ഇന്നത്തെ കാലത്ത് ചെറുപ്പക്കാരില്‍ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന ഒരു പ്രവണത നാം കാണുന്നുണ്ട്. അത് മാത്രമല്ല കുഴഞ്ഞ് വീണു മരണങ്ങളും ധാരാളം നാം കേള്‍ക്കുന്നു. ദിന പ്രതി ഇതിന്റെ എണ്ണം വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്നു എന്നതാണ് ആശങ്കയുണ്ടാക്കുന്ന മറ്റൊരു കാര്യം. പലപ്പോഴും ഓരോ ദിവസവും ഇത്തരം ആരോഗ്യ പ്രശ്‌നങ്ങള്‍ നമ്മളെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതിന്റെ കാരണങ്ങളെക്കുറിച്ചും എന്തുകൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത് എന്നതിനെക്കുറിച്ചും പലരും ചിന്തിക്കുന്നില്ല.
ഇന്നത്തെ കാലത്ത് മാത്രമല്ല ഏത് സമയത്തും നമ്മുടെ ആരോഗ്യത്തെക്കുറിച്ചും ആരോഗ്യാവസ്ഥകളെക്കുറിച്ചും നാം ബോധനവാന്‍മാരായിരിക്കണം. പലപ്പോഴും അതിന് സാധിക്കാത്തതും അറിവില്ലാത്തതുമാണ് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുന്നത്. ചെറുപ്പക്കാരില്‍ ഹൃദയാഘാതം വര്‍ദ്ധിക്കുന്ന ഈ സാഹചര്യത്തില്‍ അതിനെ പ്രതിരോധിക്കുന്നതിനും നേരത്തെ കണ്ടെത്തുന്നതിനും രോഗ ലക്ഷണങ്ങളെക്കുറിച്ച് കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ കാര്‍ഡിയോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. രഘുറാം എ കൃഷ്ണന്‍ ബോള്‍ഡ്‌സ്‌കൈ മലയാളത്തോട് സംസാരിക്കുന്നു.
ചെറുപ്പക്കാരില്‍ ഹൃദയാഘാതം വര്‍ധിക്കുന്നതിന്റെ പ്രധാന കാരണങ്ങള്‍
ചെറുപ്പക്കാരില്‍ ഹൃദയാഘാതം ഇന്നത്തെ കാലത്ത് വര്‍ദ്ധിക്കുന്നതിന്റെ പ്രധാന ലക്ഷണങ്ങളില്‍ ചിലത് പുകവലി, മദ്യപാനം, അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ (ജങ്ക് ഫുഡ്, എണ്ണയും കൊഴുപ്പും കൂടുതലുള്ള ഭക്ഷണം) എന്നിവയാണ്. അത് മാത്രമല്ലെ മെറ്റബോളിക് രോഗങ്ങളായ അമിതവണ്ണം, പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ വര്‍ധന എന്നിവയും പ്രധാനപ്പെട്ടത് തന്നെയാണ്. അതോടൊപ്പം തന്നെ പാരമ്പര്യവും ഇതില്‍ പ്രധാന പങ്ക് വഹിക്കുന്നു. ഉദാഹരണത്തിന് വീട്ടില്‍ ഹൃദയരോഗമുള്ളവര്‍ ഉണ്ടെങ്കില്‍ അപകടസാധ്യത കൂടുതലാണ്. ഇവയ്‌ക്കെല്ലാം പുറമേ സ്റ്റിറോയിഡ്, അനബോളിക് സപ്ലിമെന്റുകള്‍, ലഹരി മരുന്നുകള്‍ (ഉദാ: കൊക്കെയിന്‍) എന്നിവയുടെ ഉപയോഗവും രോഗത്തെ നിങ്ങളിലേക്ക് ക്ഷണിച്ച് വരുത്തും.
ജീവിതശൈലി എത്രത്തോളം ഹൃദയാരോഗ്യത്തെ ബാധിക്കുന്നു?
ഇന്നത്തെ കാലത്തെ ജീവിത ശൈലിയിലെ മാറ്റങ്ങള്‍ ഹൃദയാരോഗ്യത്തെ വളരെയധികം നേരിട്ട് ബാധിക്കുന്ന ഒന്നാണ്. പലപ്പോഴും അനാരോഗ്യകരമായ ഭക്ഷണം, ഉറക്കക്കുറവ്, രാത്രിയിലേ ജോലി, സ്ഥിരമായ മാനസിക സമ്മര്‍ദ്ദം എന്നിവ ഹൃദയത്തിലെ രക്തവാഹിനികളില്‍ അണുബാധയും കൊഴുപ്പ് കട്ട പിചടിക്കുന്നതിനും കാരണമാകുന്നു. ഇതെല്ലാം തന്നെ നിങ്ങളില്‍ വളരെ ചെറുപ്പത്തില്‍ തന്നെ ഹൃദയാഘാതത്തിന് സാധ്യത വര്‍ദ്ധിപ്പിക്കും.
വ്യായാമമില്ലായ്മ എത്രമാത്രം അപകടകരമാണ്?
പലപ്പോഴും പലരും ചിന്തിക്കാത്ത ഒരു കാര്യമാണ് വ്യായാമം ചെയ്യുക എന്നത്. എന്നാല്‍ അതുണ്ടാക്കുന്ന പ്രത്യാഘാതം വളരെ വലുതാണ്. പലപ്പോഴും വ്യായാമമില്ലായ്മ ഹൃദയരോഗങ്ങള്‍ക്ക് പ്രധാന കാരണം തന്നെയാണ്. അതുകൊണ്ട് തന്നെ ആഴ്ചയില്‍ 150 മിനിറ്റ് മിതമായ എറോബിക് വ്യായാമം (ഉദാ: വേഗത്തിലുള്ള നടപ്പ്, സൈക്ലിംഗ്, നീന്തല്‍, ജോഗിംഗ്) എന്നിവ നിങ്ങളുടെ ഹൃദയാരോഗ്യം ശക്തമാക്കുന്നു. അത് മാത്രമല്ല വ്യായാമമില്ലായ്മ കൊളസ്‌ട്രോള്‍, ബ്ലഡ് ഷുഗര്‍, രക്തസമ്മര്‍ദ്ദം എന്നിവ ഉയര്‍ത്തുകയും ഹൃദയത്തിലെ ഓക്‌സിജന്‍ വിതരണശേഷിയെ കുറയ്ക്കുകയും ചെയ്യുന്നു.
മാനസിക സമ്മര്‍ദ്ദം ഹൃദയത്തെ എങ്ങനെ ബാധിക്കുന്നു?
മാനസികാരോഗ്യം എത്രത്തോളം നിങ്ങളുടെ ഹൃദയത്തെ ബാധിക്കുന്നു എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്. പലപ്പോഴും കോര്‍ട്ടിസോള്‍, അഡ്രിനാലിന്‍ പോലുള്ള സമ്മര്‍ദ്ദ ഹോര്‍മോണുകള്‍ ഉയരുന്നത് രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും വര്‍ദ്ധിപ്പിക്കും. അത് മാത്രമല്ല ഈ സമ്മര്‍ദ്ദം ചിലരില്‍ അനാരോഗ്യകരമായ ചില സ്വഭാവമാറ്റങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. അതില്‍ കൂടുതലായി ഭക്ഷണം കഴിക്കുക, പുകവലി, മദ്യപാനം തുടങ്ങിയവയെല്ലാം ചിലരിലുണ്ടാവും. ചില ചെറുപ്പക്കാരില്‍ ശക്തമായ മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കാന്‍ പോലും കാരണമാകും.
ചെറുപ്പക്കാരില്‍ ഹൃദയാഘാതത്തിന്റെ ആദ്യ ലക്ഷണങ്ങള്‍
പലപ്പോഴും ലക്ഷണങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കാത്തതാണ് രോഗാവസ്ഥയുടെ അപകടം വര്‍ദ്ധിപ്പിക്കുന്നത്. എന്നാല്‍ ഇനി പറയുന്ന ലക്ഷണങ്ങള്‍ ആദ്യം കൃത്യമായി മനസ്സിലാക്കുക. അതില്‍ നെഞ്ചുവേദന, കുഴഞ്ഞുപോകല്‍, അമിതവിയര്‍പ്പ്, ശ്വാസതടസ്സം കൂടാതെ കൈ, താടി, കഴുത്ത്, പുറകില്‍ വേദന എന്നിവയുണ്ടാവുന്നു. അത് മാത്രമല്ല ചിലപ്പോള്‍ ക്ഷീണം, ദഹനക്കുറവ്, ചെറിയ അസ്വസ്ഥത പോലെയും നിങ്ങള്‍ക്കുണ്ടാവാം. ഇതെല്ലാം ശരീരം നല്‍കുന്ന ചില ലക്ഷണങ്ങളാണ് എന്നതാണ് സത്യം.
സൈലന്റ് ഹാര്‍ട്ട എന്താണ്?
പലപ്പോഴും നാം കേട്ടിട്ടുള്ള ഒന്നാണ് സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് എന്നത്. എന്നാല്‍ എന്താണ് ഇതെന്ന് നമുക്ക് നോക്കാം. ചില ഘട്ടങ്ങളില്‍ വേദനയില്ലാതെ ഹൃദയാഘാതം സംഭവിക്കും. ഇത് പലപ്പോഴും കൂടുതലായി കാണുന്നത് പ്രമേഹരോഗികളിലും സ്ത്രീകളിലുമാണ്. എങ്കിലും ഈ രോഗാവസ്ഥക്ക് മുന്നോടിയായും രോഗിക്ക് ചെറുതായി ശ്വാസംമുട്ടല്‍, വിയര്‍പ്പ്, ക്ഷീണം എന്നിവ മാത്രമേ അനുഭവപ്പെടുകയുള്ളൂ. അതുകൊണ്ട് തന്നെ പലരും ഇത് ഒരു രോഗലക്ഷണമായി കണക്കാക്കാതിരിക്കുകയും ചെയ്യും. ഇതാണ് പിന്നീട് ഗുരുതരാവസ്ഥ വര്‍ദ്ധിപ്പിക്കുന്നത്.
എത്ര ഇടവേളയ്‌ക്കൊരിക്കല്‍ ഹൃദയപരിശോധന നടത്തണം?
ഇന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ (അഒഅ), അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി (അഇഇ), യു.എസ്. പ്രിവന്റീവ് സര്‍വീസ് ടാസ്‌ക് ഫോഴ്‌സ് (ഡടജടഠഎ) തുടങ്ങിയവര്‍ പറയുന്നത് ഹൃദയപരിശോധന നേരത്തേ തന്നെ ആരംഭിക്കണം എന്നതാണ്. എന്നാല്‍ അതൊരിക്കലും പ്രായമനുസരിച്ചല്ല, നിങ്ങള്‍ക്ക് ഉണ്ടാവാന്‍ ഇടയുള്ള റിസ്‌ക് അനുസരിച്ച് വേണം ചെയ്യേണ്ടത് എന്നതാണ്. 20 വയസ്സുമുതല്‍ രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, ബ്ലഡ് ഷുഗര്‍, ആങക, കുടവയര്‍ എന്നിവ പരിശോധിക്കുക. അത് മാത്രമല്ല രക്തസമ്മര്‍ദ്ദം വര്‍ഷത്തില്‍ ഒരിക്കല്‍, കൊളസ്‌ട്രോള്‍ 46 വര്‍ഷത്തിലൊരിക്കല്‍, ബ്ലഡ് ഷുഗര്‍ 3 വര്‍ഷത്തിലൊരിക്കല്‍ എന്നിവയും പരിശോധിക്കേണ്ടതാണ്.
സിജി / ടിഎംടി പോലുള്ള ടെസ്റ്റുകള്‍
ലക്ഷണങ്ങളില്ലാത്ത അല്ലെങ്കില്‍ അപകടസാധ്യത കുറവുള്ളവര്‍ക്ക് ആവശ്യമില്ല. എന്നാല്‍ നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ലക്ഷണങ്ങളോ നിരവധി റിസ്‌ക് ഫാക്ടറുകളോ അനുഭവപ്പെടുകയാണെങ്കില്‍ എപ്പോഴും ഡോക്ടറുടെ നിര്‍ദേശപ്രകാരം ഈ പരിശോധനകള്‍ നടത്താവുന്നതാണ്. അതിനാല്‍ ഹൃദയപരിശോധന പ്രായം അടിസ്ഥാനമാക്കിയല്ല, റിസ്‌ക് അടിസ്ഥാനമാക്കി ചെയ്യണം. കാരണം ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് രോഗം വരുന്നതിന് മുന്‍പ് തന്നെ പ്രതിരോധം സ്വീകരിക്കണം എന്നതാണ്.
ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ എന്ത് ചെയ്യണം?
ഇന്നത്തെ കാലത്ത് ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്നത് അറിഞ്ഞിരിക്കണം. അതിനായി ദിവസവും കുറഞ്ഞത് 30 മിനിറ്റ് വ്യായാമം ചെയ്യുക. അത് കൂടാതെ പച്ചക്കറികളും പഴങ്ങളും കൂടുതല്‍ കഴിക്കുകയും അതോടൊപ്പം തന്നെ ഭക്ഷണത്തില്‍ എണ്ണ, ഉപ്പ്, പഞ്ചസാര എന്നിവ കുറയ്ക്കുകയും ചെയ്യുക. പുകവലിയും മദ്യപാനവും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ശരീര ഭാരം നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. കൂടാതെ ദിനവും ഗുണനിലവാരമുള്ള ഉറക്കം ഉറപ്പ് വരുത്തുക. 78 മണിക്കൂര്‍ ഉറക്കം ഉറപ്പാക്കേണ്ടതാണ്. ധ്യാനം, യോഗ, ശ്വസന വ്യായാമങ്ങള്‍ എന്നിവയിലൂടെ സമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അത് മാത്രമല്ല നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള നെഞ്ച് വേദനയോ അസ്വസ്ഥതയോ ഉണ്ടെങ്കില്‍ ഒരു കാരണവശാലും അവഗണിക്കാതെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
ഹൃദയാഘാതത്തിന് മുന്‍പുള്ള മുന്നറിയിപ്പ് ലക്ഷണങ്ങള്‍
ഹൃദയാഘാതത്തിന് മുമ്പ് ശരീരം ചില മുന്നറിയിപ്പ് ലക്ഷണങ്ങളെ പ്രകടമാക്കുന്നു. അവയില്‍ പലപ്പോഴും നെഞ്ചിന് കാഠിന്യം പോലെ തോന്നുന്നു, അതോടൊപ്പം തന്നെ ശ്വാസംമുട്ടല്‍, ക്ഷീണം, ഹൃദയമിടിപ്പ് ക്രമാതീതമായി വര്‍ധിക്കല്‍, എന്നിവയും ഉണ്ടാവുന്നു. എന്നാല്‍ ഇത്തരം ലക്ഷണങ്ങള്‍ എല്ലാം തന്നെ പലപ്പോഴും വിശ്രമിക്കുമ്പോള്‍ ശാന്തമാകുന്ന തരത്തിലുള്ള ലക്ഷണങ്ങളായിരിക്കും. എന്നാല്‍ ഇത് പലപ്പോഴും ഹൃദയരോഗത്തിന്റെ മുന്നറിയിപ്പായിരിക്കും എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഒരിക്കലും അവഗണിക്കരുത്. ജീവിത ശൈലിയും കൃത്യമായ ഇടവേളകളിലുള്ള പരിശോധനയും തന്നെയാണ് പലപ്പോഴും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി നാം ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍.
Published in Malayalam Blodsky