നട്ടെല്ലിനെ ബാധിക്കുന്ന ഗൗരവകരമായ ഒരു പ്രശ്നമാണ് സ്പൈൻ ഇൻഫെക്ഷൻ. ബാക്ടീരിയകൾ പുറത്തുനിന്ന് നട്ടെല്ലിനുള്ളിൽ (Spinal column) പ്രവേശിക്കുകയും അവിടെയുള്ള ഭാഗങ്ങൾ നശിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. ഇതിന്റെ ഭാഗമായി അവിടെ പഴുപ്പ് വരികയും അത് സ്പൈനൽ കോർഡിനെയോ കൈകാലുകളിലേക്ക് പോകുന്ന ഞരമ്പുകളെയോ പ്രഷർ ചെയ്യുന്നു. ഇത് രോഗിയുടെ പൊതുവായ ആരോഗ്യനിലയെ ബാധിക്കുന്നു. ഇതാണ് സ്പൈൻ ഇൻഫെക്ഷനിൽ സംഭവിക്കുന്നത്.
ആർക്കൊക്കെയാണ് സ്പൈൻ ഇൻഫെക്ഷൻ വരാൻ സാധ്യത കൂടുതൽ?
ചില പ്രത്യേക തരം രോഗികളിൽ സ്പൈൻ ഇൻഫെക്ഷൻ വരാനുള്ള സാധ്യത കൂടുതലാണ്:
ഡയാലിസിസ് ചെയ്യുന്നവർ:
സ്ഥിരമായി ഡയാലിസിസ് ചെയ്യുന്നവർ ഇമ്മ്യൂണോ കോംപ്രമൈസ്ഡ് ആയതുകൊണ്ട് അവർക്ക് ഇൻഫെക്ഷൻ സാധ്യത കൂടുതലാണ്.
മറ്റ് ഇൻഫെക്ഷനുകൾ ഉള്ളവർ: ഇടയ്ക്കിടയ്ക്ക് മൂത്രത്തിൽ പഴുപ്പുണ്ടാകുന്നവർ, ന്യൂമോണിയ അല്ലെങ്കിൽ ശ്വാസകോശ രോഗബാധയുള്ളവർ എന്നിവരിൽ ഹെമറ്റോജീനസ് സ്പ്രെഡ് (രക്തത്തിലൂടെയുള്ള വ്യാപനം) വഴി ഇത് നട്ടെല്ലിനെ ബാധിക്കാം.
നട്ടെല്ലിന്റെ എല്ല്, ഡിസ്ക്, ഞരമ്പ് എന്നിവ അടങ്ങുന്ന യൂണിറ്റിലെ ഏതെങ്കിലും ഒരു ഭാഗത്തായിരിക്കും ഇൻഫെക്ഷൻ ആദ്യം ബാധിക്കുന്നത്.
1. ടിബി സ്പൈൻ (Pott's Spine):
ടിബി ശ്വാസകോശ ശ്വാസകോശത്തെ ബാധിക്കുന്ന രോഗമാണെന്ന് എല്ലാവർക്കും അറിയാം. ശ്വാസകോശത്തെ ബാധിക്കുന്ന ടിബി അഞ്ച് ശതമാനത്തോളം ആൾക്കാരിൽ നട്ടെല്ലിനെയും ബാധിക്കാറുണ്ട്. ചുമ, പൊതുവായ ക്ഷീണം, രാത്രിയിൽ വരുന്ന പനി, ശരീരഭാരം കുറയുക എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ.
2. മറ്റ് ബാക്ടീരിയൽ ഇൻഫെക്ഷനുകൾ:
സ്റ്റഫൈലോകോക്കസ് (Staphylococcus), ഗ്രാം നെഗറ്റീവ് ബാക്ടീരിയ തുടങ്ങിയവയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് രക്തത്തിലൂടെ പടർന്ന് നട്ടെല്ലിൽ ഇൻഫെക്ഷൻ ഉണ്ടാക്കാം. കൂടാതെ , യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ ഉണ്ടാക്കുന്ന ബാക്ടീരിയകൾ പോലുള്ളവ മറ്റു ഭാഗങ്ങളിൽ നിന്ന് ഹെമറ്റോജീനസ് ബ്ലഡ് വഴി സ്പ്രെഡ് ചെയ്തിട്ട് നട്ടെല്ലിൽ പോയിട്ട് പ്രശ്നങ്ങൾ ഉണ്ടാക്കാൻ ചാൻസുണ്ട്
നടുവേദന (ഏറ്റവും പ്രധാന ലക്ഷണം).
ഇൻസ്റ്റെബിലിറ്റി പെയിൻ (ഒരു പൊസിഷനിൽ നിന്ന് മാറാനുള്ള ബുദ്ധിമുട്ട്, ഉദാഹരണത്തിന് എഴുന്നേറ്റിരിക്കാനോ നടക്കാനോ ഉള്ള പ്രയാസം).
കാലുകൾക്ക് ബലക്കുറവ്
യൂറിൻ, ടോയ്‌ലറ്റ് എന്നിവ മനസ്സിലാക്കാനോ നിയന്ത്രിക്കാനോ ഉള്ള കഴിവ് കുറയുക.
രോഗലക്ഷണങ്ങൾ കണ്ട് സംശയം തോന്നിയാൽ പ്രധാനമായും താഴെ പറയുന്ന പരിശോധനകളാണ് നടത്തുന്നത്:
എക്സ്റേ (X-ray):
പ്രാഥമിക പരിശോധനയായി ഇത് ഉപയോഗിക്കുന്നു.
എംആർഐ (Contrast MRI):
ഇതാണ് രോഗനിർണ്ണയത്തിലെ 'ഗോൾഡ് സ്റ്റാൻഡേർഡ്'. ഇൻജക്ഷൻ കുത്തിവെച്ച് എടുക്കുന്ന ഈ പരിശോധനയിലൂടെ ഇൻഫെക്ഷൻ എവിടെയൊക്കെ ഉണ്ടെന്നും ഞരമ്പുകളെ എത്രത്തോളം ബാധിച്ചിട്ടുണ്ടെന്നും കൃത്യമായി മനസ്സിലാക്കാം.
സിടി സ്കാൻ (CT Scan):
ആവശ്യമെങ്കിൽ ഇതും ഉപയോഗിക്കാറുണ്ട്.
രോഗിയുടെ അവസ്ഥ അനുസരിച്ച് രണ്ട് തരത്തിലാണ് ചികിത്സ നിശ്ചയിക്കുന്നത്:
1. സർജറി ഇല്ലാത്ത ചികിത്സ
കൈകാലുകൾക്ക് ബലക്കുറവ് ഇല്ലാത്ത പക്ഷം, നട്ടെല്ലിൽ നിന്ന് പഴുപ്പ് കുത്തിയെടുത്ത് ബയോപ്സി (Biopsy) ചെയ്യുന്നു. ഇത് ഏത് ബാക്ടീരിയ ആണെന്ന് കണ്ടെത്തി അതിനനുസരിച്ചുള്ള ആന്റിബയോട്ടിക് നൽകി സർജറി കൂടാതെ രോഗം ഭേദമാക്കാം.
2. സർജറി ആവശ്യമായി വരുന്ന സാഹചര്യങ്ങൾ
* ആന്റിബയോട്ടിക് നൽകിയിട്ടും ശരീരം പ്രതികരിക്കാത്ത അവസ്ഥ.
* ബയോപ്സിയിലൂടെ കൃത്യമായ ബാക്ടീരിയയെ കണ്ടെത്താൻ കഴിയാതെ വരിക.
* കൈകാലുകൾക്ക് ബലക്കുറവ് അനുഭവപ്പെടുക.
ചികിത്സ കൃത്യസമയത്ത് നൽകിയാൽ 90 മുതൽ 100 ശതമാനം വരെയും ഭേദമാക്കാൻ കഴിയുന്ന ഒന്നാണ് സ്പൈൻ ഇൻഫെക്ഷൻ. എന്നാൽ ഇത് അവഗണിച്ചാൽ സ്പൈനൽ കോർഡിന് സ്ഥിരമായ തകരാറുകൾ സംഭവിക്കാൻ സാധ്യതയുണ്ട്.