തലവേദന അനുഭവപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാൽ നമ്മൾ കാണുന്ന ഭൂരിഭാഗം തലവേദനകളും വലിയ അപകടമില്ലാത്തവയാണ്. പേടിക്കേണ്ടതില്ലാത്ത ഇത്തരം സാധാരണ തലവേദനകൾക്ക് പുറമെ, ചില പ്രത്യേക സാഹചര്യങ്ങളിൽ ഉണ്ടാകുന്ന തലവേദനകളെ കൃത്യമായി തിരിച്ചറിയുകയും ഗൗരവത്തോടെ കാണുകയും ചെയ്യേണ്ടതുണ്ട്.
ഏതൊക്കെ തരത്തിലുള്ള തലവേദനകളാണ് അപകടസാധ്യതയുള്ളതെന്നും, ഏതൊക്കെ ഘട്ടങ്ങളിലാണ് സ്കാൻ അല്ലെങ്കിൽ എംആർഐ പരിശോധനകൾ ആവശ്യമായി വരുന്നത് എന്നും മുൻപുണ്ടാകുന്ന ചെറിയ വീഴ്ചകൾ പോലും മാസങ്ങൾക്ക് ശേഷം എങ്ങനെ വലിയ ആന്തരിക രക്തസ്രാവത്തിന് കാരണമാകാമെന്നും കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ന്യൂറോളജി ചീഫ് ആന്‍ഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ്
ഡോ. ഉമ്മര്‍ കെ വിശദീകരിക്കുന്നു
എല്ലാ തലവേദനകൾക്കും സ്കാനിംഗ് പരിശോധനകൾ ആവശ്യമാണോ?
നമ്മൾ കാണുന്ന തലവേദനകളിൽ ഏറ്റവും കൂടുതലായിട്ടുള്ള 90% കേസ്സുകളും ഒട്ടും അപകടകരമല്ലാത്തവയാണ് . സാധാരണയായി ആയിരത്തിൽ 990 കേസ്സുകളിലും നമുക്ക് പ്രത്യേക പരിശോധനകളുടെയോ ടെസ്റ്റുകളുടെയോ ആവശ്യമില്ല. വളരെ ചുരുങ്ങിയ രോഗികൾക്ക് മാത്രമേ സ്കാൻ അല്ലെങ്കിൽ എംആർഐ (MRI) എടുക്കേണ്ട സാഹചര്യം വരുന്നുള്ളൂ.
റിസ്ക് ആയിട്ടുള്ള അല്ലെങ്കിൽ അപകടം ഉള്ള തലവേദനകൾ വളരെ പെട്ടെന്ന് ശക്തിയാർജ്ജിക്കുന്നവയായിരിക്കും. ഒരു കുഴപ്പവുമില്ലാതെ ഇരിക്കുന്ന ഒരാൾക്ക് പെട്ടെന്ന് കഠിനമായ തലവേദന വരികയും അവിടെ വീണുപോവുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകാം. ഇത് വളരെ അപകടകരമായ ഒരു കറ്റാസ്ട്രോഫിക് (Catastrophic) അല്ലെങ്കിൽ അപ്പോപ്ലെക്റ്റിക് (Apoplectic) ആയ തലവേദനയാണ്.
ഇത്തരം പെട്ടെന്നുണ്ടാകുന്ന തലവേദനകൾക്ക് പുറമെ, ചെറിയ കുട്ടികൾക്ക് ഉണ്ടാകുന്ന തലവേദനകളും പ്രായമുള്ള ആളുകൾക്ക് ഉണ്ടാകുന്ന തലവേദനകളും അപകടസാധ്യതയുള്ളവയാണ്. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ കൃത്യമായി ടെസ്റ്റ് ചെയ്യേണ്ടതുണ്ട്.
ഏതൊക്കെ കേസ്സുകളിലാണ് സ്കാൻ ചെയ്യേണ്ടത്?
ഒരു സാധാരണ വ്യക്തിക്ക് പെട്ടെന്ന് കഠിനമായ തലവേദന ഉണ്ടാകുന്ന സാഹചര്യങ്ങളിലാണ് പ്രധാനമായും സ്കാൻ അല്ലെങ്കിൽ എംആർഐ പരിശോധനകൾ ആവശ്യമായി വരുന്നത്. പെട്ടെന്നുണ്ടാകുന്ന ഇത്തരം വ്യത്യാസങ്ങൾ കൃത്യമായി പരിശോധിക്കേണ്ടതാണ്.
പഴയ വീഴ്ചകളും മാസങ്ങൾക്ക് ശേഷമുണ്ടാകുന്ന ആന്തരിക രക്തസ്രാവവും
ചില സാഹചര്യങ്ങളിൽ നമ്മൾ വീഴുന്നത് കുറെ നാളുകൾക്ക് മുമ്പായിരിക്കാം. എന്നാൽ ആ വീഴ്ചയുടെ ആഘാതം ആഴ്ചകളോ മാസങ്ങളോ കഴിഞ്ഞായിരിക്കും ശരീരത്തിൽ പ്രകടമാകുക.
കഴിഞ്ഞ രണ്ട് ദിവസം മുമ്പ് ഒരാഴ്ചയായി തലവേദനയുള്ള ഒരു രോഗി ചികിത്സയ്ക്ക് വന്നിരുന്നു. വേറെ ഒരു കുഴപ്പവുമില്ലാത്തതിനാൽ ഇത് സാധാരണ ഒരു തലവേദനയാണെന്ന് തോന്നാമെങ്കിലും, സ്കാൻ എടുത്തു നോക്കിയപ്പോൾ തലച്ചോറിനുള്ളിൽ വലിയൊരു ബ്ലീഡിങ് കണ്ടെത്തുകയുണ്ടായി. അയാൾ അഞ്ചു മാസം മുമ്പ് വീണതായിരുന്നു. അതുകൊണ്ട് മുൻപുണ്ടായ വീഴ്ചകളുടെ ആഘാതം മാസങ്ങൾക്ക് ശേഷവും കഠിനമായ തലവേദനയായി പ്രത്യക്ഷപ്പെടാം.
Dr. Ummer K is a distinguished Senior Consultant and Chief of Interventional Neurology at Baby Memorial Hospital, Calicut, with over 33 years of expertise in advanced neurological care. A pioneer in mechanical thrombectomy and stroke interventions in North Kerala