പ്രായവും ജീവിതസാഹചര്യങ്ങളും മാറിയതോടെ മുട്ടുവേദന അടക്കമുള്ള സന്ധിവേദനകൾക്ക് പ്രായം ഒരു ഘടകമല്ലാതായി മാറിയിട്ടുണ്ട്. പലപ്പോഴും നടക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളുടെയോ മറ്റ് ജീവിതശൈലി ശീലങ്ങളുടെയോ പേര് പറഞ്ഞ് നാം അവഗണിക്കുന്ന വേദനകൾക്ക് പിന്നിൽ മറ്റ് പല കാരണങ്ങളുമുണ്ടാകാം എന്നതാണ് യാഥാർത്ഥ്യം. ചെറുപ്പക്കാരിൽ കാണപ്പെടുന്ന ഇത്തരത്തിലുള്ള സന്ധിവേദനകൾ ചിലപ്പോൾ വീക്കത്തോടുകൂടിയ വാതരോഗങ്ങളുടെ (Inflammatory rheumatic diseases) ലക്ഷണമാകാം.
ശരീരം നൽകുന്ന മുന്നറിയിപ്പ് ലക്ഷണങ്ങളെ എങ്ങനെ തിരിച്ചറിയണം, വാതരോഗങ്ങളുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ്, ഏതൊക്കെ ചികിത്സാരീതികളാണ് ലഭ്യമായിട്ടുള്ളത് എന്നിവയെക്കുറിച്ച് വിശദീകരിക്കുകയാണ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ റുമാറ്റോളജി ആൻഡ് ക്ലിനിക്കൽ ഇമ്യൂണോളജി അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. ചന്തു എ എസ്.
മുട്ടുവേദന പ്രായമായവരിൽ സാധാരണയായി കാണാറുണ്ട്. ചെറുപ്പക്കാരിലെ മുട്ടുവേദനയ്ക്ക് വാതസംബന്ധമായ രോഗങ്ങൾ (Rheumatic diseases) കാരണമാകാറുണ്ടോ? ഇത് എങ്ങനെ തിരിച്ചറിയാം?
പ്രായമായവരിലെ മുട്ടുവേദനയ്ക്ക് കാരണം സാധാരണയായി ഓസ്റ്റിയോആർത്രൈറ്റിസ് (തേയ്മാനം മൂലമുള്ള രോഗം) ആണെങ്കിലും, ചെറുപ്പക്കാരിലെ മുട്ടുവേദനയ്ക്ക് കാരണം വീക്കത്തോടുകൂടിയ വാതരോഗങ്ങൾ (Inflammatory rheumatic diseases) ആകാം.
ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ
6 ആഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന വേദന
സന്ധിക്ക് ചുറ്റുമുള്ള വീക്കം, ചൂട് അല്ലെങ്കിൽ ചുവപ്പുനിറം
രാവിലെയുള്ള സന്ധി stiffness 30 മിനിറ്റിൽ കൂടുതൽ നീണ്ടുനിൽക്കുന്നത്
ഒന്നിലധികം സന്ധികളെ ബാധിക്കുന്നത്
നടക്കുകയോ ഓടുകയോ ചെയ്യുന്നത് മൂലം ഉണ്ടാകുന്ന സാധാരണ മുട്ടുവേദനയും വാതരോഗങ്ങൾ മൂലമുണ്ടാകുന്ന സന്ധിവേദനയും തമ്മിൽ എങ്ങനെ വേർതിരിച്ചറിയാം?
വീക്കത്തോടുകൂടിയ വാത രോഗങ്ങൾ മൂലമുള്ള വേദന (Inflammatory arthritis):
കുറെ സമയം വിശ്രമിച്ച ശേഷം വേദന കൂടുന്നു
ചലനത്തിലൂടെയും വ്യായാമത്തിലൂടെയും വേദനയ്ക്ക് ആശ്വാസം ലഭിക്കുന്നു
Read Also: വെറും വയറ്റിൽ കാപ്പി കുടിക്കാറുണ്ടോ? ഒഴിവാക്കേണ്ട ശീലങ്ങൾ
ഓസ്റ്റിയോആർത്രൈറ്റിസ് മൂലമുള്ള വേദന (Osteoarthritis):
അധ്വാനിക്കുമ്പോൾ വേദന കൂടുന്നു
വിശ്രമിക്കുമ്പോൾ ആശ്വാസം ലഭിക്കുന്നു
ഈ വ്യത്യാസം സന്ധിവേദനയുടെ കാരണം തിരിച്ചറിയുന്നതിലെ പ്രധാനപ്പെട്ട ഒരു സൂചനയാണ്.
രാവിലെ ഉണരുമ്പോൾ കൈകാലുകളിലെ സന്ധികളിൽ അനുഭവപ്പെടുന്ന വേദനയും stiffness-ഉം വാതരോഗത്തിന്റെ ലക്ഷണമാണോ?
അതെ. രാവിലെ ഉറക്കത്തിൽ നിന്നും എണീക്കുമ്പോള്‍ അനുഭവപ്പെടുന്ന stiffness 30 മിനിറ്റിൽ കൂടുതൽ നീണ്ടുനിൽക്കുന്നത് വീക്കത്തോടുകൂടിയ വാതരോഗങ്ങളുടെ ഒരു പ്രധാന ലക്ഷണമാണ്.
മുട്ടുവേദനയ്ക്ക് പുറമെ, ചെറുപ്പക്കാരിൽ ഉണ്ടാകുന്ന വിട്ടുമാറാത്ത പുറംവേദന ആങ്കിലോസിംഗ് സ്പോണ്ടിലൈറ്റിസിന്റെയോ മറ്റ് നട്ടെല്ലിനെ ബാധിക്കുന്ന വാതരോഗങ്ങളുടെയോ ലക്ഷണമാകുമോ?
യുവാക്കളിൽ അനുഭവപ്പെടുന്ന വിട്ടുമാറാത്ത പുറംവേദന ആങ്കിലോസിംഗ് സ്പോണ്ടിലൈറ്റിസ് (Ankylosing Spondylitis)ആണോ എന്ന് പരിശോധിക്കേണ്ടതാണ്.
നേരത്തെയുള്ള രോഗനിർണ്ണയവും ചികിത്സയും ഈ രോഗവുമായി ബന്ധപ്പെട്ടുണ്ടാകുന്ന "ബാംബൂ സ്പൈൻ" (Bamboo spine - നട്ടെല്ല് വളയാൻ കഴിയാത്ത വിധം ഉറച്ചുപോകുന്ന അവസ്ഥ) എന്ന ഗുരുതരമായ നട്ടെല്ല് വൈകല്യം തടയാൻ സഹായിക്കും.
Read Also : ശസ്ത്രക്രിയയില്ലാതെ മുട്ടുവേദനയ്ക്ക് പരിഹാരം; അറിയാം പിആർപി (PRP) ചികിത്സയുടെ ഗുണങ്ങൾ
ഉയർന്ന അളവിലുള്ള യൂറിക് ആസിഡ് എപ്പോഴാണ് ഗൗട്ട് (Gout) എന്ന വാതരോഗമായി മാറുന്നത്? ഇതിന്റെ പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണ്?
യൂറിക് ആസിഡ് ക്രിസ്റ്റലുകൾ സന്ധികളിൽ അടിഞ്ഞുകൂടുകയും വീക്കത്തിന് കാരണമാകുകയും ചെയ്യുമ്പോഴാണ് ഗൗട്ട് ഉണ്ടാകുന്നത്.
സാധാരണ ലക്ഷണങ്ങൾ
പെട്ടെന്നുണ്ടാകുന്ന കഠിനമായ വേദന
സാധാരണയായി ഏതെങ്കിലും ഒരു സന്ധിയെ മാത്രം ബാധിക്കുന്നുസാധാരണയായി കാൽ പെരുവിരലിലെ സന്ധിയെ ബാധിക്കുന്നു
വീക്കം, ചുവപ്പുനിറം, ചൂട് എന്നിവയോട് കൂടിയ അവസ്ഥ
രോഗലക്ഷണങ്ങൾ സാധാരണയായി 3–5 ദിവസം വരെ നീണ്ടുനിൽക്കും
ഇതുപോലുള്ള വേദനകൾ വീണ്ടും ആവർത്തിച്ചു വരാം
ചെറുപ്പക്കാരായ സ്ത്രീകളിൽ സന്ധിവേദന, കഠിനമായ ക്ഷീണം, മുഖത്ത് തിടുപ്പ് (rashes) എന്നിവ ഉണ്ടാക്കുന്ന ലൂപ്പസ് അല്ലെങ്കിൽ എസ്.എൽ.ഇ (Lupus / SLE) എന്ന വാതരോഗത്തെ കുറിച്ച് വിശദീകരിക്കാമോ?
സിസ്റ്റമിക് ലൂപ്പസ് എറിത്തമറ്റോസസ് (SLE) ഒരു സ്വയംപ്രതിരോധ രോഗമാണ് (Autoimmune disease).സ്ത്രീകളെയാണിത് കൂടുതലായും ബാധിക്കുന്നത്.
സാധാരണ ലക്ഷണങ്ങൾ
ഒന്നിലധികം സന്ധികളിൽ വേദന
കവിളുകളിലും മൂക്കിന് മുകളിലും ശലഭാകൃതിയിലുള്ള തിടുപ്പ് (Butterfly-shaped rash)
വേദനയില്ലാത്ത വ്രണങ്ങൾ വായക്കുള്ളിൽ ഉണ്ടാകുന്നത്
മുടികൊഴിച്ചിൽ
ക്ഷീണം
നേരിയ പനി
നുരയോടുകൂടിയ മൂത്രം (ഇത് വൃക്കകളെ രോഗം ബാധിച്ചതിന്റെ ലക്ഷണമാകാം)
സൊറിയാസിസ് (Psoriasis) ഭാവിയിൽ സന്ധികളെ ബാധിക്കുകയും സൊറിയാറ്റിക് ആർത്രൈറ്റിസിലേക്ക് (Psoriatic Arthritis) നയിക്കുകയും ചെയ്യുമോ?
സൊറിയാസിസ് ഉള്ളവരിൽ ഏകദേശം 20–30% ആളുകൾക്ക് സൊറിയാറ്റിക് ആർത്രൈറ്റിസ് വരാൻ സാധ്യതയുണ്ട്.
ഏകദേശം 10–15% രോഗികളിൽ, സൊറിയാസിസിന്റെ ചർമ്മ ലക്ഷണങ്ങൾ കാണപ്പെടുന്നതിന് മുൻപ് തന്നെ സന്ധിവേദന ആരംഭിച്ചേക്കാം.
സന്ധിയ്ക്കുണ്ടാകുന്ന തകരാറുകൾ തടയുന്നതിന് ഇത് നേരത്തെ തിരിച്ചറിയേണ്ടത് പ്രധാനമാണ്.
ശരീരവേദന വാതരോഗം മൂലമാണോ എന്ന് നിർണ്ണയിക്കാൻ സാധാരണയായി ചെയ്യാറുള്ള രക്തപരിശോധനകൾ ഏതൊക്കെയാണ്? റൂമറ്റോയ്ഡ് ഫാക്ടർ (RA Factor) പോസിറ്റീവ് ആയാൽ വാതരോഗമുണ്ടെന്ന് ഉറപ്പിക്കാമോ?
ഒരു പ്രത്യേക സ്വയംപ്രതിരോധ വാതരോഗം മാത്രമായി നിർണ്ണയിക്കാൻ ഒരൊറ്റ രക്തപരിശോധനയ്ക്കും സാധിക്കില്ല.
സാധാരണയായി ചെയ്യുന്ന പരിശോധനകൾ:
റൂമറ്റോയ്ഡ് ഫാക്ടർ (Rheumatoid Factor - RF)
എ.എൻ.എ IIF രീതിയിൽ (ANA by IIF method)
ആന്റി-സി.സി.പി ആന്റിബോഡികൾ (Anti-CCP antibodies)
ഒരു രോഗിയുടെ ലക്ഷണങ്ങളുടെയും ക്ലിനിക്കൽ പരിശോധനകളുടെയും പശ്ചാത്തലത്തിൽ വേണം ഈ പരിശോധനകൾ നിർദ്ദേശിക്കാനും വിലയിരുത്താനും.
പരിശോധനാ ഫലം പോസിറ്റീവ് ആയതുകൊണ്ട് മാത്രം ഒരാൾക്ക് വാതരോഗമുണ്ടെന്ന് അർത്ഥമാക്കുന്നില്ല. ആരോഗ്യവാന്മാരായ വ്യക്തികളിൽ പോലും ചിലപ്പോൾ ഈ പരിശോധനകൾ പോസിറ്റീവ് ആയി കാണിക്കാറുണ്ട്.
കുട്ടികൾക്ക് വാതരോഗങ്ങൾ വരാറുണ്ടോ? അവ എങ്ങനെയാണ് ചികിത്സിക്കുന്നത്?
കുട്ടികളിലും സ്വയംപ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ടതും വീക്കമുണ്ടാക്കുന്നതുമായ വാതരോഗങ്ങൾ വരാറുണ്ട്. അവയിൽ ചിലത്:
Read Also : വയറുവേദന പൊക്കിളിന് ചുറ്റും തുടങ്ങി വലതുവശത്തേക്ക് വ്യാപിക്കുന്നുണ്ടോ? കുട്ടികളിലെ അപ്പൻഡിസൈറ്റിസ് ലക്ഷണങ്ങൾ
ജുവനൈൽ ഇഡിയോപതിക് ആർത്രൈറ്റിസ് (JIA)
ജുവനൈൽ എസ്.എൽ.ഇ (Juvenile SLE)
ജുവനൈൽ ഡെർമറ്റോമയോസൈറ്റിസ് (Juvenile Dermatomyositis)
ഓട്ടോഇൻഫ്ലമേറ്ററി സിൻഡ്രോമുകൾ (Autoinflammatory syndromes) എന്നിവയാണ്.
ചികിത്സാരീതികൾ:
ഡിസീസ്-മോഡിഫയിംഗ് ആന്റി-റൂമാറ്റിക് ഡ്രഗ്സ് (DMARDs)
ബയോളജിക് തെറാപ്പികൾ (Biologic therapies)
നേരത്തെയുള്ള രോഗനിർണ്ണയവും കൃത്യമായ ചികിത്സയും വഴി ഭൂരിഭാഗം കുട്ടികൾക്കും ഊർജ്ജസ്വലവും ആരോഗ്യകരവുമായ ജീവിതം നയിക്കാൻ കഴിയും.
വാതരോഗങ്ങൾക്കുള്ള മരുന്നുകൾ ദീർഘകാലം കഴിക്കേണ്ടി വന്നാൽ അത് ശരീരത്തിന് ഹാനികരമാണോ?
ഒരു റൂമറ്റോളജിസ്റ്റിന്റെ നിർദ്ദേശപ്രകാരവും നിരീക്ഷണത്തിലും കഴിക്കുമ്പോൾ വാതരോഗ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മിക്ക മരുന്നുകളും സുരക്ഷിതമാണ്.
സുരക്ഷാ മുൻകരുതലുകൾ:
ക്രമമായ രക്തപരിശോധനകൾ
സമയാസമയങ്ങളിലുള്ള പരിശോധനകൾ
അപൂർവ്വമായി ഉണ്ടാകാനിടയുള്ള പാർശ്വഫലങ്ങൾ നിരീക്ഷിക്കുക
ഈ മുൻകരുതലുകൾ പാർശ്വഫലങ്ങൾ നേരത്തെ കണ്ടെത്താനും ദീർഘകാല ചികിത്സ സുരക്ഷിതമാക്കാനും സഹായിക്കുന്നു.
കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണക്രമീകരണത്തിലൂടെയും വാതരോഗങ്ങളെ തടയാൻ സാധിക്കുമോ?
ആരോഗ്യകരമായ ജീവിതശൈലിക്ക് ചില വാതരോഗങ്ങളുടെ, പ്രത്യേകിച്ച് ഗൗട്ടിന്റെ (Gouty arthritis) സാധ്യത കുറയ്ക്കാൻ സാധിക്കും.
പ്രമേഹം, അമിതവണ്ണം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ അവസ്ഥകളെ നിയന്ത്രിക്കുക തുടങ്ങിയ ജീവിതശൈലി മാറ്റങ്ങളും ക്രമീകരണങ്ങളും വാതരോഗങ്ങളുടെ സാധ്യത ഒരു പരിധി വരെ കുറയ്ക്കാൻ സഹായിക്കും.
സ്വയംപ്രതിരോധ വാതരോഗങ്ങളെ (Autoimmune rheumatic diseases) എപ്പോഴും തടയാൻ കഴിയില്ലെങ്കിലും, ആരോഗ്യകരമായ ജീവിതശൈലി രീതികൾക്ക് സന്ധികളുടെ പൊതുവായ ആരോഗ്യം മെച്ചപ്പെടുത്താനും രോഗം മൂലമുള്ള സങ്കീർണ്ണതകൾ കുറയ്ക്കാനും സാധിക്കും