• English
  • عربي / Arabic
  • മലയാളം / Malayalam
Critical Care specialist Dr Rahul Baby  explains Snake Bite First Aid & Treatment Guide

പാമ്പുകടി: പാമ്പിനെ തേടി സമയം കളയരുത്, ഈ ലക്ഷണങ്ങളെയാണ് നിങ്ങൾ ശ്രദ്ധിക്കേണ്ടത്, പ്രഥമശുശ്രൂഷയും ചികിത്സയും

2026-04-29

നമ്മുടെ നാട്ടിൽ പാമ്പുകടിയേറ്റുള്ള മരണങ്ങളും അപകടങ്ങളും മുന്‍പത്തേക്കാളധികം കൂടിവരികയാണ്. എന്നാൽ മിക്കവാറും സന്ദർഭങ്ങളിൽ, പാമ്പുകടിയേൽക്കുന്നതിനേക്കാൾ അപകടകരമാകുന്നത് അതിന് നൽകുന്ന തെറ്റായ പ്രഥമശുശ്രൂഷകളും ചികിത്സ തേടുന്നതിലെ കാലതാമസവുമാണ്. പാമ്പുകടിയേറ്റാൽ ഉടൻ എന്തുചെയ്യണം, ഏതെല്ലാം പാമ്പുകളാണ് നമ്മുടെ പരിസരങ്ങളിൽ കണ്ടുവരുന്നത്, ലക്ഷണങ്ങൾ എങ്ങനെ തിരിച്ചറിയാം എന്നീ കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടെങ്കിൽ നമുക്ക് വിലപ്പെട്ട പല ജീവനുകളും രക്ഷിക്കാൻ സാധിക്കും.

 ശാസ്ത്രീയമായ ചികിത്സാരീതികളെക്കുറിച്ചും, പാമ്പുകടിയേറ്റാൽ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ചും തൊടുപുഴ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ  ക്രിട്ടിക്കല്‍ കെയര്‍  വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ രാഹുല്‍ ബേബി ജോസഫ് വിശദീകരിക്കുന്നു

 പാമ്പ് കടിയേറ്റാൽ ഉടൻ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട ശുശ്രൂഷ എന്താണ്?

പാമ്പുകടിയേറ്റാൽ പരിഭ്രാന്തരാകാതെ കൃത്യമായ പ്രഥമശുശ്രൂഷ നൽകുന്നത് ജീവൻ രക്ഷിക്കാൻ സഹായിക്കും. 

 സുരക്ഷിതമായ അകലം പാലിക്കുക

പാമ്പുകടിയേറ്റാൽ ഉടൻ തന്നെ പാമ്പിൽ നിന്നും സുരക്ഷിതമായ അകലത്തിലേക്ക് മാറുക. വീണ്ടും കടിയേൽക്കാനുള്ള സാഹചര്യം ഒഴിവാക്കുക എന്നതാണ് ഏറ്റവും ആദ്യത്തെ ഘട്ടം.

പാനിക്ക് ആകാതിരിക്കുക (രോഗിക്ക് ധൈര്യം നൽകുക)

കടിയേറ്റ ആൾ ഭയപ്പെടുന്നത് വിഷം വേഗത്തിൽ ശരീരത്തിൽ പടരാൻ കാരണമാകും.

 പാനിക്ക് ആകുമ്പോൾ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും വർദ്ധിക്കുന്നു. ഇത് രക്തയോട്ടത്തിലൂടെ വിഷം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വേഗത്തിൽ എത്താൻ ഇടയാക്കും.

 രോഗിയെ ഓടാനോ അമിതമായി ചലിക്കാനോ അനുവദിക്കരുത്. അവരെ ശാന്തമാക്കി ഇരുത്തുകയോ കിടത്തുകയോ ചെയ്യുക.

 കടിയേറ്റ ഭാഗം അനക്കാതെ വയ്ക്കുക (Immobilization)

കടിയേറ്റ ഭാഗത്തെ ചലനം കുറയ്ക്കുന്നത് വിഷം പടരുന്നത് തടയാൻ സഹായിക്കും.

സ്പ്ലിന്റ് (Splint) ഉപയോഗിക്കുക: എല്ലിന് ഒടിവ് സംഭവിച്ചാൽ ചെയ്യുന്നത് പോലെ, കടിയേറ്റ ഭാഗത്തിന് ഇരുവശത്തുമായി ഒരു സ്കെയിലോ തടിക്കഷ്ണമോ വെച്ച് തുണി ഉപയോഗിച്ച് കെട്ടുക.

 ഇത് മുറിവിന് മുകളിൽ മുറുക്കി കെട്ടാനുള്ളതല്ല (Tourniquet), മറിച്ച് ആ ഭാഗത്തിന്റെ ചലനം കുറയ്ക്കാൻ വേണ്ടിയുള്ളത് മാത്രമാണ്.

 കടിയേറ്റ ഭാഗം ഹൃദയത്തിന്റെ നിരപ്പിന് താഴെ വയ്ക്കുക

കടിയേറ്റ ഭാഗം എങ്ങനെ വയ്ക്കണം എന്നത് വളരെ പ്രധാനമാണ്. 

ഹൃദയത്തിന്റെ നിരപ്പിന് താഴെ: കടിയേറ്റ ഭാഗം ഹൃദയത്തിന്റെ നിരപ്പിൽ നിന്നും ഒരല്പം താഴെയായി പിടിക്കുക.

പൊക്കി വയ്ക്കരുത്: ഒരുപാട് പൊക്കിപ്പിടിച്ചാൽ വിഷം ലിംഫാറ്റിക്സ് വഴി വേഗത്തിൽ രക്തത്തിൽ കലരാം.

താഴ്ത്തിപ്പിടിക്കരുത്: ഒരുപാട് താഴോട്ട് തൂക്കിയിട്ടാൽ ആ ഭാഗത്ത് പെട്ടെന്ന് നീര് വരാൻ സാധ്യതയുണ്ട്.

എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുക

ആന്റി സ്നേക്ക് വെനം (ASV) ലഭ്യമായ അടുത്തുള്ള ആശുപത്രിയിൽ രോഗിയെ എത്രയും പെട്ടെന്ന് എത്തിക്കുക എന്നതാണ് ഏറ്റവും പ്രധാനം. രോഗിയെ കൊണ്ടുപോകുമ്പോൾ മാക്സിമം ചലനം ഒഴിവാക്കാൻ ഒരു വാഹനത്തിൽ തന്നെ കൊണ്ടുപോകാൻ ശ്രമിക്കുക.

 ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തുണി ഉപയോഗിച്ച് മുറുക്കി കെട്ടുന്നത് സുരക്ഷിതമാണോ?

ലോകാരോഗ്യ സംഘടനയും (WHO) ഇന്ത്യൻ സ്നേക്ക് ബൈറ്റ് മാനേജ്‌മെന്റ് പ്രോട്ടോക്കോളും ഒരുപോലെ പറയുന്ന കാര്യം മുറുക്കി കെട്ടുന്നത് (Tourniquet) പൂർണ്ണമായും ഒഴിവാക്കണം എന്നാണ്. ഇതിനുള്ള പ്രധാന കാരണങ്ങൾ : 

ടിഷ്യു നെക്രോസിസ് (Tissue Necrosis): മുറിവിന് മുകളിൽ വളരെ ടൈറ്റായി കെട്ടുമ്പോൾ ആ ഭാഗത്തേക്കുള്ള രക്തയോട്ടം പൂർണ്ണമായും നിലയ്ക്കുന്നു. ഇത് പേശികൾ നശിക്കാനും (Gangrene) കാരണമാകുന്നു.

അവയവം മുറിച്ചുമാറ്റേണ്ടി വരുന്നു: ചില സാഹചര്യങ്ങളിൽ ശരീരത്തിൽ വിഷം പ്രവേശിച്ചിട്ടുണ്ടാകില്ല, എങ്കിലും ഇത്തരത്തിൽ മുറുക്കി കെട്ടുന്നത് മൂലം രക്തയോട്ടം നിലച്ച് ആ അവയവം മുറിച്ചുമാറ്റേണ്ടി വന്ന സന്ദർഭങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

പ്രഷർ ഇമ്മൊബിലൈസേഷൻ (Pressure Immobilisation) - ചില പ്രത്യേക സാഹചര്യങ്ങളിൽ, അതായത് മൂർഖൻ (Cobra), വെള്ളിക്കെട്ടൻ (Krait) തുടങ്ങിയ പാമ്പുകളുടെ കടി (Neurotoxic Bite) ഏൽക്കുകയും ആശുപത്രിയിലെത്താൻ വൈകുകയും ചെയ്യുന്ന അവസരങ്ങളിൽ മാത്രം 

ഇലാസ്റ്റിക് ക്രേപ് ബാൻഡേജ്: കടിയേറ്റ ഭാഗത്ത് അധികം മുറുക്കാതെ ഒരു ഇലാസ്റ്റിക് ക്രേപ് ബാൻഡേജ് ഉപയോഗിക്കാം.

രണ്ട് വിരൽ ഗ്യാപ്പ്: ബാൻഡേജ് ഇടുകയാണെങ്കിൽ അതിനുള്ളിൽ ഒന്നോ രണ്ടോ വിരലുകൾ കടക്കാൻ പറ്റുന്ന അത്രയും അയവിൽ മാത്രമേ കെട്ടാവുള്ളൂ.  രക്തധമനികളിലൂടെയുള്ള ഓട്ടം തടയുക എന്നതല്ല, മറിച്ച് ലിംഫാറ്റിക് ചാനലുകളിലൂടെ വിഷം പടരുന്നത് മന്ദഗതിയിലാക്കുക മാത്രമാണ് ഇതിന്റെ ലക്ഷ്യം.

നിങ്ങൾക്ക് ഇത്തരത്തിൽ ബാൻഡേജ് ചെയ്യാനോ സ്പ്ലിന്റ് ചെയ്യാനോ കൃത്യമായി അറിയില്ലെങ്കിൽ അത് ചെയ്യാതിരിക്കുന്നതാണ് നല്ലത്. തെറ്റായ രീതിയിൽ കെട്ടുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും

വിഷമുള്ള പാമ്പാണോ അല്ലയോ എന്ന് മുറിപ്പാടുകൾ നോക്കി തിരിച്ചറിയാൻ സാധിക്കുമോ?

സാധാരണയായി മുറിവ് നോക്കി വിഷമുള്ള പാമ്പാണോ വിഷമില്ലാത്തതാണോ കടിച്ചതെന്ന് തിരിച്ചറിയുവാന്‍ സാധിക്കില്ല. ലോകാരോഗ്യ സംഘടന ഉള്‍പ്പെടെയുള്ളവര്‍ പറയുന്നതനുസരിച്ച് മുറിപ്പാട് നോക്കി വിഷമുള്ളതാണോ അല്ലയോ എന്ന് ഉറപ്പിക്കുവാന്‍ പാടില്ലെന്നാണ്. ചിലപ്പോള്‍ വിഷപ്പാമ്പ് കടിക്കുമ്പോള്‍ രണ്ട് മുറിപ്പാട് ഉണ്ടാകണമെന്നില്ല. ചിലപ്പോള്‍ ഒരു പല്ലിന്റൈ പാട് മാത്രമേ വന്നിരിക്കൂ.  ചിലപ്പോഴാവട്ടെ, ഒന്നില്‍ കൂടുതല്‍ ബൈറ്റ് ഉണ്ടായിട്ടുമുണ്ടാകാം. 

എല്ലാ പാമ്പുകടിയും നമ്മള്‍ വിഷമുള്ളതാണെന്ന് കരുതി സമീപിക്കുകയും ഉടനെ ആശുപത്രിയില്‍ എത്തിക്കുകയും വേണം. ലക്ഷണങ്ങള്‍ നോക്കി ചികിത്സിക്കുന്നതിനാല്‍ വിഷമുണ്ടോ ഇല്ലയോ എന്നത് പ്രധാനമല്ല. 

വിഷമുള്ള പാമ്പ് കടിച്ചാല്‍ പോലും ചിലപ്പോള്‍ ഡ്രൈബൈറ്റ് എന്ന അവസ്ഥ കാണാറുണ്ട്. അതായത് വിഷമുള്ള പാമ്പാണ് കടിച്ചതെങ്കില്‍ പോലും പലകാരണങ്ങളാല്‍ ആ വിഷം നമ്മുടെ ശരീരത്തില്‍ പ്രവേശിക്കണമെന്നില്ല. വിഷമുള്ള പാമ്പാണ് കടിച്ചതെങ്കില്‍പോലും ലക്ഷണങ്ങള്‍ നോക്കിയാണ് ആന്റി സ്‌നേക്ക് വെനം കൊടുക്കുന്നത്.

ഉറക്കത്തിനിടെ പാമ്പുകടിയേറ്റാൽ കണ്ടുവരുന്ന പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണ്?

നമ്മുടെ നാട്ടിൽ പ്രധാനമായും കണ്ടുവരുന്ന വിഷപ്പാമ്പുകളെക്കുറിച്ചും അവയുടെ കടി ഏറ്റാലുണ്ടാകുന്ന ലക്ഷണങ്ങളെക്കുറിച്ചും കൃത്യമായ ധാരണയുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. പ്രധാനമായും 'ബിഗ് ഫോർ' (Big Four) എന്നറിയപ്പെടുന്ന ഇന്ത്യൻ കോബ്ര അഥവാ മൂർഖൻ പാമ്പ്, കോമൺ ക്രേറ്റ് അഥവാ വെള്ളിക്കെട്ടൻ (ശംഖുവരയൻ/വളവളപ്പൻ), അണലി വർഗ്ഗത്തിൽപ്പെട്ട റസ്സൽസ് വൈപ്പർ (ചേനത്തണ്ടൻ), സോസ്കെയിൽഡ് വൈപ്പർ എന്നിവയാണ് നമ്മുടെ പരിസരങ്ങളിൽ സാധാരണയായി കണ്ടുവരുന്നത്. സോസ്കെയിൽഡ് വൈപ്പർ കേരളത്തിൽ കുറവാണെങ്കിലും പകരം പിറ്റ് വൈപ്പേഴ്സ് അഥവാ ചുരുട്ട മണ്ഡലി പോലുള്ള പാമ്പുകളെ ധാരാളമായി കണ്ടുവരാറുണ്ട്. മൂർഖൻ പാമ്പോ അണലി വർഗ്ഗത്തിൽപ്പെട്ട പാമ്പുകളോ രാത്രി ഉറക്കത്തിനിടയിൽ കടിച്ചാൽ കടിയേറ്റ ഭാഗത്ത് കഠിനമായ വേദനയും വീക്കവും ചിലപ്പോൾ രക്തസ്രാവവും അനുഭവപ്പെടാറുള്ളതിനാൽ എന്തോ കടിച്ചു എന്ന കാര്യം കൃത്യമായി മനസ്സിലാക്കാനും ചികിത്സ തേടാനും രോഗിക്ക് സാധിക്കുന്നു.

എന്നാൽ ഈ സാഹചര്യങ്ങളിൽ ഏറ്റവും അപകടകാരിയാകുന്നത് വെള്ളിക്കെട്ടൻ അഥവാ ശംഖുവരയൻ എന്നറിയപ്പെടുന്ന പാമ്പാണ്, കാരണം ഇവയുടെ കടി ഒരു 'പെയിൻലെസ് ബൈറ്റ്' അഥവാ വേദനയില്ലാത്ത കടിയാണ്. ഇവയ്ക്ക് വളരെ ചെറിയ പല്ലുകൾ മാത്രമുള്ളതിനാൽ കടിയേറ്റ ഭാഗത്ത് മുറിപ്പാടുകളോ നീരോ രക്തസ്രാവമോ പ്രകടമാകാറില്ല, ഇത് പലപ്പോഴും പാമ്പുകടിയേറ്റ വിവരം തിരിച്ചറിയാതെ പോകാൻ കാരണമാകുന്നു. വെള്ളിക്കെട്ടന്റെ വിഷം നാഡീവ്യവസ്ഥയെ ബാധിക്കുന്ന 'ന്യൂറോടോക്സിക്' ആയതിനാൽ ശരീരം പയ്യെപ്പയ്യെ തളരുകയും കണ്ണ് തുറക്കാൻ ബുദ്ധിമുട്ട്, സംസാരിക്കാൻ പ്രയാസം, ഉമിനീർ ഇറക്കാനുള്ള ബുദ്ധിമുട്ട്, എഴുന്നേറ്റ് നിൽക്കാൻ കഴിയാത്ത വിധം ശരീരബലം കുറയുക തുടങ്ങിയ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഇത് പിന്നീട് ശ്വാസകോശത്തിന്റെ പ്രവർത്തനം പൂർണ്ണമായി നിലയ്ക്കുന്ന 'റെസ്പിറേറ്ററി ഫെയിലിയർ' എന്ന അതീവ ഗുരുതരമായ അവസ്ഥയിലേക്കും തുടർന്ന് മരണത്തിലേക്കും നയിച്ചേക്കാം. ഉറക്കത്തിനിടയിൽ സംഭവിക്കുന്ന വേദനയില്ലാത്ത കടിയായതിനാൽ അടുത്തൊരു പാമ്പിനെ കാണാതെ ഇത് പലപ്പോഴും തിരിച്ചറിയപ്പെടാറില്ല എന്നതാണ് ഇതിലെ ഏറ്റവും വലിയ വെല്ലുവിളി. അതിനാൽ രാത്രി ഉറക്കത്തിനിടയിൽ എന്തെങ്കിലും അസ്വാഭാവികമായ അസ്വസ്ഥതയോ തളർച്ചയോ അനുഭവപ്പെട്ടാൽ അത് അവഗണിക്കാതെ ഉടൻ ചികിത്സ തേടുകയും, പ്രത്യേകിച്ച് വേനൽക്കാലത്തും മഴക്കാലത്തും നിലത്ത് കിടന്നുറങ്ങുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കുകയും ചെയ്യേണ്ടതാണ്

പാമ്പുകടിയേറ്റ ആളെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് നൽകാൻ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള് എന്തൊക്കെയാണ്?  പാമ്പുകടിയേറ്റാൽ ശ്രദ്ധിക്കേണ്ട  പ്രഥമശുശ്രൂഷ വിശദമാക്കാമോ? 

പാമ്പുകടിയേറ്റാൽ എത്രയും പെട്ടെന്ന് ശരിയായ ചികിത്സ നൽകുന്നത് ജീവൻ രക്ഷിക്കാൻ അത്യാവശ്യമാണ്. പ്രഥമശുശ്രൂഷ നൽകുമ്പോൾ പാലിക്കേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ്:

ചെയ്യേണ്ടവ (Do's):

സുരക്ഷിതരാകുക: പാമ്പിൽ നിന്ന് ഒരു സുരക്ഷിതമായ അകലം പാലിക്കുക. വീണ്ടും കടിയേൽക്കാനുള്ള സാഹചര്യം ഒഴിവാക്കുക.

രോഗിയെ ശാന്തനാക്കുക: രോഗിയെ അധികം ചലിപ്പിക്കാതെ ശാന്തനായി കിടത്തുക. ഭയം ഒഴിവാക്കുന്നത് ഹൃദയമിടിപ്പ് കുറയ്ക്കാനും വിഷം രക്തത്തിൽ വേഗത്തിൽ പടരുന്നത് തടയാനും സഹായിക്കും.

ചലനം നിയന്ത്രിക്കുക: കടിയേറ്റ ഭാഗം അധികം ചലിപ്പിക്കാൻ അനുവദിക്കരുത്. കൈകാലുകൾക്ക് ഒടിവ് സംഭവിച്ചാൽ ചെയ്യുന്നത് പോലെ സ്പ്ലിന്റ് (ഉദാഹരണത്തിന് ഒരു തടിക്കഷ്ണമോ സ്കെയിലോ വച്ച് അയഞ്ഞ രീതിയിൽ തുണി കൊണ്ട് കെട്ടുക) ഉപയോഗിച്ച് ആ ഭാഗത്തെ ചലനം കുറയ്ക്കാം.

ആഭരണങ്ങൾ മാറ്റുക: കടിയേറ്റ ഭാഗത്ത് മോതിരം, വള, വാച്ച് അല്ലെങ്കിൽ ടൈറ്റ് ആയ വസ്ത്രങ്ങൾ ഉണ്ടെങ്കിൽ ഉടൻ മാറ്റുക. പിന്നീട് നീര് വരുമ്പോൾ ഇവ ഊരാൻ ബുദ്ധിമുട്ടാകും.

പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക: ആന്റി സ്നേക്ക് വെനം ലഭ്യമായ ആശുപത്രിയിൽ എത്രയും വേഗം എത്തിക്കുക. രോഗിയെ കൊണ്ടുപോകുമ്പോൾ മാക്സിമം ചലനം കുറയ്ക്കുന്ന രീതിയിൽ വാഹനത്തിലോ ആംബുലൻസിലോ കൊണ്ടുപോകാൻ ശ്രദ്ധിക്കുക.

ചെയ്യരുതാത്തവ (Don'ts):

മുറുക്കി കെട്ടരുത് (Tourniquet): മുറിവിന് മുകളിൽ തുണി ഉപയോഗിച്ച് ടൈറ്റായി കെട്ടുന്നത് രക്തയോട്ടം പൂർണ്ണമായി തടസ്സപ്പെടുത്താനും ടിഷ്യു നെക്രോസിസ് (പേശികൾ നശിക്കുക) പോലുള്ള ഗുരുതര പ്രശ്നങ്ങളുണ്ടാക്കാനും കാരണമാകും.

മുറിവുണ്ടാക്കരുത്: കടിയേറ്റ ഭാഗത്ത് മുറിവുണ്ടാക്കി രക്തം ഒഴുക്കിക്കളയാനോ, വിഷം വായ കൊണ്ട് വലിച്ചെടുക്കാനോ (Suction) ശ്രമിക്കരുത്.

ചികിത്സിക്കരുത്: മുറിവിൽ ഐസ് വയ്ക്കാനോ, സോപ്പിട്ട് കഴുകാനോ പാടില്ല.

ആഹാരവും പാനീയങ്ങളും: മദ്യം, കാപ്പി (കഫീൻ അടങ്ങിയ പാനീയങ്ങൾ) എന്നിവ നൽകരുത്. ന്യൂറോടോക്സിക് വിഷബാധ ലക്ഷണങ്ങൾ ഉള്ളവർക്ക് ഉമിനീർ ഇറക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്നതിനാൽ വായിലൂടെ ഒന്നും നൽകാതിരിക്കുന്നതാണ് നല്ലത്. ബോധമുള്ളവർക്ക് വെള്ളം കുടിക്കുന്നതിൽ തടസ്സമില്ല.

അശാസ്ത്രീയ ചികിത്സ ഒഴിവാക്കുക: നാട്ടുവൈദ്യം, മന്ത്രവാദം തുടങ്ങിയ അശാസ്ത്രീയ രീതികൾ തേടി സമയം കളയരുത്. ഇത് കൃത്യമായ ചികിത്സ വൈകിപ്പിക്കുകയും അപകടസാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

പാമ്പിനെ തിരിച്ചറിയുന്നത് ചികിത്സയെ എങ്ങനെ സഹായിക്കും?

പാമ്പുകടിയേറ്റാൽ ഏതു പാമ്പാണ് കടിച്ചതെന്ന് തിരിച്ചറിയുന്നത് ചികിത്സാ ഘട്ടത്തിൽ ചില സഹായങ്ങൾ നൽകുമെങ്കിലും, അത് ചികിത്സയ്ക്ക് ഒരു തടസ്സമല്ല. പാമ്പിനെ തിരിച്ചറിയുന്നതിനേക്കാൾ ഉപരിയായി രോഗിയുടെ ലക്ഷണങ്ങൾക്കാണ് ഡോക്ടർമാർ മുൻഗണന നൽകുന്നത്.

പാമ്പിനെ തിരിച്ചറിയാൻ സാധിച്ചാൽ വിഷത്തിന്റെ സ്വഭാവം (ഉദാഹരണത്തിന് നാഡികളെ ബാധിക്കുന്ന ന്യൂറോടോക്സിക് ആണോ അതോ രക്തത്തെ ബാധിക്കുന്ന ഹീമോടോക്സിക് ആണോ എന്നത്) മുൻകൂട്ടി മനസ്സിലാക്കാൻ സാധിക്കും. ഇത് വഴി രോഗിയിൽ വരാൻ സാധ്യതയുള്ള ലക്ഷണങ്ങൾ മുൻകൂട്ടി പ്രതീക്ഷിക്കാനും, അവരെ കൂടുതൽ കൃത്യമായി നിരീക്ഷിക്കാനും ഡോക്ടർമാർക്ക് സഹായകമാകും.

നേരത്തേ സൂചിപ്പിച്ചതുപോലെ പാമ്പിന്റെ ഇനം നോക്കിയല്ല, മറിച്ച് രോഗിയിൽ പ്രകടമാകുന്ന ലക്ഷണങ്ങൾ നോക്കിയാണ് ഡോക്ടർ ചികിത്സ നിശ്ചയിക്കുന്നത്. 

ന്യൂറോടോക്സിക് ലക്ഷണങ്ങൾ: ശ്വാസംമുട്ടൽ, കണ്ണ് തുറക്കാൻ ബുദ്ധിമുട്ട്, കടിയേറ്റ ഭാഗത്ത് ഗുരുതരമായ വീക്കം തുടങ്ങിയവ കണ്ടാൽ ആന്റി വെനം ചികിത്സ ആരംഭിക്കും.

ഹീമോടോക്സിക് ലക്ഷണങ്ങൾ: രക്തം കട്ടപിടിക്കാതിരിക്കുക (Clotting issues), രക്തസ്രാവം (Bleeding) തുടങ്ങിയവ ക്ലോട്ടിങ് ടെസ്റ്റുകളിലൂടെ കണ്ടെത്തിയാലും ആന്റി വെനം നൽകും.

ഇന്ത്യയിൽ ഉപയോഗിക്കുന്നത് പോളിവാലന്റ് ആന്റി വെനം (Polyvalent Anti-venom) ആണ്. ഇതിന്റെ പ്രത്യേകത, നമ്മുടെ നാട്ടിൽ കണ്ടുവരുന്ന പ്രധാനപ്പെട്ട നാല് വിഷപ്പാമ്പുകളുടെയും (മൂർഖൻ, ശംഖുവരയൻ, അണലി, ചുരുട്ട മണ്ഡലി - ബിഗ് ഫോർ) വിഷത്തെ ഒരേസമയം നിർവീര്യമാക്കാൻ ഇതിന് സാധിക്കും എന്നതാണ്. അതിനാൽ പാമ്പിനെ തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിലും ഈ ആന്റി വെനം ഫലപ്രദമായി പ്രവർത്തിക്കും.

പാമ്പിനെ പിടിക്കാൻ ശ്രമിക്കരുത്

പാമ്പിനെ തിരിച്ചറിയാൻ വേണ്ടി അതിനെ പിടിക്കാനോ കൊന്നു കൊണ്ടുവരാനോ ശ്രമിക്കരുത്. അത് സമയം വൈകിപ്പിക്കാനും വീണ്ടും കടിയേൽക്കാനും കാരണമാകും. ഇപ്പോഴത്തെ കാലത്ത് സ്മാർട്ട് ഫോണുകൾ ഉള്ളതിനാൽ, സുരക്ഷിതമായ ദൂരത്തുനിന്നും അപകടമില്ലെങ്കിൽ മാത്രം ഒരു ഫോട്ടോ എടുക്കുന്നത് ചികിത്സയ്ക്ക് ഒരു അധിക സഹായമായേക്കാം. എന്നാൽ ഇത് ഒരിക്കലും ചികിത്സയ്ക്ക് നിർബന്ധമുള്ള കാര്യമല്ല.

കടിയേറ്റ ഭാഗത്ത് മുറിവുണ്ടാക്കി രക്തം ഒഴുക്കിക്കളയുന്നത് വിഷം കുറയ്ക്കാൻ സഹായിക്കുമോ?

പാമ്പുകടിയേറ്റ ഭാഗത്ത് മുറിവുണ്ടാക്കി രക്തം ഒഴുക്കിക്കളയുന്നത് വിഷം കുറയ്ക്കാൻ സഹായിക്കുമെന്നത് തികച്ചും തെറ്റായ ഒരു ധാരണയാണ്. ഇത്തരത്തിൽ ചെയ്യുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. 

വിഷം പടരാൻ സാധ്യത: കടിയേറ്റ ഭാഗത്ത് മുറിവുണ്ടാക്കുന്നത് വിഷം രക്തത്തിലേക്ക് കൂടുതൽ വേഗത്തിൽ കലരാൻ കാരണമായേക്കാം.

അമിതമായ രക്തസ്രാവം: രക്തത്തെ ബാധിക്കുന്ന വിഷമുള്ള പാമ്പുകളാണ് (ഉദാഹരണത്തിന് അണലി) കടിച്ചതെങ്കിൽ രക്തം കട്ടപിടിക്കാനുള്ള ശേഷി കുറയുന്നു. ഇങ്ങനെയുള്ളപ്പോൾ മുറിവുണ്ടാക്കുന്നത് നിയന്ത്രിക്കാൻ കഴിയാത്ത രീതിയിലുള്ള രക്തസ്രാവത്തിലേക്ക് നയിക്കുകയും അത് രോഗിയുടെ ജീവന് തന്നെ ഭീഷണിയാവുകയും ചെയ്യും.

അണുബാധയ്ക്കുള്ള സാധ്യത: അശാസ്ത്രീയമായും വൃത്തിഹീനമായും മുറിവുണ്ടാക്കുന്നത് ഗുരുതരമായ അണുബാധകൾ  ഉണ്ടാക്കാൻ ഇടയാക്കും.

കുഞ്ഞുങ്ങൾക്കോ പ്രായമായവർക്കോ പാമ്പുകടിയേറ്റാൽ വേഗത്തിൽ വിഷം ബാധിക്കുമോ?

പാമ്പ് കടിക്കുമ്പോൾ കുഞ്ഞുങ്ങളുടെ ശരീരത്തിലേക്കും മുതിർന്നവരുടെ ശരീരത്തിലേക്കും കുത്തിവെക്കുന്ന വിഷത്തിന്റെ അളവ് (Quantity of venom) ഒന്നുതന്നെയാണ്. എന്നാൽ കുഞ്ഞുങ്ങളിൽ ശരീരഭാരവും രക്തത്തിന്റെ അളവും (Blood volume) കുറവായതിനാൽ, ഈ വിഷം വളരെ വേഗത്തിൽ ശരീരത്തിൽ വ്യാപിക്കാനും ലക്ഷണങ്ങൾ പെട്ടെന്ന് ഗുരുതരമാകാനും ഇടയാക്കുന്നു.

 പ്രായമായവരിൽ നേരത്തെയുള്ള അസുഖങ്ങൾ (ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, കിഡ്നി രോഗങ്ങൾ തുടങ്ങിയവ) ഉള്ളതിനാൽ പാമ്പുവിഷം ഏൽപ്പിക്കുന്ന് ആഘാതം വളരെ കൂടുതലായിരിക്കും. ശ്വാസംമുട്ടൽ, കിഡ്നി തകരാർ തുടങ്ങിയ സങ്കീർണ്ണതകളിലേക്ക്  ഇവർ വേഗത്തിൽ എത്താൻ സാധ്യതയുണ്ട്.

ചികിത്സയെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന കാര്യം, കുഞ്ഞുങ്ങളിലും മുതിർന്നവരിലും ആന്റി സ്നേക്ക് വെനം (ASV) നൽകുന്ന അളവിൽ വ്യത്യാസമില്ല എന്നതാണ്. കാരണം രണ്ട് വിഭാഗത്തിലും വിഷം നിർവീര്യമാക്കാൻ ഒരേ അളവിലുള്ള മരുന്ന് തന്നെ ആവശ്യമാണ്. ചുരുക്കത്തിൽ, കുഞ്ഞുങ്ങളെയും പ്രായമായവരെയും 'ഹൈ റിസ്ക്' വിഭാഗത്തിൽ ഉൾപ്പെടുത്തി അതീവ ജാഗ്രതയോടെ എത്രയും വേഗം ചികിത്സ ലഭ്യമാക്കേണ്ടതുണ്ട്.

 ആശുപത്രിയിൽ എത്തുന്നതിന് മുൻപ് രോഗി ബോധരഹിതനായാൽ എന്ത് ചെയ്യണം?

ആശുപത്രിയിൽ എത്തുന്നതിന് മുൻപ് പാമ്പുകടിയേറ്റ ആൾ ബോധരഹിതനാകുന്നത് അതീവ ഗുരുതരമായ സാഹചര്യമായാണ് കണക്കാക്കേണ്ടത്. ഹൃദയാഘാതം സംഭവിക്കുമ്പോഴോ മറ്റ് അത്യാഹിതങ്ങൾ ഉണ്ടാകുമ്പോഴോ ഒരു രോഗിയെ എങ്ങനെയാണോ സമീപിക്കുന്നത്, അതേ ഗൗരവത്തോടു കൂടി തന്നെ ഇവിടെയും പ്രഥമശുശ്രൂഷ നൽകാൻ ശ്രദ്ധിക്കണം. രോഗിക്ക് ബോധം നഷ്ടപ്പെട്ടാൽ ബേസിക് ലൈഫ് സപ്പോർട്ട് (Basic Life Support) നൽകുക എന്നതാണ് ഏറ്റവും പ്രധാനം. ആദ്യം രോഗിയുടെ ശ്വാസോച്ഛ്വാസം തടസ്സപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുകയും ശ്വാസം എടുക്കുന്നില്ലെന്ന് ബോധ്യപ്പെട്ടാൽ കൃത്രിമ ശ്വാസം നൽകാൻ ശ്രമിക്കുകയും വേണം. പാമ്പുകടിയേറ്റവരിൽ ശ്വാസകോശത്തിന്റെ പ്രവർത്തനം നിലയ്ക്കുന്ന റെസ്പിറേറ്ററി ഫെയിലിയർ എന്ന അവസ്ഥ സാധാരണയായതിനാൽ കൃത്രിമ ശ്വാസം നൽകുന്നത് ജീവൻ നിലനിർത്താൻ അത്യന്താപേക്ഷിതമാണ്. ഇതിനോടൊപ്പം തന്നെ രോഗിയുടെ പൾസ് പരിശോധിക്കുകയും ആവശ്യമെങ്കിൽ സിപിആർ (CPR) നൽകുകയും ചെയ്യേണ്ടതുണ്ട്. എത്രയും വേഗം ഒരു ആംബുലൻസിന്റെയോ വിദഗ്ധ മെഡിക്കൽ സംഘത്തിന്റെയോ സഹായം ഉറപ്പാക്കുന്നതിനൊപ്പം, കൃത്യമായ ചികിത്സ ലഭ്യമാകുന്നതുവരെ രോഗിയുടെ ശ്വാസവും പൾസും നിലനിർത്താൻ ഇത്തരം പ്രഥമശുശ്രൂഷാ രീതികൾ തുടരേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തിൽ കൃത്യസമയത്ത് നൽകുന്ന ബേസിക് ലൈഫ് സപ്പോർട്ട് രോഗിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിക്കും.

ആശുപത്രിയിൽ നൽകുന്ന ചികിത്സാരീതികൾ എന്തൊക്കെയാണ്?

പാമ്പുകടിയേറ്റ ഒരാളെ ആശുപത്രിയിൽ എത്തിച്ചാൽ ആദ്യം ചെയ്യുന്നത് രോഗിയുടെ പൊതുവായ ആരോഗ്യനില  വിലയിരുത്തുക എന്നതാണ്. ഇതിനായി രോഗിയുടെ ബോധത്തിന്റെ അളവ്, ശ്വസനരീതിയും അതിന്റെ ശക്തിയും, ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം (BP), രക്തത്തിലെ ഓക്സിജന്റെ അളവ് തുടങ്ങിയ വൈറ്റൽ സയൻസ് (Vital Signs) നിരന്തരമായി നിരീക്ഷിക്കുന്നു. അതോടൊപ്പം കടിയേറ്റ ഭാഗത്തെ വീക്കത്തിന്റെ തോതും പരിശോധിക്കും. വിഷത്തിന്റെ സ്വഭാവമനുസരിച്ച് ന്യൂറോടോക്സിക് (നാഡികളെ ബാധിക്കുന്നത്), ഹീമോടോക്സിക് (രക്തത്തെ ബാധിക്കുന്നത്) എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ രോഗിയിൽ ഉണ്ടോ എന്നാണ് അടുത്തതായി ശ്രദ്ധിക്കുന്നത്. ന്യൂറോടോക്സിക് ലക്ഷണങ്ങളായ ശ്വാസംമുട്ടൽ, കണ്ണ് തുറക്കാൻ ബുദ്ധിമുട്ട്, പേശികളുടെ ബലക്കുറവ് എന്നിവ കണ്ടാൽ രോഗിക്ക് ആന്റി വെനം നൽകുകയും ആവശ്യമെങ്കിൽ വെന്റിലേറ്റർ സഹായം ലഭ്യമാക്കുകയും ചെയ്യുന്നു. ഹീമോടോക്സിക് വിഷബാധ തിരിച്ചറിയാൻ ബെഡ്‌സൈഡ് ഹോൾ ബ്ലഡ് ക്ലോട്ടിങ് ടെസ്റ്റ് (WBCT 20) നടത്തി രക്തം കട്ടപിടിക്കാൻ താമസമുണ്ടോ എന്ന് പരിശോധിക്കും. രക്തസ്രാവം കൂടുതലാണെങ്കിൽ രക്തമോ പ്ലാസ്മയോ നൽകേണ്ടി വരാം.

കടിയേറ്റ ഭാഗത്തെ വീക്കം കൂടുന്നത് മൂലം പേശികൾക്ക് ഡാമേജ് സംഭവിക്കാനും അതുവഴി കിഡ്നിയെ ബാധിക്കാനും (Kidney damage) സാധ്യതയുണ്ട്. അണലി വർഗ്ഗത്തിൽപ്പെട്ട പാമ്പുകൾ കടിക്കുമ്പോഴാണ് കിഡ്നി തകരാറിലാകാൻ കൂടുതൽ സാധ്യതയുള്ളത്. ഇത്തരം സാഹചര്യങ്ങളിൽ മരുന്നുകളോട് പ്രതികരിക്കാത്ത രോഗികൾക്ക് ഡയാലിസിസ് പോലുള്ള ചികിത്സകൾ ആവശ്യമായി വരും. വീക്കം അമിതമായാൽ സർജറി വിഭാഗത്തിന്റെ സഹായവും തേടാറുണ്ട്. എല്ലാ രോഗികൾക്കും ആന്റി വെനം നൽകാറില്ല എന്നതും ശ്രദ്ധേയമാണ്; വിഷമില്ലാത്ത പാമ്പുകൾ കടിക്കുമ്പോഴോ, വിഷമുള്ള പാമ്പ് കടിച്ചാലും വിഷം ശരീരത്തിൽ പ്രവേശിക്കാത്ത സാഹചര്യത്തിലോ (Dry bite) ആന്റി വെനം നൽകാറില്ല. ആന്റി വെനം ചിലരിൽ അലർജി ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ കൃത്യമായ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ഇത് നൽകാറുള്ളൂ. ചികിത്സയോട് രോഗി എത്രത്തോളം പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ആശുപത്രിയിൽ എത്ര ദിവസം കഴിയണം എന്നത്. ഗുരുതരാവസ്ഥയിലുള്ള ഒരു രോഗി പോലും കൃത്യസമയത്ത് ചികിത്സ ലഭിച്ചാൽ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ സുഖം പ്രാപിക്കാറുണ്ട്, എന്നാൽ കോംപ്ലിക്കേഷൻസ് ഉള്ളവർക്ക് കൂടുതൽ ദിവസം ആശുപത്രിയിൽ തുടരേണ്ടി വന്നേക്കാം.

 പാമ്പുകടിയേറ്റാൽ നാട്ടുചികിത്സകളും പച്ചമരുന്നുകളും തേടുന്നത് അപകടകരമാണെന്ന് പറയുന്നതിന്റെ ശാസ്ത്രീയ കാരണങ്ങൾ എന്തൊക്കെയാണ്? 


പാമ്പുകടി എന്നത് അതീവ ജാഗ്രത വേണ്ട ഒരു മെഡിക്കൽ എമർജൻസിയാണ്. ലോകമെമ്പാടുമുള്ള മെഡിക്കൽ പഠനങ്ങളുടെ അടിസ്ഥാനത്തിൽ, പാമ്പുവിഷത്തിന് ഏറ്റവും ഫലപ്രദമായ ഏക ചികിത്സ ആന്റി സ്നേക്ക് വെനം (Anti-Snake Venom) നൽകുക എന്നത് മാത്രമാണ്. പാമ്പുവിഷത്തെ രക്തത്തിൽ വെച്ച് തന്നെ നിർവീര്യമാക്കാൻ ആന്റി വെനത്തിന് സാധിക്കും. നാട്ടുവൈദ്യങ്ങൾ പാമ്പുകടിയിൽ ഫലപ്രദമാണെന്ന് ഇന്നേവരെ ഒരു ശാസ്ത്രീയ പഠനങ്ങളിലും തെളിയിക്കപ്പെട്ടിട്ടില്ല.

മരണം പോലും സംഭവിക്കാവുന്ന ഇത്തരമൊരു സാഹചര്യത്തിൽ നാട്ടുവൈദ്യങ്ങൾ തേടിപ്പോകുന്നത് ജീവൻ രക്ഷിക്കാൻ ആവശ്യമായ വിലപ്പെട്ട സമയം നഷ്ടപ്പെടുത്താൻ കാരണമാകും. ശരിയായ സമയത്ത് ആന്റി വെനം ചികിത്സ ലഭിക്കുകയാണെങ്കിൽ മരണനിരക്കും പാമ്പുകടി മൂലമുണ്ടാകുന്ന മറ്റ് ശാരീരിക സങ്കീർണ്ണതകളും ഗണ്യമായി കുറയ്ക്കാൻ സാധിക്കും. അതിനാൽ മറ്റ് ചികിത്സാരീതികളെ വിമർശിക്കുക എന്നതിലുപരി, ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ചികിത്സയ്ക്ക് മുൻഗണന നൽകുക എന്നതാണ് ഓരോ രോഗിയുടെയും ജീവൻ രക്ഷിക്കാൻ അത്യന്താപേക്ഷിതം.

Share this article:
Dr. Rahul Baby Joseph

Dr Rahul Baby Joseph

Critical Care Medicine