന്നതും ദീർഘകാലമായുള്ള പ്രമേഹം നാഡികളെ (Nerves) ബാധിക്കുകയും തൽഫലമായി പാദങ്ങളിലെ സ്പർശനശേഷി കുറയുകയും ചെയ്യുന്നു. ഇത് കാരണം മുറിവുകളോ വേദനയോ ഉണ്ടെങ്കിൽ അത് അറിയാൻ വൈകുന്നു. കൂടാതെ, ശരീരത്തിന് അണുബാധ നീക്കം ചെയ്യാനുള്ള കഴിവും പ്രമേഹം മൂലം കുറയുന്നു.
Read Also: ഗൈനക്കോമാസ്റ്റിയ: പുരുഷന്മാരിലെ അസാധാരണമായ സ്തനവളർച്ച - കാരണങ്ങളും പരിഹാരവും
രോഗനിർണ്ണയവും കുടുംബാംഗങ്ങളുടെ പങ്കും
കാലിൽ മുറിവുകളുണ്ടോ എന്ന് രോഗി അറിയാൻ വൈകുന്നതിനാൽ, കൂടെയുള്ള കുടുംബാംഗങ്ങൾ വേണം ഇത് ശ്രദ്ധിക്കാൻ. മുറിവ് കണ്ടാൽ ഒട്ടും വൈകാതെ ഒരു സർജനെ കാണിച്ച് കൃത്യമായ വിലയിരുത്തൽ നടത്തണം.
ആധുനിക ചികിത്സാരീതികൾ
പഴയ രീതികളിൽ നിന്നും വ്യത്യസ്തമായി ഇന്ന് മികച്ച ഡ്രസ്സിംഗ് രീതികള്‍ ലഭ്യമാണ്. സിൽവർ അടങ്ങിയ ഫോം ഡ്രസ്സിംഗുകൾ ഇന്ന് അഞ്ച് ദിവസത്തിലൊരിക്കൽ മാത്രം മാറ്റിയാൽ മതിയാകും. ഇൻഫെക്ഷൻ കൂടുതലാണെങ്കിൽ വാക് ഡ്രസ്സിംഗ് (VAC Dressing - Negative Pressure Wound Therapy) ഉപയോഗിക്കുന്നു. ഇത് പഴുപ്പ് മാറ്റുന്നതോടൊപ്പം പുതിയ ടിഷ്യു വളരാനും സഹായിക്കുന്നു.
ഫുട്ട് വെയറും ഓഫ് ലോഡിംഗും
പ്രമേഹരോഗികളിൽ പാദങ്ങളിലെ സമർദ്ദത്തിലുള്ള (Pressure) വ്യതിയാനമാണ് പല പ്രശ്നങ്ങൾക്കും കാരണം. ഇത് പരിഹരിക്കാൻ ഓഫ് ലോഡിംഗ് ഫുട്ട് വെയറുകൾ സഹായിക്കും. എം.സി.ആർ (MCR - Micro Cellular Rubber) ഉപയോഗിച്ചുള്ള ഇത്തരം പാദരക്ഷകൾ ചികിത്സയിൽ വളരെ പ്രധാനമാണ്.
Read Also:തൈറോയിഡ് മുഴകൾക്ക് ശസ്ത്രക്രിയയില്ലാത്ത ചികിത്സ: മൈക്രോവേവ് തൈറോയിഡ് അബ്ലേഷൻ
സ്വയം ചികിത്സയുടെ അപകടങ്ങൾ
മുറിവുകൾ ഉണ്ടാകുമ്പോൾ പലരും ചൂടുവെള്ളത്തിൽ കഴുകുകയോ വരിഞ്ഞുമുറുക്കി കെട്ടുകയോ ചെയ്ത് സ്വയം ചികിത്സിക്കാറുണ്ട്. ഇത് പഴുപ്പ് രക്തത്തിൽ കലരാനും രോഗി സെപ്റ്റിക് ഷോക്ക് (Septic Shock) എന്ന ഗുരുതരാവസ്ഥയിൽ എത്താനും കാരണമാകും.
കൃത്യമായ സമയത്ത് അണുബാധ നിയന്ത്രിക്കുകയും, രക്തത്തിലെ പഞ്ചസാരയുടെ അളവ് (Sugar Control) ക്രമീകരിക്കുകയും, ശരിയായ പാദരക്ഷകൾ ധരിക്കുകയും ചെയ്താൽ വലിയൊരു ശതമാനം ആൾക്കാരിലും കാല് മുറിച്ചുമാറ്റുന്നത് തടയാൻ സാധിക്കും.