ആര്‍ത്തവം എന്നത് സ്ത്രീ ശരീരത്തില്‍ നടക്കുന്ന ഒരു സ്വാഭാവിക പ്രക്രിയ മാത്രമാണ്. ഓരോ സ്ത്രീകളും വ്യത്യസ്തമായതിനാല്‍ അവരുടെ ശാരീരിക പ്രവര്‍ത്തനങ്ങളും വ്യത്യസ്തമായിരിക്കും. അതുപോലെ തന്നെയാണ് ആര്‍ത്തവവും. ചിലരില്‍ അത് വേദനയോട് കൂടിയും ചിലരില്‍ യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഇല്ലാതേയും സംഭവിക്കുന്നു. എന്നാല്‍ ചിലരില്‍ അതികഠിനമായ വേദനയാണ് ആര്‍ത്തവ സമയം ഉണ്ടാവുന്നത്. അത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്‌നങ്ങളുടെ തുടക്കമായാണ് കണക്കാക്കുന്നതും.
സാധാരണ രീതിയില്‍ ആര്‍ത്തവ ദിനങ്ങളില്‍ ചെറിയ വ്യത്യാസം വരുന്നത് അത്ര വലിയ പ്രശ്‌നമല്ല, എന്നാല്‍ സാധാരണയേക്കാള്‍ കൂടുതല്‍ ദിനങ്ങള്‍ ആര്‍ത്തവത്തില്‍ സംഭവിക്കുമ്പോള്‍ അത് അല്‍പം ഗൗരവത്തോടെ കണക്കാക്കേണ്ടതാണ്. അത് മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും നിങ്ങളിലുണ്ട് എന്നതാണ് സത്യം.
ആര്‍ത്തവത്തെക്കുറിച്ചും ആര്‍ത്തവ സമയത്തെ വേദനയെക്കുറിച്ചും അതിനുള്ള പരിഹാരങ്ങളെക്കുറിച്ചും കാരണങ്ങളെക്കുറിച്ചും കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍സ് Obstetrics And Gynaecology വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ചിനു സൂസന്‍ കുര്യന്‍ മലയാളം ബോള്‍ഡ്‌സ്‌കൈയോട് സംസാരിക്കുന്നു.
ആര്‍ത്തവ സമയത്തെ വേദന
ആര്‍ത്തവ സമയത്തെ വേദന എന്നത് ഒരു പരിധി വരെ സാധാരണമാണ്. നമ്മുടെ ഗര്‍ഭപാത്രത്തിലെ പേശികള്‍ക്ക് സങ്കോചം സംഭവിക്കുമ്പോഴാണ് ഇത്തരത്തില്‍ വേദന സംഭവിക്കുന്നത്. എന്നാല്‍ ഓരോരുത്തരിലും വേദനയില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നു. എന്നാല്‍ അതികഠിനമായ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ വരുമ്പോള്‍ അതിന് കൃത്യമായ ചികിത്സ ആവശ്യമാണ്. എന്തുകൊണ്ട് അതികഠിനമായ വേദന? ചിലരില്‍ അതികഠിനമായ വേദനയുണ്ടാവുന്നതിന് പിന്നില്‍ പലപ്പോഴും എന്തെങ്കിലും പ്രധാനപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കും. അതിനെ കൃത്യമായി മനസ്സിലാക്കി കൃത്യമായ പരിശോധനക്ക് വിധേയമാകേണ്ടതാണ്. ചിലരില്‍, മുഴകള്‍, ഫൈബ്രോയ്ഡ്, എന്‍ഡോമെട്രിയോസിസ് പോലുള്ള അവസ്ഥകള്‍ പലരിലും ഈ വേദന നല്‍കുന്ന സൂചനകളാണ്. അതിന് കൃത്യമായ പരിശോധന അനിവാര്യമാണ്.
ഡിസ്‌മെനോറിയ എന്ത്?
ഡിസ്‌മെനോറിയ എന്നത് ആര്‍ത്തവ കാലത്തെ അമിത വേദനയെയാണ് സൂചിപ്പിക്കുന്നത്. ഗര്‍ഭപാത്രത്തെ ഒരു പേശിയായാണ് കണക്കാക്കുന്നത്. ആര്‍ത്തവ സമയം ഉള്ളിലുള്ള എന്‍ഡോമെട്രിയം ലൈന്‍ കൊഴിഞ്ഞ് പോവുന്നു. ഈ സമയം ഗര്‍ഭപാത്രം സങ്കോചിക്കപ്പെടുന്നു. ഈ സമയത്തുള്ള വേദനയാണ് ഡിസ്‌മെനോറിയ എന്ന് പറയുന്നത്.
ആര്‍ത്തവ വേദന കുറയ്ക്കാന്‍?
ആര്‍ത്തവത്തെ ഒരിക്കലും ഒരു അസുഖമായി കാണേണ്ടതില്ല. ആര്‍ത്തവ സമയം ചെറിയ വേദനകള്‍ സാധാരണമാണ്. ഈ സമയം ചെറിയ വേദനയുണ്ടെങ്കിലും ചെറിയ രീതിയിലുള്ള സ്ഥിരം കാര്യങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. വേദന കുറയ്ക്കുന്നതിന് ആ സമയം ആക്റ്റീവ് ആയി ഇരിക്കുക എന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ ഡിസ്‌മെനോറിയ പോലുള്ള അവസ്ഥയുണ്ടെങ്കില്‍ അതിനെ കൃത്യമായി മനസ്സിലാക്കി പ്രതിരോധിക്കാന്‍ ശ്രദ്ധിക്കണം. വേദന കുറയ്ക്കാന്‍ മരുന്നുകള്‍? ഈ സമയം ആര്‍ത്തവ വേദന കുറയ്ക്കുന്നതിന് പലരും വേദന സംഹാരികള്‍ കഴിക്കുന്നു. എന്നാല്‍ എപ്പോഴും ആക്റ്റീവ് ആയി ഇരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അത് മാത്രമല്ല ആന്റി സ്പാസിമോഡിക് പോലുള്ള പേശികള്‍ക്ക് വേദനയില്‍ നിന്ന് ആശ്വാസം നല്‍കുന്ന തരത്തിലുള്ള മരുന്നുകള്‍ ഉപയോഗിക്കാം. എന്നാല്‍ ഉപയോഗിക്കുന്ന അളവ് കൃത്യമായിരിക്കണം എന്നതാണ് പ്രധാന കാര്യം.
യോഗ, വ്യായാമം എന്നിവ നല്ലതോ?
ആര്‍ത്തവ സമയം യോഗ, വ്യായാമം എന്നിവ നല്ലതാണോ എന്ന് നമുക്ക് നോക്കാം. ഇത് സ്ഥിരം ചെയ്യുന്ന ഒരു വ്യക്തിയാണെങ്കില്‍ ഇത് ആര്‍ത്തവ സമയത്തും സ്ഥിരമായി ചെയ്യാവുന്നതാണ്. ചെറിയ വ്യായാമങ്ങളും അതുപോലെയുള്ള ചില ചെറിയ വ്യായാമങ്ങളും എല്ലാം ഈ സമയം വേദന കുറയ്ക്കുന്നതിന് സഹായിക്കും. മരുന്നുകളെ ആശ്രയിക്കുന്നതിന് പകരം ഇത്തരം കാര്യങ്ങള്‍ ആദ്യം പരീക്ഷിക്കേണ്ടതാണ്.
ചെറുപ്പത്തിലെ അതി കഠിനമായ വേദന?
എല്ലാവരിലും ഡിസ്‌മെനോറിയ പോലുള്ള അവസ്ഥയുണ്ടായിരിക്കണം എന്നില്ല. എന്നാല്‍ വളെര ഗുരുതരമായ അവസ്ഥയുണ്ടെങ്കില്‍ തുടക്കത്തില്‍ തന്നെ ഡോക്ടറെ കാണിക്കുകയും എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് കണ്ടുപിടിക്കുന്നതിന് സാധിക്കും. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഒരിക്കലും അതിനെ നിസ്സാരമാക്കരുത്.
വേദനക്കൊപ്പമുണ്ടാവുന്ന ലക്ഷണങ്ങള്‍
പലപ്പോഴും ആര്‍ത്തവ വേദനക്കൊപ്പം തന്നെ അതികഠിനമായ രക്തസ്രാവം, ഛര്‍ദ്ദി, തലചുറ്റല്‍ തുടങ്ങിയവ അല്‍പം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. അതിനെ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യേണ്ടത് അനിവാര്യമാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് എത്തുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.
ഡോക്ടറെ കാണേണ്ടത്?
നമ്മുടെ സാധാരണ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന അവസ്ഥയാണ് ആര്‍ത്തവം എങ്കില്‍ അതിനെ കൃത്യമായി മനസ്സിലാക്കി ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. അത് മാത്രമല്ല കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാവാതിരിക്കാന്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കാണുന്നതാണ് നല്ലത്. ഇത് നിങ്ങളുടെ ജീവിത നിലവാരം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും.