പ്രായം കൂടുന്തോറും നമ്മുടെ ശരീരത്തിലും ജീവിതരീതിയിലും വലിയ മാറ്റങ്ങൾ സംഭവിക്കുന്നു. ഇത്തരത്തിൽ വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് എങ്ങനെ മികച്ച രീതിയിൽ മുന്നോട്ട് പോകാമെന്നതിനെക്കുറിച്ച് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ സ്പെഷ്യലിസ്റ്റ് മേജര്‍ ഡോ. പ്രഗീത് എന്‍ പി സംസാരിക്കുന്നു.
എന്താണ് ജിറിയാട്രിക് റീഹാബ്?
വീട്ടിലുള്ള പ്രായമായവർക്ക് വേണ്ടി ശാരീരികവും മാനസികവുമായ കാര്യങ്ങളിൽ നൽകുന്ന പ്രത്യേക ശ്രദ്ധയും പരിചരണവുമാണ് ജിറിയാട്രിക് റീഹാബ്. പ്രായമായ ഒരാളുടെ ശാരീരിക ബുദ്ധിമുട്ടുകൾ മാറ്റുന്നതിനും മാനസിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഇത് സഹായിക്കുന്നു. അവരുടെ ദൈനംദിന കാര്യങ്ങൾ (Activities of Daily Living) മറ്റൊരാളുടെ സഹായമില്ലാതെ സ്വയം ചെയ്യാൻ അവരെ പ്രാപ്തരാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
Read Also: ശ്വാസകോശത്തിന് കരുത്തേകാൻ 4 ലഘു വ്യായാമങ്ങൾ!
ആർക്കിടെക്ചറൽ മോഡിഫിക്കേഷൻസ്: വീടുകളിൽ വരുത്തേണ്ട മാറ്റങ്ങൾ
നമ്മൾ വീട് പണിയുന്ന സമയത്ത് പ്രായമായ ഒരാളുടെ ആവശ്യങ്ങൾ പരിഗണിക്കണമെന്നില്ല. എന്നാൽ അവർക്ക് സ്വയം കാര്യങ്ങൾ ചെയ്യാൻ ചില മാറ്റങ്ങൾ അത്യാവശ്യമാണ്.
ബാത്റൂം മോഡിഫിക്കേഷൻ: പ്രായമായവർക്ക് ഉപയോഗിക്കാൻ തക്ക രീതിയിൽ ബാത്റൂമുകളിൽ മാറ്റങ്ങൾ വരുത്തുക.
ഉയരം ക്രമീകരിക്കുക: ടോയ്ലറ്റ്, ബെഡ്, ചെയർ എന്നിവയുടെ ഉയരം പ്രായമായവർക്ക് അനുയോജ്യമായ രീതിയിലാണോ എന്ന് ഗൈഡ്ലൈൻസ് അനുസരിച്ച് പരിശോധിക്കേണ്ടതുണ്ട്.
മൊബിലിറ്റി ഇംപ്രൂവ്‌മെന്റ്: വീഴ്ചകൾ ഒഴിവാക്കാം
35 വയസ്സിന് ശേഷം ബോൺ മിനറൽ ഡെൻസിറ്റിയും മസിൽ മാസും (Sarcopenia) കുറയാൻ തുടങ്ങുന്നു. ഇതിനെ 'ഫ്രെയിലറ്റി സിൻഡ്രോം' എന്ന് വിളിക്കുന്നു. ഇത് പലപ്പോഴും വീഴ്ചകളിലേക്ക് (Falls) നയിക്കുന്നു.
Read Also: ഹെർണിയ വേദന അവഗണിക്കരുത്; ഓപ്പൺ സർജറിയും ലാപ്രോസ്കോപ്പിയും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
പരിശീലനങ്ങൾ: സ്ട്രെങ്ത് ട്രെയിനിംഗ്, ഗേറ്റ് ട്രെയിനിംഗ് എന്നിവയിലൂടെ നടത്തവും ശാരീരികക്ഷമതയും മെച്ചപ്പെടുത്താം.
ഒക്യുപ്പേഷണൽ തെറാപ്പി: ദൈനംദിന കാര്യങ്ങളിൽ സ്വയംപര്യാപ്തത ലഭിക്കാൻ ഇത് സഹായിക്കുന്നു.
എന്താണ് ബോൺ ഹെൽത്തിന്റെ പ്രാധാന്യം?
പ്രായം കൂടുമ്പോൾ എല്ലുകളുടെ ആരോഗ്യം ക്ഷയിക്കുന്നത് വലിയ അപകടങ്ങൾ ഉണ്ടാക്കാം.
ഇൻവെസ്റ്റിഗേഷൻസ്: ഡെക്സ സ്കാൻ (DEXA Scan) പോലുള്ള ബോൺ സ്കാനുകൾ വഴി എല്ലുകളുടെ ആരോഗ്യം പരിശോധിക്കാം. 60-65 വയസ്സിന് മുകളിലുള്ള സ്ത്രീകളും പുരുഷന്മാരും ഇത് ചെയ്യേണ്ടതുണ്ട്.
വിറ്റാമിൻ ഡി: വിറ്റാമിൻ ഡി ഡെഫിഷ്യൻസി എല്ലുകളുടെ ആരോഗ്യം മോശമാക്കാൻ കാരണമാകുന്നു. ഫ്രാക്ചർ റിസ്ക് കുറയ്ക്കാൻ ഇവയെല്ലാം അഡ്രസ്സ് ചെയ്യേണ്ടതുണ്ട്.
മരുന്നുകളുടെ ഉപയോഗം (Reviewing Medications)
പ്രായമായവർ ഒരേസമയം പല സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ അടുത്ത് പോവുകയും നിരവധി മരുന്നുകൾ കഴിക്കുകയും ചെയ്യുന്നുണ്ടാകാം. ഈ മെഡിസിനുകൾ എല്ലാം കൃത്യമായ രീതിയിലാണോ കഴിക്കുന്നത് എന്ന് പരിശോധിക്കേണ്ടതുണ്ട്. ഓരോ സ്പെഷ്യലിസ്റ്റും നിർദ്ദേശിച്ച രീതിയിൽ തന്നെയാണോ മരുന്ന് എടുക്കുന്നത് എന്ന് ഉറപ്പുവരുത്താൻ മെഡിക്കേഷൻ റിവ്യൂ ആവശ്യമാണ്.
.
Specialist
Physical Medicine And Rehabilitation