നട്ടെല്ലിന്റെ സ്വാഭാവികമായ ആകൃതിയിലുണ്ടാകുന്ന മാറ്റങ്ങള്‍ മിക്കപ്പോഴും ഗൗരവകരമായ ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകാറുണ്ട്. അത്തരത്തില്‍ നട്ടെല്ല് ഒരു വശത്തേക്ക് വളഞ്ഞു പോകുന്ന അവസ്ഥയാണ് സ്‌കോളിയോസിസ് . സാധാരണയായി കൗമാരപ്രായക്കാരിലും കുട്ടികളിലുമാണ് ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നത്. തുടക്കത്തില്‍ ലക്ഷണങ്ങള്‍ പ്രകടമല്ലാത്തതിനാല്‍ പലപ്പോഴും ഇത് തിരിച്ചറിയാന്‍ വൈകാറുണ്ട്.
കുട്ടികളിലെ തോളുകള്‍ തമ്മിലുള്ള വ്യത്യാസം, നടത്തത്തിലെ അപാകതകള്‍ എന്നിവ സ്‌കോളിയോസിസിന്റെ ആദ്യകാല ലക്ഷണങ്ങളാകാം. കൃത്യസമയത്ത് വിദഗ്ധ പരിശോധനയിലൂടെയും ആധുനിക ചികിത്സാരീതികളിലൂടെയും നട്ടെല്ലിന്റെ വളവ് പരിഹരിക്കാനും ആത്മവിശ്വാസത്തോടെ മുന്നേറാനും സാധിക്കും. സ്‌കോളിയോസിസിനെക്കുറിച്ചും അതിന്റെ വിവിധ ചികിത്സാ മാര്‍ഗങ്ങളെക്കുറിച്ചും കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ സ്‌പൈന്‍ സര്‍ജന്‍
ഡോ. സന്ദേശ് പാച്ചെ വിശദീകരിക്കുന്നു.
നട്ടെല്ലിന്റെ സ്വാഭാവികമായ നേർരേഖയിലുള്ള ഘടന സൈഡിലേക്ക് വളഞ്ഞു പോകുന്ന ഒരവസ്ഥയാണ് സ്കോളിയോസിസ് (Scoliosis). ഇത് ജന്മനാ ഉള്ള വൈകല്യങ്ങൾ മൂലമോ അല്ലെങ്കിൽ വളർച്ചയുടെ ഘട്ടങ്ങളിലോ ഉണ്ടാകാം. നട്ടെല്ലിലോ സ്പൈനൽ കോഡിലോ ഉണ്ടാകുന്ന ജന്മനായുള്ള വൈകല്യങ്ങൾ (Congenital defects) കാരണം ഈ വളവ് വരാം.
എന്നാൽ സാധാരണയായി 10 മുതൽ 14 വയസ്സു വരെയുള്ള സ്കൂളിൽ പോകുന്ന കുട്ടികളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. പെൺകുട്ടികളിലാണ് ഈ അവസ്ഥ അധികമായി കാണാറുള്ളത്. ഇതിനെ 'അഡോളസെന്റ് ഇഡിയോപ്പതിക് സ്കോളിയോസിസ്' എന്ന് വിളിക്കുന്നു, ഇതിന് പ്രത്യേക കാരണങ്ങൾ ഉണ്ടാകണമെന്നില്ല.
സ്കോളിയോസിസിന്റെ ലക്ഷണങ്ങൾ
- നടക്കുമ്പോൾ ഒരു ഭാഗത്തെ ഷോൾഡർ (തോൾ) ഉയർന്നിരിക്കുക.
- നടപ്പിൽ ബാലൻസ് പ്രശ്നം അനുഭവപ്പെടുക.
- ഒരു വശത്തെ ഹിപ്പ് (ഇടുപ്പ്) മുകളിൽ പൊങ്ങിയിരിക്കുക.
- കുനിയുമ്പോഴോ സൈഡിൽ നിന്ന് നോക്കുമ്പോഴോ പുറംഭാഗത്തോ താഴെയോ കൂനുകൾ (Bumps) കാണപ്പെടുക.
ഇത് സാധാരണയായി വേദനയുള്ള ഒരവസ്ഥയല്ല, മറിച്ച് ശാരീരികമായ വളവ് (Cosmetic issue) മാത്രമാണ് അനുഭവപ്പെടുക.
നേരിട്ടുള്ള പരിശോധനയിലൂടെ നമുക്ക് തന്നെ ഇത് തിരിച്ചറിയാൻ സാധിക്കും. ഷോൾഡർ എലിവേഷനോ അലൈൻമെന്റ് വ്യത്യാസമോ കണ്ടാൽ സ്കോളിയോസിസ് സംശയിക്കാം. തുടർന്ന് ഒരു ഓർത്തോപീഡിഷ്യനെയോ സ്പൈൻ സർജന്റെയോ കണ്ട് എക്സ്റേ (X-ray) അല്ലെങ്കിൽ സ്കാനിംഗ് നടത്തുന്നതിലൂടെ രോഗം സ്ഥിരീകരിക്കാം.
സ്കോളിയോസിസ് ചികിത്സാരീതികൾ
നട്ടെല്ലിന്റെ വളവ് എത്ര ഡിഗ്രി ഉണ്ടെന്നതിനെ (Cobb's Angle) ആശ്രയിച്ചാണ് ചികിത്സ തീരുമാനിക്കുന്നത്:
20 ഡിഗ്രിയിൽ താഴെ: പ്രത്യേക ചികിത്സ ആവശ്യമില്ല, കൃത്യമായ ഇടവേളകളിൽ (6 മാസം അല്ലെങ്കിൽ ഒരു വർഷം) എക്സ്റേ എടുത്ത് നിരീക്ഷിച്ചാൽ മതി.
20 മുതൽ 40 ഡിഗ്രി വരെ: വ്യായാമങ്ങളും ബ്രേസസ് (Braces/Belts) പോലുള്ള ഉപകരണങ്ങളും ഉപയോഗിച്ച് വളവ് കൂടുന്നത് തടയാൻ സാധിക്കും.
40-45 ഡിഗ്രിക്ക് മുകളിൽ: വളവ് കൂടുതലാണെങ്കിൽ സർജറിയിലൂടെ ഇത് പരിഹരിക്കേണ്ടി വരും.
സ്കോളിയോസിസ് സർജറി
സ്കോളിയോസിസ് സർജറി ഇപ്പോൾ വളരെ സുരക്ഷിതമാണ്. സർജറി സമയത്ത് നാഡികൾക്ക് (Nerves) എന്തെങ്കിലും തകരാർ സംഭവിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ 'ന്യൂറോ മോണിറ്ററിങ് ഡിവൈസ്' ഉപയോഗിക്കാറുണ്ട്. ഇത് കോംപ്ലിക്കേഷൻ സാധ്യത കുറയ്ക്കുന്നു. സർജറി കഴിഞ്ഞ് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തന്നെ നടന്നു തുടങ്ങാം. 3-4 ആഴ്ചകൾക്കുള്ളിൽ സാധാരണ ആക്ടിവിറ്റികൾ തുടങ്ങാം. ഈ സർജറി ചെയ്യുന്നത് കൊണ്ട് ഭാവിയിൽ വിവാഹത്തിനോ പ്രസവത്തിനോ പ്രഗ്നൻസിക്കോ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല.
Dr. Sandesh Pacha is a distinguished Senior Consultant Spine Surgeon at Baby Memorial Hospital, Calicut, with extensive expertise in advanced spinal procedures.