• English
  • عربي / Arabic
  • മലയാളം / Malayalam

ഇമ്മ്യൂൺ ബൂസ്റ്ററുകൾക്ക് നിങ്ങളുടെ പ്രതിരോധശേഷി കൂട്ടാൻ കഴിയുമോ? യാഥാർത്ഥ്യം അറിയാം

09 June 2026
നമ്മുടെ ശരീരത്തെ രോഗാണുക്കളിൽ നിന്ന് സംരക്ഷിച്ചു നിർത്തുന്ന സ്വാഭാവിക പ്രതിരോധ കവചമാണ് ഇമ്മ്യൂൺ സിസ്റ്റം അഥവാ രോഗപ്രതിരോധ വ്യവസ്ഥ. എന്നാൽ ചില ആളുകളിൽ ഈ പ്രതിരോധ സംവിധാനത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ കാരണം വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളും ശാരീരിക അസ്വസ്ഥതകളും കണ്ടുവരാറുണ്ട്. ആരോഗ്യരംഗത്ത് ഇന്ന് പലരും നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് ഇത്തരം പ്രതിരോധ തകരാറുകളെ തിരിച്ചറിയാതെ പോകുന്നു എന്നതാണ്.

വ്യത്യസ്ത തരം കോശങ്ങളുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ശരീരം രോഗങ്ങളെ ചെറുക്കുന്നത്. ഈ വ്യവസ്ഥിതിയിൽ ഉണ്ടാകുന്ന ചെറിയ പാളിച്ചകൾ പോലും ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധത്തെ ബാധിക്കാം. കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ   ഇൻഫെക്ഷ്യസ് ഡിസീസസ് കൺസൾട്ടന്റ് ഡോ വാസിഫ് മായൻ എം സി  രോഗപ്രതിരോധ വ്യവസ്ഥയുടെ സങ്കീർണ്ണതകളെക്കുറിച്ചും വിട്ടുമാറാത്ത അണുബാധകളിലേക്ക് നയിക്കുന്ന സാഹചര്യങ്ങളെക്കുറിച്ചും സംസാരിക്കുന്നു. 

എന്താണ് ആവർത്തിച്ചുള്ള അണുബാധ? 

അടിക്കടി ജലദോഷപ്പനി വരിക, ഒരു തവണ ആന്റിബയോട്ടിക് കഴിഞ്ഞ് അല്പം കഴിയുമ്പോഴേക്കും വീണ്ടും അടുത്ത ആന്റിബയോട്ടിക് കഴിക്കേണ്ടി വരിക എന്നിവയൊക്കെ ആവർത്തിച്ചുള്ള അണുബാധയുടെ ലക്ഷണങ്ങളാണ്. പ്രത്യേകിച്ച് സ്ത്രീകളിൽ മൂത്രത്തിൽ പഴുപ്പ് എത്ര ചികിത്സിച്ചാലും മാറാതെ നിൽക്കുന്ന അവസ്ഥയും കണ്ടുവരാറുണ്ട്. സാധാരണയായി ഒരു സ്കൂൾ കുട്ടിക്കോ അല്ലെങ്കിൽ യൗവനത്തിലുള്ള ഒരാൾക്കോ വർഷത്തിൽ മൂന്നോ നാലോ തവണ ജലദോഷപ്പനി വരുന്നത് വലിയ പ്രശ്നമല്ല. എന്നാൽ നാലിൽ കൂടുതൽ തവണ ജലദോഷം വരിക, അടിക്കടി ചെവിയിൽ ഇൻഫെക്ഷൻ ഉണ്ടാകുക, വർഷത്തിൽ രണ്ടിൽ കൂടുതൽ തവണ ന്യൂമോണിയ വരിക, വിട്ടുമാറാത്ത മൂത്രത്തിൽ പഴുപ്പ് എന്നിവ ഉണ്ടാകുമ്പോഴാണ് നമ്മൾ ഇതിനെക്കുറിച്ച് ബോധവാന്മാരാകേണ്ടത്. കൂടാതെ പ്രമേഹമുള്ളവരിൽ പഴുപ്പ് കൂടുതലായി കാണുന്നതും കാലിലെ മുറിവുകൾ ഉണങ്ങാതെ കിടക്കുന്നതും ഇതിന്റെ ഭാഗമായി കണ്ടുവരുന്ന സാധാരണ പ്രശ്നങ്ങളാണ്.

രോഗപ്രതിരോധ വ്യവസ്ഥയും രോഗാണുക്കളും തമ്മിലുള്ള ബന്ധം

നമ്മൾ പഠിക്കുന്നത് പോലെ വെളുത്ത രക്താണുക്കൾ (WBC) മൊത്തത്തിൽ ചെയ്യുന്ന ഒരു ഒറ്റപ്പെട്ട ഫംഗ്ഷൻ അല്ല നമ്മുടെ രോഗപ്രതിരോധ വ്യവസ്ഥ. ലിംഫോസൈറ്റ്, മോണോസൈറ്റ് തുടങ്ങിയ പലവിധ കോശങ്ങൾ സങ്കീർണ്ണമായി ഒന്നിച്ച് പ്രവർത്തിക്കുന്നതാണ് ഇമ്മ്യൂൺ സിസ്റ്റം. ബാക്ടീരിയ, വൈറസ്, ഫംഗസ്, വിരശല്യം, പാരസൈറ്റുകൾ എന്നിങ്ങനെ പലതരം രോഗാണുക്കൾ ശരീരത്തിൽ അണുബാധ ഉണ്ടാക്കാറുണ്ട്. ഇവയെയെല്ലാം ചെറുക്കാൻ ഒരൊറ്റ കോശമല്ല നമ്മളെ സഹായിക്കുന്നത്; ഓരോന്നിനും പ്രതിരോധം നൽകുന്ന കോശങ്ങൾ വ്യത്യസ്തമാണ്. അതുകൊണ്ട് ഏതെങ്കിലും ഒരു പ്രത്യേക കോശത്തിന് പ്രശ്നമുണ്ടെങ്കിൽ ആ പ്രത്യേകതരം അണുബാധ മാത്രം നമുക്ക് അടിക്കടി വരാൻ സാധ്യതയുണ്ട്. ഇതിനെയെല്ലാം ഏകീകരിച്ചുകൊണ്ട് ശരീരം ദുർബലമാണെന്നു കരുതി ഒരു മാജിക് മരുന്ന് പോലെ ഇമ്മ്യൂൺ ബൂസ്റ്ററുകൾ കഴിച്ചതുകൊണ്ട് ഇമ്മ്യൂൺ സിസ്റ്റം ശരിയാക്കിയെടുക്കാൻ കഴിയില്ല.

പ്രൈമറി ഇമ്മ്യൂണോ ഡെഫിഷ്യൻസി (Primary Immunodeficiency)

ശാസ്ത്രീയമായി നോക്കുമ്പോൾ പ്രതിരോധശേഷിയുടെ കുറവിനെ രണ്ടായി തിരിക്കാം. അതിൽ ആദ്യത്തേതാണ് പ്രൈമറി ഇമ്മ്യൂണോ ഡെഫിഷ്യൻസി. ഇത് പലപ്പോഴും ജനിതകമായി (Genetic) സംഭവിക്കുന്നതാണ്. പ്രതിരോധശേഷി നൽകുന്ന കോശങ്ങളുടെ വളർച്ചയിൽ ജനിക്കുമ്പോൾ തന്നെ അല്ലെങ്കിൽ ചെറുപ്രായത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ കാരണമാണിത് സംഭവിക്കുന്നത്. കുഞ്ഞു പ്രായത്തിൽ തന്നെ തുടർച്ചയായി ഇൻഫെക്ഷൻസ് വരിക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം. ഇന്ന് ഇത്തരം ജനിതക പ്രശ്നങ്ങൾ കണ്ടെത്താൻ ജനിതക പരിശോധനകൾ (Genetic Tests) ലഭ്യമാണ്. ചില സാഹചര്യങ്ങളിൽ ഈ പ്രൈമറി ഇമ്മ്യൂണോ ഡെഫിഷ്യൻസി യൗവനത്തിലോ മധ്യവയസ്സിലോ കാണപ്പെടാറുണ്ട്. ഇൻഫെക്ഷ്യസ് ഡിസീസ് വിഭാഗത്തിലും ഇമ്മ്യൂണോളജിക്കൽ പരിശോധനകൾ വഴിയും ഇത് കണ്ടെത്താനും കൃത്യമായ ചികിത്സയിലൂടെ പൂർണ്ണ രോഗമുക്തി നേടാനും ഇന്ന് സംവിധാനങ്ങളുണ്ട്.

സെക്കൻഡറി ഇമ്മ്യൂണോ ഡെഫിഷ്യൻസി (Secondary Immunodeficiency)

ഏറ്റവും കൂടുതൽ ആളുകളിൽ കണ്ടുവരുന്ന പ്രതിരോധശേഷിക്കുറവാണ് സെക്കൻഡറി ഇമ്മ്യൂണോ ഡെഫിഷ്യൻസി. മറ്റ് ചില രോഗങ്ങൾ കാരണം നമ്മുടെ ഇമ്മ്യൂൺ സിസ്റ്റം തകരാറിലാകുകയും അതുവഴി ചില പ്രത്യേക അണുബാധകൾ കൂടെക്കൂടെ വരാനുള്ള സാധ്യത കൂടുകയുമാണ് ഇവിടെ ചെയ്യുന്നത്. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് പ്രമേഹം (Diabetes). രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടുമ്പോൾ അത് രോഗപ്രതിരോധ വ്യവസ്ഥയെ ബാധിക്കുകയും, അസുഖങ്ങൾ വന്നാൽ അത് മാറ്റാനുള്ള ശരീരത്തിന്റെ കഴിവ് നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ സ്റ്റിറോയിഡുകളുടെ ഉപയോഗം, എച്ച്.ഐ.വി (HIV), ക്യാൻസർ തുടങ്ങിയ രോഗങ്ങളും ഇമ്മ്യൂൺ വ്യവസ്ഥയെ സാരമായി ബാധിക്കും. ഈ തരത്തിലുള്ള ആളുകളിൽ ഇൻഫെക്ഷൻ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ തികച്ചും വ്യത്യസ്തമായിരിക്കും.

ഇമ്മ്യൂൺ ബൂസ്റ്ററുകളുടെ ഉപയോഗവും യാഥാർത്ഥ്യവും

ആന്റിബയോട്ടിക്കുകൾ കഴിച്ചിട്ടും മാറ്റമില്ലാത്ത അവസ്ഥ വരുമ്പോൾ പലരും ഇമ്മ്യൂണിറ്റി കൂട്ടാൻ വേണ്ടി ഇമ്മ്യൂൺ ബൂസ്റ്ററുകൾ വാങ്ങി കഴിക്കാറുണ്ട്. ഇതൊരു വലിയ മാർക്കറ്റായി വളർന്നു കൊണ്ടിരിക്കുകയാണ്. എന്നാൽ ഓരോരുത്തരിലും ഉണ്ടാകുന്ന പ്രതിരോധശേഷിയുടെ കുറവും അതുണ്ടാക്കുന്ന കോംപ്ലിക്കേഷൻസും വ്യത്യസ്തമാണ്. അതുകൊണ്ട് ഒരൊറ്റ മാന്ത്രിക മരുന്ന് കൊണ്ട് ഇത് പരിഹരിക്കാൻ കഴിയില്ല. ഇമ്മ്യൂൺ സിസ്റ്റത്തിലെ ഏത് കോശത്തിനാണ് പ്രശ്നം എന്ന് കണ്ടെത്താനുള്ള ടെസ്റ്റുകൾ ഇന്ന് ലഭ്യമാണ്. കൃത്യമായ രോഗകാരണം കണ്ടെത്തി ചികിത്സിക്കുകയാണ് വേണ്ടത്.

പരിശോധനകളും ആധുനിക ചികിത്സാ രീതികളും

ആവർത്തിച്ചുള്ള അണുബാധകൾക്ക് കൃത്യമായ കാരണങ്ങൾ കണ്ടെത്തി ചികിത്സിക്കാൻ ഇന്ന് പലവിധ മാർഗ്ഗങ്ങളുണ്ട്:

  • അണുബാധ ഉണ്ടാക്കുന്ന കാരണങ്ങളെ കൃത്യമായി കണ്ടെത്തി ചികിത്സിക്കുക.
  • ആവശ്യമായ സപ്ലിമെന്റേഷനുകൾ നൽകുക.
  • ജനിതകപരമായ കാരണങ്ങളാൽ പൂർണ്ണമായ മുക്തി സാധ്യമാകാത്ത സാഹചര്യങ്ങളിൽ, വരാൻ സാധ്യതയുള്ള അണുക്കൾക്കെതിരെ പ്രതിരോധം നൽകുന്ന വാക്സിനേഷനുകൾ സ്വീകരിക്കുക.
  • ഇമ്മ്യൂണോതെറാപ്പി പോലുള്ള ആധുനിക ചികിത്സകൾ പ്രയോജനപ്പെടുത്തുക.
അതുകൊണ്ട്, ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്നവർ ഒരു വിദഗ്ദ്ധ ഡോക്ടറുടെ ഉപദേശം തേടി, കൃത്യമായ പരിശോധനകളിലൂടെ രോഗകാരണം കണ്ടെത്തി ചികിത്സ ഉറപ്പാക്കേണ്ടതാണ്.

Dr. Vasif Mayan M C is a highly accomplished Consultant in Infectious Diseases with exceptional academic credentials and extensive expertise in managing complex infectious diseases

Share this video:
Dr Vasif Mayan M C

Dr Vasif Mayan M C

Infectious Diseases