• English
  • عربي / Arabic
  • മലയാളം / Malayalam

പിത്താശയക്കല്ലുകൾ മാറ്റാൻ ഇനി പേടി വേണ്ട; ലക്ഷണങ്ങളും ചികിത്സയും

26 February 2026

നമ്മുടെ ഇടയിൽ ഇന്ന് വളരെ സാധാരണമായി കണ്ടുവരുന്ന ഒന്നാണ് പിത്താശയക്കല്ലുകൾ അഥവാ ഗോൾ സ്റ്റോൺസ് (Gallstones). പലപ്പോഴും ഭക്ഷണരീതിയിലെ മാറ്റങ്ങളും കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളുടെ അമിത ഉപയോഗവും ഈ അവസ്ഥയ്ക്ക് കാരണമാകാറുണ്ട്. കൃത്യസമയത്ത് തിരിച്ചറിയാതെ പോയാൽ മഞ്ഞപ്പിത്തം, പാൻക്രിയാറ്റൈറ്റിസ് തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് ഇത് നയിക്കാം. പിത്താശയക്കല്ലുകളുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ്, എപ്പോഴാണ് ശസ്ത്രക്രിയ ആവശ്യമായി വരുന്നത്, എന്താണ് താക്കോൽദ്വാര ശസ്ത്രക്രിയ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ സര്‍ജിക്കല്‍ ഗാസ്‌ട്രോഎന്‍ട്രോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ രാമലിംഗം ടി.

എന്താണ് പിത്താശയക്കല്ലുകൾ അഥവാ ഗോൾ സ്റ്റോൺസിന്റെ പ്രധാന ലക്ഷണങ്ങൾ?

പിത്താശയക്കല്ലുകൾ ഉള്ളവരിൽ ഏറ്റവും സാധാരണയായി കാണപ്പെടുന്ന ലക്ഷണം വേദനയാണ്. വയറിന്റെ വലതുഭാഗത്ത് മുകളിലായി വാരിയെല്ലിന് തൊട്ടുതാഴെയാണ് ഈ വേദന അനുഭവപ്പെടുന്നത്. സാധാരണയായി ബിരിയാണി, നെയ്ച്ചോറ് അല്ലെങ്കിൽ എണ്ണയിൽ പൊരിച്ച കൊഴുപ്പുള്ള ഭക്ഷണങ്ങൾ കഴിച്ചതിനുശേഷമാണ് ഈ വേദന അനുഭവപ്പെടാറുള്ളത്. ചിലരിൽ ഈ വേദന വയറിന്റെ മധ്യഭാഗത്തോ, വലത് തോളിലേക്കോ അല്ലെങ്കിൽ പുറംഭാഗത്തേക്കോ വ്യാപിക്കാം. വേദനയോടൊപ്പം ശർദ്ദിയും സാധാരണയായി കണ്ടുവരാറുണ്ട്. രാത്രികാലങ്ങളിലാണ് ഈ ലക്ഷണങ്ങൾ (ബിലിയറി കോളിക്) കൂടുതൽ അനുഭവപ്പെടാറുള്ളത്.

രോഗം പഴകിയാൽ ഉണ്ടാകുന്ന സങ്കീർണ്ണതകൾ എന്തൊക്കെയാണ്?

കല്ലുകൾ പിത്താശയത്തിൽ തങ്ങിനിന്ന് ബ്ലോക്ക് ഉണ്ടാക്കുമ്പോൾ അതിനെ 'കോളിസിസ്റ്റൈറ്റിസ്' എന്ന് വിളിക്കുന്നു. ഈ അവസ്ഥയിൽ വേദനയോടൊപ്പം പനിയും അനുഭവപ്പെടാം. ഇത് കൂടുതൽ സങ്കീർണ്ണമായാൽ ഇൻഫെക്ഷൻ കൂടാനും പിത്താശയം പൊട്ടിപ്പോകാനും സാധ്യതയുണ്ട്. ഇതിനെ 'അക്യൂട്ട് കോളിസിസ്റ്റൈറ്റിസ്' എന്ന് പറയുന്നു, ഇത് വളരെ പെട്ടന്ന് ചികിത്സ വേണ്ട അവസ്ഥയാണ്.

Read Also: ഗൈനക്കോമാസ്റ്റിയ: പുരുഷന്മാരിലെ അസാധാരണമായ സ്തനവളർച്ച - കാരണങ്ങളും പരിഹാരവും

മറ്റൊരു പ്രശ്നം, ചെറിയ കല്ലുകൾ പിത്തനാഴിയിലേക്ക് (Bile duct) ഇറങ്ങി ബ്ലോക്ക് ഉണ്ടാക്കാം. ഇത് മഞ്ഞപ്പിത്തത്തിന് (Jaundice) കാരണമാകും. കല്ലുകൾ താഴേക്ക് വന്ന് പാൻക്രിയാറ്റിക് ഡക്റ്റ് ബ്ലോക്ക് ചെയ്താൽ 'പാൻക്രിയാറ്റൈറ്റിസ്' എന്ന ഗുരുതരമായ അവസ്ഥയുണ്ടാകാം. ഇതിലും രോഗിയെ എത്രയുംപെട്ടന്നു തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതാണ്. 

പിത്താശയക്കല്ലുകൾക്ക് മരുന്ന് മതിയോ അതോ സർജറി ആവശ്യമാണോ?

ഇക്കാര്യത്തിൽ രോഗത്തിന്റെ അവസ്ഥ പ്രധാനമാണ്. നിങ്ങൾക്ക് യാതൊരു ലക്ഷണങ്ങളോ ബുദ്ധിമുട്ടുകളോ ഇല്ലാത്ത 'എസിംറ്റമാറ്റിക്' ഗോൾ സ്റ്റോൺസ് ആണെങ്കിൽ നിലവിൽ നിരീക്ഷണം (Observation) മതിയാകും. എന്നാൽ കല്ലുകൾ കാരണം വേദനയോ മറ്റ് ലക്ഷണങ്ങളോ ഉണ്ടെങ്കിൽ സർജറി തന്നെയാണ് പ്രധാന ചികിത്സ.

എന്താണ് ലാപ്രോസ്കോപ്പിക് കോളിസിസ്റ്റക്ടമി?

താക്കോൽദ്വാര ശസ്ത്രക്രിയ വഴി വളരെ ചെറിയ ദ്വാരങ്ങളിലൂടെ ഇൻസ്ട്രുമെന്റുകൾ കടത്തി പിത്താശയം നീക്കം ചെയ്യുന്ന രീതിയാണിത്. ഇതിനെ 'ലാപ്രോസ്കോപ്പിക് കോളിസിസ്റ്റക്ടമി' എന്ന് വിളിക്കുന്നു. ഇതൊരു ഡേ കെയർ സർജറിയായി ചെയ്യാവുന്നതാണ്. സാധാരണയായി 24 മണിക്കൂർ ഹോസ്പിറ്റൽ അഡ്മിഷൻ മാത്രമേ ഇതിന് ആവശ്യമുള്ളൂ.

Read Also:എന്താണ് കീ ഹോൾ സർജറി? താക്കോൽദ്വാര ശസ്ത്രക്രിയയുടെ ഗുണങ്ങൾ

ശസ്ത്രക്രിയക്ക് ശേഷം എപ്പോൾ ജോലിക്ക് പോകാൻ സാധിക്കും?

ഡേ കെയർ ലാപ്രോസ്കോപ്പിക് സർജറി കഴിഞ്ഞ് വളരെ പെട്ടെന്ന് തന്നെ രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാം. ജോലിക്ക് പോകാനും മറ്റ് ദൈനംദിന പ്രവൃത്തികൾ ചെയ്യാനും അധികം താമസമില്ലാതെ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.

.

Share this video:
Dr Ramalingam T

Dr Ramalingam T

Consultant

Surgical Gastroenterology