• English
  • عربي / Arabic
  • മലയാളം / Malayalam

മൂത്രത്തിലെ നിറവ്യത്യാസം അവഗണിക്കരുത്; ഐജിഎ നെഫ്രോപതിയാകാം

14 March 2026

നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തിലുണ്ടാകുന്ന ചില വ്യതിയാനങ്ങൾ വൃക്കകളെ ബാധിക്കുന്ന അവസ്ഥയാണ് ഐജിഎ നെഫ്രോപതി (IgA Nephropathy). സാധാരണയായി ഒരു ഓട്ടോ ഇമ്മ്യൂൺ കണ്ടീഷനായി കണക്കാക്കാവുന്ന ഈ രോഗം, കൃത്യസമയത്ത് തിരിച്ചറിഞ്ഞില്ലെങ്കിൽ വിട്ടുമാറാത്ത വൃക്കരോഗങ്ങളിലേക്ക് (CKD) നയിച്ചേക്കാം. കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ നെഫ്രോളജി വിഭാഗം അസോസിയേറ്റ് കൺസൾട്ടന്റ് ഡോക്ടർ അഞ്ജന അശോകൻ, ഐജിഎ നെഫ്രോപതിയുടെ ലക്ഷണങ്ങൾ, കാരണങ്ങൾ, അത്യാധുനിക ചികിത്സാ രീതികൾ എന്നിവയെക്കുറിച്ച്  വിശദീകരിക്കുന്നു.

വൃക്കകളുടെ പ്രവർത്തനത്തെ മന്ദീഭവിപ്പിക്കുന്ന ഈ രോഗം പ്രധാനമായും 20-30 വയസ്സുള്ള ചെറുപ്പക്കാരിലാണ് കണ്ടുവരുന്നത്. മൂത്രത്തിലെ നിറവ്യത്യാസം, രക്തത്തിന്റെ അംശം, അമിതമായ രക്തസമ്മർദ്ദം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ കൃത്യമായ വൈദ്യസഹായം തേടേണ്ടത് അനിവാര്യമാണ്. രോഗനിർണ്ണയത്തിനായി നടത്തുന്ന കിഡ്നി ബയോപ്സി (Kidney Biopsy) മുതൽ കൃത്യമായ മരുന്നുകളിലൂടെ രോഗത്തെ എപ്രകാരം നിയന്ത്രിക്കാം എന്നതിനെക്കുറിച്ച്  വായിക്കാം.

എന്താണ് ഐജിഎ നെഫ്രോപതി?

ശരീരത്തിലെ രോഗപ്രതിരോധ ശേഷി സ്വന്തം അവയവങ്ങളെത്തന്നെ ബാധിക്കുന്ന ഒരു ഓട്ടോ ഇമ്മ്യൂൺ അവസ്ഥയാണിത്. നമ്മുടെ പ്രതിരോധ സംവിധാനം ഉല്പാദിപ്പിക്കുന്ന അഞ്ച് തരം ഇമ്മ്യൂണോഗ്ലോബുലിനുകളിൽ ഒന്നാണ് ഐജിഎ (IgA). കണ്ണുനീർ, ഉമിനീർ, മുലപ്പാൽ എന്നിവയിൽ ധാരാളമായി കാണപ്പെടുന്ന ഈ പ്രോട്ടീന്റെ ഘടനയിൽ മാറ്റം സംഭവിക്കുമ്പോൾ, അവ രക്തത്തിൽ നിന്നും വൃക്കകളിൽ അടിഞ്ഞുകൂടുന്നു. ഇത് വൃക്കകളിൽ വീക്കവും (Inflammation) കേടുപാടുകളും ഉണ്ടാക്കുന്നു. കാലക്രമേണ ഇത് ക്രിയാറ്റിൻ വർദ്ധിക്കുന്നതിനും എൻഡ് സ്റ്റേജ് കിഡ്നി ഡിസീസിലേക്കും നയിച്ചേക്കാം.

Read More: സുരക്ഷിത ഗർഭകാലം, ആരോഗ്യമുള്ള കുഞ്ഞ്: ഗർഭിണികൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

ഐജിഎ നെഫ്രോപതിയുടെ പ്രധാന ലക്ഷണങ്ങൾ

മൂത്രത്തിലെ നിറവ്യത്യാസം: 40-50% രോഗികളിലും കൊക്കകോളയുടെയോ കട്ടൻ ചായയുടെയോ നിറത്തിൽ മൂത്രം പോകുന്നത് പ്രധാന ലക്ഷണമാണ്. കഫക്കെട്ട്, തൊണ്ടവേദന എന്നിവയ്ക്ക് പിന്നാലെയാണ് ഇത് സാധാരണയായി കാണപ്പെടുന്നത്.

വേദന: ചിലർക്ക് നടുവിന്റെ ഇരുഭാഗങ്ങളിലായി ചെറിയ രീതിയിലുള്ള വേദന അനുഭവപ്പെടാം.

പ്രോട്ടീൻ യൂറിയ: മൂത്രത്തിലൂടെ പ്രോട്ടീൻ അംശം പോകുന്നത് പരിശോധനയിൽ കണ്ടെത്താം.

ഹൈപ്പർടെൻഷൻ: അമിതമായ ബിപി, തലവേദന, ശ്വാസംമുട്ട് (പൾമണറി എഡിമ), അപസ്മാരം എന്നിവ ഉണ്ടാകാം.

നെഫ്രോട്ടിക് സിൻഡ്രോം: മൂത്രത്തിൽ 3.5 ഗ്രാമിൽ കൂടുതൽ പ്രോട്ടീൻ പോവുകയും ശരീരം മുഴുവൻ നീര് വെക്കുകയും ചെയ്യുന്ന അവസ്ഥയാണിത്.

രോഗനിർണ്ണയത്തിന് ബയോപ്സിയുടെ പ്രാധാന്യം

ഐജിഎ നെഫ്രോപതി 100% ഉറപ്പിക്കാൻ കിഡ്നി ബയോപ്സി അത്യാവശ്യമാണ്. വൃക്കയിൽ നിന്നും ചെറിയൊരു ഭാഗം എടുത്ത് മൈക്രോസ്കോപ്പിക് പരിശോധനയിലൂടെ ഇമ്മ്യൂണോഗ്ലോബുലിൻ ഡെപ്പോസിറ്റുകൾ കണ്ടെത്തുന്നു. മൂത്രത്തിൽ പ്രോട്ടീൻ 500 മില്ലിഗ്രാമിൽ കൂടുതലുള്ളവർക്കും, ക്രിയാറ്റിൻ വ്യതിയാനമുള്ളവർക്കുമാണ് പ്രധാനമായും ബയോപ്സി നിർദ്ദേശിക്കുന്നത്.

Read More: ഓസ്റ്റിയോപെറോസിസ്:' അസ്ഥികള്‍ക്ക് വില്ലനായ നിശബ്ദ രോഗം; ലക്ഷണങ്ങളും ചികിത്സയും

രോഗം ബാധിക്കാൻ സാധ്യതയുള്ളവർ

20-30 വയസ്സുള്ള ചെറുപ്പക്കാരിലാണ് ഈ അസുഖം കൂടുതലായി കണ്ടുവരുന്നത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഇതിന്റെ സാധ്യത കൂടുതൽ. ലിവർ സിറോസിസ്, ഇൻഫ്ലമേറ്ററി ബവൽ ഡിസീസ്, സീലിയാക് ഡിസീസ് തുടങ്ങിയവ ഉള്ളവർക്ക് സെക്കൻഡറി ഐജിഎ നെഫ്രോപതി വരാം. അപൂർവ്വമായി പാരമ്പര്യമായും ഇത് കണ്ടുവരാറുണ്ട്.

ചികിത്സാ രീതികളും നിയന്ത്രണവും

ഈ അസുഖം പൂർണ്ണമായി ഭേദമാക്കാൻ കഴിയില്ലെങ്കിലും നിയന്ത്രിച്ച് നിർത്താൻ സാധിക്കും:

ജീവിതശൈലി മാറ്റങ്ങൾ: പുകവലി ഉപേക്ഷിക്കുക, ശരീരഭാരം കുറയ്ക്കുക, വ്യായാമം ചെയ്യുക.

ഭക്ഷണക്രമം: ഉപ്പിന്റെ അളവ് കുറയ്ക്കുക, അനിമൽ പ്രോട്ടീൻ പരിമിതപ്പെടുത്തുക.

മരുന്നുകൾ: ബിപിയും പ്രോട്ടീൻ ചോർച്ചയും കുറയ്ക്കാനുള്ള മരുന്നുകൾ നൽകുന്നു. ബിപി 120/80-ൽ താഴെ നിലനിർത്താൻ ശ്രദ്ധിക്കണം.

ഇമ്മ്യൂണോസപ്രസൻസ്: രോഗം ഗുരുതരമാകുന്നവർക്ക് സ്റ്റിറോയിഡുകളും (ഉദാ: ബ്യൂഡെസോണൈഡ്) മറ്റ് ശക്തമായ മരുന്നുകളും നൽകാറുണ്ട്.

ഏകദേശം 25% രോഗികൾ കാലക്രമേണ കിഡ്നി ഫെയിലിയറിലേക്ക് പോകാറുണ്ട്. അങ്ങനെയുള്ളവർക്ക് ഡയാലിസിസ് അല്ലെങ്കിൽ വൃക്ക മാറ്റിവെക്കൽ എന്നിവ വേണ്ടിവരും.

Dr. Anjana Asokan is an accomplished Associate Consultant in Nephrology at Baby Memorial Hospital, Kozhikode, with a solid academic and clinical foundation in renal medicine.

Share this video:
Dr Anjana Asokan

Dr Anjana Asokan

Associate Consultant

Nephrology