• English
  • عربي / Arabic
  • മലയാളം / Malayalam

ഇരുന്ന് ജോലി ചെയ്യുന്നവരും പഠിക്കുന്നവരും ശ്രദ്ധിക്കുക! എന്താണ് പൈലോനൈഡൽ സൈനസ്? ലക്ഷണങ്ങൾ, ചികിത്സ

19 June 2026
ഇന്നത്തെ  യുഗത്തിൽ ചെറുപ്പക്കാർക്കിടയിൽ, പ്രത്യേകിച്ച് മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവരിലും പഠിക്കുന്നവരിലും വർദ്ധിച്ചുവരുന്ന ഒരു പ്രധാന ശാരീരിക അവസ്ഥയാണ് പൈലോനൈഡൽ സൈനസ് (Pilonidal Sinus). തുടക്കത്തിൽ ചെറിയൊരു പഴുപ്പ് കുരുവായി പ്രത്യക്ഷപ്പെടുന്ന ഈ അവസ്ഥ കൃത്യസമയത്ത് തിരിച്ചറിഞ്ഞ് അനുയോജ്യമായ ചികിത്സ തേടാതിരുന്നാൽ കഠിനമായ വേദനയ്ക്കും നിത്യജീവിതത്തെ ബാധിക്കുന്ന മറ്റ് ബുദ്ധിമുട്ടുകളിലേക്കും നയിച്ചേക്കാം. രോഗത്തെക്കുറിച്ചുള്ള ശരിയായ മെഡിക്കൽ വിവരങ്ങൾ മനസ്സിലാക്കുന്നത് കൃത്യമായ ചികിത്സ തിരഞ്ഞെടുക്കാൻ രോഗികളെ സഹായിക്കും.

പൈലോനൈഡൽ സൈനസിന്റെ കാരണങ്ങൾ,  ചികിത്സാരീതികൾ,  പൈലോനൈഡൽ ആബ്സസ് എന്നാൽ എന്താണ്, പരമ്പരാഗത ശസ്ത്രക്രിയകളുടെ പോരായ്മകൾ എന്തൊക്കെയാണ്, ആശുപത്രി വാസമില്ലാതെ ചെയ്യാൻ കഴിയുന്ന ആധുനിക ലേസർ സർജറിയുടെ ഗുണങ്ങളും ഇത് വീണ്ടും വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ച് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ജനറൽ ആൻഡ് ലാപ്രോസ്കോപിക് സർജറി ഡിപ്പാർട്ട്മെന്റ് സീനിയർ കൺസൾട്ടന്റ് ഡോക്ടർ ആന്റണി ചാക്കോ  വിശദീകരിക്കുന്നു

എന്താണ് പൈലോനൈഡൽ സൈനസ്?

ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിൽ, പ്രത്യേകിച്ച് ഒരുപാട് നേരം ഇരുന്ന് ജോലി ചെയ്യുന്നവരിലും പഠിക്കുന്നവരിലും വളരെ സാധാരണയായി കണ്ടുവരുന്ന ഒരു ശാരീരിക അവസ്ഥയാണ് പൈലോനൈഡൽ സൈനസ് (Pilonidal Sinus). ഇതൊരു രോഗമല്ല, മറിച്ച് ഒരു പ്രത്യേക ശാരീരിക അവസ്ഥയാണ്. നമ്മുടെ നട്ടെല്ലിന്റെ താഴെ ഭാഗത്തായി, ബട്ടക്സിന്റെ രണ്ട് ഫോൾഡുകൾക്കും ഇടയിലുള്ള ഭാഗത്ത് ഉണ്ടാകുന്ന പഴുപ്പ് നിറഞ്ഞ ഒരു ക്യാവിറ്റിയെയാണ് (പഴുപ്പ് സഞ്ചി) പൈലോനൈഡൽ സൈനസ് എന്ന് വിളിക്കുന്നത്.

കാരണങ്ങളും രോഗം വരാൻ സാധ്യതയുള്ളവരും

ബട്ടക്സിന്റെ ഇടയിലുള്ള സ്കിൻ ഫോൾഡ് വളരെ നേർമ്മയുള്ളതാണ്. കൂടാതെ ഈ ഭാഗം അമിതമായി രോമവളർച്ചയുള്ള ഒരു ഭാഗം കൂടിയാണ്. അവിടെയുണ്ടാകുന്ന അമിതമായ വിയർപ്പും ചർമ്മത്തിലെ അഴുക്കുകളും  കൂടി ചേർന്ന് തൊലിയുടെ ഉള്ളിലേക്ക് ഇറങ്ങിപ്പോവുകയും, അവിടെ ഇരുന്ന് ഇൻഫെക്ഷൻ ആയി ഒരു ആബ്സസ് (പഴുപ്പ് കെട്ടിനിൽക്കൽ) രൂപപ്പെടുകയും ചെയ്യുന്നു. ഇത് പിന്നീട് പൊട്ടിയൊലിക്കുന്ന അവസ്ഥയിലേക്ക് മാറുന്നു.

പൈലോനൈഡൽ സൈനസ് വരാൻ സാധ്യത കൂടുതലുള്ളവർ:

  • അമിതമായ രോമവളർച്ച ഉള്ളവർ
  • ശരീരം ഒരുപാട്  വിയർക്കുന്ന പ്രകൃതമുള്ളവർ
  • ഇറുകിയ വസ്ത്രങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നവർ
  • ഐടി പ്രൊഫഷണലുകൾ പോലെ ഒരേ ഇരുപ്പ് ഇരുന്ന് ജോലി ചെയ്യുന്നവർ അല്ലെങ്കിൽ ഒരുപാട് ഇരുന്ന് പഠിക്കുന്ന വിദ്യാർത്ഥികൾ
  • ഡ്രൈവർമാർ (ഒരുപാട് നേരം ഇരുന്ന് ഡ്രൈവ് ചെയ്യുന്നവർ)
  • കഠിനമായ ചൂടുള്ള കാലാവസ്ഥയിൽ ജോലി ചെയ്യുന്നവർ

Read Also:  മാറാത്ത വയറുവേദന വില്ലനാണോ? ഐബിഡിയും ഐബിഎസും തിരിച്ചറിയേണ്ട കാര്യങ്ങൾ

പൈലോനൈഡൽ സൈനസിന്റെ രണ്ട് ഘട്ടങ്ങൾ 

ഈ അവസ്ഥ പ്രധാനമായും രണ്ട് രീതിയിലാണ് രോഗികളിൽ കാണപ്പെടുന്നത്. ഇവ രണ്ടിന്റെയും ചികിത്സാരീതികളും വ്യത്യസ്തമാണ്:

1. അക്യൂട്ട് അവസ്ഥ അഥവാ പൈലോനൈഡൽ ആബ്സസ് (Acute Pilonidal Abscess)
ഇതൊരു എമർജൻസി അവസ്ഥയാണ്. ബട്ടക്സിന്റെ ഇടയിൽ വലിയൊരു മുഴ പോലെ വന്ന് വീർക്കുകയും, അവിടെ തൊടുമ്പോൾ കഠിനമായ വേദന എടുക്കുകയും ചെയ്യും. മുഴയുടെ മുകൾഭാഗം ചുവന്നു തടിച്ചിരിക്കുകയും പഴുപ്പിന്റെ എല്ലാ ലക്ഷണങ്ങളും കാണിക്കുകയും ചെയ്യും. ഈ ഘട്ടത്തിൽ രോഗിക്ക് ഇരിക്കാനോ തൊടാനോ പറ്റാത്ത വിധം അസഹനീയമായ വേദന ഉണ്ടാകും.

2. ക്രോണിക് അവസ്ഥ അഥവാ പൈലോനൈഡൽ സൈനസ് (Chronic Pilonidal Sinus)

ആബ്സസ് ഒഴിഞ്ഞതിന് ശേഷം ഇതൊരു സൈനസ് ആയി മാറുന്നു. ഇതിൽ ചെറിയ മുട്ടുസൂചി പോലുള്ള സുഷിരങ്ങൾ (Pits) കാണപ്പെടും. ഒന്നോ അതിലധികമോ സുഷിരങ്ങൾ ഉണ്ടാകാം. ഇതിനുള്ളിൽ നിന്നും പോകുന്ന വേരുകളെയാണ് ഇംഗ്ലീഷിൽ ട്രാക്ക് (Track) എന്ന് പറയുന്നത്. ഈ ട്രാക്കുകളിലൂടെ നിരന്തരമായി ചെറിയ രീതിയിൽ പഴുപ്പ് വന്നുകൊണ്ടിരിക്കുന്ന അവസ്ഥയാണിത്.

പൈലോനൈഡൽ സൈനസ് -  ചികിത്സാരീതികൾ

രോഗാവസ്ഥയുടെ ഘട്ടത്തിനനുസരിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്.

പൈലോനൈഡൽ ആബ്സസ് ചികിത്സ 

രോഗി കഠിനമായ വേദനയോടെ എമർജൻസി അവസ്ഥയിൽ വരുമ്പോൾ അടിയന്തിരമായി ഒരു സർജനെ കാണേണ്ടതുണ്ട്. ഇവിടെ നമ്മൾ ഐ.എൻ.ഡി (I&D - Incision and Drainage) എന്ന ചെറിയ പ്രൊസീജറിലൂടെ അവിടെ അടിഞ്ഞുുകൂടിയ പഴുപ്പ് പൂർണ്ണമായി കീറി നീക്കം ചെയ്യുകയാണ് ചെയ്യുന്നത്.

പൈലോനൈഡൽ സൈനസ് ചികിത്സ

പഴുപ്പ് മാറി ഉണങ്ങിയ ശേഷം സൈനസ് ട്രാക്കുകൾ മാറ്റാൻ കൃത്യമായ ശസ്ത്രക്രിയ ആവശ്യമാണ്. ഇതിനായി രണ്ട് രീതികളുണ്ട്:

1. പരമ്പരാഗത ശസ്ത്രക്രിയകൾ 
പണ്ടുകാലങ്ങളിൽ ചെയ്തിരുന്ന രീതിയാണിത്. പഴുപ്പ് നിറഞ്ഞ വേരുകളെയും (Track) അതിന്റെ ചുറ്റുമുള്ള നോർമൽ ടിഷ്യൂസിനെയും ഒരുമിച്ച് വലിയ തോതിൽ മുറിച്ചു മാറ്റുന്നു (Excision and Suture). ചിലപ്പോൾ പ്ലാസ്റ്റിക് സർജറി പോലെ സൈഡിലുള്ള ദശയെടുത്ത് ഈ ഭാഗം കവർ ചെയ്യേണ്ടി വരാറുണ്ട് (Flap Surgery).
പോരായ്മകൾ:
രോഗിക്ക് കുറച്ചുകാലം കഠിനമായ വേദന സഹിക്കേണ്ടി വരും. ദിവസേന മുറിവ് ഡ്രസ്സ് ചെയ്ത് ഉണക്കി കൊണ്ടുവരാൻ ഒരുപാട് സമയമെടുക്കും. ഇതിനേക്കാൾ ഉപരി, ഈ കൺവെൻഷണൽ സർജറികളിൽ രോഗം വീണ്ടും വരാനുള്ള സാധ്യത 50% മുതൽ 90% വരെ വളരെ കൂടുതലാണ്.

2. ആധുനിക ലേസർ സർജറി (Modern Laser Surgery):
ഈ കാലത്ത് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന അത്യാധുനിക ചികിത്സയാണിത്. പൈലോനൈഡൽ സൈനസ് ക്യാവിറ്റിയിലേക്ക് ലേസർ ഫൈബറുകൾ കടത്തിവിട്ട്, അതിന്റെ ഉള്ളിലുള്ള എപ്പിത്തീലിയത്തെയും ദശകളെയും ലേസർ രശ്മികൾ ഉപയോഗിച്ച് പൂർണ്ണമായി ചുരുക്കി നശിപ്പിച്ചു കളയുകയാണ് ഇതിൽ ചെയ്യുന്നത്.

ലേസർ സർജറിയുടെ ഗുണങ്ങൾ:
  • ആശുപത്രി വാസം ആവശ്യമില്ല, ഡേ കെയർ നടപടിയായി ചെയ്യാവുന്നതാണ്.
  • വേദന വളരെ കുറവായിരിക്കും , അത് തന്നെ കുറഞ്ഞ ദിവസങ്ങൾ മാത്രം.
  • രോഗം വീണ്ടും വരാനുള്ള സാധ്യത വളരെ കുറവാണ് (വെറും 5% - 10% മാത്രം).
  • രോഗിക്ക് വളരെ പെട്ടെന്ന് തന്നെ സ്വന്തം ജോലിയിലേക്ക് തിരികെ പ്രവേശിക്കാൻ സാധിക്കും.
രോഗം വീണ്ടും വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ശസ്ത്രക്രിയയ്ക്ക് ശേഷവും ഈ അവസ്ഥ വീണ്ടും വരാതിരിക്കാൻ രോഗികൾ വ്യക്തിശുചിത്വത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്:

ബട്ടക്സിന്റെ ഭാഗത്തുള്ള രോമവളർച്ച എപ്പോഴും നിയന്ത്രിച്ചു നിർത്തുക. ഇതിനായി വാക്സിംഗ്  അല്ലെങ്കിൽ ഷേവിംഗ്  ചെയ്യാവുന്നതാണ്.

രോഗം ശാശ്വതമായി വരാതിരിക്കാൻ ഏറ്റവും അത്യുത്തമമായ മാർഗ്ഗം ആ ഭാഗത്ത് ലേസർ ഹെയർ റിമൂവൽ (Laser Hair Removal) ചികിത്സ ചെയ്ത് രോമവളർച്ച സ്ഥിരമായി ഇല്ലാതാക്കുക എന്നതാണ്.

Watch Video: ലേസർ ഹെയർ റിമൂവൽ: രോമവളർച്ച ശാശ്വതമായി തടയാൻ ഇത് എത്രത്തോളം ഫലപ്രദമാണ്? ഡോക്ടർ വിശദീകരിക്കുന്നു




Dr. Antony Chacko is a highly accomplished General and Laparoscopic Surgeon with over a decade of extensive experience in surgical practice. He is recognized for his expertise in minimally invasive procedures, delivering effective and patient-friendly surgical solutions with a strong emphasis on safety and precision.

Share this video: