സ്തനത്തിൽ ഒരു മുഴയോ മറ്റ് ശാരീരിക മാറ്റങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഭൂരിഭാഗം ആളുകളിലും ഉണ്ടാകുന്ന ആദ്യത്തെ ചിന്ത അത് ക്യാൻസർ ആയിരിക്കുമോ എന്നതാണ്. എന്നാൽ സ്തനത്തിൽ കണ്ടുവരുന്ന എല്ലാ മുഴകളും ക്യാൻസർ അല്ല എന്നതാണ് വാസ്തവം. സ്തനത്തിൽ കാണുന്ന 50 ശതമാനത്തിലധികം മുഴകളും ക്യാൻസർ അല്ലാത്ത മറ്റു രോഗാവസ്ഥകൾ (Non-cancerous conditions) മൂലം ഉണ്ടാകുന്നവയാണ്.
ഇത്തരം അവസ്ഥകളിൽ ഏറ്റവും സാധാരണയായി കണ്ടുവരുന്ന രണ്ട് രോഗാവസ്ഥകളാണ് ഫൈബ്രോ അഡിനോമയും (Fibroadenoma) ഫൈബ്രോസിസ്റ്റിക് ഡിസീസും (Fibrocystic disease). ഇവയുടെ ലക്ഷണങ്ങളെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചും വടകര ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ജനറല്‍ ആന്‍ഡ് ലപറോസ്‌കോപിക് സര്‍ജറി അസോസിയേറ്റ് കണ്‍സള്‍ട്ടന്റ് ഡോ രജ്വാ നൗഫല്‍ വിശദീകരിക്കുന്നു
പ്രധാനമായും 15 മുതൽ 30 വയസ്സ് വരെ പ്രായപരിധിയിലുള്ള യുവതികളിലാണ് ഫൈബ്രോ അഡിനോമ കണ്ടുവരുന്നത്. സ്തനത്തിൽ കാണപ്പെടുന്ന ഇത്തരം മുഴകൾ വളരെ സാവധാനം മാത്രമേ വളരുകയുള്ളൂ. ഇവ സ്പർശിക്കുമ്പോൾ കൈവിരലുകൾക്കിടയിൽ നിന്നും തെന്നി മാറുന്നതായി (Slip) അനുഭവപ്പെടും എന്നതാണ് ഇതിന്റെ ഒരു പ്രധാന പ്രത്യേകത.
Read Also: ഗർഭാശയ മുഴകൾ: കാരണങ്ങളും ചികിത്സാ രീതികളും
ഏറ്റവും പ്രധാനപ്പെട്ട കാര്യം ഫൈബ്രോ അഡിനോമ ക്യാൻസർ അല്ല എന്നുള്ളതാണ്. ഇത് ഭാവിയിൽ ക്യാൻസർ ആയി മാറുകയുമില്ല. ഇത്തരം മുഴകൾ വളരെ ചെറുതാണെങ്കിൽ പ്രത്യേക ചികിത്സയുടെ (Treatment) ആവശ്യമില്ല. എങ്കിലും ശരിയായ രീതിയിലുള്ള വൈദ്യപരിശോധനകളും കൃത്യമായ ഇടവേളകളിലുള്ള ഫോളോ അപ്പും (Regular follow-up) ഇതിന് ആവശ്യമാണ്.
സാധാരണയായി 35 മുതൽ 50 വയസ്സ് വരെ പ്രായമുള്ളവരിലാണ് ഫൈബ്രോസിസ്റ്റിക് ഡിസീസ് കണ്ട് വരുന്നത്. ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യത്യാസങ്ങളാണ് ഈ അവസ്ഥയ്ക്ക് പ്രധാന കാരണമാകുന്നത്. സ്തനത്തിൽ അവിടെവിടെയായി ചെറിയ മുഴകൾ കാണപ്പെടുക, അവ സ്പർശിക്കുമ്പോൾ വേദന അനുഭവപ്പെടുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
Read Also: സ്തനാർബുദം:കാരണങ്ങളും ലക്ഷണങ്ങളും, അതിജീവിക്കാം കൃത്യമായ ചികിത്സയിലൂടെ
കൂടാതെ, ആർത്തവ സമയത്ത് (Periods) സ്തനങ്ങളിൽ അമിതമായ വേദനയും വിങ്ങലും അനുഭവപ്പെടുന്നത് ഫൈബ്രോസിസ്റ്റിക് ഡിസീസിന്റെ ലക്ഷണമാകാം. ഫൈബ്രോ അഡിനോമയെപ്പോലെ തന്നെ ഇതും ക്യാൻസർ അല്ല. എന്നാൽ ഈ അവസ്ഥയുള്ളവർക്ക് കൃത്യമായ ചികിത്സയും ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള തുടർച്ചയായ പരിശോധനകളും അത്യാവശ്യമാണ്.
Associate Consultant
General And Laparoscopic Surgery