ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ പ്രായഭേദമന്യേ ഇന്ന് വലിയൊരു ആരോഗ്യ വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുകയാണ്. വിട്ടുമാറാത്ത ചുമയോ ശ്വാസതടസ്സമോ അനുഭവപ്പെടുമ്പോൾ പലപ്പോഴും നമ്മൾ സ്വയം ചികിത്സയെയാണ് ആശ്രയിക്കാറുള്ളത്. എന്നാൽ കൃത്യമായ പരിശോധനകളിലൂടെ രോഗത്തിന്റെ യഥാർത്ഥ ഉറവിടം കണ്ടെത്തേണ്ടത് ഫലപ്രദമായ ചികിത്സയ്ക്ക് അത്യന്താപേക്ഷിതമാണ്.
ശ്വാസകോശ രോഗനിർണ്ണയത്തിൽ പ്രധാനമായ ബ്രോങ്കോസ്കോപ്പി പോലുള്ള പരിശോധനകൾ, രോഗലക്ഷണങ്ങൾ സ്ലീപ് സ്റ്റഡി, അലർജി ടെസ്റ്റുകള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് തൊടുപുഴ
ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് പൾമണോളജിസ്റ്റ് ഡോക്ടർ മറിയം ബിവി സംസാരിക്കുന്നു.
ശ്വാസകോശ സംബന്ധമായ ടെസ്റ്റുകളുടെ ഒക്കെ ആവശ്യകത എന്താണ്?
രോഗലക്ഷണങ്ങൾ മാത്രം വെച്ചുകൊണ്ട് പലപ്പോഴും കൃത്യമായ രോഗനിർണ്ണയം സാധ്യമാവാറില്ല. വിട്ടുമാറാത്ത ചുമ, ഒരു മാസമായി തുടരുന്ന പനി, കഫത്തിൽ രക്തം വരിക തുടങ്ങിയ ലക്ഷണങ്ങളുമായി എത്തുന്ന പേഷ്യന്റ്സിന് വെറുതെ മരുന്ന് നൽകിയതുകൊണ്ട് രോഗം മാറില്ല. അവർക്ക് അണ്ടർലൈനിങ് ആയിട്ടുള്ള മറ്റ് രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ രോഗം കൃത്യമായി കണ്ടെത്താനും (Definite Diagnosis) അതിലൂടെ വേഗത്തിൽ ചികിത്സ ലഭ്യമാക്കാനും പരിശോധനകൾ അത്യന്താപേക്ഷിതമാണ്.
എന്താണ് ബ്രോങ്കോസ്കോപ്പി (Bronchoscopy) ?
ബ്രോങ്കോസ്കോപ്പി എന്നത് ശ്വാസകോശത്തിന്റെ ഒരു എൻഡോസ്കോപ്പി എന്ന് പറയാം. ക്യാമറ ഘടിപ്പിച്ച ചെറിയൊരു ഉപകരണം ശ്വാസകോശത്തിനുള്ളിലേക്ക് കടത്തിവിട്ട് ശ്വാസനാളികൾ പരിശോധിക്കുന്ന രീതിയാണിത്. ഇതുവഴി ഉള്ളിലെ സാമ്പിളുകൾ ശേഖരിക്കാൻ സാധിക്കും. കൂടാതെ, ശ്വാസനാളത്തിൽ കുടുങ്ങിക്കിടക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ (Foreign bodies), ശ്വാസംമുട്ടലിന് കാരണമാകുന്ന കഫം എന്നിവ നീക്കം ചെയ്യാനും ഇതിലൂടെ സാധിക്കും. ഐസിയുവിൽ കഴിയുന്ന ഗുരുതരമായ ന്യൂമോണിയ ബാധിച്ച രോഗികൾക്ക് കൃത്യമായ അണുബാധ കണ്ടെത്താനും റിക്കവറി വേഗത്തിലാക്കാനും ഇത് സഹായിക്കുന്നു.
ബ്രോങ്കോസ്കോപ്പിയിലൂടെ ബയോപ്സി (Biopsy) എടുക്കുന്നത് എങ്ങനെയാണ്?
ശ്വാസകോശത്തിൽ ക്യാൻസർ പോലുള്ള അസുഖങ്ങൾ വരുമ്പോൾ അത് തടിപ്പുകളായിട്ടാണ് കാണപ്പെടുക. സിടി സ്കാൻ വഴി മാത്രം ഇത് ക്യാൻസർ ആണെന്ന് ഉറപ്പിക്കാൻ കഴിയില്ല. ഇതിനായി ചെറിയൊരു കത്രിക പോലെയുള്ള ഉപകരണം (Forceps) കടത്തിവിട്ട് ആ തടിപ്പിൽ നിന്ന് ചെറിയൊരു ഭാഗം മുറിച്ചെടുത്ത് പരിശോധനയ്ക്ക് അയക്കുന്നു. ഇതിനെയാണ് ബയോപ്സി എന്ന് പറയുന്നത്.
ബ്രോങ്കോസ്കോപ്പി വേദനയുള്ള പ്രൊസീജർ ആണോ? ഇതിനെ ഭയപ്പെടേണ്ടതുണ്ടോ?
ഇതൊട്ടും ഭയപ്പെടേണ്ട ഒന്നല്ല. ചെറിയ സെഡേഷൻ നൽകിക്കൊണ്ടാണ് ഇത് ചെയ്യുന്നത്. അതിനാൽ രോഗിക്ക് വേദന അനുഭവപ്പെടില്ല. മൂക്ക്, തൊണ്ട വഴി ശ്വാസകോശത്തിലേക്ക് കടത്തി വിടുന്നതിന്റെ
ചെറിയൊരു അസ്വസ്ഥത തോന്നാമെങ്കിലും അത് ഒഴിവാക്കാനുള്ള മുൻകരുതലുകൾ എടുക്കാറുണ്ട്. സാധാരണ നിലയിൽ ഒപിയിൽ വന്ന് ഒരു ഡേ കെയർ പ്രൊസീജറായി ഇത് ചെയ്യാവുന്നതാണ്.
അലർജി കണ്ടുപിടിക്കാൻ എന്തെങ്കിലും പരിശോധനകൾ ഉണ്ടോ?
പൊടി, പൂമ്പൊടി, ഭക്ഷണം തുടങ്ങിയവയോടുള്ള അലർജികൾ കണ്ടെത്താൻ 'സ്കിൻ പ്രിക് ടെസ്റ്റ്' (Skin Prick Test) ചെയ്യാറുണ്ട്. കയ്യിൽ ഇൻട്രാഡെർമൽ ആയി ഓരോ അലർജനുകൾ ഉപയോഗിച്ച് ടെസ്റ്റ് ചെയ്ത് 20 മിനിറ്റിനുള്ളിൽ ഫലം അറിയാൻ സാധിക്കും. ചിലർക്ക് മരുന്നുകളോടും (ഉദാ: പാരസെറ്റമോൾ, ആന്റിബയോട്ടിക്സ്) അലർജി ഉണ്ടാവാം. ഇത് മുൻകൂട്ടി കണ്ടുപിടിക്കുന്നത് അപകടകരമായ അനഫൈലാക്സിസ് സാഹചര്യം ഒഴിവാക്കാൻ സഹായിക്കും.
എന്താണ് സ്ലീപ്പ് സ്റ്റഡി (Sleep Study)?
അമിതമായ കൂർക്കംവലി ഉള്ളവരിലും ഉറക്കത്തിൽ ശ്വാസം നിന്നുപോകുന്ന സ്ലീപ്പ് അപ്നിയ (Sleep Apnea) ഉള്ളവരിലുമാണ്
സ്ലീപ്പ് സ്റ്റഡിചെയ്യുന്നത്. ഉറക്കത്തിൽ ശ്വാസംമുട്ടി എഴുന്നേൽക്കുക, പകൽ സമയത്ത് അമിതമായി ഉറക്കം വരിക, ക്ഷീണം തുടങ്ങിയവയുള്ളവർ ഇത് ചെയ്യേണ്ടത് അത്യാവശ്യമാണ്. സ്ലീപ്പ് സ്റ്റഡിയിലൂടെ രോഗം കണ്ടെത്തിയാൽ സിപാപ്പ് (CPAP) മെഷീനുകൾ ഉപയോഗിച്ച് സ്ട്രോക്ക്, ഹൃദയാഘാതം പോലുള്ള വലിയ അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കും.
ശ്വാസകോശത്തിൽ ട്യൂബ് ഇടുന്ന (ICD) പ്രൊസീജർ എന്തിനാണ് ചെയ്യുന്നത്?
ശ്വാസകോശത്തിന് പുറത്ത് വെള്ളം കെട്ടുക (Pleural Effusion) അല്ലെങ്കിൽ വായു കെട്ടുക (Pneumothorax) എന്നീ സാഹചര്യങ്ങളിലാണ് ഐസിഡി അഥവാ ചെസ്റ്റ് ട്യൂബ് ഇടുന്നത്. ന്യൂമോണിയ, ക്യാൻസർ തുടങ്ങിയ അസുഖങ്ങൾ മൂലമുള്ള നീർക്കെട്ടൽ മാറ്റാൻ ഇത് സഹായിക്കുന്നു. ആവർത്തിച്ച് വെള്ളം കെട്ടുന്ന സാഹചര്യങ്ങളിൽ 'പ്ലൂറോഡെസിസ്' എന്ന ചികിത്സയിലൂടെ ശ്വാസകോശത്തിന്റെ പാളികൾ കട്ടിയാക്കി ഉറപ്പിക്കാനും ഈ ട്യൂബ് വഴി സാധിക്കും. പലപ്പോഴും ഇത് രോഗിയുടെ ജീവൻ രക്ഷിക്കാനുള്ള പ്രധാന മാർഗ്ഗമാണ്.
Dr. Mariyam Beevi is a dedicated pulmonology specialist, committed to the diagnosis, treatment, and management of respiratory and lung-related conditions.