• English
  • عربي / Arabic
  • മലയാളം / Malayalam

എച്ച്പിവി (HPV) വാക്സിനേഷൻ വഴി ഗർഭാശയ മുഖ ക്യാൻസർ എങ്ങനെ പൂർണ്ണമായി പ്രതിരോധിക്കാം?

07 July 2026
ഇന്ത്യയിൽ ഓരോ വർഷവും ഗണ്യമായ തോതിൽ സ്ത്രീകൾ മരണപ്പെടുന്നതിനും പുതിയതായി രോഗബാധിതരാകുന്നതിനും കാരണമാകുന്ന ഒന്നാണ് ഗർഭാശയ മുഖ ക്യാൻസർ അഥവാ സെർവൈക്കൽ ക്യാൻസർ. ഇതുമൂലം ഏകദേശം 80000-ത്തോളം പേർ ഒരു വർഷം മരണപ്പെടുകയും അതേപോലെ  ഒന്നേകാൽ ലക്ഷത്തോളം ആൾക്കാരിൽ ഒരു വർഷം പുതിയതായി ഈ രോഗം ഉണ്ടെന്ന് കണ്ടുപിടിക്കുകയും ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ. എന്നാൽ രോഗം മുൻകൂട്ടി തിരിച്ചറിയുകയാണെങ്കിൽ മരണനിരക്ക് വലിയ തോതിൽ കുറയ്ക്കാൻ സാധിക്കുമെന്നതാണ് യാഥാർത്ഥ്യം. ഈ രോഗത്തിന്റെ ലക്ഷണങ്ങൾ, കൃത്യമായ രോഗനിർണ്ണയ രീതികൾ, ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) അണുബാധ തടയുന്നതിനുള്ള വാക്സിനേഷൻ ക്രമങ്ങൾ, സ്ക്രീനിങ് ടെസ്റ്റുകൾ എന്നിവയെക്കുറിച്ച് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ റേഡിയേഷൻ ഓങ്കോളജി ആൻഡ് പാലിയേറ്റീവ് മെഡിസിൻ കൺസൾട്ടന്റ് ഡോക്ടർ വിനീത് മാത്യു ജോൺ  വിശദമായി സംസാരിക്കുന്നു

സെർവൈക്കൽ ക്യാൻസറിന്റെ പ്രധാന രോഗലക്ഷണങ്ങൾ 


ആർത്തവം നിലച്ച സ്ത്രീകളിലെ ലക്ഷണങ്ങൾ 

ആർത്തവം നിലച്ച സ്ത്രീകളിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. ആർത്തവ വിരാമത്തിന് ശേഷം സ്ത്രീകളുടെ ജനനേന്ദ്രിയത്തിൽ നിന്ന് ഒരു തുള്ളി രക്തം പോലും വരുന്നത് ഗൗരവമായി കാണേണ്ടതുണ്ട്. ഇത് എപ്പോഴും ക്യാൻസർ ആകണമെന്നില്ല; ഹോർമോൺ വ്യതിയാനങ്ങൾ കൊണ്ടോ സിനൈൽ വജൈനൈറ്റിസ് കൊണ്ടോ ആകാം. എങ്കിലും സെർവൈക്കൽ ക്യാൻസർ മൂലമാകാനുള്ള സാധ്യത മുന്നിൽ കണ്ട് ഒരു വിദഗ്ദനായ ഡോക്ടറെ  കാണിച്ച് രോഗനിർണ്ണയം നടത്തേണ്ടത് അത്യാവശ്യമാണ്. 


ആർത്തവം നിലയ്ക്കുന്നതിന് മുമ്പുള്ള ലക്ഷണങ്ങൾ


റീപ്രൊഡക്ടീവ് ഏജ് ഗ്രൂപ്പിലുള്ള സ്ത്രീകളിൽ ലക്ഷണങ്ങൾ വ്യത്യസ്തമായിരിക്കാം:

  • ക്രമം തെറ്റിയുള്ള ആർത്തവം.
  • ആർത്തവത്തിന് ഇടയ്ക്കുള്ള അമിത രക്തസ്രാവം.
  • ആർത്തവ സമയത്തെ കഠിനമായ വേദന, നടുവേദന.
  • തുടരെത്തുടരെയുണ്ടാകുന്ന മൂത്രാശയ അണുബാധ (UTI).
  • ജനനേന്ദ്രിയത്തിൽ നിന്നുള്ള സ്രവങ്ങൾക്ക് ഉണ്ടാകുന്ന ദുർഗന്ധം.

പ്രധാന ലക്ഷണം: ലൈംഗിക ബന്ധത്തിന് ശേഷം ഉണ്ടാകുന്ന രക്തസ്രാവം അഥവാ 'പോസ്റ്റ് കോയിറ്റൽ ബ്ലീഡിങ്' ഇരുവിഭാഗം സ്ത്രീകളിലും കാണുന്ന വളരെ പ്രധാനപ്പെട്ട ഒരു രോഗലക്ഷണമാണ്.

രോഗനിർണ്ണയവും രോഗവ്യാപന ഘട്ടങ്ങളും

തുടക്കത്തിലുള്ള പരിശോധനകൾ

ലക്ഷണങ്ങൾ കണ്ടാൽ സ്പെഷ്യലിസ്റ്റിനെ കണ്ട് പരിശോധനകൾ നടത്തണം. തുടക്കത്തിൽ വയറിന്റെയും ഇടുപ്പിന്റെയും അൾട്രാസൗണ്ട് സ്കാൻ, ചില ഘട്ടങ്ങളിൽ എംആർഐ (MRI) സ്കാൻ എന്നിവ ആവശ്യമായി വരാം. ഗർഭാശയ മുഖത്തുനിന്ന് കോശങ്ങൾ എടുത്ത് നടത്തുന്ന ബയോപ്സി പരിശോധനയിലൂടെയാണ് രോഗനിർണ്ണയം പൂർണ്ണമാകുന്നത്.

രോഗത്തിന്റെ ഘട്ടങ്ങൾ 

രോഗനിർണ്ണയത്തിന് ശേഷം രോഗം ഏത് സ്റ്റേജിലാണെന്ന് ഡോക്ടർ വിലയിരുത്തുന്നു:

തുടക്കത്തിൽ ഗർഭാശയ മുഖത്ത് മാത്രം നിൽക്കുന്ന അവസ്ഥ.

രോഗം മുന്നോട്ട് പോകുമ്പോൾ വശങ്ങളിലുള്ള പാരാമെട്രിയം എന്ന ഭാഗത്തേക്കും യോനിയിലേക്കും പടരുന്നു.

തുടർന്നുള്ള ഘട്ടങ്ങളിൽ മൂത്രസഞ്ചി, മലാശയം, കരൾ തുടങ്ങിയ ഭാഗങ്ങളിലേക്ക് രോഗം പടരാം.

ചികിത്സാരീതികൾ

സെർവൈക്കൽ ക്യാൻസറിന് പ്രധാനമായും റേഡിയേഷനും അതിനൊപ്പം കീമോതെറപ്പിയും ചേർത്തുള്ള ചികിത്സയാണ് നൽകുന്നത്. ചില പ്രത്യേക ഘട്ടങ്ങളിൽ സർജറിയും ആവശ്യമായി വരാം.

റേഡിയേഷൻ: എക്സ്-റേ കിരണങ്ങൾ ഉപയോഗിച്ച് അസുഖമുള്ള ഭാഗത്തെ അലിയിച്ചുകളയുന്ന രീതിയാണിത്. ഇത് രണ്ട് രീതിയിൽ ചെയ്യുന്നു:

എക്സ്റ്റേണൽ ബീം റേഡിയേഷൻ

ബ്രാക്കിതെറപ്പി

കീമോതെറപ്പി: മരുന്നുകൾ വഴി അസുഖത്തെ പൂർണ്ണമായി നിർമ്മാർജ്ജനം ചെയ്യുന്ന പ്രക്രിയ.


എച്ച്പിവി (HPV) വാക്സിനേഷനും പ്രതിരോധവും 

ഒട്ടുമിക്ക സെർവൈക്കൽ ക്യാൻസറുകൾക്കും കാരണം ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) ആണ്. വാക്സിനേഷൻ വഴി സ്ത്രീകളിലും പുരുഷന്മാരിലും ഈ വൈറസ് മൂലമുണ്ടാകുന്ന പല ക്യാൻസറുകളും പ്രതിരോധിക്കാം. പുരുഷന്മാരിലെ ജനനേന്ദ്രിയത്തിലെ ക്യാൻസർ, മലദ്വാരത്തിലെ ക്യാൻസർ, തൊണ്ടയുടെ ഭാഗത്തുണ്ടാകുന്ന ഓറോഫെറിഞ്ചൽ കാർസിനോമ, ഗുപ്തഭാഗങ്ങളിലെ അരിമ്പാറകൾ (ജനൈറ്റൽ വാർട്സ്) എന്നിവയും ഈ വൈറസ് മൂലം ഉണ്ടാകുന്നവയാണ്.
വാക്സിനേഷൻ ഷെഡ്യൂൾ 
14 വയസ്സിന് താഴെയുള്ള കുട്ടികൾ (ആൺകുട്ടികളും പെൺകുട്ടികളും): ആകെ 2 ഡോസുകൾ. ആദ്യ ഡോസ് എടുത്ത ശേഷം രണ്ടാമത്തെ ഡോസ് 6 മാസത്തിന് ശേഷം നൽകണം.

14 വയസ്സിന് മുകളിലുള്ളവർ (സാധാരണയായി 14 മുതൽ 26 വയസ്സ് വരെ, പ്രത്യേക ഘട്ടങ്ങളിൽ 45 വയസ്സ് വരെ): ആകെ 3 ഡോസുകൾ. ആദ്യ ഡോസ് എടുത്ത ശേഷം രണ്ടാമത്തെ ഡോസ് 2 മാസത്തിന് ശേഷവും, മൂന്നാമത്തെ ഡോസ് അടുത്ത 4 മാസത്തിന് ശേഷവും (ഷെഡ്യൂൾ പൂർത്തിയാക്കാൻ) നൽകണം.

സ്ക്രീനിങ് രീതികളും പാപ്സ്മിയർ പരിശോധനയും 

എച്ച്പിവി അണുബാധ ഉണ്ടായാലും 90% ആളുകളിലും ലക്ഷണങ്ങൾ ഉണ്ടാകാറില്ലെന്നും വൈറസ് തനിയെ മാറിപ്പോകാറുമുണ്ട്. ബാക്കി 10% ആളുകളിൽ ഇത് നിലനിൽക്കുകയും, അവരിൽ വളരെ കുറച്ചുപേർക്ക് 15-20 വർഷങ്ങൾക്ക് ശേഷം ഇത് ക്യാൻസറായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. അതിനാൽ ക്യാൻസർ ആകുന്നതിന് മുൻപ് തന്നെ ഇത് കണ്ടെത്താൻ സ്ക്രീനിങ് ടെസ്റ്റുകൾ സഹായിക്കും.

പാപ്സ്മിയർ (Pap Smear): ഗർഭാശയ മുഖത്തുനിന്ന് കുറച്ചു കോശങ്ങൾ എടുത്ത് നടത്തുന്ന പരിശോധനയാണിത്.

മാനദണ്ഡങ്ങൾ: 25 വയസ്സിന് മുകളിലുള്ള ഏതൊരു സ്ത്രീയും 3 വർഷത്തിൽ ഒരിക്കൽ പാപ്സ്മിയർ ചെയ്യേണ്ടതാണ്. 30 വയസ്സിനും 65 വയസ്സിനും ഇടയിലുള്ള സ്ത്രീകൾ 3 വർഷത്തിലൊരിക്കൽ ഈ പരിശോധന നടത്തുന്നത് ക്യാൻസർ മുൻകൂട്ടി കണ്ടെത്താൻ സഹായിക്കും.

മടി വിചാരിച്ച് ലക്ഷണങ്ങൾ ഒളിച്ചുവെക്കാതെ, എത്രയും പെട്ടെന്ന് വിദഗ്ദ ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടത് രോഗമുക്തിക്ക് അനിവാര്യമാണ്.

Dr. Vineeth Mathew John is a dedicated Consultant in Oncology & Palliative Care with expertise in radiation oncology, cancer pain management, supportive oncology, and palliative medicine.

Share this video: