നമ്മുടെ ശരീരത്തിലെ ദഹനപ്രക്രിയയിൽ പ്രധാന പങ്കുവഹിക്കുന്ന ഒരു അവയവമാണ് പിത്തസഞ്ചി അഥവാ Gallbladder. പിത്തസഞ്ചിയിൽ കാണപ്പെടുന്ന കല്ലുകൾ ഇന്ന് പലരിലും കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ്. ഭക്ഷണശീലങ്ങളിലും ജീവിതശൈലിയിലുമുണ്ടായ മാറ്റങ്ങൾ ഇതിന് ഒരു പ്രധാന കാരണമാകുന്നുണ്ട്. ചിലരിൽ ഇത് ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാറില്ലെങ്കിലും, മറ്റു ചിലർക്ക് ഇത് കഠിനമായ വേദനയ്ക്കും ആരോഗ്യ സങ്കീർണ്ണതകൾക്കും കാരണമാകാറുണ്ട്.
പിത്തസഞ്ചിയിലെ കല്ല് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും അതിനുള്ള ആധുനിക ചികിത്സാ രീതികളെക്കുറിച്ചും കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ സര്‍ജിക്കല്‍ ഗാസ്‌ട്രോഎന്‍ട്രോളജിസ്റ്റ്
ഡോ ശൈലേഷ് ആയ്‌കോട്ട് സംസാരിക്കുന്നു
ഈ രോഗാവസ്ഥയെ കൃത്യസമയത്ത് തിരിച്ചറിയുകയും ലക്ഷണങ്ങൾക്കനുസരിച്ച് ശരിയായ ചികിത്സ തേടുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ചികിത്സ വൈകുന്നത് രോഗാവസ്ഥ ഗുരുതരമാകുന്നതിലേക്ക് നയിച്ചേക്കാം. പിത്തസഞ്ചിയിലെ കല്ലിന്റെ ലക്ഷണങ്ങളെക്കുറിച്ചും ലഭ്യമായ ചികിത്സകളെക്കുറിച്ചും വിശദമായി വായിക്കാം.
പിത്തസഞ്ചിയിലെ കല്ല് രോഗികളിൽ എങ്ങനെയൊക്കെയാണ് ബാധിക്കുന്നത്?
പിത്തസഞ്ചിയിലെ കല്ല് പല രീതിയിലാണ് രോഗിക്ക് ബുദ്ധിമുട്ടുണ്ടാക്കുക. വലിയൊരു വിഭാഗം ആൾക്കാരിൽ അത് ഒരു കുഴപ്പവും ഉണ്ടാക്കില്ല. എന്നാൽ മറ്റു ചിലർക്ക് ശക്തമായ വേദന അനുഭവപ്പെടാം.
എപ്പോഴാണ് ഈ വേദന കൂടുതലായി അനുഭവപ്പെടുക?
പ്രധാനമായും കൊഴുപ്പുള്ള ആഹാരം കഴിക്കുമ്പോഴാണ് വേദന വരുന്നത്. ഉദാഹരണത്തിന് ബിരിയാണി, ബീഫ്, മുട്ട തുടങ്ങിയ കൊഴുപ്പുള്ള സാധനങ്ങൾ കഴിച്ചു കഴിഞ്ഞാൽ വയറ്റിന്റെ മുകൾഭാഗത്ത് ശക്തമായ വേദന അനുഭവപ്പെടാം.
ചികിത്സ വൈകിയാൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ എന്തെല്ലാമാണ്?
പിത്തസഞ്ചിയിലെ കല്ല് സ്ഥാനം തെറ്റി പിത്തനാളിക്ക് ഉള്ളിലേക്ക് പോയാൽ മഞ്ഞപ്പിത്തം ഉണ്ടാകാൻ സാധ്യതയുണ്ട്. കൂടാതെ, ഇത് പാൻക്രിയാസ് ഗ്രന്ഥിയിലേക്ക് ഇറങ്ങി 'പാൻക്രിയാറ്റൈറ്റിസ്' എന്ന ഗുരുതരമായ അവസ്ഥയ്ക്കും കാരണമായേക്കാം.
എല്ലാ രോഗികൾക്കും ശസ്ത്രക്രിയ ആവശ്യമാണോ?
ചികിത്സ നിശ്ചയിക്കുന്നത് രോഗലക്ഷണങ്ങൾ അനുസരിച്ചാണ്. ഒരു ബുദ്ധിമുട്ടുമില്ലാത്ത ആളുകൾ സ്കാനിംഗിലൂടെയാണ് കല്ല് കണ്ടെത്തുന്നതെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നുകളിലൂടെയും ആഹാര നിയന്ത്രണത്തിലൂടെയും ചികിത്സ മുന്നോട്ട് കൊണ്ടുപോകാം. എന്നാൽ വേദനയോ മറ്റ് പ്രശ്നങ്ങളോ ഉള്ളവർക്ക് ഓപ്പറേഷൻ ആവശ്യമായി വരും.
ശസ്ത്രക്രിയയെക്കുറിച്ചും അതിനുശേഷമുള്ള വിശ്രമത്തെക്കുറിച്ചും വിശദീകരിക്കാമോ?
ലാപ്രോസ്കോപ്പി (കീഹോൾ ഓപ്പറേഷൻ) വഴിയാണ് ഇത് ചെയ്യുന്നത്. ഇതിൽ പേടിക്കേണ്ട ആവശ്യമില്ല. ഒരു ദിവസം ആശുപത്രിയിൽ അഡ്മിറ്റ് ആയി അന്ന് തന്നെ ഓപ്പറേഷൻ ചെയ്യാവുന്നതാണ്. പിറ്റേദിവസം ഡിസ്ചാർജ് ചെയ്യാനും സാധിക്കും. പരമാവധി ഒരാഴ്ചത്തെ വിശ്രമം മാത്രമേ ആവശ്യമായി വരുന്നുള്ളൂ.
ശസ്ത്രക്രിയയ്ക്ക് ശേഷം ഭക്ഷണ നിയന്ത്രണം ആവശ്യമുണ്ടോ?
ഓപ്പറേഷൻ ചെയ്തു കഴിഞ്ഞാൽ പിന്നീട് ആഹാര നിയന്ത്രണത്തിന്റെ ആവശ്യമില്ല. എല്ലാ ആഹാരവും സാധാരണപോലെ കഴിക്കാവുന്നതാണ്.
Dr. Sylesh Aikot is a Senior Consultant in Gastrointestinal Surgery at Baby Memorial Hospital, Calicut, with over 25 years of clinical excellence in advanced GI and hepatobiliary surgeries.