ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നത് മറ്റ് അവയവങ്ങളെ എന്നപോലെ കണ്ണിനെയും സാരമായി ബാധിക്കാം. കണ്ണിന്റെ കൺപോള മുതൽ കാഴ്ചാ ഞരമ്പായ റെറ്റിന വരെ നീളുന്ന വിവിധ പ്രശ്നങ്ങൾ പ്രമേഹ രോഗികളിൽ കണ്ടുവരാറുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതും കാഴ്ചയെ ഗുരുതരമായി ബാധിക്കാൻ സാധ്യതയുള്ളതുമായ ഒന്നാണ് ഡയബറ്റിക് റെറ്റിനോപതി. കണ്ണിന്റെ റെറ്റിനയിലുള്ള രക്തക്കുഴലുകളെ പ്രമേഹം ബാധിക്കുന്ന അവസ്ഥയാണിത്. പ്രമേഹത്തിന്റെ കാലപ്പഴക്കവും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലല്ലാത്തതും ഈ അവസ്ഥയിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളാണ്. കൃത്യമായ പരിശോധനകളിലൂടെയും ചികിത്സയിലൂടെയും കാഴ്ച നഷ്ടപ്പെടാതെ സംരക്ഷിക്കാൻ സാധിക്കും. ഡയബറ്റിക് റെറ്റിനോപതിയെക്കുറിച്ചും ചികിത്സകളെക്കുറിച്ചും വിശദീകരിക്കുകയാണ് തൊടുപുഴ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ നേത്രരോഗ വിദഗ്ദ ഡോ നിമ്മി മെറിന്‍ മാത്യൂ
പ്രമേഹം കണ്ണിനെ എങ്ങനെയൊക്കെ ബാധിക്കാം?
പ്രമേഹം കണ്ണിന്റെ പോള മുതൽ റെറ്റിന വരെ ബാധിക്കാവുന്ന ഒന്നാണ്. പ്രധാനമായും താഴെ പറയുന്ന പ്രശ്നങ്ങൾ പ്രമേഹ രോഗികളിൽ സാധാരണയായി കണ്ടുവരുന്നു:
കൺകുരുവും ഡ്രൈനസും: കൺപോളകളിൽ അടിക്കടി ഉണ്ടാകുന്ന കുരുക്കളും കണ്ണിന്റെ വരൾച്ചയും.
തിമിരം (Cataract): കാഴ്ച മങ്ങുന്ന അവസ്ഥ.
ഗ്ലോക്കോമ: കണ്ണിന്റെ പ്രഷർ കൂടി ഞരമ്പിന് കേടുപാടുകൾ സംഭവിക്കുന്നത്.
ഡയബറ്റിക് റെറ്റിനോപതി: കണ്ണിന്റെ റെറ്റിനയെ (നേത്രാന്തര പടലം) ബാധിക്കുന്ന സങ്കീർണ്ണമായ അവസ്ഥ.
എന്താണ് ഡയബറ്റിക് റെറ്റിനോപതി?
കണ്ണിന്റെ റെറ്റിനയിലുള്ള വളരെ ചെറിയ രക്തക്കുഴലുകൾക്ക് അടവ് സംഭവിക്കുകയും അതുമൂലം ഞരമ്പിൽ നീർക്കെട്ട് ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥയാണിത്. ഇത് കാലക്രമേണ ബ്ലീഡിങ്ങിലേക്കും കാഴ്ച നഷ്ടപ്പെടുന്നതിലേക്കും നയിക്കാം. പ്രമേഹത്തിന്റെ കാലപ്പഴക്കവും രക്തത്തിലെ പഞ്ചസാരയുടെ അളവ് എത്രത്തോളം നിയന്ത്രണത്തിലല്ല എന്നതുമാണ് ഇതിന്റെ പ്രധാന ഘടകങ്ങൾ.
Read Also: പ്രമേഹവും പാദസംരക്ഷണവും: മുറിവുകൾ അവഗണിക്കരുത്; മുൻകരുതലുകളും പ്രതിരോധവും
ടൈപ്പ് 1, ടൈപ്പ് 2, കുട്ടികളിലെ പ്രമേഹം, ഗർഭകാല പ്രമേഹം എന്നിങ്ങനെ ഏതുതരം പ്രമേഹമുള്ളവരിലും വർഷങ്ങൾ കഴിയുന്തോറും ഈ അവസ്ഥ വരാനുള്ള സാധ്യതയുണ്ട്.
സ്ക്രീനിംഗ് എപ്പോൾ നടത്തണം?
രോഗം നേരത്തെ കണ്ടുപിടിക്കുന്നത് കാഴ്ച നിലനിർത്താൻ സഹായിക്കും.
ടൈപ്പ് 1 ഡയബറ്റിസ്: രോഗം ബാധിച്ച് ആദ്യ 5 വർഷം സുരക്ഷിതമായിരിക്കുമെങ്കിലും അതിനുശേഷം എല്ലാ വർഷവും സ്ക്രീനിംഗ് നടത്തണം.
ടൈപ്പ് 2 ഡയബറ്റിസ്: രോഗം തിരിച്ചറിയുന്ന ആ സമയത്ത് തന്നെ ആദ്യത്തെ സ്ക്രീനിംഗ് നടത്തണം. വർഷങ്ങളോളം പ്രമേഹം ഉണ്ടായിരുന്നിരിക്കാം എന്നതിനാലാണിത്.
ലക്ഷണങ്ങളും സങ്കീർണ്ണതകളും
ഡയബറ്റിക് റെറ്റിനോപതിയുടെ ആദ്യഘട്ടങ്ങളിൽ ലക്ഷണങ്ങൾ ഒന്നും തന്നെ കാണിക്കില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. കാഴ്ച മങ്ങൽ അനുഭവപ്പെടുമ്പോഴേക്കും രോഗം താഴെ പറയുന്ന ഘട്ടങ്ങളിൽ എത്തിയിട്ടുണ്ടാകാം:
ഡയബറ്റിക് മാക്കുലർ എഡിമ: റെറ്റിനയിലെ രക്തക്കുഴലുകളിൽ നിന്ന് വെള്ളവും കൊഴുപ്പും ലീക്ക് ചെയ്ത് മാക്കുലയിൽ (സൂക്ഷ്മ ദൃഷ്ടിയുള്ള ഭാഗം) നീർക്കെട്ട് വരുന്നു. ഇതിനാൽ നേരെ നോക്കുമ്പോൾ മങ്ങൽ അനുഭവപ്പെടും.
Read Also: സുരക്ഷിത ഗർഭകാലം, ആരോഗ്യമുള്ള കുഞ്ഞ്: ഗർഭിണികൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
വിട്രിയസ് ഹെമറേജ്: റെറ്റിനയിൽ ഓക്സിജൻ സപ്ലൈ കൂട്ടാൻ വേണ്ടി പുതിയതും ബലമില്ലാത്തതുമായ രക്തക്കുഴലുകൾ വളർന്നു വരുന്നു. ഇവ പൊട്ടി കണ്ണിനുള്ളിൽ ബ്ലീഡിംഗ് ഉണ്ടാവുകയും കാഴ്ച നഷ്ടപ്പെടുകയും ചെയ്യുന്നു. ഇത് സാധാരണയായി വേദനയില്ലാത്ത അവസ്ഥയാണ്.
അമ്മയ്ക്ക് പ്രമേഹമുണ്ടെങ്കിൽ കുഞ്ഞിന് റെറ്റിനോപതി വരുമോ?
ഇല്ല, അമ്മയുടെ പ്രമേഹം കുഞ്ഞിന്റെ റെറ്റിനയെ ബാധിക്കില്ല.
രോഗനിർണ്ണയത്തിനുള്ള പരിശോധനകൾ
കൃത്യമായ ഡയഗ്നോസിസിന് താഴെ പറയുന്ന പരിശോധനകൾ ആവശ്യമാണ്:
ഫണ്ടസ് എക്സാമിനേഷൻ: കണ്ണ് വികസിപ്പിച്ച് (Dilate) റെറ്റിന പരിശോധിക്കുന്ന രീതി.
ഫണ്ടസ് ഫ്ലൂറിസിൻ ആൻജിയോഗ്രഫി: കയ്യിലെ ഞരമ്പിലൂടെ ഡൈ കുത്തിവെച്ച് റെറ്റിനയിലെ രക്തക്കുഴലുകളുടെ ലീക്കും അടവും പരിശോധിക്കുന്നു.
ഒസിടി (OCT) സ്കാനിംഗ്: മാക്കുലയിലെ നീർക്കെട്ടിന്റെ അളവ് കൃത്യമായി മനസ്സിലാക്കാൻ സഹായിക്കുന്നു.
ഡയബറ്റിക് റെറ്റിനോപതി ചികിത്സാരീതികൾ
രോഗം ഏത് ഘട്ടത്തിലാണെന്നത് അനുസരിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്:
ലേസർ ചികിത്സ: പുതിയ രക്തക്കുഴലുകൾ വളരുന്നത് തടയാനും ബ്ലീഡിംഗ് ഒഴിവാക്കാനും ലേസർ ഉപയോഗിക്കുന്നു. ഇതൊരു ഒപി പ്രൊസീജറാണ്.
ഇൻജക്ഷനുകൾ: മാക്കുലയിലെ നീർക്കെട്ട് കുറയ്ക്കാൻ അവാസ്റ്റിൻ, റാണിബി സുമബ്, അഫ്‌ലിബെർസെപ്റ്റ് തുടങ്ങിയ ഇൻജക്ഷനുകളും സ്റ്റിറോയ്ഡ് ഇൻജക്ഷനുകളും ഉപയോഗിക്കുന്നു.
സർജറി (Vitrectomy): കണ്ണിനുള്ളിൽ രക്തം കട്ടപിടിക്കുകയോ റെറ്റിന വേർപെടുകയോ (Retinal Detachment) ചെയ്യുന്ന അഡ്വാൻസ്ഡ് ഘട്ടങ്ങളിൽ സർജറി ആവശ്യമായി വരും. ഇത്തരം സർജറികളിലൂടെ ഏകദേശം 60% വരെ കാഴ്ച വീണ്ടെടുക്കാൻ സാധിക്കാറുണ്ട്.
ഡയബറ്റിക് റെറ്റിനോപതി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഡയബറ്റിക് റെറ്റിനോപതി വന്നുകഴിഞ്ഞാൽ അത് പൂർണ്ണമായും പഴയ അവസ്ഥയിലേക്ക് മാറില്ല (Not reversible). എന്നാൽ നിയന്ത്രണവിധേയമാക്കാം:
ഷുഗർ കൺട്രോൾ: HbA1c അളവ് 7-ന് അടുത്ത് നിലനിർത്തുക.
മറ്റ് രോഗങ്ങൾ: ബിപി, കൊളസ്ട്രോൾ, അനീമിയ, കിഡ്നി രോഗങ്ങൾ എന്നിവ നിയന്ത്രിക്കുക.
ജീവിതശൈലി: പുകവലി പൂർണ്ണമായും ഒഴിവാക്കുക, വ്യായാമം ചെയ്യുക, കൃത്യമായ ഉറക്കം ശീലിക്കുക.
കണ്ണുകളുടെ സംരക്ഷണം: പ്രമേഹ രോഗികൾക്ക് ഡ്രൈനസ് കൂടുതലായതിനാൽ ഡിജിറ്റൽ സ്ക്രീനുകൾ ഉപയോഗിക്കുമ്പോൾ സ്ട്രെയിൻ കൂടാൻ സാധ്യതയുണ്ട്. കൺകുരു വരാൻ സാധ്യതയുള്ളതിനാൽ കോസ്മെറ്റിക്സ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക
പ്രമേഹം ഒരു ആജീവനാന്ത അവസ്ഥ ആയതിനാൽ ആയതുകൊണ്ട് തന്നെ ഡയബറ്റിക് റെറ്റിനോപതിക്കും കൃത്യമായ ഇടവേളകളിൽ ആജീവനാന്ത ഫോളോ-അപ്പ് ആവശ്യമാണ്.