ആരോഗ്യവും വിശ്വാസവും ഒരുപോലെ ചേര്‍ത്തുപിടിക്കേണ്ട നേരമാണ് റമദാന്‍ നോമ്പുകാലം. പ്രായമായവരും സ്ഥിരമായി മരുന്ന് കഴിക്കുന്നവരും നോമ്പ് അനുഷ്ഠിക്കുമ്പോള്‍ ഡോക്ടറുടെ നിര്‍ദ്ദേശം തേടേണ്ടത് അത്യാവശ്യമാണ്. അസുഖങ്ങള്‍ ഉള്ളവര്‍ക്ക് നോമ്പില്‍ ഇളവുകള്‍ ഉണ്ടെങ്കിലും, പലരും നോമ്പ് നോല്‍ക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ശരീരത്തിന് ദോഷകരമാകാത്ത രീതിയില്‍ എങ്ങനെ നോമ്പ് നോക്കാം, മരുന്നുകള്‍ എങ്ങനെ ക്രമീകരിക്കാം, ഇന്‍ജക്ഷനുകളും രക്തപരിശോധനകളും നോമ്പിനെ ബാധിക്കുമോ തുടങ്ങിയ സംശയങ്ങള്‍ക്ക് ഉത്തരം നല്കുകയാണ് വടകര ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ ഷമീല്‍ ഉസ്മാന്‍ മൊയ്തു
ആർക്കൊക്കെയാണ് രോഗാവസ്ഥയിൽ നോമ്പ് നോൽക്കാൻ സാധിക്കുക?
ആരോഗ്യം ഉണ്ടെങ്കിൽ മാത്രമേ നോമ്പ് നോൽക്കേണ്ടതുള്ളൂ. പ്രായമായവർക്കും ഗുരുതരമായ അസുഖങ്ങൾ (ഉദാഹരണത്തിന് ഷുഗർ, പ്രഷർ, പേസ്മേക്കർ, കിഡ്നി രോഗങ്ങൾ) ഉള്ളവർക്കും നോമ്പ് നിർബന്ധമില്ല. ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളവർ നിർബന്ധപൂർവ്വം നോമ്പ് നോൽക്കേണ്ടതില്ല.
Read Also: പ്രമേഹരോഗികൾക്ക് സുരക്ഷിതമായി നോമ്പ് അനുഷ്ഠിക്കാമോ? അറിയേണ്ടതെല്ലാം!
സ്ഥിരമായി മരുന്ന് കഴിക്കുന്നവർ നോമ്പ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്താണ്?
സ്വന്തം നിലയ്ക്ക് മരുന്നിന്റെ അളവ് ക്രമീകരിക്കാനോ ഒഴിവാക്കാനോ പാടില്ല. നോമ്പ് തുടങ്ങുന്നതിന് മുൻപ് തന്നെ നിങ്ങൾ സ്ഥിരമായി കാണുന്ന ഡോക്ടറെ കൺസൾട്ട് ചെയ്യേണ്ടത് നിർബന്ധമാണ്. അത്താഴത്തിന് ശേഷമോ നോമ്പ് തുറന്ന ശേഷമോ മരുന്നുകൾ എങ്ങനെ കഴിക്കണം എന്നതിനെക്കുറിച്ച് ഡോക്ടർ നൽകുന്ന കൃത്യമായ ഡോസ് അഡ്ജസ്റ്റ്മെന്റ് പാലിക്കുക. വീഡിയോകൾ മാത്രം കണ്ട് തീരുമാനങ്ങൾ എടുക്കാതെ ഒരു മെഡിക്കൽ കൺസൾട്ടേഷൻ നടത്തുക.
Read Also: ഗർഭകാലത്തെ നോമ്പും ആരോഗ്യവും: ഗർഭിണികൾ ശ്രദ്ധിക്കേണ്ട പ്രധാന നിർദ്ദേശങ്ങൾ
ഇൻജക്ഷൻ എടുത്താൽ നോമ്പ് മുറിയുമോ?
എല്ലാ ഇൻജക്ഷനുകളും നോമ്പ് മുറിക്കില്ല.
നോമ്പ് മുറിക്കുന്നവ: ശരീരത്തിന് പോഷണം (Nourishment) നൽകുന്ന ഐവി ഫ്ലൂയിഡുകൾ (IV Fluids), കോക്ടെയിൽ ഡ്രിപ്പുകൾ എന്നിവ എടുത്താൽ നോമ്പ് മുറിയും.
നോമ്പ് മുറിക്കാത്തവ: വേദന സംഹാരികൾ (ഉദാഹരണത്തിന് കിഡ്നി സ്റ്റോൺ വേദനയ്ക്ക് നൽകുന്നത്), ടിടി (Tetanus Toxoid) പോലുള്ള ഇൻട്രാ മസ്കുലർ ഇൻജക്ഷനുകൾ എന്നിവ എടുത്താൽ നോമ്പ് മുറിയില്ല. ഇവ ശരീരത്തിന് പോഷണം നൽകുന്നവയല്ല.
പരിശോധനകൾക്കായി രക്തം നൽകുന്നത് നോമ്പിനെ ബാധിക്കുമോ?
രോഗനിർണ്ണയത്തിനായി ചെറിയ അളവിൽ രക്തം എടുക്കുന്നത് കൊണ്ട് നോമ്പ് മുറിയില്ല എന്നാണ് ഭൂരിഭാഗം പണ്ഡിതന്മാരുടെയും അഭിപ്രായം. കാരണം ഇത് ശരീരത്തിന് പോഷണം നൽകുന്ന ഒന്നല്ല. എന്നാൽ രക്തദാനം ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് തോന്നുന്നുണ്ടെങ്കിൽ നോമ്പ് മുറിക്കാവുന്നതാണ്.
നോമ്പ് കാലത്ത് എമർജൻസി വിഭാഗത്തിൽ സാധാരണയായി കണ്ടുവരുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ്
വെള്ളം കുടി കുറയുന്നത് കാരണം കിഡ്നി സ്റ്റോൺ (Kidney Stone) സംബന്ധമായ വേദനകൾ വളരെ കൂടുതലായി കാണപ്പെടുന്നു. കൂടാതെ, പ്രായമായവർ ശാരീരിക ബുദ്ധിമുട്ടുകൾ പുറത്തുപറയാതെ നോമ്പ് നോൽക്കുകയും ഇഫ്താർ സമയത്തോ രാത്രിയിലോ അവസ്ഥ വഷളായി എമർജൻസിയിൽ എത്തുകയും ചെയ്യാറുണ്ട്. ഇൻസുലിൻ കൃത്യമായി എടുക്കാത്തത് കാരണം ഷുഗർ നില അമിതമായി കൂടുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്.
ഇൻസുലിൻ ഉപയോഗിക്കുന്നവർ നോമ്പ് നോൽക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്?
ഇൻസുലിൻ എടുത്ത ശേഷം കൃത്യസമയത്ത് ഭക്ഷണം കഴിക്കേണ്ടത് അനിവാര്യമാണ്. അതുകൊണ്ട് തന്നെ ഇൻസുലിൻ എടുക്കുന്നവർ നോമ്പ് നോൽക്കണമെന്ന് നിർബന്ധമില്ല. ആരോഗ്യത്തിന് മുൻഗണന നൽകി ഇളവുകൾ ഉപയോഗപ്പെടുത്തുന്നതാണ് ഉചിതം.
Lead & Senior Consultant
Emergency Medicine