അക്യൂട്ട് കിഡ്‌നി ഇഞ്ചുറി (Acute Kidney Injury) ഇന്ന് വളരെപ്പേരില്‍ കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണ്. ഇതിന് പല കാരണങ്ങളുണ്ട്. കൃത്യസമയത്തെ രോഗനിര്‍ണ്ണയവും സമയബന്ധിതമായ ചികിത്സയും ലഭിച്ചാല്‍ പൂര്‍ണ്ണമായി മാറാനും സാധ്യതയുണ്ട്. അക്യൂട്ട് കിഡ്നി ഇഞ്ചറി എന്താണ്, ഇതിന് കാരണമാകുന്ന ഘടകങ്ങള്‍, ലക്ഷണങ്ങള്‍, ചികിത്സാ രീതികള്‍, ഡയാലിസിസ് എപ്പോള്‍ ആവശ്യമായി വരുന്നു തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രി നെഫ്രോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ആന്‍ഡ് ചീഫ് ഡോ. സുനില്‍ ജോര്‍ജ്
എന്താണ് അക്യൂട്ട് കിഡ്‌നി ഇഞ്ചുറി ?
ക്യൂട്ട് കിഡ്‌നി ഇഞ്ചുറി എന്നാല്‍ താല്‍ക്കാലികമായി ഒരാളില്‍ കിഡ്‌നിയുടെ പ്രവര്‍ത്തനം കുറയുന്ന അവസ്ഥയാണ്. അക്യൂട്ട് എന്നാല്‍ താത്കാലികം എന്നാണര്‍ത്ഥം. അതിന്റെ എതിരാണ് ക്രോണിക്, അതായത് ദീര്‍ഘകാല കിഡ്‌നി രോഗം.
അക്യൂട്ട് കിഡ്‌നി ഇഞ്ചുറി ഉണ്ടാകാനുള്ള കാരണങ്ങള്‍ എന്തെല്ലാമാണ്?
അക്യൂട്ട് കിഡ്നി ഇഞ്ചറി പല കാരണങ്ങളാല്‍ വരാം. അവയെ മൂന്നു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
പ്രീ റീനല്‍ അക്യൂട്ട് കിഡ്നി ഇഞ്ചറി
കിഡ്‌നിക്ക് മുമ്പുള്ള കാരണങ്ങളാണ് പ്രീ റീനല്‍ അക്യൂട്ട് കിഡ്നി ഇഞ്ചറി. സാധാരണയായി പ്രഷര്‍ കുറയുക, ഡീഹൈഡ്രേഷന്‍ വരിക, കാര്‍ഡിയാക് അസുഖങ്ങള്‍ മൂലമുള്ള കാര്‍ഡിയോ-റീനല്‍ പ്രശ്‌നങ്ങള്‍, ലിവര്‍ അസുഖം മൂലമുള്ള ഹെപ്പറ്റോറീനല്‍ അവസ്ഥകള്‍ എന്നിവ കാരണം കിഡ്‌നിയിലേക്ക് എത്തുന്ന രക്തത്തിന്റെ അളവ് കുറയുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇത് ഹൈഡ്രേഷന്‍, ഐവി ഫ്‌ലൂയിഡ്‌സ്, പ്രഷര്‍ കൃത്യമാക്കല്‍ എന്നിവയിലൂടെ സുഖപ്പെടുത്താന്‍ ചെയ്യാന്‍ സാധിക്കും.
റീനല്‍ / ഇന്‍ട്രാ റീനല്‍ അക്യൂട്ട് കിഡ്നി ഇഞ്ചറി
കിഡ്‌നിക്കകത്തുള്ള കാരണങ്ങളാണ് ഇന്‍ട്രാ റീനല്‍ അക്യൂട്ട് കിഡ്നി ഇഞ്ചറി. ഇതിന് പ്രധാന കാരണമായി ഇന്‍ഫെക്ഷനുകള്‍ വരാം. എലിപ്പനി, ഡെങ്കിപ്പനി, പൈലോനെെ്രെഫറ്റിസ് പോലുള്ള ഇന്‍ഫെക്ഷനുകള്‍ കിഡ്‌നിയെ ബാധിക്കാം. ചില മരുന്നുകള്‍, ടോക്‌സിന്‍സ്, പോയ്‌സണ്‍സ് എന്നിവയും കിഡ്‌നിക്ക് നേരിട്ട് ഡാമേജ് ഉണ്ടാക്കാം. പാമ്പുകടി മൂലമുള്ള സ്‌നേക്ക് വെനം, അധികമായി വേദനസംഹാരികള്‍ ഉപയോഗിക്കല്‍, ചില ആന്റിബയോട്ടിക്‌സ് എന്നിവ ഉദാഹരണങ്ങളാണ്.
കൂടാതെ ഗ്ലോമറുലോനെെ്രെഫറ്റിസ്, നെഫ്രോട്ടിക് സിന്‍ഡ്രോം, ഇമ്മ്യൂണ്‍ മീഡിയേറ്റഡ് അസുഖങ്ങള്‍ തുടങ്ങിയ കിഡ്‌നിയുടെ തന്നെ രോഗങ്ങളും അക്യൂട്ട് കിഡ്‌നി ഇഞ്ചുറിക്ക് കാരണമാകാം.
പോസ്റ്റ് റീനല്‍ അക്യൂട്ട് കിഡ്‌നി ഇഞ്ചുറി
കിഡ്‌നിക്ക് പുറത്തുള്ള കാരണങ്ങളാണ് പോസ്റ്റ് റീനല്‍ അക്യൂട്ട് കിഡ്‌നി ഇഞ്ചുറി. സാധാരണയായി ഇത് ഒബ്‌സ്ട്രക്ഷന്‍ അഥവാ തടസ്സം മൂലമാണ് ഉണ്ടാകുന്നത്. പുരുഷന്മാരില്‍ പ്രോസ്‌റ്റേറ്റ് സംബന്ധമായ തടസ്സങ്ങള്‍ വരാം. ബ്ലാഡറിലോ യൂറിന്‍ ട്യൂബിലോ സ്‌റ്റോണ്‍സ് വന്നാല്‍ ബ്ലോക്ക് ഉണ്ടാകാം. സ്ത്രീകളില്‍ ഗൈനക്കോളജി അല്ലെങ്കില്‍ യൂട്രസ് സംബന്ധമായ അസുഖങ്ങള്‍ മൂലവും ബ്ലോക്ക് വരാം. ഇതിനെ ഒബ്‌സ്ട്രക്റ്റീവ് യൂറോപതി എന്ന് പറയുന്നു. ബ്ലോക്ക് നീക്കം ചെയ്താല്‍ ഈ അവസ്ഥ മാറ്റാന്‍ സാധിക്കും.
അക്യൂട്ട് കിഡ്‌നി ഇഞ്ചുറിയുടെ ചികിത്സ എങ്ങനെയാണ് ?
അക്യൂട്ട് കിഡ്‌നി ഇഞ്ചുറിയുടെ ഏറ്റവും നല്ല കാര്യം ഇത് പൂര്‍ണ്ണമായും ചികിത്സിച്ച് മാറ്റാന്‍ കഴിയുമെന്നതാണ്. പക്ഷേ ചികിത്സിക്കാതെ വിട്ടാല്‍ ഇത് ക്രോണിക് കിഡ്‌നി ഡിസീസിലേക്ക് മാറാം.
ഡയാലിസിസ് എന്നതല്ല ആദ്യ ചികിത്സ. കാരണം അനുസരിച്ചാണ് ചികിത്സ നിര്‍ണ്ണയിക്കുന്നത്. പ്രീ റീനല്‍ കാരണങ്ങളാണെങ്കില്‍ അവ പരിഹരിക്കുന്നു. റീനല്‍ കാരണങ്ങളാണെങ്കില്‍ അവയെ ചികിത്സിക്കുന്നു. പോസ്റ്റ് റീനല്‍ തടസ്സമാണെങ്കില്‍ അത് നീക്കം ചെയ്യുന്നു. ഇതെല്ലാം ചെയ്തിട്ടും ശരിയാകാതെ വരുമ്പോഴാണ് ഡയാലിസിസ് ചെയ്യുന്നത്.
അക്യൂട്ട് കിഡ്‌നി ഇഞ്ചുറിയുടെ ലക്ഷണങ്ങള്‍ ?
അക്യൂട്ട് കിഡ്‌നി ഇഞ്ചുറി വന്നാല്‍ കാണുന്ന ലക്ഷണങ്ങള്‍ എന്തെല്ലാമാണ്?
കിഡ്‌നി അസുഖം തിരിച്ചറിയാന്‍ പ്രധാനമായും യൂറിയയും ക്രിയാറ്റിനും എന്ന രണ്ട് ടെസ്റ്റുകളാണ്. ക്രിയാറ്റിന്‍ കൂടുമ്പോള്‍ കിഡ്‌നി ഫെയിലര്‍ എന്ന് അറിയാം. യൂറിന്‍ ടെസ്റ്റില്‍ രക്തം അല്ലെങ്കില്‍ പ്രോട്ടീന്‍ കാണുന്നത് കിഡ്‌നി അസുഖത്തിന്റെ ലക്ഷണമാണ്.
ഒരു വ്യക്തിയുടെ ബേസ്‌ലൈന്‍ ക്രിയാറ്റിന്‍ 1.4 ആണെങ്കില്‍, അത് 24 മണിക്കൂറിനുള്ളില്‍ 2 അല്ലെങ്കില്‍ 3 ആയി ഉയരാം. സാധാരണ 1.5 ലിറ്റര്‍ വരുന്ന യൂറിന്‍ ഔട്ട്പുട്ട് 300 മില്ലിലിറ്റര്‍ അല്ലെങ്കില്‍ 150 മില്ലിലിറ്റര്‍ ആയി കുറയുന്നതും ഒരു പ്രധാന ലക്ഷണമാണ്.
ഇതിനൊപ്പം നീര്, ശ്വാസംമുട്ടല്‍, പൊട്ടാസ്യം വര്‍ധിക്കുക, അസിഡോസിസ്, പള്‍മണറി ഇഡിമ തുടങ്ങിയ അവസ്ഥകളും ഉണ്ടാകാം.
എപ്പോഴാണ് ഡയാലിസിസ് ആവശ്യമായി വരുന്നത്?
മരുന്നുകള്‍ ഉപയോഗിച്ചും മറ്റ് ചികിത്സകള്‍ ചെയ്തും ഗുണം കിട്ടാതെ, ക്രിയാറ്റിന്‍ കൂടുകയും മൂത്രത്തിന്റെ അളവ് കൂടാതിരിക്കുകയും അസുഖം ഗുരുതരമാകുകയും ചെയ്താല്‍ ഡയാലിസിസ് ചെയ്യുന്നു. അക്യൂട്ട് കിഡ്‌നി ഇഞ്ചുറിയില്‍ സാധാരണയായി ടെമ്പററി ഡയാലിസിസ് മതി. പലപ്പോഴും രണ്ടോ മൂന്നോ നാലോ അഞ്ചോ ഡയാലിസിസുകള്‍ മാത്രമേ ആവശ്യമുള്ളൂ.
അക്യൂട്ട് കിഡ്‌നി ഇഞ്ചറിയില്‍ ഏത് തരത്തിലുള്ള ഡയാലിസിസുകളാണ് ചെയ്യുന്നത്?
സാധാരണ റെഗുലര്‍ ഹീമോ ഡയാലിസിസിന് പുറമേ, രോഗിയുടെ പ്രഷര്‍ വളരെ കുറവാണെങ്കില്‍, വെന്റിലേറ്റര്‍ സപ്പോര്‍ട്ട് ആവശ്യമുണ്ടെങ്കില്‍, അല്ലെങ്കില്‍ രോഗി ക്രിട്ടിക്കല്‍ ആണെങ്കില്‍ പ്രത്യേക ഡയാലിസിസ് രീതികള്‍ ഉണ്ട്. സ്ലെഡ് ഡയാലിസിസ്, സി.ആര്‍.ആര്‍.ടി, ഹീമോ ഡയോ ഫില്‍ട്രേഷന്‍ തുടങ്ങിയ ഡയാലിസിസ് രീതികള്‍ ഉപയോഗിച്ച് രോഗികളെ മാനേജ് ചെയ്യാം.